ദിവ്യകാരുണ്യ അപ്പസ്തോലൻ: വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്

ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു.

അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട് വലിഞ്ഞു കയറി സക്രാരിയോട് കവിൾ ചേർത്ത് സംസാരിക്കുന്ന നിലയിൽ അവനെ കണ്ടെത്തിയ സഹോദരി മിഴിച്ചു നിന്നുപോയി.എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ദിവ്യകാരുണ്യ ഈശോക്ക് അവൻ പറയുന്നത് കൂടുതൽ വ്യക്തമായി കേൾക്കാനായിട്ടാണ് അത്ര അടുത്തേക്ക് പോയതെന്നായിരുന്നു. അവന്റെ പിൽക്കാല ജീവിതം അവൻ ചിലവഴിച്ചത് അതേ ദിവ്യകാരുണ്യ ഈശോയിലേക്ക് ആളുകളെ

വലിച്ചടുപ്പിച്ചു കൊണ്ടായിരുന്നു.

ദിവ്യകാരുണ്യത്തെ പറ്റി പറയാൻ എത്ര മനോഹരമായ വാക്കുകളാണ് പീറ്റർ ജൂലിയൻ ഉപയോഗിച്ചത്!

“ആരൊക്കെ തളർന്നുപോകാതെ സ്ഥിരത ആഗ്രഹിക്കുന്നോ, അവർ നമ്മുടെ കർത്താവിനെ സ്വീകരിക്കട്ടെ. നിങ്ങളെ ശക്തിപ്പെടുത്തുന്ന , താങ്ങിനിർത്തുന്ന അപ്പമാണവൻ. സഭ അതാഗ്രഹിക്കുന്നു. ദിവസേനയുള്ള ദിവ്യകാരുണ്യസ്വീകരണത്തെ അവൾ പ്രോത്സാഹിപ്പിക്കുന്നു”.

“വിശുദ്ധ കുർബ്ബാന സ്വീകരണം, എല്ലാറ്റിലുമുപരി ക്രിസ്തീയ ജീവിതലക്ഷ്യമാകണം. കുർബ്ബാനസ്വീകരണവുമായി ഒരു ബന്ധവുമില്ലാത്ത ഏത് ഭക്തകൃത്യവും പ്രധാന ലക്ഷ്യത്തിലേക്ക് നയിക്കുന്നില്ല”.

“അതെ, സൂര്യൻ ശരീരത്തിന്റെയും ഭൂമിയുടെയും ജീവനായിരിക്കുന്നതുപോലെ ദിവ്യകാരുണ്യം ആത്മാവിന്റെയും സമൂഹത്തിന്റെയും ജീവനാണ്. ഓ എത്ര സന്തോഷമുള്ളവൻ , ആയിരം മടങ്ങ് സന്തോഷമുള്ളവനാണ് ഈ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയിരിക്കുന്ന വിശ്വസ്തനായ ആത്മാവ്, ഈ ജീവന്റെ അരുവിയിൽ നിന്ന് കുടിക്കുന്നവൻ, നിത്യജീവന്റെ ഈ അപ്പം ഭക്ഷിക്കുന്നവൻ !”

പീറ്റർ ജൂലിയൻ എയ്മാർഡ് 1811 ഫെബ്രുവരി 4ന് ഫ്രാൻസിൽ ജനിച്ചു. അവന്റെ ജനനസമയത്ത് അവന്റെ പിതാവ് ജൂലിയൻ, ചക്കിൽ എണ്ണ ആട്ടുന്ന കടയുടെയും കട്ലറി വിൽക്കുന്ന കടയുടെയും ഉടമയായിരുന്നു. ജൂലിയന്റെ ആദ്യഭാര്യ അഞ്ചുപുത്രിമാരുടെ പ്രസവശേഷം മരണമടഞ്ഞു. നാല് പെണ്മക്കൾ ബന്ധുവീടുകളിൽ നിന്ന് വളർന്നു, ഒരാൾ മാത്രം (മേരി ആൻ )അപ്പന്റെ കൂടെ നിന്നു. രണ്ടാമത്തെ ഭാര്യയിൽ നാല് മക്കൾ ഉണ്ടായെങ്കിലും ഒരാളോഴികെ മറ്റു കുട്ടികൾ മരണമടഞ്ഞു. ആ കുട്ടിയാണ് പീറ്റർ ജൂലിയൻ.

കുഞ്ഞായിരിക്കുമ്പോഴേ പീറ്ററിന്റെ അമ്മയും മേരി ആനും അവനെ വിശുദ്ധ കുർബ്ബാന എഴുന്നെള്ളിച്ചു വെച്ചിരിക്കുന്നിടത്ത് കൊണ്ടുപോകാറുണ്ടായിരുന്നു. വളർന്നപ്പോൾ ആദ്യകുർബാന സ്വീകരണം അവന്റെ സ്വപ്നമായിരുന്നു. അവന്റെ സഹോദരിയോട് വിശുദ്ധ കുർബ്ബാന സ്വീകരിക്കാനും അതുകഴിഞ്ഞ് അവനെ ഒരു പുരോഹിതനാക്കാനുള്ള നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കാനും പറഞ്ഞ് അവൻ അവളുടെ പിറകെ കൂടുമായിരുന്നു.

ഞായറാഴ്ചകളിൽ മാത്രമല്ല എല്ലാ ദിവസങ്ങളിലും അവൻ കുർബ്ബാനക്ക് കൂടി. കുർബ്ബാനക്ക് കാൽമണിക്കൂർ മുൻപ് തെരുവിലൂടെ മണിയടിച്ചു നടന്നുകൊണ്ട് ആളുകളെ അറിയിക്കുന്ന പതിവുണ്ടായിരുന്നു അന്നെല്ലാം. പീറ്ററിന് അത് ചെയ്യാൻ എത്ര ഇഷ്ടമായിരുന്നെന്നോ? തലേദിവസം തന്നെ അവൻ മണി വീട്ടിൽ എടുത്തുകൊണ്ടു പോയി ഭദ്രമായി വെക്കും.

സ്കൂൾ പഠനത്തിനുശേഷം പീറ്റർ പിതാവിനെ എണ്ണച്ചക്ക് ആട്ടാൻ സഹായിക്കാനായി വീട്ടിൽ നിന്നു. അവനറിയുന്ന ചില സെമിനാരി വിദ്യാർത്ഥികളുടെ സഹായത്തോടെ ഒരു ലാറ്റിൻ പുസ്തകം സംഘടിപ്പിച്ചു അത് സ്വന്തമായി പഠിക്കാൻ അവനാരംഭിച്ചിരുന്നു. 17 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ തന്റെ വിവാഹത്തെ പറ്റി സംസാരിക്കുന്നത് അവൻ കേട്ടു. എന്തൊക്കെ സംഭവിച്ചാലും താൻ ഒരു പുരോഹിതനാകുമെന്ന് അവൻ കട്ടായമായി പറഞ്ഞു. ആകെയുള്ള മകൻ തന്റെ കൂടെത്തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ് ഏറെ എതിർത്തെങ്കിലും ഫലമില്ലാതെ വഴങ്ങേണ്ടി വന്നു.

ഒബ്ലേറ്റ്സ് ഓഫ് മേരി എന്ന സഭയിലാണ് ആദ്യം നോവിസ് ആയി ചേർന്നത്. ലാറ്റിൻ അത്ര വഴങ്ങാത്തതുകൊണ്ട് കഠിനമായി പ്രയത്നിച്ചതിന്റെ ഫലമായി പീറ്റർ രോഗിയായി മരണത്തിന്റെ വക്കിലെത്തി. ഈ ലോകം വിട്ടുപോകുന്നതിന് മുൻപ് തനിക്ക് ഒരു കുർബ്ബാന എങ്കിലും ചൊല്ലണമെന്ന അവന്റെ യാചനക്ക് മുൻപിൽ ദൈവം അലിഞ്ഞെന്നു തോന്നുന്നു, അവന് സുഖമായി.1834ൽ അവന് വൈദികപട്ടം ലഭിച്ചു.

അഞ്ച് കൊല്ലത്തോളം തീക്ഷണതയുള്ള ഇടവകവികാരിയായിരുന്നതിന് ശേഷം, മേരിസ്‌റ് സഭക്കാർക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തി കണ്ടപ്പോൾ ആ സഭയിൽ ചേരാൻ ബിഷപ്പിനോട് അനുവാദം ചോദിച്ചു. 17 കൊല്ലം ആ സഭയിൽ സേവനമനുഷ്ഠിച്ചു. വൈദിക വിദ്യാർത്ഥികൾക്ക് പീറ്റർ ആത്മീയ പിതാവായിരുന്നു.

1851ൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള പുണ്യസ്ഥലം സന്ദർശിക്കവേ ഒരു ചിന്ത അവനിൽ കടന്നുവന്നു, “ഒരു ചിന്ത എന്നെ വിടാതെ പിന്തുടർന്നു, അതിതായിരുന്നു : , അവന്റെ സ്നേഹത്തിന്റെ മഹാരഹസ്യത്തെ മഹത്വപ്പെടുത്താൻ, അതിനായി സർവ്വം സമർപ്പിച്ചവന്റെ പേരിൽ, ദിവ്യകാരുണ്യ ഈശോയുടെ പേരിൽ, ഒരു മതസ്ഥാപനമില്ല. ഒരെണ്ണം ഉണ്ടാകേണ്ടതാണ്. അതിനുവേണ്ടി എന്നെത്തന്നെ ഞാൻ അർപ്പിക്കുമെന്ന് ഞാൻ മേരിക്ക് വാക്ക് കൊടുത്തു”.

പിന്നീടുള്ള കുറെ കൊല്ലങ്ങൾ ഈ വിളിക്ക് പ്രത്യുത്തരത്തിനായുള്ള ശ്രമങ്ങളായിരുന്നു. മേരിസ്റ്റ് സഭയിൽ നിന്നുകൊണ്ട് അതിന് സാധിക്കില്ലെന്നു മനസ്സിലായപ്പോൾ അതുപേക്ഷിച്ച് പാരീസിലേക്ക് പോയി. 1856 മെയ്‌ 13 ന് വിശുദ്ധ കുർബ്ബാനയുടെ സഭ സ്ഥാപിച്ചു. ( Congregation of Blessed Sacrament). പുരുഷന്മാർക്ക് വേണ്ടിയുള്ള മതസ്ഥാപനത്തിന് പാരിസ് ആർച്ചുബിഷപ്പിന്റെ അംഗീകാരം ലഭിച്ചു. 1863 ൽ പീയൂസ് ഒൻപതാമൻ പാപ്പയിൽ നിന്നും. 1858 ൽ മാർഗറിറ്റ് ഗീയോയുടെ സഹായത്തോടെ സ്ത്രീകൾക്കായി ദിവ്യകാരുണ്യദാസിമാരുടെ( servants of Blessed Sacrament) സഭയും സ്ഥാപിരുന്നു.

തന്റെ ആത്മീയമക്കൾ ദിവ്യകാരുണ്യസ്നേഹം കൊണ്ട് ഭൂമിയുടെ നാലു ഭാഗത്തു നിന്നും തീ പിടിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പുറകോട്ടു പോയാൽ, കുറെ സംരംഭങ്ങൾ പീറ്റർ ജൂലിയന്റെ പ്രവർത്തനങ്ങളും ആത്മീയതയുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കും. Eucharistic Fraternity for the Laity, the Association of Priest Adorers, International Eucharistic congresses എന്നിവ ചില ഉദാഹരണങ്ങൾ.

അദ്ദേഹം സ്ഥാപിച്ച ‘ The Most Holy Sacrament ന്റെ റിവ്യൂവിൽ അദ്ദേഹം എഴുതി, ” ജീവന്റെ അരുവിയിലേക്ക് നമ്മൾ തിരിച്ചുപോണം, ചരിത്രത്തിലുള്ള യേശുവിന്റെയോ സ്വർഗ്ഗത്തിൽ മഹിമയോടിരിക്കുന്ന യേശുവിന്റെയോ അടുത്തേക്ക് മാത്രമല്ല, ദിവ്യകാരുണ്യ ഈശോയുടെ അടുത്തേക്ക്. നിഴലിൽ നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരണം, അങ്ങനെ ഒരിക്കൽക്കൂടി അവന് ക്രിസ്തീയസമൂഹത്തിന്റെ ശിരസ്സെന്ന സ്ഥാനം ഏറ്റെടുക്കാൻ കഴിയും. ദിവ്യകാരുണ്യവാഴ്ച വർദ്ധിക്കട്ടെ…. Adveniat regnum tuum” ( May Your Kingdom Come ).

മരണനേരത്ത് ഒരു സഹപ്രവർത്തകൻ അദ്ദേഹത്തോട് അവസാനമായി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു, ” ഇല്ല, എനിക്ക് നിങ്ങളോട് വേറൊന്നും പറയാനില്ല, നിങ്ങൾക്ക് ദിവ്യകാരുണ്യമുണ്ട്.പിന്നെന്ത്‌ വേണം?” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 1868 ഓഗസ്റ് ഒന്നിന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. പീയൂസ് പതിനൊന്നാമൻ പാപ്പ 1925 ൽ അദ്ദേഹത്തെ വാഴ്ത്തിപ്പെട്ടവനായി ഉയർത്തി.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആദ്യ സെഷന്റെ അവസാനം ജോൺ ഇരുപതിമൂന്നാമൻ പാപ്പ 1962 ഡിസംബർ 9ന് പീറ്റർ ജൂലിയനെ വിശുദ്ധനായി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു, “അദ്ദേഹത്തിന്റെ മാതൃക പോലെ, നിങ്ങളുടെ ചിന്തകളുടെ, ഇഷ്ടങ്ങളുടെ, തീക്ഷ്‌ണതയേറിയ ചുമതലകളുടെ കേന്ദ്രമായി എപ്പോഴും അവനെ കരുതുക,ഒന്നുമായും തുലനം ചെയ്യാൻ സാധിക്കാത്ത കൃപയുടെ ഈ ഉറവിടത്തെ, കൃപയുടെ മൂടുപടത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന ഈ വിശ്വാസരഹസ്യത്തെ, യേശു എന്ന അവതരിച്ച വചനത്തെ “.

ദിവ്യകാരുണ്യ അപ്പസ്തോലനായ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
St Peter Julian Eymard
Advertisements
Saint Peter Julian Eymard
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s