ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ.

ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ മിടുക്കന്റെ പേര്. AD 253 ലോ 257ലോ ആയിരിക്കണം അവന്റെ ജനനം.

വലേരിയൻ ചക്രവർത്തി റോമിൽ ഭരിക്കുന്ന അക്കാലത്ത് കിരാത മർദ്ദനമുറകളായിരുന്നു ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വന്നത്. അവർ സിംഹങ്ങൾക്കിരയായും മറ്റും ക്രൂരമായ വിധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നത് നേരമ്പോക്കിന് വേണ്ടി ചക്രവർത്തിയും വിജാതീയരും കണ്ട് ആസ്വദിച്ചിരുന്നു. സിക്സ്റ്റസ് രണ്ടാമൻ പാപ്പയെയും വിശുദ്ധ ലോറെൻസിനെയുമൊക്കെ വധിച്ചത് ഇദ്ദേഹത്തിന്റെ കല്പനപ്രകാരമാണ്. (ഈ ചക്രവർത്തിയുടെ അന്ത്യവും വളരെ വേദനജനകമായിരുന്ന ഒന്നായിരുന്നു.. കുറെയേറെ അപമാനിക്കപ്പെട്ട് ജീവനോടെ തൊലിയുരിയപ്പെട്ടുള്ള മരണം!) പീഡനം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണെങ്കിലും ആദിമക്രൈസ്തവർ തങ്ങളുടെ രഹസ്യസങ്കേതങ്ങളിൽ ഒന്നിച്ചുകൂടി ബലിയർപ്പിക്കാൻ മടിച്ചിരുന്നില്ല. അതിനുശേഷം ദിവ്യകാരുണ്യം രഹസ്യത്തിൽ, ജയിലിൽ തടവുകാരായി മരണം കാത്തുകിടക്കുന്ന ക്രിസ്ത്യൻ സഹോദരർക്ക് ജീവൻ പണയം വെച്ചുകൊണ്ട് അവർ എത്തിച്ചിരുന്നു.

അങ്ങനെയുള്ള ഒരു വിശുദ്ധ കുർബ്ബാനക്ക് ശേഷം ബലിയർപ്പകനായ ഡയണീഷ്യസ് തിരിഞ്ഞുനിന്ന് ചോദിച്ചു, ‘ആരാണ് ദിവ്യകാരുണ്യം സുരക്ഷിതമായി, തടവറകളിൽ എത്തിക്കാൻ വേണ്ടി പോവുക?’ എന്ന്. ഉടനെ പന്ത്രണ്ട് വയസുള്ള ടാർസിസ്യസ് മുന്നോട്ടു വന്ന് വണങ്ങിക്കൊണ്ട് പറഞ്ഞു അവൻ പോകാമെന്ന്. “നീ കുഞ്ഞാണ് മോനെ” ഡയണീഷ്യസ് അവന്റെ ധൈര്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ടും ദൗത്യത്തിലുണ്ടായേക്കാവുന്ന അപകടങ്ങൾ ഓർത്തുകൊണ്ടും വാത്സല്യത്തോടെ പറഞ്ഞു. “പക്ഷേ വന്ദ്യപുരോഹിതാ, എന്റെ ചെറുപ്പം തന്നെയാണ് സുരക്ഷയും. എന്നെ ആരും സംശയിക്കില്ല” ഉറപ്പോടെ അവൻ നിന്നു. “ദയവുചെയ്ത് ഈ അപൂർവ്വഭാഗ്യം എന്നിൽനിന്നും തട്ടിത്തെറിപ്പിക്കല്ലേ” അവൻ കേണു.

ഇത്രയുമായപ്പോൾ ഡയണീഷ്യസ് അവനെ ദിവ്യകാരുണ്യം അടങ്ങിയ പൊതിക്കെട്ട് / പാത്രം ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു, “പക്ഷേ ഒരു കാര്യം നീ മറക്കാനേ പാടില്ല. സ്വർഗ്ഗത്തിന്റെ നിധിയാണ് നിന്റെ കയ്യിൽ ഞാൻ ഏൽപ്പിക്കുന്നത്. ഒന്നുപോലും നഷ്ടപ്പെടുത്താതെ ലക്ഷ്യസ്ഥാനത്ത് നീ എത്തിക്കുമെന്ന് വിചാരിക്കുന്നു. വിശുദ്ധമായവ നായ്ക്കളുടെയും, മുത്തുകൾ പന്നികളുടെയും കയ്യിൽ എത്തരുതെന്നു നിനക്കറിയാമല്ലോ”. തിരുവോസ്തികൾ അവന്റെ നീണ്ട അങ്കിയിൽ ഹൃദയഭാഗത്തായി പൊതിഞ്ഞു വെച്ചുകൊണ്ട് ടാർസിസ്യസ് പറഞ്ഞു, “ദൈവത്തിന്റെ വിശുദ്ധഅപ്പം നഷ്ടപ്പെടുന്നതിനു മുൻപ് ഞാൻ മരിച്ചിരിക്കും”.

അങ്ങനെ ആദരവോടെ, തനിക്ക് കിട്ടിയ അസുലഭ ഭാഗ്യത്തിൽ സന്തോഷിച്ച്, ഈശോ എന്ന നിധിയെ നെഞ്ചോടടുക്കി പോകുകയായിരുന്ന ടാർസിസ്യസിനെ പൊതുസ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന വിജാതീയരായ കുറച്ചു യുവാക്കൾ തടഞ്ഞുനിർത്തി. അവൻ ക്രിസ്ത്യാനി ആണെന്ന് അവർക്കറിയാമായിരുന്നു. കൂടെ കളിക്കാൻ വരാൻ പറഞ്ഞ അവരോട്, താൻ ഇപ്പൊ കളിക്കാനില്ലെന്നും പ്രധാനപ്പെട്ട ഒരു ജോലിയിലാണെന്നും അവൻ പറഞ്ഞപ്പോഴാണ് അവൻ എന്തോ അവന്റെ ഉടുപ്പിൽ മറച്ചുപിടിച്ചിരിക്കുന്ന കാര്യം അവർ ശ്രദ്ധിച്ചത്.. അതെന്താണെന്നറിയാൻ അത് പിടിച്ചുവാങ്ങാൻ അവർ ആവുന്നത്ര ശ്രമിച്ചെങ്കിലും അവന്റെ കൈ ഇളക്കാൻ അവർക്ക് കഴിഞ്ഞില്ല.

കുപിതരായ അവർ അവനെ ശക്തിയായി അടിച്ചു താഴെയിട്ടു വടി കൊണ്ട് തല്ലി ചതച്ചു. ചോരയൊലിച്ചു മൃതപ്രാണനായി കിടക്കുമ്പോഴും തന്റെ നെഞ്ചിൽ മുറുക്കി പിണച്ചുവെച്ച കൈ അവൻ അയച്ചിരുന്നില്ല. ചുറ്റും കൂടിയ ജനക്കൂട്ടം ബലമായി അവന്റെ കൈ മാറ്റി ആ വിശുദ്ധനിധി എടുക്കാൻ ശ്രമിക്കവേ അദൃശ്യമായ ഒരു ശക്തിപ്രവാഹം അവരെ പിന്നിലേക്ക് തള്ളുന്നതായി അനുഭവപ്പെട്ടു. വേച്ചുവേച്ച് അവർ പിന്നോട്ട് മാറിയപ്പോൾ അവന് വല്ലതും പറ്റിയോ എന്ന് ഓടിവന്നു ചോദിച്ച ക്രിസ്ത്യാനികളെ നോക്കി കണ്ണ് പണിപ്പെട്ട് തുറന്ന് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, ” എന്നെ നോക്കണ്ട, അത് സാരമില്ല”. അന്ത്യശ്വാസം വലിക്കുന്നതിന് മുൻപ് അവൻ പറഞ്ഞു, “എന്റെ കയ്യിലുള്ള തിരുവോസ്തികൾക്ക് ഒന്നും പറ്റാതെ സൂക്ഷിക്കണേ “. ഇത് പറഞ്ഞ് തന്റെ ഹൃദയത്തോടടുത്തിരിക്കുന്ന നാഥനെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് അവൻ മരിച്ചു.

അവനെ അവർ എടുത്ത് ഡയണീഷ്യസിന്റെ അടുത്തേക്ക് കൊണ്ടുപോയി. അവന്റെ കയ്യിൽ അപ്പോഴും ഒരു കേടും കൂടാതെ മുറുക്കിപ്പിടിച്ചിരുന്ന തിരുവോസ്തികൾ അവന്റെ കൈ ബലം പ്രയോഗിച്ചു തുറന്ന് അദ്ദേഹം എടുത്തു. ചോരയൊലിച്ചിരുന്ന അവന്റെ ശരീരത്തോട് ചേർന്ന് തിരുവോസ്തിയും അവനും ഏകശരീരമായിതീർന്നു എന്നും പറയപ്പെടുന്നു. ദിവ്യകാരുണ്യരക്തസാക്ഷിയായ ടാർസിസ്യസിന്റെ മുഖം അപ്പോൾ ഒരു മാലാഖയുടേത് പോലെ ഇരുന്നിരുന്നു, കലിസ്റ്റസിന്റെ ശവകുടിരത്തിനടുത്ത് അവനെ അടക്കി.

വിശുദ്ധനായ പോപ്പ് ഡമസസിന്റെ കീർത്തനങ്ങളിലാണ് വിശുദ്ധ ടാർസിസ്യസിനെ പറ്റി പരാമർശമുള്ളത്. ദിവ്യകാരുണ്യം ആരാണെന്നു വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ടാണ് അവൻ മരണത്തിലേക്ക് നയിക്കപ്പെടുമ്പോൾ പോലും ഈശോയെ ഒറ്റിക്കൊടുക്കാഞ്ഞത്.

കുരിശിൽ മരിച്ചുകൊണ്ട് ഈശോ നമ്മളോരോരുത്തരോടും പറഞ്ഞു, ‘ You’re worth dying for’. ജീവനർപ്പിക്കാൻ മാത്രം, അത്രക്കും വിലയുള്ളവരാണ് അവന് നമ്മളോരോരുത്തരും. തന്റെ കുഞ്ഞുജീവിതം അവനായി അർപ്പിച്ചുകൊണ്ട് ടാർസിസ്യസും ഈശോയോട് നിഷ്കളങ്കമായി തിരിച്ചുപറഞ്ഞു, ‘Jesus, You’re Worth dying for too ‘…

ഓഗസ്റ് 15ന് ആണ് ഈ ദിവ്യകാരുണ്യ രക്തസാക്ഷിയുടെ, വിശുദ്ധ ടാർസിസ്യസിന്റെ തിരുന്നാൾ.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment