മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ

മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ സന്യാസം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ. മെത്രാൻ ആരായിരിക്കണം? 🖋️

പൗരസ്ത്യ സഭകളുടെ നിലനില്പിന് ആധാരം വിശുദ്ധരായ സന്യാസികളാണ്……

സുറിയാനി സഭകളിൽ ദയറായാ (ദയറാവാസി / സന്യാസി) ആണ് മെത്രാനാകേണ്ടത്. ഉപവാസത്തിലും നമസ്കാരങ്ങളിലും മുഴുകി ദയറാകളിൽ വസിക്കുന്ന ഉത്തമാരായ ദയറായാമാരെ കണ്ടെത്തി അവരെ മെത്രാനായി നിയോഗിക്കുയാണ് പൗരസ്ത്യ സുറിയാനി സഭയുടെ രീതി.
ഇന്ത്യയിലും കറുത്ത വസ്ത്രം ധരിച്ച നസ്രാണി സന്യാസികളെ താൻ കണ്ടു എന്ന് ഇന്ത്യാക്കാരനായ ഔസേപ്പ് 1501ൽ വെനീസിൽ വച്ച് നൽകിയ വിവരണത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങൾ ലോകത്തിന് മരിച്ചവരാണ് എന്നാണ് അവരുടെ കറുത്ത ളോഹയും കറുത്ത നിറത്തിൽ തന്നെയുള്ള പുറം കുപ്പായവും സൂചിപ്പിക്കുന്നത്. മെത്രാന്മാർ കറുത്ത ളോഹക്ക് പകരം രക്തസാക്ഷിത്വത്തിനുള്ള സന്നദ്ധതയെ സൂചിപ്പിക്കുന്ന ചുവന്ന ളോഹയും സേവന സന്നദ്ധതയെ സൂചിപ്പിക്കുന്ന അരക്കെട്ടും കറുത്ത പുറം കുപ്പായവും ധരിക്കുന്നു .
മെത്രാനായ ശേഷവും അവർ ദയറാകളിൽ പാർക്കുന്നു.
വൈദിക പട്ടം നൽകുവാനും, സൈത്ത് ഉപയോഗിച്ച് പള്ളി കൂദാശ ചെയ്യുവാനും മറ്റുമല്ലാതെ അവർ ദയറാകളിൽ നിന്നിറങ്ങി പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുക പോലുമില്ല.
ഭൗതിക കാര്യങ്ങൾ അദ്ദേഹത്തിന്റെ കീഴിലുള്ള പട്ടക്കാരെയും അല്മായരെയും ഏൽപിച്ചിരുന്നു.
സഭാഭരണം നിർവഹിച്ചിരുന്നത് അർക്കദിയാക്കോൻ ആയിരുന്നു.
സന്യാസികൾക്ക് വൈദിക പട്ടങ്ങൾ ഉണ്ടാവണം എന്ന് നിർബന്ധം ഇല്ല. കശീശാ പട്ടം മിക്കവാറും ഒരു ദയറായിൽ ഒരാൾക്കേ കാണൂ (പരിശുദ്ധ കുർബാന അർപ്പിക്കാൻ). ബാക്കി ഉള്ളവർക്ക് ചിലപ്പോൾ ചെറിയ പട്ടങ്ങൾ ഉണ്ടാവാം. അതിൽ ചിലപ്പോൾ മ്ശംശാന വരെ ഉണ്ടാവും. അത്യാവശ്യം വരാത്ത പക്ഷം അവർ അങ്ങനെ തന്നെ മരണം വരെ തുടരും. സുറിയാനി സഭയുടെ കിരീടവും മല്പാനുമായ മാർ അപ്രേം മ്ശംശാന ആയിരുന്നു, ഒരിക്കലും വൈദിക പട്ടം അദ്ദേഹം സ്വീകരിച്ചിരുന്നില്ല.

നേരത്തെ ടി.ഒ.സി.ഡി. / ക.നി.മൂ.സ. എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സി.എം.ഐ. സഭയിൽ “ആഹാ/സഹോദരൻ” മാരുണ്ടായിരുന്നു. ജീവിതാവസാനം വരെ തിരുപ്പട്ടം സ്വീകരിക്കാതെ (അതിന് താൻ അയോഗ്യനാണെന്നുള്ള ബോധ്യത്താൽ) ഉത്തമ സന്യാസിയായി (ദയറാക്കാരനായി) മ്ശംശാനാമാരായി ജീവിച്ചവർ…. റൂഹാദ്കുദ്ശായുടെ കിന്നരമായ നിസിബിസിലെ മാർ അപ്രേം മല്പാനെപ്പോലെ……

നമ്മുടെ പൗരസ്ത്യ സുറിയാനി സഭയുടെ ചരിത്രം പരിശോധിച്ചാൽ നിനവേയിലെ മാർ ഇസ്ഹാക്ക് എന്നൊരു പണ്ഡിതനും വിശുദ്ധനുമായ മെത്രാനെ കാണുവാൻ കഴിയും. അന്നത്തെ സഭ അദേഹത്തെ മെത്രാൻ ആക്കുവാൻ നോക്കി, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അദേഹം അമ്പിനും വില്ലിനും അടുത്തില്ല. എങ്ങനെയോ അദേഹം AD 676ൽ മാർ ഗീവർഗീസ് കാസോലിക്കായാൽ നിനവേയുടെ മെത്രാനായി അഭിഷിക്തനായി. പക്ഷേ അഞ്ചുമാസം കഴിഞ്ഞപ്പോൾ അവരുടെ ഇടയിൽ നിന്നും മരുഭൂമിയിലേക്ക് ഒളിച്ചുകടന്ന് വീണ്ടും ഈഹീദായ (ഏകാന്തവാസി) ആയി ജീവിച്ചു. തൻ്റെ ദയറായായ ബേസ് ഹൂസായായിലാണ് അദേഹം വസിച്ചത്.
വിശുദ്ധ ഗ്രന്ഥവും അധ്യാത്മിക ഗ്രന്ഥങ്ങളും വായിച്ച് വായിച്ച് അദേഹം അന്ധനായി മാറി….. ഒരാഴ്ചയിൽ മൂന്ന് കഷണം റൊട്ടിയും കുറച്ച് വേവിക്കാത്ത പച്ചക്കറികളും വെള്ളവും ആയിരുന്നു അദ്ദേഹത്തിൻ്റെ ഭക്ഷണം. അവസാന കാലത്ത് റമ്പാൻ ശാബൂറിൻ്റെ ദയറായിൽ എത്തി അവിടെ ജീവിച്ച് മരിച്ച് കബറടക്കപ്പെട്ടു.
ഇന്നും ഒരുപക്ഷേ വായിച്ചുപോലും തീരാത്തത്ര ഗ്രന്ഥങ്ങൾ അദേഹം രചിച്ചു.
ഇതൊക്കെക്കൊണ്ട് നിനവെയിലെ ഇസ്ഹാഖ് എന്ന താപസൻ ലോകം മുഴുവൻ ഇന്നും സൂര്യശോഭയോടെ ജ്വലിച്ചു നിൽക്കുന്നു.
ഒരു സന്യാസി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്;
“സുറിയാനിക്കാരനായ ഇസ്ഹാക്കിനെ ഞാൻ വായിക്കുകയായിരുന്നു.
അതിൽ ഞാൻ സത്യം ദർശിച്ചു.
വീരോചിതമായ ആധ്യാത്മികത കണ്ടു.
സ്ഥാനങ്ങളെ അതിശയിക്കുന്ന എന്തോ ഒന്ന് അതിലെനിക്ക് അനുഭവിക്കാനായി.
എന്റെ അസ്തിത്വത്തിന്റെ അന്തരാളങ്ങളിൽ ഞാൻ പോലുമറിയാതെ അടയ്ക്കപ്പെട്ടിരുന്ന ഒരു സ്വരം ആദ്യമായി ഞാൻ കേട്ടു.
സ്ഥലകാലമനുസരിച്ച് അദ്ദേഹം എന്നിൽ നിന്ന് ഏറെ അകലെയാണെങ്കിലും എന്റെ ആത്മാവിന്റെ അകത്തളങ്ങളിലേയ്ക്ക് അദ്ദേഹം കടന്നെത്തി.
നിശബ്ദത കളിയാടിയിരുന്ന ആ നിമിഷം എന്റെ തൊട്ടടുത്തിരുന്ന് അദ്ദേഹം എന്നോടു സംസാരിക്കാൻ തുടങ്ങി.
ഞാൻ പലതും വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ചുറ്റും സൂക്ഷ്മദൃഷ്ടിയുള്ള ആരെയും ഞാൻ കണ്ടിട്ടില്ല.
ആർക്കും ഇന്നുവരെയും ഞാൻ എന്റെ ആത്മാവിൻ്റെ കവാടം തുറന്ന് നൽകിയിട്ടില്ല.
വ്യക്തമായി പറഞ്ഞാൽ നിത്യ സഹോദര്യത്തോടെ,
സൗഹൃദത്തോടെ മനുഷ്യസ്വഭാവത്തിനുള്ളിൽ അനന്തതയിലേക്ക് തുറക്കപ്പെടുന്ന ഒരു കവാടമുള്ളത് ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല.
അകത്തളങ്ങളിലുള്ള ആ വിസ്മയനീയ പ്രപഞ്ചം മനുഷ്യന്റെ സ്വന്തമാണെന്ന ആകസ്മികവും അവർണ്ണനീയവുമായ ആ സത്യം ആരും എന്നോടു പറഞ്ഞിട്ടില്ല.”

എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല സന്യാസം…..
അത് മനോഹരമായ ഒരു ജീവിതമാണ്…..
പുറത്ത് നിന്ന് നോക്കുന്നവർക്ക് അത് മടുപ്പൻ ആയി തോന്നും….
പക്ഷേ ഉത്തമ സന്യാസികൾ അവരുടെ സന്യാസം ആസ്വദിക്കുന്നു….

നമ്മുടെ നാട്ടിലും രണ്ടുമാസം മുൻപുവരെ ഒരു സന്യാസി ജീവിച്ചിരുന്നു, 2022 ജൂലൈ അഞ്ചിന് കാലം ചെയ്ത മലേക്കുരിശ് ദയറായിലെ വിശുദ്ധനായ മാർ ഫിനഹാസ് റമ്പാൻ. യാക്കോബായ സഭയിലെ അംഗം ആയിരുന്നു അദേഹം. വായിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നുന്ന ജീവിതം. അദേഹത്തിൻ്റെ സഭാ തലവനായ കാതോലിക്കാ ബാവായുടെയും ദയറാ അധിപനായ മെത്രാപ്പോലീത്തായുടെയും നിർബന്ധം മൂലമാണ് 2006ൽ തൻ്റെ വാർദ്ധക്യത്തിൽ അദേഹം കശീശാപ്പട്ടം സ്വീകരിച്ചത്.
പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ പിടിച്ചുനിൽക്കാൻ കേരളത്തിലെ യാക്കോബായ സഭയെ സഹായിച്ചത് അദേഹത്തിൻ്റെ പ്രാർത്ഥനകളാണ് എന്ന് നിസ്സംശയം പറയാം.
യാക്കോബായ സഭയ്ക്ക് മാത്രമല്ല, കേരളത്തിലെ സഭയ്ക്ക് പ്രതിസന്ധികളുടെ നടുവിൽ പിടിച്ചുനിൽക്കാൻ ഉള്ള കൃപയ്ക്കായി അദേഹം പ്രാർഥിച്ചിരുന്നു.
ഉള്ളിൽനിന്നും പുറമേനിന്നും ഒരേപോലെ സഭ ആക്രമിക്കപ്പെടുന്ന കാലമാണ് നമ്മൾ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും. ഇന്നും വിശ്വാസം കൈമോശം വരാത്ത ആളുകൾ സഭയിൽ ഉണ്ടെങ്കിൽ അതിന് പുറകിൽ ഇദേഹത്തെപ്പോലുള്ളവരുടെ നിരന്തരമായ പ്രാർത്ഥനകൾ ഉണ്ട് എന്ന് ഉറപ്പാണ്.

ആലാഹായുടെ നിയോഗമായി ഫിനഹാസ് റമ്പാനുശേഷം ഇതാ ഈഹീദായായായി മാർ യാക്കോവ് മെത്രാൻ സഭയ്ക്ക് വേണ്ടി തന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നു. എല്ലാം ഉപേക്ഷിച്ച് അദേഹം പോകുന്നു.
ഒരിക്കലും അതൊരു നഷ്ടമല്ല, സഭയുടെ ശക്തിയാണ്, സന്യാസം പുസ്തകങ്ങളിൽ കാണുന്ന കഥയല്ല പിന്നെയോ ഇന്നും പ്രാവർത്തികമാകുന്ന യാഥാർത്ഥ്യമാണ് എന്നതിൻ്റെ ജീവിക്കുന്ന സാക്ഷ്യമാണ്…..
സഭയ്ക്ക് ആത്മാർത്ഥമായി നന്നാകാൻ തോന്നുമ്പോൾ ഇദേഹത്തെ തിരിച്ച് കൊണ്ടുവന്ന് സഭയുടെ തലവൻ ആക്കണം, സ്ഥാപനങ്ങളുടെ അല്ല. അദേഹം സമ്മതിക്കില്ല എന്ന് ഉറപ്പാണ്, പക്ഷേ സഭയെ അനുസരിക്കുന്ന ആളാണല്ലോ അദേഹം. അതുകൊണ്ടല്ലേ എല്ലാം ഉപേക്ഷിച്ച് പോകുവാൻ പോലും സഭയുടെ അനുവാദം പ്രതീക്ഷിച്ച് ഇത്രയും വർഷങ്ങൾ കാത്തിരുന്നത്.

എത്യോപ്യൻ ഓർത്തഡോക്സ് തെവഹെദോ സഭയിൽ (Ethiopian Orthodox Tewahedo Church) ഇന്നും വാഗ്ദാന പേടകം സൂക്ഷിക്കപ്പെടുന്നു എന്നൊരു വിശ്വാസമുണ്ട്. ശ്ലേമോൻ രാജാവിൻ്റെ കാലശേഷം ഓർശ്ലേം പള്ളി തകർക്കപ്പെട്ടപ്പോൾ ശേബാ രാജ്ഞിയിൽ ശ്ലേമോന് ജനിച്ച പുത്രനായ മെനനേലിക്കാണ് വാഗ്ദാന പേടകം അവിടെനിന്ന് എത്യോപ്യയിലെ അക്സമിലേക്ക് (Axum) കൊണ്ടുവന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂവായിരം വർഷമായി ഇന്നും അത് അവിടെ സൂക്ഷിക്കപ്പെടുന്നു എന്നാണ് അവരുടെ വിശ്വാസം.
അക്സമിലെ മർത്ത് മറിയത്തിൻ്റെ പള്ളിയുടെ സമീപത്ത് (Church of Our Lady Mary of Zion) സൂക്ഷിച്ചിരിക്കുന്ന വാഗ്ദാന പേടകം കാണുവാൻ ആർക്കും അനുവാദമില്ല, സഭാ തലവന് പോലും അനുവാദമില്ല.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു സന്യാസി വാഗ്ദാന പേടകത്തിൻ്റെ സൂക്ഷിപ്പുകാരനും പരിപാലകനുമായി അവിടേയ്ക്ക് പ്രവേശിക്കപ്പെടുന്നു. ആയുധമായി അദേഹത്തിൻ്റെ കയ്യിലുള്ളത് സന്യാസിയുടെ സ്ലീവാ മാത്രമാണ്. പിന്നീട് ഒരിക്കലും അദേഹം ആ കെട്ടിടത്തിൽ നിന്നും പുറത്ത് വരില്ല, അദേഹത്തിൻ്റെ മരണ ശേഷം അടുത്ത ആൾ തിരഞ്ഞെടുക്കപ്പെടുന്നു. അദേഹത്തിൻ്റെ ജീവിതത്തിന് ഒരേയൊരു ലക്ഷ്യം മാത്രമേ ഉള്ളൂ, വാഗ്ദാന പേടകത്തെ ശുശ്രൂഷിക്കുക…..

അങ്ങനെ നമ്മുടെ ആവൂനായും മാറുകയാണ്……
ആലാഹായ്ക്ക് ശുശ്രൂഷ ചെയ്യുവാനായി മാത്രം……
നമുക്കും അദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം, അദേഹത്തിൻ്റെ പ്രാർത്ഥനകൾ നമുക്കും നമ്മുടെ സഭയ്ക്കും ലോകത്തിന് മുഴുവനും ഉറപ്പുള്ള കോട്ടയും കവചവും ആയിരിക്കും…..

ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s