തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ പതിവാകുന്നു

അബൂജ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് നാല് കത്തോലിക്കാ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത സ്ഥിരീകരിച്ച് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ സന്യാസിനീ സഭ. ഞായറാഴ്ച ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള യാത്രാമധ്യേയാണ് ഇവർ ബന്ധികളുടെ പിടിയിലായതെന്ന് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ സുരക്ഷിത മോചനത്തിനായി വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുമുണ്ട് സന്യാസിനീസഭ.

ഒകിഗ്വേ- എനുഗു എക്സ്പ്രസ്വേയിൽ വെച്ചാണ് സംഭവം. തട്ടിക്കൊണ്ടുപോയത് ആരാണെന്നത് ഇതുവരെ അറിവായിട്ടില്ല. ഇസ്ലാമിക തീവ്രവാദികളുടെയും സംഘടിത കവർച്ചാ സംഘങ്ങളുടെയും സാന്നിധ്യമുള്ള മേഖലയാണ് ഇവിടം. സിസ്റ്റർ ജോഹന്നാസ് ന്വോഡോ, സിസ്റ്റർ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റർ ലിബറാറ്റ എംബാമലു, സിസ്റ്റർ ബെനിറ്റ അഗു എന്നിവരാണ് ബന്ധികളുടെ പിടിയിലായിരിക്കുന്നതെന്ന് സന്യാസിനീ സഭാ സെക്രട്ടറി ജനറൽ സിസ്റ്റർ സിറ്റ ഇഹെഡോറോ അറിയിച്ചു.

‘അവരുടെ സുരക്ഷിത മോചനം പെട്ടെന്നുതന്നെ സാധ്യമാകാൻ പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രക്ഷകനായ യേശു നമ്മുടെ പ്രാർത്ഥന ശ്രവിക്കട്ടെ, പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥവും നമുക്ക് തേടാം,’ സന്യാസിനീ സഭ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. സംഘടിതമായ ആക്രമണങ്ങൾക്ക് പുറമെ, വൈദീകർ ഉൾപ്പെടെയുള്ള സഭാ ശുശ്രൂഷകരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയിൽ പതിവാകുകയാണ് ഇപ്പോൾ. അതിലെ ഏറ്റവും പുതിയ സംഭവമാണിത്.

2022 ജനുവരിമുതൽ ജൂലൈവരെയുള്ള ഏഴു മാസത്തിനിടെമാത്രം നൈജീരിയയിൽനിന്ന് 20 കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ ഏഴ് സംഭവങ്ങൾ ഉണ്ടായത് ജൂലൈയിൽ മാത്രമാണെന്നും പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) സമാഹരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു.

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണങ്ങൾ വ്യാപകമാകുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ്, ബൊക്കോ ഹറാം, ഫുലാനി ഹെഡ്‌സ്മാൻ എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്. 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കടപ്പാട്: സൺഡേ ശാലോം

Advertisements

Leave a comment