The Exaltation of the Holy Cross – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

14 Sep 2022

The Exaltation of the Holy Cross – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടി
അങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന്
അങ്ങ് തിരുവുള്ളമായല്ലോ.
ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ,
സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലം
കൈവരിക്കാന്‍ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സംഖ്യ 21:4b-9
ദംശനമേല്‍ക്കുന്നവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല.

ചെങ്കടലിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്‌നേയ സര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു. ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 78:1-2,34-35,36-37,38

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

എന്റെ ജനമേ, എന്റെ ഉപദേശം ശ്രവിക്കുക;
എന്റെ വാക്കുകള്‍ക്കു ചെവി തരുക.
ഞാന്‍ ഒരു ഉപമ പറയാം;
പുരാതനചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

അവിടുന്ന് അവരെ വധിച്ചപ്പോള്‍ അവര്‍ അവിടുത്തെ തേടി;
അവര്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
ദൈവമാണു തങ്ങളുടെ അദ്ഭുതശിലയെന്നും
അത്യുന്നതനായ ദൈവമാണു തങ്ങളെ
വീണ്ടെടുക്കുന്നവനെന്നും അവര്‍ അനുസ്മരിച്ചു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

എങ്കിലും അവരുടെ സ്തുതി കപടമായിരുന്നു;
അവരുടെ നാവില്‍ നിന്നു വന്നതുനുണയായിരുന്നു.
അവരുടെ ഹൃദയം അവിടുത്തോടു ചേര്‍ന്നുനിന്നില്ല;
അവിടുത്തെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയില്ല.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

എങ്കിലും, കാരുണ്യവാനായ അവിടുന്ന്
അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു; അവരെ നശിപ്പിച്ചില്ല.
പലപ്പോഴും അവിടുന്നു കോപമടക്കി;
തന്റെ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു; അങ്ങേ ഞങ്ങൾ വാഴ്ത്തുന്നു; എന്തുകൊണ്ടെന്നാൽ അങ്ങേ കുരിശു മരണത്താൽ ലോകത്തെ അങ്ങു വീണ്ടുരക്ഷിച്ചു.

അല്ലേലൂയ!

സുവിശേഷം

യോഹ 3:13-17
മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കുരിശിന്റെ അള്‍ത്താരയില്‍
സര്‍വലോകത്തിന്റെയും പാപങ്ങള്‍ നീക്കുന്ന ഈ കാഴ്ചയര്‍പ്പണം
ഞങ്ങളെ എല്ലാ തിന്മകളിലും നിന്ന് ശുദ്ധീകരിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 12:32

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍,
എല്ലാവരെയും എന്നിലേക്ക് ആകര്‍ഷിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവായ യേശുക്രിസ്തുവേ,
അങ്ങേ ദിവ്യവിരുന്നാല്‍ പരിപോഷിതരായി,
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ജീവദായകമായ കുരിശുമരം വഴി അങ്ങ് വീണ്ടെടുത്തവരെ,
ഉയിര്‍പ്പിന്റെ മഹിമയിലേക്ക് ആനയിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Leave a comment