Saturday of week 24 in Ordinary Time | Saint Robert Bellarmine | Saturday memorial of the Blessed Virgin Mary 

🌹 🔥 🌹 🔥 🌹 🔥 🌹

17 Sep 2022

Saturday of week 24 in Ordinary Time 
or Saint Robert Bellarmine, Bishop, Doctor 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,
ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 15:35-37,42-49
നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.

സഹോദരരേ, ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെ ആയിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെയോ മറ്റു വല്ല ധാന്യത്തിന്റെയോ വെറുമൊരു മണിമാത്രം.
ഇപ്രകാരം തന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത് ആത്മീയശരീരം. ഭൗതിക ശരീരമുണ്ടെങ്കില്‍ ആത്മീയ ശരീരവുമുണ്ട്. ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍. ഭൂമിയില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും. നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതു പോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 56:9-13

ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കും.

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍
എന്റെ ശത്രുക്കള്‍ പിന്തിരിയും;
ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.

ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കും.

ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍,
ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ, ആ കര്‍ത്താവില്‍,
നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും.
ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍
നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.

ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കും.

ഞാന്‍ ദൈവസന്നിധിയില്‍
ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്,
അവിടുന്ന് എന്റെ ജീവനെ മരണത്തില്‍ നിന്നും,
എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.

ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കേണമേ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 8:4-15
നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

അക്കാലത്ത്, പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു അരുളിച്ചെയ്തു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു ശിഷ്യന്മാര്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മററുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ വിത്ത്. പാറയില്‍ വീണത്, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു. മുള്ളുകളുടെ ഇടയില്‍ വീണത്, വചനം കേള്‍ക്കുന്നെങ്കിലും ജീവിതക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും
അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം
ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment