എന്താണ് യഥാർത്ഥ സ്നേഹം?

എന്താണ് യഥാർത്ഥ സ്നേഹം?

കുറെ വർഷങ്ങൾക്ക് മുൻപ് നൈജീരിയയിൽ അബുജ നഗരാതിർത്തിയിൽ ലുഗ്ബെ എന്ന് പേരുള്ള സ്ഥലത്ത് താമസിക്കുമ്പോൾ അടുത്തുള്ള കെട്ടിടത്തിൽ കുറച്ചു പെൺകുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. അവർ ഓരോ ദിവസവും ആളുകൾ വിളിച്ചു കൊണ്ടുപോകാനായി കാത്തിരിക്കുന്നവരായിരുന്നു.

വൈകുന്നേരം ആരുടെയെങ്കിലുമൊക്കെ കൂടെ കേറിപോകുന്ന അവർ തിരിച്ചെത്തിയിരുന്നത് നേരം വെളുത്തിട്ടായിരുന്നു. സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കെല്ലാം അവരോട് ദേഷ്യവും വെറുപ്പുമായിരുന്നു. മാത്രമല്ല അവരുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളും അയൽക്കാർക്ക് അസ്സഹനീയമായിരുന്നു. ആർക്കെങ്കിലും അത്‌ ശല്യമാകുന്നുണ്ടോ എന്നൊന്നും അവർ ശ്രദ്ധിക്കാൻ മെനക്കെട്ടതേയില്ല.

അവസാനം സഹികെട്ട വീട്ടുടമ അവരെയെല്ലാം പുറത്താക്കി. സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു. ഓരോരുത്തരായി സാധനങ്ങൾ പെറുക്കി എങ്ങോട്ടൊക്കെയോ പോയി, ഒരാളൊഴിച്ച്. ആ പെൺകുട്ടിക്ക് പോകാൻ സ്ഥലമില്ലായിരുന്നു.

ഞങ്ങളുടെ കെട്ടിടത്തിന്റെ ഇടനാഴിയിൽ അവൾ സാധനങ്ങൾ കൊണ്ടുവെച്ചു. പുറത്തുപോകാത്ത ദിവസങ്ങളിൽ അവിടെത്തന്നെ കിടന്നുറങ്ങി.

ആ കെട്ടിടത്തിലെ ഞാനും എന്റെ ഭർത്താവുമടക്കമുള്ള താമസക്കാർക്ക് അത്‌ തീരെ ഇഷ്ടപ്പെട്ടില്ല. എങ്ങനെയെങ്കിലും അവളെ അവിടെ നിന്ന് പുറത്താക്കാനുള്ള പദ്ധതികൾ മെനയവേ, ഒരു താമസക്കാരി ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് അതിനെതിരായിരുന്നു. അവൾ ചോദിച്ചു, ” ഈ പെൺകുട്ടി നിങ്ങളുടെ മകളോ സഹോദരിയോ ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ?” അവൾ പറഞ്ഞതിങ്ങനെയായിരുന്നു, “ഈ പെൺകുട്ടിയും അവളുടെ കൂട്ടുകാരും തിരഞ്ഞെടുത്തത് തിന്മയാണ്, ശരിയാണ്. പക്ഷേ നമ്മുടെയൊക്കെ ജീവിതത്തിലും പലപ്പോഴും നമ്മളുടെയും തിരഞ്ഞെടുപ്പ് തെറ്റായിരുന്നിട്ടില്ലേ? ദൈവം അപ്പോഴും നമ്മെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ചു, നമ്മെ കൈവിട്ടില്ല. നമ്മുടെ സ്ഥാനത്ത് ഇപ്പോൾ യേശുക്രിസ്തു ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?”എന്നവൾ ചോദിച്ചു.

എല്ലാവരും നിശബ്ദരായിരുന്നു. വീടില്ലാത്ത ആ പെൺകുട്ടിക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് ആർക്കും ഒന്നും പറയാനുണ്ടായില്ല അപ്പോഴും.

അവൾക്കു വേണ്ടി വാദിച്ച സ്ത്രീ അവളുടെ ഭർത്താവുമായി സംസാരിച്ചതിന് ശേഷം പെൺകുട്ടിയെ അവരുടെ കൂടെ താമസിക്കാൻ ക്ഷണിച്ചു. ആ പെൺകുട്ടിയോട് അവരുടെ വീട്ടിലെ ഒരു മുറിയിൽ താമസിച്ചോളാൻ പറഞ്ഞു. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ സ്ത്രീ പറഞ്ഞു, “ജീവിക്കാൻ വേണ്ടി നീ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം. നീ ചെയ്യാറുള്ള പോലെ നിനക്ക് രാത്രി പുറത്തുപോകാം കാലത്ത് തിരിച്ചുവരാം, അതാണ്‌ നിനക്ക് ആഗ്രഹമെങ്കിൽ. ഇവിടത്തെ ഭക്ഷണം നിനക്ക് കഴിക്കാം. ഇവിടത്തെ ബെഡ്‌റൂമിൽ താമസിക്കാം. നീ ഇവിടെ താമസിക്കാനിഷ്ടപ്പെടുന്ന കാലത്തോളം ഞങ്ങളിലൊരാളെ പോലെ കഴിയാം. നിന്റെ പ്രവൃത്തികൾ നോക്കി വിധിക്കാൻ അല്ല ഞങ്ങൾ നിന്നെ ഇവിടെ കൊണ്ടുവന്നത്. പക്ഷേ ഞങ്ങൾ നിനക്ക് വേണ്ടി പ്രാർത്ഥിക്കും. ദൈവത്തിന് സ്വീകാര്യമായ സമയത്ത് ആത്മാവ് നിന്നോട് സംസാരിക്കും”.

ആ പെൺകുട്ടിക്ക് അവളുടെ ചെവികളെ വിശ്വസിക്കാൻ പ്രയാസം തോന്നി, അവൾ ഏറെ കരഞ്ഞു. പിന്നീട് അവൾ രാത്രി പുറത്തുപോയില്ല. അവളുടെ പാപപ്രവൃത്തികൾ ഭൂതകാലമായി അവശേഷിച്ചു. അവരുടെ പ്രഭാതപ്രാർത്ഥനയിൽ അവളും പങ്കുചേർന്നു. ഞായറാഴ്ച അവരോടൊപ്പം പള്ളിയിൽ പോയി.

ഒരു ദിവസം അവൾക്ക് അഭയം കൊടുത്ത സ്ത്രീ, അവളെ യൂണിവേഴ്സിറ്റിയിൽ ചേർക്കാനാണ് അവളുടെ ഭർത്താവിന്റെ തീരുമാനം എന്നുപറഞ്ഞു. അവൾ നല്ല മാർക്കോടെ പരീക്ഷകൾ ജയിച്ചു. പഠിച്ചിറങ്ങും മുൻപേ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി.

ഇന്ന് നിങ്ങൾ അവളുടെ ഓഫീസിൽ പോയാൽ, നല്ലമനസ്സുള്ള ആ സ്ത്രീയുടെയും ഭർത്താവിന്റെയും

വലിയ ഫോട്ടോ കാണാം, അവളുടെ മേശക്ക് പിറകിൽ. അതിൽ എഴുതിവെച്ചിട്ടുണ്ട്, “എന്റെ മാതാപിതാക്കൾ, എനിക്ക് ആകെ അറിയാവുന്ന ക്രിസ്ത്യാനികൾ “.

എന്താണ് പ്രിയരേ യഥാർത്ഥ സ്നേഹം? ഭൂരിഭാഗം ക്രിസ്ത്യാനികൾക്കും ഇതിന് മറുപടി പറയാൻ ബുദ്ധിമുട്ടായിരിക്കും. സ്നേഹത്തിന്റെ യഥാർത്ഥ സത്ത തിരിച്ചറിയാതെ നമ്മൾ പരദൂഷണം പറഞ്ഞും വിധിച്ചും നടക്കുന്നു.

ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു. നീതിമാനായ ഒരാൾ പാപികൾക്ക് വേണ്ടി എന്തിന് മരിക്കണം? അതാണ്‌ യഥാർത്ഥ സ്നേഹം. നമ്മുടെ സഹജവാസനകളോട് എതിരിട്ട് ആർക്കെങ്കിലും വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

നമ്മുടെ ക്ഷമ ചിലർ അർഹിക്കുന്നില്ലെന്നു നമ്മൾ വിചാരിക്കുമ്പോഴും അതങ്ങനെയല്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനി കാണിക്കേണ്ട, യഥാർത്ഥ സ്നേഹം ആവശ്യപ്പെടുന്ന, ത്യാഗം അതാണ്‌. സ്നേഹം എന്നുപറയുന്നത് കാണാൻ ഭംഗിയുള്ളവരെയും നല്ലത് ചെയ്യുന്നവരെയും കഴിവുള്ളവരെയും മാത്രം സ്നേഹിക്കുന്നതും ചേർത്തുപിടിക്കുന്നതും അല്ല. ഈശോ പറഞ്ഞതുപോലെ, അതൊക്കെ പാപികൾക്കും തീവ്രവാദികൾക്കും ഒക്കെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ്. യഥാർത്ഥ സ്നേഹം എന്ന് പറയുന്നത് ഭൂരിഭാഗം മനുഷ്യരും വെറുപ്പോടെയും ചുളിഞ്ഞ മുഖത്തോടെയും നോക്കുന്നവരെ യഥാർത്ഥമായി സ്നേഹിക്കാൻ കഴിയുമ്പോഴാണ്.

നമ്മുടെയത്ര ഭാഗ്യമില്ലാത്ത എത്ര മനുഷ്യരെ നിങ്ങൾ വിശുദ്ധ കുർബ്ബാന കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങുമ്പോൾ വീട്ടിൽ വിളിച്ചുകൊണ്ടുപോയി ഭക്ഷണം കൊടുത്തിട്ടുണ്ട്? സമൂഹത്തിൽ നിലയും വിലയും ഉള്ളവർക്ക് വിരുന്ന് കൊടുക്കുന്ന നമ്മൾ പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?

വേശ്യകളെന്ന് തോന്നുന്നവരെ കാണുമ്പോൾ മുഖം തിരിക്കാൻ നമ്മൾ ശീലിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളെയും പറഞ്ഞുപഠിപ്പിക്കും തീരെ ഗതിയില്ലാത്ത കുട്ടികളോട് കൂട്ടുകൂടരുതെന്നും അവരെ ഒഴിഞ്ഞുമാറി നടക്കണമെന്നും.

പക്ഷേ ആരെപ്പോലെയുള്ളവർക്കാണ് സ്വർഗ്ഗരാജ്യമെന്നാണ് നമ്മൾ വിചാരിച്ചു വെച്ചിരിക്കുന്നത്?

ജീവിതത്തിൽ കുറെയൊക്കെ വെട്ടിപ്പിടിച്ചിട്ടുണ്ട് എന്നുള്ളതുകൊണ്ട്, നമ്മുടെ ജീവിതലക്ഷ്യങ്ങൾ നമ്മൾ മറന്നുപോകരുത്.

നിങ്ങളെ ചൂണ്ടിക്കാട്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ ‘നിങ്ങളിൽ ഞാനൊരു യഥാർത്ഥ വിശ്വാസിയെ കാണുന്നു’ എന്ന് ? ചിന്തിക്കൂ അതിനെപ്പറ്റി….

വിവർത്തനം : ജിൽസ ജോയ്

Advertisements
Luke 6, 36
Advertisements

Leave a comment