Monday of week 28 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

10 Oct 2022

Monday of week 28 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഗലാ 4:22-24,26-27,31-5:1
നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്.

സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു – ഒരുവന്‍ ദാസിയില്‍ നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍ നിന്ന്. ദാസിയുടെ പുത്രന്‍ ശാരീരിക രീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു. ആലങ്കാരികമായി പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ട് ഉടമ്പടികളാണ്. ഒരുവള്‍ സീനായ് മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാര്‍. എന്നാല്‍, സ്വര്‍ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ. എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്‌ധ്യേ, നീ ആഹ്ളാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്. സഹോദരരേ, അതുകൊണ്ട് നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്.
സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 113:1b-2,3-4,5a,6-7

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ,
അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ.
or
അല്ലേലൂയ!

ഉദയം മുതല്‍ അസ്തമയംവരെ
കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ.
or
അല്ലേലൂയ!

നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും
ഭൂമിയെയും നോക്കുന്നു.
അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 11:29-32
യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല.

അക്കാലത്ത്, ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ യേശു അരുളിച്ചെയ്തു: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍! നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s