മാലാഖയെപ്പോൽ വിശുദ്ധയായ കന്യക: ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ

ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യയെക്കുറിച്ചു ഈഡിത് ഡീൻ പറഞ്ഞതിങ്ങനെ: “പൂർവ്വപിതാക്കന്മാരെപ്പോലെ അവൾ ദൈവത്തോടും ദൈവം അവളോടും സംസാരിച്ചു. ജോബിനെപ്പോലെ അവൾക്ക് ധാരാളം കഷ്ടതകളുണ്ടായെങ്കിലും അതിലെല്ലാം ദൈവത്തിന്റെ കരം കാണാൻ പഠിച്ചു. പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവരാജ്യത്തിനു വേണ്ടി ഉത്സാഹത്തോടെ പണിയെടുത്തുകൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. ബഥാനിയായിലെ മറിയത്തെപ്പോലെ ആത്മീയകാര്യങ്ങളിൽ മുഴുകി; മർത്തയെപ്പോലെ അവൾ പ്രവർത്തനനിരതയായി”.

സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള വനിതകൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ പാപ്പ വിശേഷിപ്പിച്ചത് ആത്മീയതയുടെ ‘അനിതരസാധാരണയായ സ്ത്രീ ‘ എന്നാണ്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് അമ്മത്രേസ്സ്യ. സഭ അവളെ ആദരിക്കുന്നത് ‘മാലാഖയെപ്പോൽ വിശുദ്ധയായ കന്യക ‘എന്ന് പറഞ്ഞാണ്. കർമ്മലീത്ത സഭയിലെ വിശുദ്ധയായ അവളെ ‘അഗ്നികുണ്ഡം’ എന്നും വിളിക്കുന്നു. അനുസരണത്തിന്റെ മൂശയിൽ വാർത്തെടുക്കപെട്ട കറ തീർന്ന വ്യക്തിത്വം. ആത്മീയതയുടെ ആഴങ്ങളിലേക്ക് സ്വന്തജീവിതത്തെ കൊണ്ടുപോയതിനാൽ മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്ന മഹനീയമായ ജീവിതം. അസാധാരണമായ പ്രായോഗിക ബുദ്ധിയും ജ്ഞാനവും പ്രകടിപ്പിച്ച ധീര വനിത. ആത്മീയ രഹസ്യങ്ങൾ സാധാരണ മനുഷ്യന്റെ ജീവിതവിജയത്തിനുതകുന്ന തരത്തിൽ വ്യാഖ്യാനിച്ചു നല്കിയവൾ.

“എനിക്ക് ദൈവത്തെ കാണണം . മരിക്കാതെ അതിനു കഴിയില്ലല്ലോ .മുഹമ്മദീയ രാജ്യത്തു ചെന്നാൽ രക്തസാക്ഷിയായി മരിക്കാം .അങ്ങനെ വേഗം ദൈവത്തെ കാണാം ‘. ഏഴു വയസ്സുള്ളപ്പോൾ രക്തസാക്ഷിയായി മരിക്കാൻ വേണ്ടി ആഫ്രിക്കയിൽ പോകാൻ തൻറെ ജ്യേഷ്ഠനോടൊത്തു തയ്യാറെടുത്ത ത്രേസ്സ്യയെ ചിറ്റപ്പൻ പിടിച്ചു കൊണ്ട് വന്നപ്പോൾ അവൾ പറഞ്ഞതാണിത്. മരണശേഷം കൈവരുന്ന മഹത്വം നിത്യമാണെന്നത് അവളെ വികാരഭരിതയാക്കിയിരുന്നു. ‘എന്നെന്നേക്കും ‘ എന്ന വാക്ക് ചെറുപ്രായത്തിൽ തന്നെ അവളുടെ ഹൃദയത്തിൽ ദിവ്യനാഥൻ മുദ്രണം ചെയ്‌തെന്നാണ് അവൾ ഇതേപ്പറ്റി പറഞ്ഞത് .

ഈ വിശുദ്ധയെ അസാധാരണവനിതയും നൂറ്റാണ്ടുകളായി വിശുദ്ധിയുടെ ഉത്തമമാതൃകയുമാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് പ്രാർത്ഥനയാണ്. മാനസികപ്രാർത്ഥനയിൽകൂടെ ദൈവത്തോടടുക്കാൻ ശീലിച്ച വിശുദ്ധയുടെ വാക്കുകളിൽ അത് “ദൈവത്തോടുള്ള സ്‌നേഹപൂർവമായ സംഭാഷണമാണ്. നമ്മളെ സ്നേഹിക്കുന്നുവെന്ന് നമുക്കറിയാവുന്നവരോട് ഏകാന്തതയിൽ പലപ്പോഴും നടത്തുന്ന നർമ്മസംഭാഷണമാണ്‌”. വിശുദ്ധ അഗസ്റ്റിന്റെ ആത്മകഥ പാരായണവും ക്രിസ്തുവിന്റെ പീഡാസഹനധ്യാനവും അമ്മ ത്രേസ്സ്യയെ വളരെ സ്വാധീനിച്ചു.

തുടക്കത്തിലെല്ലാം ദൈവത്തിങ്കലേക്കുള്ള കയറ്റം വളരെ ബുദ്ധിമുട്ടായിരുന്നു.അപ്പോഴും അങ്ങേയറ്റത്തെ മാധുര്യവും ശാന്തതയും കൈമുതലായി വെച്ച വിശുദ്ധ പിന്നീടുള്ള കൊല്ലങ്ങളിൽ ദൈവൈക്യത്തിൽ അതിരില്ലാത്ത ആത്മീയ സന്തോഷം കണ്ടെത്തിയെന്ന് മാത്രമല്ല ദൈവസാന്നിധ്യം ദർശനങ്ങളിലൂടെയും പാരവശ്യങ്ങളിലൂടെയും ധാരാളമായി അനുഭവിച്ചു. ഈശോയുടെയും പരിശുദ്ധ അമ്മയുടെയും പരിശുദ്ധ ത്രിത്വത്തിന്റെയുമെല്ലാം ദര്ശനങ്ങളുംസംഭാഷണവും മരിക്കുന്നതു വരെ ഉണ്ടായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ അവൾ ഈശോയെ സാധാരണ വ്യക്തിയെ കാണുന്ന പോലെ കണ്ടു സംസാരിച്ചു. മറ്റൊരു ലോകത്തിലായിരുന്ന അവൾ ദീർഘമായ സംഭാഷണത്തിന് ശേഷമാണ് ഈ ലോകത്തിലേക്ക് വന്നു കൊണ്ടിരുന്നത്.

നമ്മോടുള്ള സ്നേഹത്തെ പ്രതി മുറിപ്പെട്ട കർത്താവിനെപ്പോലെ അമ്മത്രേസ്സ്യയുടെ ഹൃദയത്തേയും മുറിപ്പെടുത്താൻ കർത്താവു തിരുമനസ്സായി. ഒരിക്കൽ ഒരു മാലാഖ സ്വർണ കുന്തവുമായി വന്നു ത്രേസ്സ്യായുടെ ഹൃദയത്തെതുളച്ചു. ഭയങ്കരമായ വേദനയിലും അഗാധമായ മാധുര്യമുണ്ടായിരുന്നു. ദൈവം ആ ഹൃദയത്തെ സ്നേഹം കൊണ്ട് ഉജ്ജ്വലമാക്കി. അതോടു കൂടി ദൈവത്തിന്റെതു മാത്രം ആകുക എന്ന ആഗ്രഹം അവളിൽ ശക്തിപ്പെട്ടു. മരണസമയത്തു അവളുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേറ്റിരിക്കുന്നത് പലരും കണ്ട് ബോധ്യപെട്ടു. ഇന്നും അത് കേടു കൂടാതെ ഇരിക്കുന്നു.

ഇൻകാർനേഷൻ കർമ്മലീത്ത മഠത്തിലെ കുത്തഴിഞ്ഞ ആവൃതിനിയമങ്ങളോടും സുഖലോലുപതയോടും ത്രേസ്സ്യക്ക് ഒട്ടും യോജിക്കാൻ പറ്റിയില്ല. കർമ്മലീത്ത സഭ നവീകരിക്കാൻ തന്നെ തീരുമാനിച്ചു. 1562 ഓഗസ്റ്റ് 24 നു ആവിലയിൽ തന്നെ വി. യൗസേപ്പിന്റെ പേരിൽ മഠം സ്ഥാപിച്ചു. ചിട്ടയായ ആവൃതിനിയമങ്ങളും നിശബ്ദതയും അങ്ങേയറ്റത്തെ ദാരിദ്ര്യപാലനവും നിഷ്പാദുക സന്യാസിനിമാരുടെ മുഖമുദ്രയായിരുന്നു. ത്രേസ്സ്യായുടെ നിയമാവലിയോടുണ്ടായ വെറുപ്പും നഗരപിതാക്കൾ പുതിയ മഠങ്ങളോട് കാണിച്ച അപ്രിയവും മൂലം ത്രേസ്സ്യായുടെ സഹനങ്ങൾ അവർണ്ണനീയമായിരുന്നു. സാധാരണ വിശ്വാസികളെ വഴി തെറ്റിക്കുന്നു എന്നാരോപിച്ച് എല്ലാരും അവളെ ഉപേക്ഷിച്ചു. പൈശാചിക ബാധയുള്ള കന്യാസ്ത്രീ എന്ന് സകലരും മുദ്ര കുത്തി. അവൾ എഴുതിയ പല പുസ്തകങ്ങളും കത്തിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് പോലും വിലക്കി. ഈശോയും പലപ്പോഴും മുഖം മറച്ചത്‌ വലിയ സഹനമായിരുന്നു. എല്ലാ വേദനകളും സന്തോഷത്തോടെ സഹിച്ച് സഭയ്ക്കും ലോകത്തിനും വേണ്ടി അവൾ സമർപ്പിച്ചു. സഹനങ്ങളും വേദനകളും സ്വയം ഇല്ലാതായിത്തീരുന്നതിനും സ്വാർത്ഥതയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗ്ഗവും ആയി ആണ് വിശുദ്ധ കണ്ടത്.

പിശാചുക്കളുടെ ഉപദ്രവം മൂലം അമ്മത്രേസ്സ്യ വളരെ ക്ലേശിച്ചിരുന്നു പക്ഷെ അവക്ക് അവളെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല. ദൈവവരപ്രസാദത്തിലായിരിക്കുന്ന ആത്മാക്കളെ സാത്താൻ ഭയക്കുന്നെന്നു അമ്മത്രേസ്സ്യക്കറിയാമായിരുന്നു. മുഷ്ടി ചുരുട്ടി ഇടിക്കുന്ന പോലെ അവൾ അവരെ കാണിച്ചു. കുരിശു വരച്ചും ഹന്നാൻ വെള്ളം തളിച്ചും അവറ്റകളെ അകറ്റാൻ ശ്രമിച്ചു.

പല വട്ടം അമ്മത്രേസ്സ്യക്ക് നരകത്തിന്റെ ദർശനമുണ്ടായി. നരകത്തിൽ ഒരു നിമിഷം അവൾ പീഡകൾ സഹിക്കേണ്ടിയും വന്നു. കൊല്ലങ്ങൾ കഴിഞ്ഞ് ഓർക്കുമ്പോൾ പോലും വിറയൽ ഉണ്ടാക്കുന്ന കാര്യമായിരുന്നു അത്. പീഡനങ്ങളുടെ കാഴ്ച പുണ്യവതിയെ ഞെട്ടിച്ചു. ആ സഹനത്തോട് താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ എല്ലാം സഹിക്കാവുന്നതായി തോന്നിയത്രേ. ഈ ലോകത്തിലെ കഷ്ടതകളോടും എതിർപ്പുകളോടുമുള്ള ഭയത്തെ ഈ കാഴ്ച എടുത്തു മാറ്റിയെന്നാണ് ആത്മകഥയിൽ പറയുന്നത് .ആത്മാക്കളുടെ രക്ഷക്ക് വേണ്ടി കിണഞ്ഞു പരിശ്രമിക്കാൻ അത് പ്രചോദിപ്പിച്ചു. പിറുപിറുക്കുകയോ ആരുടേയും കുറ്റങ്ങൾ പറയുകയോ ആർക്കെങ്കിലും ദോഷം വരണമെന്നാഗ്രഹിക്കുകയോ ചെയ്യാത്ത.. അസൂയ, അത്യാഗ്രഹം ഇല്ലാതിരുന്ന, ദൈവഭയത്തിൽ ജീവിച്ചിരുന്ന അമ്മത്രേസ്സ്യ പാപത്തിൽ വീണാൽ തരാനായി പിശാച് തയ്യാറാക്കി വച്ച സ്ഥലവും പീഡനവും കണ്ടപ്പോൾ പുണ്യവതി പറഞ്ഞു ‘ചാവുദോഷത്തിലുള്ള വീഴാവുന്ന വിപത്തിൽ ഇരിക്കുന്ന ആത്മാക്കൾ വിശ്രമം എടുക്കരുത് , ആഹ്ലാദിക്കരുത്. എല്ലാ പാപസാഹചര്യങ്ങളെയും വർജ്ജിക്കണം’.

അഗാധമായ എളിമ വിശുദ്ധയുടെ കൈമുതലായുണ്ടായിരുന്നു. നീച ,ദുഷ്ട എന്നെല്ലാമാണ് ആത്മകഥയിൽ മിക്കപ്പോഴും സ്വയം വിളിക്കുന്നത്. ഇത്ര കൃതഘ്‌നത ഉള്ളവളും തണുത്ത ഹൃദയമുള്ളവളും ആയ തനിക്ക് എങ്ങനെ ഇത്രയും അനുഗ്രഹങ്ങൾ തരാൻ തോന്നുന്നു എന്ന് പലപ്പോഴും ഈശോയോടു ചോദിച്ചു. തൻറെ ഏതെങ്കിലും നന്മ ആരെങ്കിലും കണ്ടാൽ അവർക്കു അവളുടെ പാപങ്ങളെപ്പറ്റി വെളിപ്പെടുത്താൻ ഈശോയോടു യാചിച്ചു. അവളുടെ പ്രാർത്ഥന ലഭിക്കണമെങ്കിൽ അവളെ ഉപദ്രവിച്ചാൽ മതി എന്ന് പറയത്തക്കവിധം ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിച്ചു.

അതുപോലെ തന്നെ സ്വതസിദ്ധമായ നർമ്മബോധവും പ്രസിദ്ധമായിരുന്നു. ഒരിക്കൽ ഒരു കുരിശിനെപ്പറ്റി ഈശോയോടു പറഞ്ഞപ്പോൾ ഈശോ പറഞ്ഞു ‘ഞാൻ ഇങ്ങനെയാണ് എന്റെ സുഹൃത്തുക്കളെ സ്നേഹിക്കുന്നതെന്നു ‘. വിശുദ്ധ ഉടനെ പറഞ്ഞു ‘വെറുതെയല്ല നിനക്ക് അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്തതെന്ന് ‘. A sad nun is a bad nun ‘എന്നവൾ എഴുതി വെച്ചു. നമുക്കുള്ള ചെറിയ നർമ്മബോധം എന്തിനു മറച്ചുവെക്കണമെന്നു വിശുദ്ധ ചോദിക്കുമായിരുന്നു, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അതുപയോഗിച്ചുകൂടെ എന്നും. ‘God never said we need to be sour-faced to be holy. ..From silly devotions and sour-faced saints, good Lord deliver us ! ‘ ഈശോയോടു ഫലിതം പറഞ്ഞു ചിരിച്ച വിശുദ്ധ.

ചെറുപുഷ്പവും മദർ തെരേസയുമെല്ലാം അമ്മത്രേസ്സ്യയിൽ നിന്നാണ് പ്രചോദനമുൾകൊണ്ടത്. വേദപാരംഗതരായ കുരിശ്ശിന്റെ വിശുദ്ധ യോഹന്നാനും ഫ്രാൻസിസ് ഡി സെയിൽസും അൽഫോൻസ് ലിഗോരിയുമെല്ലാം പുണ്യവതിയുടെ ഗ്രൻഥങ്ങളിൽ നിന്ന് വളരെയധികം ഉദ്ധരിച്ചിട്ടുണ്ട്. അഞ്ചു പുസ്തകങ്ങളും 7 ചെറു ഗ്രൻഥങ്ങളുമാണ് വി .ത്രേസ്സ്യ എഴുതിയിട്ടുള്ളത് . ‘ദി ഇന്റീരിയർ കാസ്സ്ൽ ‘ എന്ന ഗ്രൻഥം അനേകർക്ക് ആത്മീയ ചൈതന്യം ലഭിക്കാൻ കാരണമായി. 500 വർഷങ്ങൾക്കിപ്പുറവും ഒരുപാട് ജീവിതങ്ങളെ അവൾ സ്വാധീനിക്കുന്നു. അഗാധമായ മനഃശാസ്ത്രപഠനങ്ങള്‍ അടങ്ങിയ അവളുടെ സ്വയംകൃത ചരിത്രം ഏകാഗ്രത , സമാധി, പാരവശ്യം, ബുദ്ധിപരമായ ദർശനങ്ങൾ, ആദ്ധ്യാത്മിക വിവാഹം, ദൈവൈക്യം, വിവിധ പ്രാർത്ഥന രീതികൾ ഇവയൊക്കെ ഉൾകൊണ്ട് വി. ആഗസ്തീനോസ്ന്റെ ‘ഏറ്റുപറച്ചിൽ’ നോട് കിടപിടിക്കുന്നതാണ് .

മരിക്കുമ്പോഴേക്ക് നിഷ്‌പാദുക സന്യാസിനികൾക്കായി 17 മഠങ്ങളും സന്യാസികൾക്കായി 14 ആശ്രമങ്ങളും അവൾ വഴിയായി സ്ഥാപിക്കപ്പെട്ടു. ആൽബെ ഡി ടോർനസിലാണ് പതിനേഴാമത്തെ മഠം ആയ അവസാനത്തെ മഠസ്ഥാപനം നടന്നത്. അവിടെ വെച്ചു അമ്മത്രേസ്സ്യായുടെ ആരോഗ്യം വളരെ മോശമായി കിടപ്പിലായി. 1582 ഒക്ടോബർ 4നു അറുപത്തിയേഴാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി യാത്രയായി. സഭയിൽ പുതുജീവനും നവീകരണവും തുടങ്ങി വെച്ച് തൻറെ നല്ല ഓട്ടം പൂർത്തിയാക്കി ആയിരുന്നു യാത്ര. തിരുസഭയുടെ കുഞ്ഞാണ് ഞാൻ എന്ന് മരണനേരത്തു പറഞ്ഞു. ‘ഓ കർത്താവേ, എന്റെ മണവാളനെ, ഞാൻ ഒരുപാട് ആഗ്രഹിച്ച ആ മണിക്കൂർ ഇതാ വന്നിരിക്കുന്നു. നമ്മൾ കണ്ടുമുട്ടേണ്ട സമയമായി ‘ എന്ന് പറഞ്ഞ് ആ നിർമ്മലസൂനം മരിച്ചു. 1622 ൽ വിശുദ്ധ പദവിയിലേക്ക് ഉയർന്നു.

അമ്മത്രേസ്സ്യായുടെ മരണശേഷം അവളുടെ തന്നെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടെടുത്തു,”ഒന്നും നമ്മെ അസ്വസ്ഥരാക്കാതിരിക്കട്ടെ,

ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ,

എല്ലാം കടന്നുപോകും,

ദൈവം മാത്രം അചഞ്ചലനായി നില്‍ക്കും.

ക്ഷമ എല്ലാം നേടിയെടുക്കുന്നു.

ദൈവം കൂടെയുള്ളവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല

ദൈവം എന്തിനും മതിയായവനാണ്…ഈശോയുടെ ത്രേസ്സ്യ”.

അമ്മത്രേസ്സ്യയുടെ പ്രസിദ്ധമായ ചില ഉദ്ധരണികൾ

‘ഒന്നുകിൽ സഹിക്കുക ..അല്ലെങ്കിൽ മരിക്കുക ‘

‘തന്നെ ശുശ്രൂഷിക്കാൻ തീരുമാനിച്ച ആത്മാവിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത് ഒരേയൊരു കാര്യമാണ്, അനുസരണം. ദൈവഹിതത്തിന് വിധേയപ്പെട്ടുള്ള അനുസരണം’.

‘ദൈവത്തോടുള്ള സ്നേഹത്തെപ്രതി സഹിക്കാൻ പഠിക്കുക. എല്ലാവരും നമ്മുടെ സഹനം അറിയണമെന്ന് ആഗ്രഹിച്ച്ആകുലപ്പെടരുത് .സത്യമിതാണ് .സ്നേഹത്തോടു കൂടിയ ജീവിതം സഹനം കൂടാത്തതായിരിക്കുകയില്ല ‘.

‘ഈ ലോകത്തിൽ ദൈവത്തെ ആസ്വദിക്കുക എന്നതല്ല ആത്മാവിന്റെ ഭാഗധേയം. പിന്നെയോ ? അവിടുത്തെ ഹിതം നിറവേറ്റുക എന്നതാണ്. അവിടുത്തെ മാധുര്യം ആസ്വദിക്കുക എന്നതല്ല ദൈവസ്നേഹം, പ്രത്യുത എളിമയോടും ദൃഢനിശ്ചയത്തോടും കൂടെ അവിടുത്തെ ശുശ്രൂഷിക്കുന്നതിൽ ആണ് ‘.

‘സൃഷ്ടികളിൽ നിന്നും ഹൃദയത്തെ വേർപെടുത്തി ദൈവത്തെ തേടുക. അപ്പോൾ തീർച്ചയായും നിങ്ങൾ അവിടുത്തെ കണ്ടെത്തും ‘.

‘ഓ എന്റെ ദൈവമേ ,അങ്ങയുടെ മുൻപിൽ ഞങ്ങൾ കുറ്റവിമുക്തരാണെങ്കിൽ സൃഷ്ടികളാൽ ഞങ്ങൾ സ്നേഹിക്കപ്പെടുകയോ വെറുക്കപ്പെടുകയോ ചെയ്യുന്നതിൽ എന്ത് കാര്യം ?’

‘ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ആത്മാക്കൾക്ക് ശാരീരിക വിശ്രമത്തിനോ സുഖാനുഭവങ്ങളിൽ മുഴുകുന്നതിനോ ഉള്ള യാതൊരു ആഗ്രഹവുമില്ല ‘.

‘സകല തിന്മകളുടെയും കാരണം കിടക്കുന്നത് നാം ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു ചിന്തിക്കാതെ അവിടുന്ന് നമ്മിൽനിന്ന് ഏറെ വിദൂരത്താണെന്നു സങ്കൽപ്പിക്കുന്നു എന്ന യാഥാർത്ഥത്തിൽ ആണ് ‘.

‘വിശുദ്ധ യൗസേപ്പിന്റെ സഹായം തേടിയിട്ടു വൃഥാവിൽ ആയതായി ഞാൻ ഒരിക്കലും ഓർമിക്കുന്നില്ല ‘.

‘പൂർണ്ണതക്കു വേണ്ടി പ്രയത്നിക്കുന്നവർ ഇങ്ങനെ പറയരുത് ,ഒരാൾ എന്നോട് തെറ്റ് ചെയ്തു. അർഹിക്കുന്നതല്ലാതെ യാതൊരു വിധ കുരിശും വഹിക്കാൻ സമ്മതമല്ലെങ്കിൽ പൂർണതക്കുള്ള യാതൊരു അവകാശവും നിങ്ങൾക്കില്ല ‘.

‘നാം നമ്മെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുന്ന ദൈവത്തിൽ നമുക്ക് പ്രത്യാശ അർപ്പിക്കാം ‘.

Happy Feast of St. Theresa of Avila.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s