അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

ഫിലാഡൽഫിയക്കാർക്ക് വിശുദ്ധ ഇഗ്നേഷ്യസ് എഴുതി, … “പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചു നിൽക്കൂ …കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള ഒന്നാവലിന്റെ ഒരേ പാനപാത്രവും ഒരേയൊരു ബലിപീഠവുമുള്ളത് “.

മാഗ്നീസിയക്കാർക്ക് എഴുതി : ” സഭകൾ വിശ്വാസത്തിലും എല്ലാ കൃപകളും കവിഞ്ഞൊഴുകുന്ന സ്നേഹത്തിലും ഒന്നായിതീരട്ടെ ; പക്ഷെ എല്ലാറ്റിലും മുഖ്യമായി യേശുവിലും അവന്റെ പിതാവിലും ഒന്നാവട്ടെ…ക്രിസ്ത്യാനികൾ എന്ന പേര് മാത്രം പോര, യഥാർത്ഥത്തിൽ അങ്ങനെയാവണം… പഴകിയ, പുളിച്ച, ഒന്നിനും കൊള്ളാത്ത പുളിമാവിനെ മാറ്റിക്കളയൂ, പുതിയതിലേക്ക് വരൂ അതായത് യേശുക്രിസ്തുവിലേക്ക് “.

ആദിമസഭാ പിതാക്കന്മാരിൽ ഒരാളായ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ വിളിപ്പേര് ദൈവത്തെ വഹിക്കുന്നവൻ എന്നർത്ഥമുള്ള തിയോഫോറസ് എന്നായിരുന്നു. അത്രക്കും ദൈവത്തോട് ഒന്നായി, അപ്പസ്തോലന്മാരുടെ കാലടികൾ പിന്തുടർന്നാണ് ആ പിതാവ് ജീവിച്ചിരുന്നത്. AD 45 കാലഘട്ടത്തിൽ ജനിച്ചെന്നു കരുതപ്പെടുന്ന വിശുദ്ധ ഇഗ്നേഷ്യസ് മാനസാന്തരപ്പെട്ട്, യേശുവിന്റെ പ്രിയശിഷ്യൻ വിശുദ്ധ യോഹന്നാന്റെ ശിഷ്യരിൽ ഒരാളായിത്തീർന്നു.

അക്കാലത്ത് റോമിനും അലക്സാൻഡ്രിയക്കുമൊപ്പം അറിയപ്പെട്ടിരുന്ന പട്ടണമായിരുന്നു സിറിയയിലെ അന്ത്യോക്യയും. അവിടെ ആദ്യത്തെ മെത്രാനായിരുന്ന വിശുദ്ധ പത്രോസിനും എവോദിയാസിനും ശേഷം മൂന്നാമത് മെത്രാനായ വിശുദ്ധ ഇഗ്നേഷ്യസ് അന്ത്യോക്യയിലെ സഭയുടെ എക്കാലത്തെയും ശ്രേഷ്ഠരായ ഇടയന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്മാർ ‘Man on Fire’ ആയാണ് ആ പിതാവിനെ കരുതിയിരുന്നത്, ‘ഇഗ്നി’ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം തന്നെ ‘തീ’ എന്നാണല്ലോ.

ആധുനിക പണ്ഡിതർ പോലും അംഗീകരിച്ചിട്ടുള്ള 7 കത്തുകൾ ഇഗ്നേഷ്യസിന്റെതായി നമ്മുടെ കയ്യിലുണ്ട്. സുവിശേഷത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തെ പറ്റി അതിലെല്ലാം സൂചനകളുണ്ട്. ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ചില ദശകങ്ങൾ പിന്നിടുമ്പോഴേക്ക് അർപ്പണബോധമുള്ള മെത്രാന്മാരുടെയും പുരോഹിതരുടെയും ഡീക്കന്മാരുടെയും നേതൃത്വത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾ വേഗത്തിൽ വികസിച്ചുകൊണ്ടിരുന്നു.

ഒരു എഴുത്തിൽ വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നു, ” മെത്രാൻ പറയുന്നത് വിട്ട് ഒന്നും ചെയ്യരുത്. മാത്രമല്ല, പുരോഹിതരോടും യേശുക്രിസ്തുവിന്റെ അപ്പസ്തോലരോടും അനുസരണയുള്ളവർ ആവൂ, അതുപോലെ തന്നെ ഡീക്കന്മാരെയും എല്ലാവരും ബഹുമാനിക്കണം”.

കത്തോലിക്കസഭയെപ്പറ്റി ഏതെങ്കിലുമൊരു ക്രിസ്ത്യൻ സാഹിത്യരൂപത്തിൽ ആദ്യമായി പ്രതിപാദിക്കുന്നത് വിശുദ്ധ ഇഗ്നേഷ്യസ് ആണ്. ” ക്രിസ്തു എവിടെയാണോ, അവിടെ കത്തോലിക്കസഭയുള്ളത് പോലെ ബിഷപ്പ് എവിടെയാണോ,അവിടെ ജനങ്ങളുണ്ടാവണം “.

AD 81 മുതൽ 96 വരെ നീണ്ടുനിന്ന ഡോമീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ ഇഗ്നേഷ്യസ് പ്രഭാഷണങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ആട്ടിൻപറ്റത്തെ ധൈര്യപ്പെടുത്തികൊണ്ടിരുന്നു. അക്കാലഘട്ടത്തിന് ശേഷം 15 മാസങ്ങൾ കുറച്ചു സമാധാനമുണ്ടായി. വീണ്ടും, ട്രാജൻ ചക്രവർത്തി ഭരണത്തിലേറിയപ്പോൾ പീഡനത്തിന്റെ പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമായി. തന്റെ യുദ്ധവിജയങ്ങളുടെ നന്ദിസൂചകമായി, അവിടെയുള്ള വിജാതീയദൈവപ്രതിഷ്ഠകളെ എല്ലാവരും ആരാധിക്കണമെന്നും അല്ലാത്തവർക്ക് മരണശിക്ഷ ആയിരിക്കുമെന്നും ചക്രവർത്തി കല്പനയിറക്കി.

ഇഗ്നേഷ്യസിനെ തന്റെ മുൻപിൽ ഹാജരാക്കാൻ പറയുമ്പോൾ ട്രാജൻ ചക്രവർത്തി അന്ത്യോക്യയിലുണ്ടായിരുന്നു. “എന്റെ കല്പനയെ ധിക്കരിക്കാൻ ധൈര്യം കാണിച്ച നികൃഷ്ടജീവിയായ നി ആരാണ്? ” ട്രാജൻ ചോദിച്ചു. ” തെയോഫോറസിനെ നികൃഷ്ടജീവി എന്ന് ആരും വിളിക്കാറില്ല” എന്നായിരുന്നു ഇഗ്നേഷ്യസിന്റെ മറുപടി. ” ആരാണീ തെയോഫോറസ്? ” ചക്രവർത്തി ചോദിച്ചു. ” ക്രിസ്തുവിനെ ഉള്ളിൽ വഹിക്കുന്നവൻ ” ഇഗ്നേഷ്യസിന്റെ മറുപടി. കോളോസിയത്തിൽ വെച്ച് വന്യമൃഗങ്ങളാൽ ഇഗ്നേഷ്യസ് കൊല്ലപ്പെടുവാനുള്ള വിധി ചക്രവർത്തി പുറപ്പെടുവിച്ചു.

കുറച്ചു റോമൻ പട്ടാളക്കാർ ഇഗ്നേഷ്യസിനെ കപ്പൽമാർഗ്ഗം ഏഷ്യമൈനർ തീരവും വടക്കൻ ഗ്രീസുമൊക്കെ അടങ്ങുന്ന അനേകം തുറമുഖങ്ങളിലൂടെ കൊണ്ടുപോയി. ഏഴു കത്തുകളും എഴുതപ്പെട്ടത് ഈ യാത്രക്കിടയിലാണ്. വിശുദ്ധന്റെ ഹൃദയത്തെക്കുറിച്ചും ബോധ്യങ്ങളുടെ ആഴത്തേക്കുറിച്ചും വിശ്വാസത്തിന്റെ സമഗ്രമായ ഗ്രാഹ്യത്തെക്കുറിച്ചുമൊക്കെ വലിയ ഉൾക്കാഴ്ചകളാണ് ഈ കത്തുകൾ തരുന്നത്.

പോകുന്ന വഴിക്ക് എവിടെയൊക്കെ കപ്പൽ നങ്കൂരമിട്ടോ, അവിടൊക്കെ ആ പ്രാദേശികസഭകളിലെ മെത്രാന്മാരും ജനങ്ങളും ധന്യഇടയനെ ശ്രവിക്കാനും ആശംസകൾ നൽകാനുമായുമെത്തി. ഒരു രക്തസാക്ഷിയായി കഴിഞ്ഞെന്ന പോലെ, അവരുടെയൊക്കെ മനസ്സിൽ അപ്പോഴേ സ്ഥാനം പിടിച്ചു കഴിഞ്ഞ മെത്രാന്റെ ആശിർവ്വാദം സ്വീകരിക്കാൻ ജനങ്ങൾ ഓടിക്കൂടി.

സ്മിർണായിൽ കുറച്ചു കൂടുതൽ നേരം കപ്പൽ കിടന്നപ്പോൾ ഇഗ്നേഷ്യസ് അദ്ദേഹത്തിന്റെ സുഹൃത്തും മെത്രാനും അപ്പസ്തോലനായ യോഹന്നാന്റെ മറ്റൊരു ശിഷ്യനും കൂടെയായ വിശുദ്ധ പോളികാർപ്പിനെ കണ്ടു. പിന്നെ ഏഷ്യാമൈനറിലെ മൂന്ന് പട്ടണങ്ങളിലെ മെത്രാന്മാരോടും സംസാരിച്ചു. ആ മൂന്ന് പട്ടണങ്ങളിലേക്കും റോമിലേക്കും പോളിക്കാർപ്പിനും ഫിലാഡൽഫിയയിലെ സഭക്കും അദ്ദേഹം കത്തുകൾ അയച്ചു.

ഒരു സാധാരണ യാത്രികന് ലഭിക്കുന്ന സ്വീകരണമല്ല തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും തന്റെ കപ്പൽമാർഗത്തിൽ പെടാത്ത സ്ഥലങ്ങളിൽ നിന്ന് കൂടെ ജനങ്ങൾ വന്ന് ഓരോ പട്ടണങ്ങളിൽ നിന്ന് അടുത്തതിലേക്ക് തന്നെ അനുധാവണം ചെയ്‌തെന്ന് വിശുദ്ധ ഇഗ്നേഷ്യസ് തന്നെ പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ കത്തിലെ ഓരോ വരികളിലും, രക്തസാക്ഷിത്വത്തിന് വേണ്ടിയും അങ്ങനെ ക്രിസ്തുവിന്റെ പീഡാനുഭവത്തിൽ പങ്കുചേർന്ന് അവന്റെ ഉത്ഥാനത്തിൽ പങ്കുപറ്റാനുള്ള

അതിയായ ആഗ്രഹവും കാണാം. ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഒന്നിച്ചു നിൽക്കാനും മെത്രാനോട് വിശ്വസ്തരായിരിക്കാനും വ്യാജപ്രബോധനങ്ങളിൽ ആകൃഷ്ടരായി വ്യതിചലിക്കാതിരിക്കാനും അദ്ദേഹം പ്രാർത്ഥിക്കുന്നതായി കാണാം. അതേസമയം മരണം വരെ താൻ വിശ്വസ്തനായിരിക്കാനുള്ള അനുഗ്രഹത്തിനായും പ്രാർത്ഥിക്കുന്നു.

റോമാക്കാരോട് വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ തടസ്സപ്പെടുത്തരുതെന്ന് അദ്ദേഹം യാചിച്ചു. ” ഒരു കാര്യം മാത്രം നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു. എനിക്കായി ഒരു ബലിപീഠം തയ്യാറായി ഇരിക്കവേ, ദൈവത്തിനായി നേദിക്കപ്പെട്ട് ഞാൻ വിമോചിതനാവട്ടെ. അപ്പോൾ നിങ്ങൾ അതിനു ചുറ്റും സ്നേഹത്തിന്റെ ഒരു ഗായകസംഘം തീർത്ത് യേശുക്രിസ്തുവിനും അവന്റെ പിതാവിനും സ്തുതികീർത്തനങ്ങൾ പാടുക, സിറിയയിലെ ബിഷപ്പിനെ പ്രഭാതത്തിന്റെ താഴ്‌വരയിൽ നിന്ന് വിളിച്ചുവരുത്തി അസ്തമയസൂര്യന്റെ നാട്ടിലെത്താൻ അനുവദിച്ചതിന്. എത്ര വീശിഷ്ടമായ കാര്യമാണ് ലോകത്തിന്റെ ചക്രവാളത്തിൽ നിന്ന് ദൈവത്തിന് നേർക്ക് നീന്തി മുങ്ങിതാഴ്ന്ന്, അവന്റെ സാന്നിധ്യമുള്ള പ്രഭാതത്തിലേക്ക് പൊങ്ങിവരുന്നത്? “

വീണ്ടും, ” തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, മുറിയപ്പെട്ട അവയവങ്ങളും പൂർണ്ണമായും പൊടിഞ്ഞ ശരീരവും – ഭയാനകവും പൈശാചികവുമായ എല്ലാ ആക്രമണങ്ങളും എന്റെ മേൽ പതിച്ചുകൊള്ളട്ടെ, എനിക്ക് ക്രിസ്തുവിലെത്താനുള്ള വഴി തെളിയുമെങ്കിൽ”.

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പരാമർശം ഹൃദയം തൊടുന്നതാണ് : ” സിംഹങ്ങളുടെ പല്ലുകൊണ്ട് നന്നായി പൊടിഞ്ഞ് ഞാനെന്ന ഗോതമ്പ് ക്രിസ്തുവിന് വേണ്ടിയുള്ള പരിശുദ്ധമായ അപ്പമായി തീരണം. അതുകൊണ്ട്, അവരുടെ ചെയ്തികൾ വഴി ദൈവത്തിന് ഞാൻ ഒരു ബലിയായിതീരേണ്ടതിന് എനിക്കായി അവനോട് പ്രാർത്ഥിക്കൂ. നശിച്ചുപോകുന്ന മാംസമോ , ഈലോകജീവിതത്തിന്റെ സന്തോഷങ്ങളോ എനിക്കൊന്നുമല്ല. ദൈവം തരുന്ന അപ്പത്തിനായി, ദാവീദിന്റെ വംശത്തിൽ പെട്ട യേശുക്രിസ്തുവിന്റെ ശരീരത്തെ ഞാൻ ആഗ്രഹിക്കുന്നു ; പാനീയമായി, ഒരിക്കലും നിലക്കാത്ത സ്നേഹമായ അവന്റെ രക്തവും “.

റോമിലെത്തികഴിഞ്ഞപ്പോൾ , A D 107ൽ ആവണം, ഇഗ്നേഷ്യസിനെ ഉടൻ തന്നെ കോളോസ്സിയത്തിലേക്ക് കൊണ്ടുപോയി. ശക്തരായ രണ്ടു സിംഹങ്ങളെ അവരുടെ ഇരക്ക് നേരെ തുറന്നുവിട്ടു, അവരുടെ പണി അവർ പെട്ടെന്ന് ചെയ്തു. ബാക്കിയുണ്ടായ കുറച്ചു ശരീരാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യർ അന്ത്യോക്യയിലേക്ക് തിരുശേഷിപ്പിനായി എടുത്തുകൊണ്ടുപോയി. പിന്നീട് അവ റോമിലെ സെന്റ് ക്ലമെന്റിന്റെ പേരിലുള്ള ദേവാലയത്തിലേക്ക് കൊണ്ടുവന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ ചെവികളിൽ മുഴങ്ങുന്നു. ” ഭൂമിയുടെ അതിർത്തികളോ ഈ ലോകത്തിലെ രാജ്യങ്ങൾ മുഴുവനുമോ എനിക്കൊന്നുമല്ല ; എന്നെ സംബന്ധിച്ച്, യേശുക്രിസ്തുവിൽ മരിക്കുന്നത് ഈ ലോകത്തിലെ എല്ലാ സമ്പാദ്യങ്ങളുമുള്ള രാജാവാകുന്നതിനേക്കാൾ പ്രിയമുള്ളതാണ്. നമുക്കുവേണ്ടി മരിച്ചവനെ മാത്രമാണ് ഞാൻ തേടുന്നത്. എന്റെ ഒരേയൊരാഗ്രഹം നമുക്ക് വേണ്ടി ഉയിർത്തെഴുന്നേറ്റവൻ ആണ്”.

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടെടുക്കുമ്പോൾ ചിലർ പറയാറുണ്ട് നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവനർപ്പിച്ചവർ ഇപ്പോൾ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി കണ്ടാൽ എന്തുപറയുമെന്ന്…സഭക്കായി, ഈശോക്കായി ജീവനർപ്പിച്ചവർ സഭയുടെ ഇപ്പോഴത്തെ ചില അവസ്ഥകൾ കാണുമ്പോൾ എന്തുവിചാരിക്കുന്നുണ്ടാവുമെന്നും കൂടെ നമ്മൾ ആലോചിക്കണമല്ലേ?

വീരരക്തസാക്ഷിയായ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ തിരുന്നാൾ മംഗളങ്ങൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment