ജപമാല ധ്യാനം 20

ജപമാല ധ്യാനം – 20

Everyone saw Joseph as a dreamer, but God saw him as the Prime Minister of Egypt. Everyone saw David as A shepherd boy, but God saw him as the king of Israel. ഒരു പഴയ മെസേജാണ്. പഴയ നിയമത്തിലെ പൂർവ യൗസേപ്പ് ആണ് ഒന്നാം കഥാപാത്രം. എല്ലാർക്കും മുമ്പിൽ അവനൊരു സ്വപ്നക്കാരൻ മാത്രം. പക്ഷെ ദൈവം അവനെക്കുറിച്ച് കാണുന്ന തോ ഈജിപ്തിന്റെ പ്രധാനമന്ത്രി പദത്തിനു യോഗ്യൻ എന്ന സ്വപ്നം. അടുത്തയാൾ ദാവീദ്. ആടുകളെ എണ്ണി ആലയിൽ നിന്നും തീറ്റാൻ കൊണ്ടു പോകുന്നവൻ. എണ്ണി തിരികെ കൊണ്ടു പോകുന്നവൻ. ചെന്നായ് വന്നാൽ പേടിച്ച് ഓടാത്തവൻ. കല്ലും കവിണയും കൊണ്ട് അതിനെ പായിക്കുന്നവൻ. ഗോലിയാത്തിനെ കൊല്ലാനും, പിന്നീട് ഇസ്രയേലിന്റെ രാജാവാകാനും ഈ ബാലൻ മതിയെന്ന് സ്വപ്നം കണ്ടതും ദൈവം. 

നാം അണിയേണ്ട കിരീടങ്ങളെ സ്വപ്നം കാണുന്നവന്റെ പേരാണ് ദൈവം. നിറം പ്രശ്നമല്ല. ഇടം പ്രശ്നമല്ല. തൊഴിൽ പ്രശ്നമല്ല. കുടുംബം പ്രശ്നമല്ല. ഒന്നും പ്രശ്നമല്ല. മറ്റുള്ളവർ എങ്ങിനെ കാണുന്നു എന്ന് പ്രശ്നമല്ല. അവിടുന്ന് ഒരാളിൽ കണ്ണുറപ്പിച്ചാൽ, അവിടുത്തെ സ്വപ്നങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കുന്നു. പഠിക്കാൻ മോശമായതിനാൽ സെമിനാരിയിൽ നിന്നും പറഞ്ഞു വിട്ട ജോൺ തന്നെയാണ് പുരോഹിതരുടെ മധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയെന്ന് കേൾക്കുമ്പോൾ അതിശയിക്കണ്ട. നല്ല മണ്ടൻമാരെ തന്നെ തിരഞ്ഞെടുത്ത് കിരീടമണിയിക്കാറുണ്ട് ദൈവം. കേട്ടോ, പ്രതീക്ഷയ്ക്ക് വകയുണ്ട്.

“ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു” (ലൂക്കാ 1 : 26,27). ദൈവം സ്വപ്നം കണ്ടു. ദൈവം കണ്ടെത്തി. ദൈവം തിരഞ്ഞെടുത്തു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് നന്നായി. എല്ലാരും കൂടി ആ പാവം പെണ്ണിന്റെ ഗർഭധാരണകഥകൾക്ക് ട്രോളിറക്കി അതിനെ കൊന്നേനെ. തല തിരിഞ്ഞ വിപ്ളവകാരിയായ മകനെക്കുറിച്ച് ചാനൽ ചർച്ച നടത്തിയേനെ. പക്ഷേ, അങ്ങിനെ തകരുന്ന ആത്മബലമല്ല അവളുടേത് എന്നു തിരിച്ചറിഞ്ഞാണ് ദൈവം അവളെ തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പിനുള്ള യോഗ്യതയുടെ അന്തസ് അവൾ ജീവിതം മുഴുവൻ പുലർത്തി. അതു കൊണ്ട് ദൈവം അവൾക്കൊരു കിരീടം നൽകി. സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി..! അതാണ് മഹിമ രഹസ്യങ്ങളിലെ അഞ്ചാം ധ്യാനം.

വായിച്ചങ്ങ് ഓടിപ്പോകാതെ. എന്നെക്കുറിച്ച് ദൈവത്തിന്റെ സ്വപ്നം എന്താണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെറുതെയെങ്കിലും? എല്ലാരും ജീവിതത്തിന്റെ ടാർജറ്റുകളുടെ പിന്നാലെയോട്ടമാണ്. കൂട്ട മാരത്തോൺ… വീട്. ജോലി. ശമ്പളം. മക്കൾ. അവരുടെ എ പ്ലസ് വിജയങ്ങൾ.! മക്കൾ എത്തേണ്ടയിടങ്ങളെയും അണിയേണ്ട കിരീടങ്ങളെയും അവരുടെ പിറവിയിലേ കരുതുന്ന മാതാപിതാക്കൾ. സ്കൂളുകളും സിലബസുകളും അഡ്മിഷനും ഗ്രേഡും…. ഒന്നും തെറ്റല്ല. എന്നിരിക്കിലും, ദൈവത്തിന്റെ സ്വപ്നമാണ് താനെന്ന് അവനോട് / അവളോട് എന്നെങ്കിലും, ഒരിക്കലെങ്കിലും പറയേണ്ടതല്ലേ.? പറയും മുമ്പ് നമുക്കു തന്നെ തോന്നേണ്ടതല്ലേ അത്? അവിടുത്തെ സ്വപ്നങ്ങൾക്കു വേണ്ടിയുള്ള ഒരിടം ജീവിതത്തിൽ ഒഴിച്ചിടേണ്ടതല്ലേ?  ”സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍” എന്ന് വി.പൗലോസ്.

എല്ലാ സ്വപ്നങ്ങളുടെയും താഴത്തെ സിഗ്നേച്ചർ ലൈനിൽ ഒപ്പുവയ്ക്കുന്ന ആളുടെ പേരാണ് ദൈവം..!

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment