ജപമാല ധ്യാനം 23

ജപമാല ധ്യാനം – 23

കണ്ണ് നനയിക്കുന്ന കഥയാണ്, ആ അപ്പന്റെയും മകന്റെയും. വീടല്ല, പുറം ലോകമാണ് വലുതെന്ന് കരുതുന്ന മകൻ. അപ്പനില്ലെങ്കിലും ഒക്കെ തനിയെ മാനേജ് ചെയ്യാൻ പറ്റുമെന്നു കരുതുന്നവൻ. അപ്പന്റെ വാൽസല്യത്തെക്കാളും വിലയുണ്ട് കൂട്ടുകാരുടെ സ്നേഹത്തിന് എന്നു കരുതുന്നവൻ. കൈ നിറയെ കിട്ടുന്ന പണമാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നവൻ. വീടുവിട്ട് അവന്റെ യാത്ര ആരംഭിക്കുന്നു. അവൻ കരുതിയതൊക്കെ ആദ്യഘട്ടത്തിൽ ശരിയാണ്. കൂടുതൽ സ്നേഹിക്കപ്പെടുന്ന പോലെ, കൂടുതൽ സ്വാതന്ത്ര്യം പോലെ… പക്ഷേ, കയ്യിലെ പണം കുറഞ്ഞു വരും തോറും അകലം കൂടുന്ന, ഒഴിവാക്കുന്ന, ഒറ്റപ്പെടുത്തുന്ന തനി ലോകം അവൻ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ…

ധൂർത്ത പുത്രൻ..! ഈയൊരു കഥയില്ലായിരുന്നെങ്കിൽ ബൈബിൾ എത്ര ശുഷ്കമായിരുന്നേനെ. അപ്പനല്ല സ്നേഹവും സ്വാതന്ത്ര്യവുമെന്ന് കരുതി ഇറങ്ങിപ്പോകുന്നവൻ. അപ്പൻ തന്നെയാണ് സ്നേഹവും സ്വാതന്ത്ര്യവുമെന്ന് തിരിച്ചറിഞ്ഞ് ഒരു ‘യു ടേൺ’ എടുത്ത് മടങ്ങിയെത്തുന്നവൻ. എന്നെങ്കിലും അവന് മടങ്ങിയെത്താതെ വയ്യ എന്ന് കരുതി വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പൻ..! മടങ്ങി വരികയേ വേണ്ടൂ, ആശ്ളേഷത്തോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കയാണ് അദ്ദേഹം..!

മാനസാന്തരം എന്ന വാക്കിന്റെ ഗ്രീക്ക് മൂലപദം തർജിമ ചെയ്യുമ്പോൾ take a u turn എന്ന അർത്ഥമാണ് ലഭിക്കുന്നതത്രേ.! എവിടെ വച്ച് വഴി തെറ്റിപ്പോയോ, ആ വഴിയിലേക്ക് വീണ്ടും മടങ്ങിയെത്തലാണ് യു ടേൺ എടുക്കൽ. തീ കെടാത്ത, പുഴു ചാകാത്ത നരകത്തിലേക്ക് പോകുമെന്ന ശാപമല്ല, വഴിക്കണ്ണുമായി ഒരപ്പൻ കാത്തിരിക്കുന്നു, മടങ്ങി വരൂ എന്ന ആഹ്വാനമാണ് യേശു പറയുന്ന കഥകളിൽ. യേശു പ്രസംഗിച്ച മാനസാന്തരത്തിന്റെ സുവിശേഷമാണ് മഹിമ രഹസ്യങ്ങളുടെ മൂന്നാം ധ്യാനം.

ആരിൽ നിന്ന് തെറ്റി അകന്നു പോയോ, ആ ബന്ധത്തിലേക്ക് തന്നെയാണ് മടങ്ങിയെത്തേണ്ടത്. മനസിന്റെയുള്ളിലൊരു സിഗ്നൽ ലൈറ്റ്, ടേക്ക് എ യു ടേൺ എന്നു പറഞ്ഞ് മിന്നി കാണിക്കുന്നുണ്ടോ? തെറ്റായ വഴിയിലാണ് എന്നു പറഞ്ഞ് ഒരു റെഡ് സിഗ്നൽ കാട്ടുന്നുണ്ടോ? വച്ചു നീട്ടിയിട്ടും തിരസ്കരിച്ച ഭക്ഷണത്തിലേക്ക്, ഒപ്പം നടക്കാനുള്ള ക്ഷണത്തിലേക്ക്, ചൂടു വാക്കേറ്റ് പൊള്ളിയ മനസിലേക്ക്, നനഞ്ഞു പോയൊരു കൺതടത്തിലേക്ക്, ഉച്ചത്തിൽ വലിച്ചടച്ചൊരു വാതിലിലേക്ക്, വാടിപ്പോയ ഒരു മുഖത്തിലേക്ക് മടങ്ങിച്ചെല്ലാനാണ് അതു പറയുന്നത്. ഡിജിറ്റൽ ലോകത്തെ സ്വകാര്യ സുഖങ്ങളെ സ്വിച്ച് ഓഫ് ചെയ്യാനും… സുഖദമെന്നു തോന്നുന്ന നിരപ്പു വഴിയിൽ നേരെയെന്ന് തോന്നിക്കുന്ന യാത്രയിൽ നിന്ന് യു ടേൺ എടുക്കൽ എളുപ്പമല്ല. പക്ഷേ, സാധ്യമാണ്. അപ്പോഴാണ് നാം സുവിശേഷമാകുന്നത്. 

ഈ ഇത്തിരിപ്പോന്ന നമ്മുടെ കൊച്ചു ലോകത്തും എവിടെയൊക്കെയോ നമ്മെ കാത്തിരിക്കുന്നുണ്ട് കൊച്ചു കൊച്ചു സ്നേഹങ്ങൾ എന്ന ഓർമ തന്നെ നമ്മെ എത്രമാത്രം ത്രസിപ്പിക്കുന്നുണ്ട്..! എങ്കിൽ നമ്മെ കാത്തിരിക്കുന്ന വലിയൊരു സ്നേഹത്തിന്റെ ഓർമ്മ നമ്മെ എത്രമാത്രം ആനന്ദിപ്പിക്കേണ്ടതാണ്….

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment