മിഷൻ ഞായർ സന്ദേശം

ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കൊറേ സിസ്റ്റേഴ്സ് മരിക്കാറായി കിടക്കുന്ന രോഗികൾക്ക് വെള്ളം കൊടുക്കുന്നു, ഭക്ഷണം വാരിക്കൊടുക്കുന്നു, തുടച്ചു വൃത്തിയാക്കുന്നു, മരുന്ന് കൊടുക്കുന്നു, നല്ലവാക്കുകൾ പറഞ്ഞ് ചിരിച്ച് ഓടി നടക്കുന്നു.

പെട്ടെന്ന് തോളിൽ ഒരാൾ തൊട്ടു, തിരിഞ്ഞു നോക്കിയപ്പോൾ മദർ തെരേസ ചിരിച്ചു കൊണ്ട് നിൽക്കുന്നു. “സിസ്റ്റർ, എന്റെ കൂടെ വരൂ. ഞാനൊരാളെ കാണിച്ചു തരാം”. സിസ്റ്റർ മദറിന്റെ കൂടെ വേഗം പൊയി. വാർഡിന്റെ അങ്ങേയറ്റത്തെ ബെഡിൽ മനുഷ്യന്റെ അസ്ഥികൂടം പോലൊരാൾ. കണ്ണുകൾ കുഴിയിൽ താന്നു പോയിരിക്കുന്നു, മുടിയൊന്നുമില്ല, വായിൽ ഒരു പല്ലു മാത്രം.

മദർ മുട്ടുകുത്തിക്കൊണ്ട് അയാളുടെ മുഖം രണ്ടു കയ്യിലെടുത്തു. “സിസ്റ്റർ അന്ന”, മദർ അവളോട് പറഞ്ഞു. “I want you to meet Jesus”.

വിശുദ്ധ ജെറോം പറയുന്നു, സുവിശേഷകനായ യോഹന്നാനോട് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചോദിച്ചത്രേ എന്തുകൊണ്ടാണ് സഹോദരസ്നേഹത്തെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു, “നമ്മുടെ കർത്താവിന്റെ കല്പനയാണത്. മാത്രമല്ല നിത്യരക്ഷക്ക് ഈ ഒരു കല്പനയുടെ പൂർത്തീകരണം മാത്രം മതിയാകും”.

ജെനോവയിലെ വിശുദ്ധ കാതറിനോട് ഈശോ പറഞ്ഞു, “എന്റെ മകളെ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഞാൻ സ്നേഹിക്കുന്ന സകലതിനെയും സ്നേഹിക്കും”. പിന്നീടവൾ ഇങ്ങനെ പറഞ്ഞു , ” ഒരു വ്യക്തി അയാളുടെ ദൈവത്തെ എത്ര മാത്രം സ്നേഹിക്കുന്നെന്ന് അറിയാൻ അയാൾ തൻറെ അയൽക്കാരനെ (സഹായം ആവശ്യമുള്ളവനെ) എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് നോക്കിയാൽ മതി.

ആവിലായിലെ അമ്മത്രേസ്സ്യ ഇങ്ങനെ പറഞ്ഞിരുന്നു,

“we don’t meet God only in chapel, but also among the pots and pans in the kitchen”. അതിനർത്ഥം ഞായറാഴ്ച്ച പള്ളിയിൽ പോവാൻ കാത്തിരിക്കേണ്ട കാര്യമില്ല ദൈവത്തെ കണ്ടുമുട്ടാൻ; നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ എവിടെയായാലും അതിനു സാധിക്കുമെന്നാണ് . ചെറിയ ചെറിയ ദാനധർമ്മങ്ങളിൽ , ഒരു കൈസഹായത്തിൽ ,ഒരാൾക്ക് ക്രോസ്സ് ചെയ്യാൻ പുഞ്ചിരിയോടെ വാഹനം നിര്ത്തുമ്പോൾ ഒക്കെ നമ്മളിൽ പലരും ദൈവത്തെ കണ്ടുമുട്ടും. ഒരു ചിരി, ഹൃദയം തുറന്നുള്ള ഒരു ആശംസ .. ഇതിലെല്ലാം.

ക്രിസ്തുവിന്റെ സഭയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കേണ്ടത് സ്ഥാപനങ്ങളുടെ ശക്തിയോ സംഘടിത പ്രവർത്തനങ്ങളുടെ കാര്യക്ഷമതയോ അല്ല , അത് ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസവും ക്രിസ്തുവിനെ അനുകരിക്കുന്ന ജീവിതരീതികളുമാണ്. സംഘടിതസമൂഹം ആകാനും ശക്തി പ്രദർശിപ്പിക്കാനും ഏതു സമുദായത്തിനും കഴിയും. യേശുശിഷ്യനടക്കം പലരും കടൽകടന്ന് വന്ന് പകർന്നതാണ് നമുക്ക് കൈമുതലായുള്ള വിശ്വാസം. മറ്റുള്ളവർക്ക് ക്രിസ്തുവിൻറെ രക്ഷയുടെ ഉപകരണമാവാനുള്ള കടമ നമുക്കുമുണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം അതിൽ തന്നെ നിർജ്ജീവമല്ലേ. താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചാണ് അവിടുന്ന് പ്രതിഫലം നൽകുന്നതെന്ന് പൗലോസ് ശ്ലീഹായും പറഞ്ഞിട്ടുണ്ട്. പ്രവൃത്തിയിൽ പ്രകടമാവാത്ത വിശ്വാസം വിശ്വാസത്തെ പരിഹാസ്യമാക്കുകയേയുള്ളു. അതൊക്കെ പോട്ടെ , ദൈവം മനുഷ്യനെ വിധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും ? പ്രവൃത്തികളിൽ എന്തുമാത്രം സ്നേഹം ഉണ്ടെന്ന് നോക്കിയാവില്ലേ അത് ?

മുഖ്യദൂതനായ റഫായേൽ മാലാഖ തോബിയാസിനോട് പറഞ്ഞു, “ദാനധർമ്മം മരണത്തിൽ നിന്ന് രക്ഷിക്കുന്നു. അത് സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവർത്തിക്കുന്നവർ ജീവിതത്തിന്റെ പൂർണ്ണത ആസ്വദിക്കും”. (തോബിത് 12:9) “ദരിദ്രരോട് ദയ കാണിക്കുന്നവർ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും”. (സുഭാ 19:7) നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ലെങ്കിൽ കൂടി ദൈവത്തോട് അവർക്ക് വേണ്ടി ശുപാർശ ചെയ്യാനെങ്കിലും പറ്റും. പ്രാർത്ഥനയും ഒരു ദാനധർമ്മമാണ്.

ഇന്ന് ആഗോള മിഷൻ ഞായറാണ്. മിഷൻ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്സ്യായുടെ തിരുന്നാൾ ആഘോഷിക്കുന്ന ഒക്ടോബറിൽ തന്നെയാണ് മിഷൻ ഞായറും കൊണ്ടാടുന്നത്. 1926 ൽ പീയൂസ് പതിനൊന്നാം പാപ്പയാണ് മിഷൻ ഞായർ ആചരണം തുടങ്ങിവെച്ചത്. സുവിശേഷവല്ക്കരണ പ്രവൃത്തികളെ ആത്മീയമായും സാമ്പത്തികമായും സഹായിക്കാനുള്ള മാർഗ്ഗമായാണ് മിഷൻ ഞായർ ആഘോഷിക്കുന്നത് .

സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ ആളുവഴിയും ചെറിയ പരിത്യാഗങ്ങൾ വഴിയും സാമ്പത്തികസഹായം വഴിയും പ്രാർത്ഥന വഴിയുമൊക്കെ പിന്താങ്ങാനുള്ള കടമ നമുക്കുണ്ട്. ലോകമെങ്ങും പോയി സുവിശേഷവേല ചെയ്യുന്ന മിഷനറിമാർക്ക് നമ്മുടെ പ്രാർത്ഥന വളരെയധികം ആവശ്യമുണ്ട്. ഭൗതിക,ആത്മീയ ആവശ്യങ്ങളിൽ അവർക്ക്‌ ആവശ്യമായ സഹായങ്ങൾ തക്കസമയത്ത് ലഭിക്കാൻ നമ്മുടെ പ്രാർത്ഥന അവരെ വളരെ സഹായിക്കും.

ഇന്ത്യക്കു പുറത്തു മാത്രമല്ല നോർത്ത് ഇന്ത്യയിലും മറ്റും പരിഷ്‌കാരം ഇനിയും അധികം കടന്നുചെല്ലാത്തിടത്തു സേവനമനുഷ്ഠിക്കുന്ന അനേകം പേരുണ്ട് . അവർക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് വഴി പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനും മാറ്റങ്ങൾ ഉണ്ടാക്കാനും അവർക്കു കഴിയും. ആദിവാസികളുടെയും ഗോത്രവർഗ്ഗക്കാരുടെയും ദളിതരുടേയുമൊക്കെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സ്റ്റാൻ സാമിമാരുണ്ട്. അവർക്കൊക്കെ ധാർമ്മിക, സാമ്പത്തിക പിന്തുണ കൊടുക്കാനെങ്കിലും ഇവിടെ ആയിരുന്നുകൊണ്ട് നമുക്ക് പറ്റും . ബൈബിൾ അവരവരുടെ ഭാഷകളിൽ വായിക്കാൻ എല്ലാവരെയും സഹായിക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ഫിയാത് മിഷൻ – നമുക്ക് പോയി സഹായിക്കാൻ പറ്റാത്തപ്പോൾ ചെറിയ സാമ്പത്തിക സഹായങ്ങൾ വഴി സുവിശേഷവൽക്കരണത്തിൽ പങ്കാളികളാവാൻ നമുക്കും സാധിക്കും.

എല്ലാവർക്കും ആഗോള മിഷൻ ഞായറിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു .

ജിൽസ ജോയ് ✍️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s