ജപമാല ധ്യാനം 29

ജപമാല ധ്യാനം – 29

പറഞ്ഞു കേട്ടിട്ടുണ്ട്. അതിക്രൂരമായൊരു പരീക്ഷണത്തെ കുറിച്ച്. ഒരു അമ്മ മുയൽ. അതിനെ ഒരു കെട്ടിടത്തിലാക്കിയിട്ട് അതിന്റെ കുഞ്ഞുങ്ങളെ കുറെ ദൂരെ മറ്റൊരു കെട്ടിടത്തിൽ കൊണ്ടുപോയി. ഓരോ കുഞ്ഞുങ്ങളെ വീതം അടിച്ചു കൊന്നു. ഓരോ അടിയിലും അങ്ങ് ദൂരെ ആ അമ്മ മുയൽ നടുങ്ങുന്നുണ്ടായിരുന്നുവത്രേ. അദൃശ്യമായ പൊക്കിൾകൊടി ബന്ധത്തിന്റെ നോവ്..!

പ്രത്തോറിയത്തിൽ ബന്ധിതനായ ക്രിസ്തു നിൽക്കുന്നു. ഓരോ ചാട്ടവാറടിയും വന്ന് വീഴുമ്പോൾ, പുറത്ത് ഒരമ്മയുടെ ഹൃദയം വിറ കൊണ്ടു. അവരുടെ ഗർഭപാത്രത്തിൽ ചോര കിനിഞ്ഞിട്ടുണ്ടാകണം. “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും” എന്ന് ശിമയോൻ പ്രവചിച്ചത് ഓർമ്മ വന്നിട്ടുണ്ടാകണം. പൊക്കിൾകൊടി ബന്ധത്തിന്റെ തീവ്രത..!

ക്രൈസ്തവർക്ക് അമ്മയാണ് പരി. കന്യകാമറിയം. അദൃശ്യമായ ഒരു പൊക്കിൾ കൊടിയുടെ വേരോട്ടം ഈ അമ്മയ്ക്കും മക്കൾക്കുമിടയിലുണ്ട്. ഏറ്റവും കൂടുതൽ ദേവാലയങ്ങൾ ആരുടെ നാമധേയത്തിലാണ്. സംശയമില്ല തന്നെ. റിജൻസി  കാലത്ത് കുട്ടികൾ പഴയ കാർഡുകളും മറ്റും കത്രികയ്ക്ക് മുറിക്കുന്നതു കാണുമ്പോൾ ഞാൻ മാറി നിന്ന് നോക്കാറുണ്ട്. അരികും മൂലയും നഷ്ടപ്പെടാതെ മുറിച്ചെടുക്കുന്നത് കന്യകാമറിയത്തിന്റെ ചിത്രം തന്നെ. അവരുടെ നോട്ടു ബുക്കുകളിലും പാoപുസ്തകങ്ങളിലും കയറി അമ്മ സ്കൂൾ വരെ പോയി വരും.
ഓരോ തവണ യാത്ര പറഞ്ഞ് വീട്ടുവിട്ടിറങ്ങുമ്പോഴും മമ്മി രൂപത്തിനു മുമ്പിൽ തിരി കത്തിച്ച് ആ അമ്മയോടാണ് പറഞ്ഞു വിടാറുള്ളത്, മക്കളെ കാത്തോളണമേ എന്ന്. അതൊരു ബന്ധമാണ്..! ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണല്ലോ നാമീ ജപമാലയത്രയും ചൊല്ലിക്കൊണ്ടിരുന്നത്.

പറയാൻ വന്നത് മറ്റൊന്നാണ്. ആ അമ്മ മുയലിന്റെ നടുക്കമുണ്ടല്ലോ. കുഞ്ഞുങ്ങൾക്ക് അപകടം പറ്റുമ്പോൾ നടുങ്ങുന്ന നടുക്കം. നാമൊരപകടത്തിലേക്ക് നടക്കുമ്പോൾ അങ്ങ് സ്വർഗത്തിലും ഒരമ്മയുടെ ഹൃദയം നടുങ്ങുന്നുണ്ട്. മദ്യപിച്ച് ഇടറിയ കാലുമായൊരാൾ വീട്ടിലേക്ക് നടക്കുമ്പോൾ, കലഹങ്ങൾക്കൊടുവിൽ വാടിയ മുഖത്തോടെ കുഞ്ഞുങ്ങൾ കിടക്കാനൊരുങ്ങുമ്പോൾ, ചാരിത്ര്യ ഭംഗത്തിലേക്ക് മക്കൾ നടന്നടുക്കുമ്പോൾ, വഷളൻ കണ്ണുകൾക്ക് അവർ പാത്രമാകുമ്പോൾ, സ്മാർട്ട് സ്ക്രീനുകളിൽ രഹസ്യങ്ങൾ പെരുകുമ്പോൾ, സമ്പാദിക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ ക്രിസ്തുവെന്ന സമ്പാദ്യം അവഗണിക്കപ്പെടുമ്പോൾ….. ആ അമ്മ നടുങ്ങുന്നുണ്ട്.

നമുക്കൊരു കരവലയത്തിന്റെ സംരക്ഷണം കൂടിയേ മതിയാകൂ. അബദ്ധങ്ങളിൽ പെടാതെ പൊതിഞ്ഞു ചേർത്തു പിടിക്കുന്ന ഒരമ്മയുടെ സാരിത്തുമ്പിന്റെ സംരക്ഷണം. ഹൃദയം തകർന്നിരിക്കുമ്പോൾ കർത്താവിനെ കാട്ടിത്തരുന്ന സമാശ്വാസം. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത തികഞ്ഞ വിശ്വസ്ഥത. അത് പരി. അമ്മയിലുണ്ട്. കാരണം അദൃശ്യമായ പൊക്കിൾകൊടിയാൽ നാമവളോട് ബന്ധിതരാണല്ലോ.

ആ ഹൃദയത്തിലൊരു വാൾ കടക്കാൻ ഞാനൊരു കാരണമാകാതിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന..!

Source: WhatsApp

Author: Bro. Arun SDV

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s