“ഹിറ്റ്ലറെപ്പോലെയുള്ള ഒരു ക്രൂരനായ കത്തോലിക്കൻ കാരണം ആയിരക്കണക്കിന് ജൂതന്മാർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, കുറെ ജൂതന്മാർക്കു വേണ്ടി ഒരു കത്തോലിക്കൻ കഷ്ടപ്പെടുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല”
പടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ എന്ന വലിയ പട്ടണത്തിലെ തെരുവീഥിയിലൂടെ ഒരു മനുഷ്യൻ നടക്കുകയായിരുന്നു. പോർച്ചുഗീസ് വംശജനായ അയാൾ ആ നഗരത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്ന കോൺസുൽ ജനറൽ ആയിരുന്നു.
1940 ലെ ജൂൺ മാസം. ഒരു ജൂതന്മാർക്കും പോർച്ചുഗലീലേക്ക് കടക്കാനുള്ള താൽക്കാലിക അനുമതി കൊടുക്കരുതെന്ന് പറഞ്ഞുള്ള സന്ദേശം ലിസ്ബണിൽ (പോർച്ചുഗലിന്റെ തലസ്ഥാനം) നിന്ന് അദ്ദേഹത്തിന് കിട്ടിയിരുന്നു. പക്ഷെ നാസിപടയുടെ കണ്ണുവെട്ടിച്ച് ജർമനിയിൽ നിന്ന് കടന്ന് പോർച്ചുഗലിൽ എത്താനായി ഓടിക്കൊണ്ടിരിക്കുന്ന ജൂതന്മാരുടെ കൂട്ടങ്ങൾ ആ പട്ടണം നിറയെ ഉണ്ടായിരുന്നു. നാസികൾക്ക് പിടികൊടുത്താൽ അത് മരണമാണെന്നവർക്കറിയാം, അതും ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടുള്ളത്. പോർച്ചുഗലിലേക്കു കടക്കാനുള്ള താൽക്കാലിക അനുമതിക്കായി അവർ അയാളുടെ ഓഫീസിലേക്കാണ് വന്നുകൊണ്ടിരുന്നത്.
എന്തുചെയ്യണം എന്നുള്ള ആശയക്കുഴപ്പത്തിൽ (അധികാരികളെ അനുസരിക്കണോ അതോ ജൂതന്മാർക്ക് പ്രവേശനാനുമതി കൊടുക്കണോ എന്ന്) അയാൾ കയറിയത് ഒരു പള്ളിയിലേക്കാണ്. പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള പള്ളിയിലെ അൾത്താരക്ക് മുൻപിൽ അയാൾ മുട്ടുകുത്തി കൈകൂപ്പി. ആ നിശബ്ദതയിൽ അയാൾക്ക് തോന്നി ആരോ അയാളോട് എന്തോ പറയും പോലെ. അതൊരാളുടെ സ്വരമോ അതോ മനഃസാക്ഷിയുടേതോ ? എന്തായാലും, അയാൾ എന്ത് ചെയ്യണമെന്നുള്ളത് ആ സ്വരം പറഞ്ഞു. ദൃഢനിശ്ചയത്തോടെ അയാൾ അവിടുന്നെണീറ്റു.
കോൺസെൻട്രേഷൻ ക്യാമ്പിൽ അകപ്പെടുക എന്ന അപകടം ഒഴിവാവാൻ രേഖകളുമായി പേപ്പറിൽ ഒപ്പിടീക്കാൻ തിക്കിത്തിരക്കിയിരുന്ന ജനങ്ങൾക്ക് വേണ്ടി 16 ജൂൺ 1940 മുതൽ മൂന്നാഴ്ചത്തേക്ക് രാത്രിയും പകലും അയാൾ ജോലി ചെയ്തു. ആളുകളുടെ ബാഹുല്യം കൊണ്ട് വിസയുടെ വിതരണം തെരുവിൽ നിന്നുകൊണ്ടും ചെയ്യേണ്ടി വന്നു.
തൻറെ ഓഫീസ് കെട്ടിടത്തിൽ പറ്റാവുന്നിടത്തോളം ആളുകൾക്ക് അയാൾ കിടക്കാനിടം കൊടുത്തു. നിൽക്കാതെ ജീവനും കൊണ്ട് ഓടുകയായിരുന്ന കുറെ പാവങ്ങൾക്ക് അത് വലിയൊരു ആശ്വാസമായി .
അയാൾ അവരോട് പറഞ്ഞു, “ഞാൻ നിങ്ങളെയെല്ലാം രക്ഷിക്കാം. മനുഷ്യരുടെ കൂടെ നിന്ന് ദൈവത്തിനെതിരായി പ്രവർത്തിക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ദൈവത്തിന്റെ കൂടെ നിന്ന് മനുഷ്യർക്കെതിരാവുന്നതാണ്”. അയാൾ ഇങ്ങനെയും പറയുന്നത് കുറച്ചുപേർ കേട്ടു, “ഹിറ്റ്ലറെപ്പോലെയുള്ള ഒരു ക്രൂരനായ കത്തോലിക്കൻ കാരണം ആയിരക്കണക്കിന് ജൂതന്മാർ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, കുറെ ജൂതന്മാർക്കു വേണ്ടി ഒരു കത്തോലിക്കൻ കഷ്ടപ്പെടുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല “.
ഇദ്ദേഹം ഒരാൾ കാരണം മുപ്പതിനായിരത്തോളം ജൂതന്മാർ ഗ്യാസ് ചേമ്പർ കൂട്ടക്കൊലകളിൽ നിന്ന് രക്ഷപെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രകാരനായ യെഹൂദ ബാവർ പറയുന്നത് നാസി കൂട്ടക്കൊലകൾക്കിടയിൽ ഒറ്റക്കൊരു മനുഷ്യനാൽ ഏറ്റവുമധികം ആളുകൾ മോചിക്കപ്പെട്ട രക്ഷാപ്രവർത്തനം ഒരുപക്ഷെ ഇതായിരിക്കുമെന്നാണ്.
അരിസ്റ്റൈഡിസ് ഡിസൂസ മെൻഡസ് (Aristides De Sousa Mendes) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. 1885 ൽ പോർച്ചുഗലിൽ ആണ് അദ്ദേഹം ജനിച്ചത്. പല രാജ്യങ്ങളിലും പോർച്ചുഗലിനെ പ്രതിനിധാനം ചെയ്ത് ജോലി നോക്കിയതിനു ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് അദ്ദേഹം ഫ്രാൻസിലെ ബോർഡോയിൽ എത്തിയത്.
പോർച്ചുഗൽ പ്രസിഡന്റ്ന് അദ്ദേഹത്തിന്റെ അനുസരണക്കേടിനും ‘കൃത്യനിർവ്വഹണത്തിൽ വരുത്തിയ വീഴ്ചക്കും’ ക്ഷമിക്കാൻ കഴിഞ്ഞില്ല. 1941 ൽ നയതന്ത്രഉദ്യോഗത്തിൽ നിന്ന് അദ്ദേഹം പിരിച്ചുവിടപ്പെട്ടു. പക്ഷെ ഉദ്യോഗത്തിലുള്ള അവസാന നിമിഷം വരേയ്ക്കും ഡിസൂസ മെൻഡസ് ആദ്യം പോർച്ചുഗലിലേക്കും പിന്നീട് അവിടെനിന്നു അമേരിക്കയിലേക്കും രക്ഷപ്പെടാനായി ധൃതി പിടിച്ചുകൊണ്ടിരുന്ന ആളുകൾക്ക് അനുമതി കൊടുക്കുന്ന രേഖകളിൽ ഒപ്പ് വെച്ചു കൊണ്ടിരുന്നു.
ഭാര്യയും 14 മക്കളുമുണ്ടായിരുന്ന അദ്ദേഹം തൻറെ രാജ്യത്തേക്ക് തിരിച്ചുപോയി. പെൻഷന് അനുമതി നിഷേധിച്ചിരുന്നതു കൊണ്ടും വക്കീൽ പണിക്ക് അനുവദിക്കാതിരുന്നത് കൊണ്ടും, സമൂഹത്തിൽ നിലയും വിലയും ഉണ്ടായിരുന്ന അരിസ്ടൈഡിസ് ഡി സൂസ മെൻഡസിന്റെ കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ മക്കളെപ്പോലും കരിമ്പട്ടികയിൽ പെടുത്തി, യൂണിവേഴ്സിറ്റിയിൽ പഠിക്കാനോ ജോലി സമ്പാദിക്കാനോ പിന്നീട് അനുവദിക്കുന്നുണ്ടായില്ല. എല്ലാവരും അദ്ദേഹത്തെ സൗകര്യപൂർവ്വം മറന്നു. ഒരു കാലത്തു സമ്പന്നനും ബഹുമാനിതനുമായിരുന്ന ആ മനുഷ്യൻ ദാരിദ്യത്തിൽ, 1954 ൽ ഫ്രാൻസിസ്കൻ സഹോദരങ്ങൾ നടത്തിയിരുന്ന ഒരു ഭവനത്തിൽ കിടന്നു മരിച്ചു. ഇടാൻ ഒരു കോട്ട് പോലുമില്ലാതെ ആശ്രമത്തിലെ ആരുടെയോ ഒരു കീറിയ ഉടുപ്പ് പൊതിഞ്ഞാണ് അദ്ദേഹത്തെ സംസ്കരിച്ചത്. തന്റെയും കുടുംബത്തിന്റെയും ഇനിയുള്ള ജീവിതം നരകമാകുമെന്നു അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം തൻറെ മേലധികാരികളുടെ ആജ്ഞ ധിക്കരിച്ച് ആയിരക്കണക്കിന് ജൂതന്മാരെ രക്ഷപ്പെടുത്തിയത്.
വർഷങ്ങൾക്കു ശേഷം 1967ൽ ആദ്യത്തെ അംഗീകാരം ഇസ്രായേലിൽ നിന്ന് ലഭിച്ചു. Jewish Organisation of the Holocaust അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘രാഷ്ട്രങ്ങളിൽ വെച്ച് നീതിമാനായ മനുഷ്യൻ (A Just man among Nations) എന്നാണ്. 1986 ൽ അമേരിക്കൻ കോൺഗ്രസ് അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തിയെ പുകഴ്ത്തികൊണ്ട് വിജ്ഞാപനമിറക്കി. അവസാനം പോർച്ചുഗൽ പ്രസിഡന്റ് ഡി സൂസ മെൻഡസിന്റെ കുടുംബത്തോട് മാപ്പു ചോദിച്ചു, അദ്ദേഹത്തിന്റെ റാങ്ക് അംബാസ്സഡറിലേക്കുയർത്തി. ഇന്ന് ഒരുപാട് രാജ്യങ്ങളുടെ സ്റ്റാമ്പുകളിൽ അദ്ദേഹത്തിന്റെ മുഖമുണ്ട്.
1998 ൽ അദ്ദേഹത്തെ പറ്റി ഒരു പുസ്തകം പുറത്തിറങ്ങി. ഫ്രാൻസിലും പോർച്ചുഗലിലുമായി നടന്ന അനുസ്മരണച്ചടങ്ങുകളിൽ ധൈര്യത്തിന്റെയും അർപ്പണബോധത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടു.
അസഹിഷ്ണുതയും വംശീയതയും വംശഹത്യകളും ഒക്കെ വർദ്ധിക്കുന്ന ഈ ലോകത്തിൽ, തൻറെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് ക്രിസ്തുവിന്റെ കണ്ണിലൂടെ എല്ലാം നോക്കിക്കണ്ട ഈ കത്തോലിക്കന്റെ ത്യാഗോജ്ജ്വലമാതൃകക്ക് വളരെ പ്രസക്തിയുണ്ട്. ഒരു യഥാർത്ഥ ക്രിസ്ത്യാനി എന്ന നിലയിൽ അരിസ്റ്റൈഡിസ് ഡിസൂസ മെൻഡസിന്റെ നിലപാടുകൾ വരും തലമുറകളെയും പ്രചോദിപ്പിക്കും.
ജിൽസ ജോയ്
