വിശുദ്ധ കാതറിൻ ലബോറെ
വിശുദ്ധ കാതറിൻ ലബോറെയെ 1947 ജൂലൈ 27 നു വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടയിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചത് ‘saint of silence’ എന്നായിരുന്നു.
1830 നും 1831 നും ഇടയിൽ പരിശുദ്ധ അമ്മയുടെ ധാരാളം ദർശനങ്ങൾ ഉണ്ടായെങ്കിലും വിശുദ്ധ കാതറിൻ ലബോറെ 46 വർഷത്തോളം അത് രഹസ്യമായി സൂക്ഷിച്ചു. തൻറെ കുമ്പസ്സാരക്കാരനായ ഫാ.അലഡലിനോട് മാത്രമാണ് മറ്റാരെയും അറിയിക്കരുതെന്നു പറഞ്ഞുകൊണ്ട് അവളത് പറഞ്ഞത് .ഫാ.അലഡെൽ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെ ദർശനങ്ങളെപ്പറ്റി പാരീസിലെ ആർച്ചുബിഷപ്പിനെയും മറ്റു ചുമതലപ്പെട്ടവരെയും അറിയിച്ചു. ദർശനങ്ങൾ ആധികാരികമാണോ എന്ന് വിലയിരുത്താനുള്ള കാനോനിക അന്വേഷണത്തിനു ശേഷം ആദ്യം ഫ്രാൻസിലും പിന്നീട് ലോകം മുഴുവനിലും അത് സംസാരവിഷയമായി. ദർശനം ലഭിച്ചതാർക്കെന്നു മാത്രം ആരുമറിഞ്ഞില്ല, അവളുടെ തന്നെ സഭാസമൂഹത്തിലുള്ളവർ പോലും !
ഇതിനിടയിൽ പാരീസിന് പുറത്ത്, പ്രായമായവർക്ക് വേണ്ടിയുള്ള ഒരു ശരണാലയത്തിൽ എളിയ ജോലികൾ ചെയ്ത് വിശുദ്ധ കാതറിൻ ലബോറെ ഒളിക്കപ്പെട്ട ജീവിതം നയിച്ചു. അടുക്കളജോലികളും അലക്കുജോലികളും വയസ്സായവരുടെ ആത്മീയ കാര്യങ്ങള് ശ്രദ്ധിക്കുന്നതും എല്ലാം അവൾ സന്തോഷത്തോടെ ചെയ്തു. അവിടെയുള്ള ഒരാള് പോലും അന്ത്യകൂദാശ സ്വീകരിക്കാതെ മരിച്ചിരുന്നില്ല.
1876 ൽ മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് ദർശനങ്ങളുടെ ആധികാരികതയിൽ ആർക്കും സംശയമില്ലാതിരിക്കാൻ വേണ്ടി പരിശുദ്ധ കന്യകയുടെ നിർദ്ദേശപ്രകാരം, തനിക്കായിരുന്നു ദർശനങ്ങൾ ലഭിച്ചതെന്ന് അവൾ വെളിപ്പെടുത്തിയത്.
1806 മെയ് 2 നു ആണ് ഫ്രാൻസിലെ ബർഗണ്ടിയിലെ ചെറിയ ഗ്രാമത്തിൽ കാതറിൻ ലബോറെ, അറിയപ്പെടുന്ന കർഷകനായ പീറ്റർ ലബോറയുടെയും മുൻ സ്കൂൾ അദ്ധ്യാപികയായ മേരി ലൂയിസിന്റെയും 11 മക്കളിൽ ഒമ്പതാമത്തെയായി ജനിച്ചത്. ഒൻപതാമത്തെ വയസ്സിൽ അവൾക്ക് അമ്മ നഷ്ടപ്പെട്ടു. അമ്മയുടെ മുറിയിൽ ഷെൽഫിലുള്ള പരിശുദ്ധ അമ്മയുടെ രൂപത്തെ കസേരയിൽ കയറി നിന്ന് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടവൾ പറഞ്ഞു, “പ്രിയ പരിശുദ്ധ അമ്മെ, നീയാണ് ഇനിയെന്റെ അമ്മ “.
കാതറിന് 12 വയസ്സുള്ളപ്പോൾ മൂത്ത ചേച്ചി ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ എന്ന സഭയിൽ ചേർന്നു. വീട് നോക്കേണ്ട ജോലി അവൾക്കായി. പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും 10 കിലോമീറ്റർ താണ്ടി അവൾ എല്ലാ പ്രഭാതത്തിലും വിശുദ്ധ കുർബ്ബാന കൂടി. ഇടയ്ക്കു അടുത്തുള്ള ചാപ്പലിലും പോയി പ്രാർത്ഥിച്ചു.
ഒരിക്കൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ ഒരു മഠം സന്ദർശിക്കവെ ,ആ സഭ സ്ഥാപിച്ച വിൻസെന്റ് ഡി പോളിന്റെ ചിത്രം കണ്ടപ്പോൾ അവൾ തിരിച്ചറിഞ്ഞു , ഇതേ ആളാണ് സ്വപ്നത്തിൽ വന്ന് “ഒരിക്കൽ നീ എന്റെ അടുക്കലേക്ക് സന്തോഷത്തോടെ വരും. ദൈവത്തിനു നിന്നെക്കുറിച്ചൊരു പദ്ധതിയുണ്ട് ” എന്ന് പറഞ്ഞതെന്ന്.
കല്യാണാലോചനകൾ ഒരുപാട് വന്നെങ്കിലും എല്ലാം അവൾ നിരസിച്ചു. ഒരു കന്യാസ്ത്രീ ആകാൻ അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അപ്പൻ അതിന് എതിരായിരുന്നെങ്കിലും അവസാനം സമ്മതം കൊടുത്തു. അങ്ങനെ 1829 ൽ അവൾ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തിൽ ചേർന്നു. ദരിദ്രരോടു ചേർന്ന് അവൾ പ്രവർത്തിച്ചു, എഴുതാനും വായിക്കാനും പഠിച്ചു, ഈശോയൊടുള്ള അടുപ്പത്തിൽ വളർന്നു. 1830 ൽ നൊവിഷ്യേറ്റിൽ പ്രവേശിച്ചു.
18 ജൂലൈ 1830 ൽ വിശുദ്ധ വിൻസെന്റ് ന്റെ തിരുനാളിന്റെ അന്ന് സാധാരണ പോലെ അവളുറങ്ങാൻ പോയി. രാത്രി 11.30 ആയപ്പോൾ മിന്നുന്ന വെളുത്ത വസ്ത്രം ധരിച്ച ഒരു ചെറിയ കുട്ടി അവളെ വന്നു വിളിച്ചുണർത്തി, “സിസ്റ്റർ,സിസ്റ്റർ, സിസ്റ്റർ, ചാപ്പലിലേക്ക് വരൂ, പരിശുദ്ധ കന്യക അവിടെ കാത്തിരിക്കുന്നു. കയ്യിൽ ഒരു മെഴുതിരി കത്തിച്ചു പിടിച്ചു നടക്കുന്ന കുട്ടിയെ പിന്തുടർന്ന് അവൾ പടികളിറങ്ങി ചാപ്പലിലേക്ക് പോയി. അത്ഭുതമെന്നു പറയട്ടെ , ഇടനാഴികളിലെയും ചാപ്പലിലെയും മെഴുതിരികളെല്ലാം തനിയെ കത്തിക്കൊണ്ടിരുന്നു അപ്പോൾ. കാതറിൻ സക്രാരിക്കു മുൻപിൽ മുട്ടിൽ നിന്നു.
പട്ടുവസ്ത്രം ഉലയുന്ന ശബ്ദം കേട്ട് അവൾ മുകളിലേക്ക് നോക്കി. മനോഹരിയായ ഒരു സ്ത്രീ അൾത്താരയുടെ പടികളിറങ്ങി വന്നു കസേരയിലിരുന്നു, “ഇത് പരിശുദ്ധ കന്യകയാണ്” കുട്ടി ഉറക്കെ പറഞ്ഞു. കാതറിൻ അമ്മക്ക് മുൻപിൽ മുട്ടുകുത്താനോടി, മേരിയുടെ മടിയിൽ തൻറെ കൂപ്പിയ കൈകൾ വെച്ച് അവൾ അമ്മയുടെ കണ്ണിലേക്കു നൊക്കി. അതായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും മധുര നിമിഷം എന്നവൾ തൻറെ കുമ്പസ്സാരക്കാരനോട് പിന്നീട് പറഞ്ഞു. രണ്ടു മണിക്കൂറോളം പരിശുദ്ധ അവളോട് സംസാരിച്ചു.
“എൻറെ കുഞ്ഞേ, നിനക്കായി നല്ല ദൈവം ഒരു ദൗത്യം ഏല്പിച്ചിരിക്കുന്നു”. മേരി പറഞ്ഞു. പക്ഷെ എന്താണതെന്നു അപ്പോൾ പറഞ്ഞില്ല. അടുത്ത 40 കൊല്ലത്തിൽ ഫ്രാൻസ് സഹിക്കാനിരിക്കുന്നതിനെപ്പറ്റി അവൾ പറഞ്ഞു. “അൾത്താരക്ക് കീഴേ വരിക”, അവൾ പറഞ്ഞു , “വലുതും ചെറുതുമായ കൃപകൾ ചോദിക്കുന്ന എല്ലാവരിലേക്കും, അത് ചൊരിയപ്പെടുന്നു”. കാതറിൻ അവൾക്ക് ചോദിക്കാനുള്ളതെല്ലാം അമ്മയോട് ചോദിച്ചു. അമ്മ എല്ലാം കേട്ട് ശാന്തമായി മറുപടി പറഞ്ഞു, അവസാനം അമ്മ പുഞ്ചിരിച്ചു, കയ്യുയർത്തി അനുഗ്രഹിച്ചു മറഞ്ഞുപോയി. കുഞ്ഞുഗൈഡ് അവളെ തിരിച്ചു റൂമിൽ കൊണ്ടാക്കി അപ്രത്യക്ഷമായി. ക്ലോക്കിൽ മണി രണ്ടടിച്ചു.
നാലു മാസങ്ങൾക്കു ശേഷം 27 നവംബർ 1830 നു ഒരു ശനിയാഴ്ച വൈകുന്നെരം കാതറിൻ മറ്റു സന്യാസിനികൾക്കൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അന്ന് കേട്ടതുപോലെ വസ്ത്രം ഉലയുന്ന ശബ്ദം കേട്ടു, അവളുടെ ഉള്ളിൽ സന്തോഷം തിരതല്ലി. കണ്ണുയർത്തി നോക്കിയപ്പോൾ ഒരു ഗ്ലോബിന്റെ മുകളിൽ വെള്ളവസ്ത്രം ധരിച്ചു അമ്മ പ്രത്യക്ഷപ്പെട്ടു.
പരിശുദ്ധ അമ്മ കാതറിനോടു പറഞ്ഞു, “ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ഒരു മെഡൽ നിർമ്മിക്കുക, ഇത് അണിയുന്നവർ, പ്രത്യേകമായി കഴുത്തിലണിച്ചുന്നവർ വലിയ കൃപകൾ സ്വന്തമാക്കും”.
മെഡലിന്റെ മുൻവശത്ത് മറിയം ഒരു ഗ്ലോബിന്റെ മുകളിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവൾ പാദങ്ങൾ കൊണ്ട് ഒരു സർപ്പത്തിന്റെ തല തകർക്കുന്നു. കാതറിൻ പറയുന്നതനുസരിച്ച് ആദ്യ ദർശനത്തിൽ പരിശുദ്ധ മറിയം സൂര്യരശ്മിപോലെ തേജസ്സുള്ളതായിരുന്നു. മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിച്ചിരുന്ന കിരണങ്ങൾ മറിയം കാതറിനോടു പറഞ്ഞതുപോലെ “എന്നോടു യാചിക്കുന്നവർക്കു ഞാൻ ചൊരിയുന്ന കൃപകളെയാണ് സൂചിപ്പിക്കുക “. ഓവൽ ആകൃതിയിലുള്ള ഈ മെഡലിന്റെ ഒരു വശത്ത് ‘ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
മറിയം നമ്മുടെ അമ്മ – തുറന്ന കരങ്ങളിലൂടെ ഈ ലോകത്തിലുള്ള എല്ലാവർക്കും അഭയസ്ഥാനമായ അമ്മയാണ് താനെന്ന് മറിയം സൂചിപ്പിക്കുന്നു.
അമലോത്ഭവ – ജന്മപാപമില്ലാതെ ജനിച്ചവൾ എന്ന സംജ്ഞ മറിയത്തിന്റെ അമലോത്ഭവത്തെ ധ്വനിപ്പിക്കുന്നു.
സ്വർഗ്ഗരോപിത – ഗ്ലോബ്ലിനു മുകളിൽ മറിയം നിൽക്കുന്നത് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ സൂചനയാണ്.
മധ്യസ്ഥ – മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിക്കുന്ന കൃപകളായ കിരണങ്ങൾ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയുടെ പ്രതീകമാണ്.
മറിയം നമ്മുടെ സംരക്ഷക – സർപ്പത്തിന്റെ തല തകർത്തുകൊണ്ട് മറിയം മനുഷ്യവർഗ്ഗത്തെ സംരക്ഷിക്കുന്നു. (ഉൽപത്തി 3:15).
മെഡലിന്റെ മറുവശം
മറുവശത്ത് വെളിപാടു പുസ്തകത്തിൽ രേഖപ്പെടുത്തിയപോലെ “ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം” (വെളി. 12:1) പോലെ 12 നക്ഷത്രങ്ങൾ. M എന്ന അക്ഷരത്തിനുള്ളിലൂടെ ഒരു കുരിശ് ഉയർന്നു നിൽക്കുന്നു, അതിനു താഴെ ജ്വലിക്കുന്ന രണ്ട് ഹൃദയങ്ങളും ,ഒരു ഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടതും മറ്റൊന്ന് വാളിനാൽ പിളർന്നതു. ഈ രൂപകൽപ്പനയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ ചില പ്രതീകങ്ങൾ നിഴലിക്കുന്നുണ്ട്.
M എന്ന അക്ഷരം പരിശുദ്ധ മറിയത്തെ അമ്മയും മധ്യസ്ഥയുമായി മനസ്സിലാക്കുന്നു.
കുരിശ് – നമ്മളെ രക്ഷിച്ച യേശുവിന്റെ രക്ഷകരമായ കുരിശാണ്
12 നക്ഷത്രങ്ങൾ — ആദിമസഭയെ പടുത്തുയർത്തിയ 12 അപ്പസ്തോലന്മാരെ സൂചിപ്പിക്കുന്നു.
ഇടതു വശത്തുള്ള ഹൃദയം — ഈശോയുടെ തിരുഹൃദയമാണ്
വലതു വശത്തുള്ള ഹൃദയം — പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയമാണ്.
തീജ്വാലകൾ — യേശുവിന്റെയും മാതാവിന്റെയും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകം .
കാതറിൻ ഒരേ ദർശനം അടുത്ത 19 മാസങ്ങൾക്കുള്ളിൽ അഞ്ച് പ്രാവശ്യം കൂടെ കണ്ടു. അവളുടെ കുമ്പസ്സാരക്കാരൻ ഫാ.അലഡെലിനോട് മാത്രമാണ് അവൾ എല്ലാ കാര്യവും പറഞ്ഞിരുന്നത്. ഫാ. അലഡെൽ അദ്ഭുതമെഡലിന്റെ ഡിസൈൻ പാരീസിലെ ആർച്ചുബിഷപ്പിനോട് പറഞ്ഞു. ഉടനെ അനുമതി ലഭിക്കുകയും ചെയതു.
1842 വരെ10 കൊല്ലത്തിനുള്ളിൽ 250 മില്യൺ മെഡലുകളാണ് ഉണ്ടാക്കിയത്. പിന്നീട് എണ്ണാൻ കഴിയാത്തത്ര.1842 ൽ അൽഫോൻസ് റാറ്റിസ്ബോണിന്റെ മാനസാന്തരം മെഡലിന്റെ പ്രസിദ്ധി ലോകമെങ്ങും എത്തിച്ചു.
അവസാന ദർശനത്തിനു ശേഷം പരിശുദ്ധ അമ്മ കാതറിനോട് പറഞ്ഞു ” ഇനി നീയെന്നെ കാണുകയില്ല , പക്ഷെ നിന്റെ പ്രാർത്ഥനകളിൽ എന്റെ സ്വരം കേൾക്കും”. ആ വാഗ്ദാനം അവളുടെ ജീവിതത്തിൽ മുഴുവൻ വലിയ ആശ്വാസമായി. എല്ലാ കാര്യങ്ങളിലും ദൈവഹിതം നിറവേറ്റുന്നതിലായിരുന്നു അവളുടെ ശ്രദ്ധ. എളിമയിലും മറയ്ക്കപ്പെട്ടും തൻറെ ജീവിതം പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ദൈവത്തിനു സമർപ്പിച്ച് അവൾ കഴിഞ്ഞു കൂടി.
ഡിസംബർ 31, 1876ൽ അവൾക്ക് അന്ത്യകൂദാശ നൽകപ്പെട്ടു .സന്തോഷവും ശാന്തതയും ആയിരുന്നു ആ മുഖത്ത്. മരിക്കാൻ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു,”മരണത്തെ പേടിയോ ? എനിക്ക് പേടിയുണ്ടെന്നു തോന്നാൻ എന്താ കാരണം? ഞാൻ നമ്മുടെ കർത്താവിൻറെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ വിൻസെന്റിന്റെയും അടുത്തേക്കല്ലേ പോകുന്നെ”.
1933 ൽ കാതറീന്റെ ശരീരം ജീർണ്ണിക്കാതെ കാണപ്പെട്ടു. അതേ കൊല്ലം വാഴ്ത്തപ്പെട്ടവളെന്നു പീയൂസ് പതിനൊന്നാമൻ പ്രഖ്യാപിച്ച വിശുദ്ധ കാതറിൻ ലബോറയെ 1947ൽ പീയൂസ് പന്ത്രണ്ടാം പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. ഇന്നും പാരീസിൽ , പരിശുദ്ധ അമ്മ പ്രത്യക്ഷപെട്ടു അത്ഭുതമെഡലിന്റെ ഡിസൈൻ പറഞ്ഞു കൊടുത്ത ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയുടെ ചാപ്പലിൽ അവളുടെ ശരീരം മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്.
Feast Day : നവംബർ 28
ജിൽസ ജോയ്

