പാപിയിൽ നിന്ന് വിശുദ്ധനിലേക്ക്: വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡ് | St Charles de Foucauld

പാപിയിൽ നിന്ന് വിശുദ്ധനിലേക്ക്

” ഓരോ ക്രിസ്ത്യാനിയും ഓരോ അപ്പസ്‌തോലനാവണം..ഇതൊരു ഉപദേശമല്ല, കല്പനയാണ്. എന്റെ അപ്പസ്തോലേറ്റ് നന്മയുടെ അപ്പസ്തോലേറ്റ് ആവണം. എന്നെ കണ്ടുകൊണ്ട് ആളുകൾ അവരോട് തന്നെ പറയണം, ‘ ഈ മനുഷ്യൻ ഇത്ര നല്ലതാണെങ്കിൽ, അവന്റെ മതവും അത്ര നല്ലതായിരിക്കും’. ഞാനെങ്ങനെയാണ് ഇത്ര സൗമ്യനും നല്ലവനും ആയിരിക്കുന്നത് എന്ന് ചോദിച്ചാൽ പറയണം, ‘ കാരണം അത്രക്കുമധികം നന്മയുള്ള ഒരാളുടെ ദാസനാണ് ഞാൻ’. എന്റെ നാഥനായ യേശു എത്ര നല്ലവനാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! “

ഇത് പറഞ്ഞത്, ദൈവമുണ്ടോ എന്ന് സംശയിച്ച് അനേകവർഷങ്ങൾ ഒരു അവിശ്വാസിയായി ചുറ്റിത്തിരിഞ്ഞ, ചെറുപ്പത്തിൽ ധാരാളിയായി പണം ധൂർത്തടിച്ച, കാമുകിയെ കൂടെ കൊണ്ടു നടന്നതിനാൽ പട്ടാളസേവനത്തിൽ നിന്നും പിരിഞ്ഞു പോരേണ്ടി വന്ന, മുസ്ലീമുകളുടെ ആത്മീയത കണ്ട് തന്റെ വിശ്വാസജീവിതത്തിലേക്കുള്ള യാത്രക്ക് പ്രചോദനം ലഭിച്ച ചാൾസ് ഡി ഫുക്കോൾഡ് ആണ്. വൈരുദ്ധ്യങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും ഏറെയാണ്, 2022 മെയ് 15 ന് വിശുദ്ധ ദേവസഹായം പിള്ളക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കപ്പെ ചാൾസ് ഡി ഫുക്കോൾഡിന്റെ ജീവിതത്തിൽ.

ക്രിസ്തുവിന്റെ സ്നേഹത്തിൽ, സഹജീവികളോടുള്ള സ്നേഹത്തിൽ, അലിഞ്ഞില്ലാതാവാൻ ആഗ്രഹിച്ച (“nothing but to be effaced”) ഈ വിശുദ്ധൻ ഒരു കാലത്ത് മടിയനും തന്നിഷ്ടക്കാരനും യുവത്വത്തിന്റെ മോഹങ്ങളിൽ മദിച്ചിരുന്നവനും ഒക്കെയായിരുന്നെന്നു പറയുമ്പോൾ നമ്മുടെ ഏത് ബലഹീനതകളാണ് വിശുദ്ധിയിലേക്കുള്ള സാധ്യതയിൽ നിന്ന് നമ്മെ തടയുന്നത്?

എല്ലാ ജനതകളോടും മതങ്ങളോടുമുള്ള തുറവിയും സാർവ്വലൗകിക വീക്ഷണവും വിശ്വസാഹോദര്യവുമൊക്കെ വിഷയങ്ങളായ ഫ്രാൻസിസ് പാപ്പയുടെ ഫ്രത്തേലി തൂത്തിയിൽ, സാർവ്വത്രിക സഹോദരൻ എന്നാണ് പാപ്പ വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിനെ വിശേഷിപ്പിച്ചത്. തമ്മിലുള്ള അകലങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട്, മറ്റുള്ളവർ അന്യരാജ്യക്കാരോ അന്യമതക്കാരോ ആണെങ്കിൽ അവരിൽ നമ്മുടെ സഹോദരിയെയോ സഹോദരനെയോ അയൽക്കാരെയോ കാണാൻ കഴിയാതെ, നാലുപാടും അടച്ച രീതിയിൽ, ഞാനും എന്റെ ആളുകളും എന്ന രീതിയിലേക്ക് ചുരുങ്ങുന്ന ഇന്നത്തെ ലോകത്ത്, നമ്മൾ അനുകരിക്കേണ്ട, ഇന്നിന്റെ പ്രവാചകൻ ആയി പാപ്പ അദ്ദേഹത്തെ ചൂണ്ടികാണിക്കുന്നു.

ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 സെപ്റ്റംബർ 15 ന് ധനികകുടുംബത്തിൽ ജനിച്ച ചാൾസിന് 6 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു. പതിനേഴാം വയസ്സിൽ ഭക്തിയില്ലാത്തവനും വഷളനുമായി മാറി, വിശ്വാസം നഷ്ടപ്പെട്ടു. പഠിപ്പവസാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു. പിന്നീട് സൈനിക സ്കൂളിൽ ചേർന്ന് പണം ധൂർത്തടിച്ചു. പ്രതിമാസം 70000ഫ്രാങ്ക് വരെ ചിലവഴിച്ചു. സ്‌കൂളിൽ നിന്ന് പുറത്തുചാടി. പോലീസ് അന്വേഷിച്ചു ചെന്നപ്പോൾ യാചകവേഷം കെട്ടി അലയുന്ന ചാൾസിനെയാണ് കണ്ടത്.

സൈനികവിദ്യാലയത്തിൽ നിന്ന് ബിരുദം നേടി. അപ്പൂപ്പൻ കൂടി മരിച്ചതോടെ നിയന്ത്രിക്കാനാരുമില്ലാതെ ധാരാളം സമ്പത്തുമായി ചാൾസ് ഒരു താന്തോന്നിയെപ്പൊലെ ആയി. പാരീസിൽ ഒരു വീട് വാടകക്കെടുത്ത് ഇഷ്ടം പോലെ ജീവിച്ചു. ഭക്ഷണത്തിലും പാർട്ടികളിലും ആനന്ദം തേടി. ‘തടിയൻ ഫുക്കോ’ എന്നാണു അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് .കാമുകിയായിരുന്ന മിമിയുമൊത്ത് ആഫ്രിക്കയിൽ പട്ടാളസേവനത്തിനു പോയി.

അൾജീരിയയിൽ മിലിട്ടറി പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായിരുന്ന കുറച്ചു സമയം അവിടെയുള്ള മുസ്ലീം ജനങ്ങളുടെ ആത്മീയത, വിശ്വാസജീവിതത്തെ പറ്റി ചിന്തകൾ അവനിൽ ഉണർത്താൻ സഹായിച്ചു.

കാമുകിയെ ഉപേക്ഷിക്കില്ലെന്നു പറഞ്ഞതിനാൽ പട്ടാളത്തിൽ തുടരാൻ പറ്റിയില്ല. പിന്നീട് കാമുകിയെ തിരിച്ചയച്ച് ജോലിയിൽ പ്രവേശിച്ചു.അത് തുടരാതെ ഗവേഷണത്തിലേക്കും സാംസ്‌കാരിക പര്യവേഷണത്തിലേക്കും കടന്ന ചാൾസ് മോറോക്കോയിൽ ഒരു റബ്ബിയുടെ കൂടെ ജൂതനെപ്പോലെ നടന്നു.മോറോക്കോയെ പറ്റി ഒരു പുസ്തകമെഴുതി. സ്വർണ്ണമെഡലിന് അർഹനായി. തന്റെ പഴയ ജീവിതവഴികൾ മിക്കതും അവിടത്തെ ജീവിതത്തിനിടയിൽ ഉപേക്ഷിച്ചു.

പിന്നീട് 1886ൽ ഫ്രാൻസിലേക്ക് തിരിച്ചെത്തിയ ചാൾസ് ഹൃദയത്തിന്റെ ഉള്ളറകളിൽ തിങ്ങിനിന്ന അസ്വസ്ഥതകളുമായി, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായി നടക്കുകയാണെന്ന് കണ്ട് അവന്റെ കസിനായ മേരി അവനെ നോട്ടർ ഡാം കത്തീഡ്രലിലുള്ള ഫാദർ ഹൂവ്‌ലിന്റെ അടുത്തേക്കയച്ചു. മുൻപും അവനെ ആത്മീയവഴിയിലേക്ക് തിരിക്കാൻ ശ്രമിച്ചിട്ടുള്ള മേരി അപ്പോൾ വിവാഹിതയായി കുടുബത്തോടൊത്ത് കഴിയുകയായിരുന്നു. അവളുടെ ‘വിശുദ്ധി’ അവന് പിടികിട്ടാത്ത ഒന്നായിരുന്നു.

അവളുടെ നിർബന്ധത്തിന് വഴങ്ങി ഫാദർ ഹൂവ്‌ലിന്റെ അടുത്തേക്കെത്തിയ ചാൾസ് അദ്ദേഹത്തെ കാണുന്നത് കുമ്പസാരക്കൂട്ടിലാണ്. അവിടെ നിന്ന് മാറി ഇരിക്കാമെന്ന് ചാൾസ് പറഞ്ഞെങ്കിലും അവിടെ ഇരുന്നുകൊണ്ട് തന്നെ അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം കുമ്പസാരിക്കാൻ ആവശ്യപ്പെട്ടു. എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞ ചാൾസിന് അദ്ദേഹം വിശുദ്ധ കുർബ്ബാന നൽകി. മാനസാന്തരത്തിന്റെ ആരംഭം ആയിരുന്നു അത്. “ദൈവം ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ ദൈവത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി ജീവിക്കാനാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു” എന്നാണ് അദ്ദേഹം തന്റെ ദൈവാനുഭവത്തെക്കുറിച്ച് പങ്കുവച്ചത്.അവനിൽ വിലയം പ്രാപിക്കുന്നതുവരെ തന്റെ മനസ്സ് അസ്വസ്ഥമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ വിശുദ്ധ അഗസ്റ്റിനെപ്പോലെ ഏറെ അലഞ്ഞെങ്കിലും അവസാനം ലക്ഷ്യസ്ഥാനത്തെത്തി.

വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീർത്ഥാടനത്തിലൂടെയാണ് ചാൾസ് ഡി ഫുക്കോ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. 1890 മുതൽ ഏഴു വർഷത്തോളം ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു.ഈ സമയത്തെല്ലാം ഈശോയുടെ ചെറുസഹോദരന്മാരുടെ സന്യാസസമൂഹം രൂപീകരിക്കാനും ഒരു സന്യാസവര്യനെ പോലെ മറ്റുള്ളവർക്ക് സേവനം ചെയ്യാനും ഏറെ ആഗ്രഹിച്ചു.പക്ഷേ അപ്പോഴെല്ലാം ദൈവശാസ്ത്രപഠനം തുടരാനായിരുന്നു നിർദ്ദേശം ലഭിച്ചത്. തന്റെ ആഗ്രഹങ്ങൾക്ക് നിർബന്ധം പിടിക്കാതെ അനുസരണയും ശൂന്യവൽക്കരണവും ശീലിച്ചു. പിന്നീട് പ്രാർത്ഥനകൾക്കും കൂടിയാലോചനകൾക്കും ശേഷം അവർ ചാൾസിനെ സ്വതന്ത്രനാക്കി, ഇഷ്ടമുള്ള ദൈവവിളി പിന്തുടർന്നോളാൻ പറഞ്ഞു.

1897-ൽ ‘നസറേത്തിലെ പാവം തച്ചനെ’ കൂടുതൽ അടുത്തനുകരിക്കുന്ന ജീവിതം നയിക്കാനായി അദ്ദേഹം ആ സമൂഹത്തിൽനിന്ന് യാത്രയായി.

അലെക്‌സാൻഡ്രിയയിൽ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് നിരത്തിലൂടെ നടക്കുന്ന ചാൾസിനെ കണ്ട് ഭ്രാന്തനാണെന്നു വിചാരിച്ചു ഒരു പെൺകുട്ടി പേടിയാകുന്നെന്ന് വിളിച്ചു പറഞ്ഞു. എല്ലാവരും തന്നെ ഭ്രാന്തനും നിന്ദ്യനുമായി കരുതുന്നത് ബഹുമതിയായി അദ്ദേഹം കരുതി. റോമിൽ ഒരു ക്ലാരമഠത്തിൽ എത്തി ജോലി അന്വേഷിച്ചു.” കപ്യാരായി ജോലി നോക്കാം. പോസ്‌റ്റോഫീസിൽ പോകാൻ സഹായിക്കാം. ശമ്പളം ആവശ്യമില്ല. അൽപ്പം ഭക്ഷണവും വെള്ളവും മതി. ബാക്കി സമയം പരിശുദ്ധ കുർബ്ബാനയുടെ മുൻപിൽ പ്രാർത്ഥിക്കാൻ അനുമതിയും”. സിസ്റ്റേഴ്സ് പറഞ്ഞു,” തോട്ടക്കാരന്റെ വീട് ഒഴിഞ്ഞു കിടക്കുന്നു.അവിടെ താമസിക്കാം” ” വേണ്ട, അത് അധികമാണ്. മുറ്റത്തിനപ്പുറത്തുള്ള കുടിലിൽ, പണിയായുധങ്ങൾ വെക്കുന്നിടത്ത് കിടന്നുകൊള്ളാം”.

തെരുവീഥിയിൽ കുട്ടികൾ അദ്ദേഹത്തെ കല്ലെറിഞ്ഞു. അത് ഏറ്റം സന്തോഷത്തോടെ സ്വീകരിച്ചു. ഒരിക്കൽ മൂന്ന് യാചകർ അദ്ദേഹത്തെ സമീപിച്ച് അവർക്ക് തണുത്തുവിറക്കുന്നെന്ന് പറഞ്ഞു. ചാൾസ് തൻറെ മേലങ്കി രണ്ടായി പകുത്ത് രണ്ടുപേർക്ക് നൽകി. ചുമരിൽ തൂക്കിയിട്ടിരുന്ന തൻറെ ഉടുപ്പ് മൂന്നാമനും നൽകി. പൊതുവഴിയിൽ ഇറങ്ങിനടക്കുമ്പോൾ കാണുന്ന ചാണകം ശേഖരിച്ച് മഠത്തിലെ തോട്ടത്തിൽ കൊണ്ടിടും. അങ്ങനെ ജോലിചെയ്ത് അഹത്തെ നിഗ്രഹിച്ച് ശൂന്യവൽക്കരണത്തിൽ വളർന്നു.

സിസ്റ്റേഴ്സ് അദ്ദേഹത്തിലെ വിശുദ്ധിയെ തിരിച്ചറിഞ്ഞു വൈദികനാകാൻ പ്രേരിപ്പിച്ചു.എളിമ മൂലം അദ്ദേഹം അതിനു സമ്മതിച്ചില്ല. ഒരു സന്യാസി ആകാനും പാവങ്ങൾക്കിടയിൽ സേവനം ചെയ്യാനും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ താല്പര്യം. അവർ പറഞ്ഞു, “ചാൾസ്, അങ്ങ് ഒരു വൈദികനായാൽ ലോകത്തിൽ എല്ലാ ദിവസവും ഒരു കുർബ്ബാന കൂടിയുണ്ടാകും. ആളുകൾക്ക് അത് അനുഗ്രഹമാകും”. ഒടുവിൽ അദ്ദേഹം സമ്മതിച്ചു.രണ്ടു വർഷത്തിന് ശേഷം തിരിച്ചു ഫ്രാൻസിൽ പോയി. ജൂൺ 9,1901ൽ പൗരോഹിത്യപട്ടം സ്വീകരിച്ചു.

വൈദികനായതിന് ശേഷം മൊറോക്കോയിലേക്ക് പോയി.നാനാജാതി മതസ്ഥർക്കും ആതിഥ്യമരുളുന്ന സഭാസമൂഹത്തിന് രൂപം കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും സഭയിൽ ചേരാൻ അപ്പോൾ ആളെ കിട്ടിയില്ല. പഴയ ഒരു മിലിട്ടറി സുഹൃത്തിന്റെ ക്ഷണപ്രകാരം അൽജീരിയയിൽ പോയി തുവാരഗ് ജനങ്ങളുടെ ഇടയിൽ ജീവിക്കാനായി.അവരുടെ ഭാഷ പഠിച്ച ചാൾസ് തുവാരഗ് – ഫ്രഞ്ച് ഭാഷകളിൽ ഡിക്ഷ്ണറികൾ ഉണ്ടാക്കി. സുവിശേഷഭാഗങ്ങൾ, സങ്കീർത്തനങ്ങൾ വിവർത്തനം ചെയ്തു.

“തിരുവോസ്തിയെ ആരാധിക്കുക എന്നതാണ് ഓരോ മനുഷ്യജീവിതത്തിന്റെയും കാതൽ ” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ദിവ്യകാരുണ്യ ആരാധന പ്രധാന ദൗത്യമായി സ്വീകരിച്ചു കൊണ്ടുള്ള ഒരു സന്യാസസമൂഹത്തിന് രൂപം കൊടുത്തു. ഈശോയുടെ ചെറുസഹോദരന്മാരും സഹോദരികളും എന്നായിരുന്നു അതിന്റെ പേര്. സഭയിൽ ചേരാൻ അനുയായികളെയോ, താൻ നടത്തുന്ന മതബോധനക്‌ളാസുകൾ കേൾക്കാൻ ആളുകളെയോ, ലഭിക്കാതിരുന്നപ്പോഴും നിരാശനാകാതെ ദൈവഹിതത്തിൽ എപ്പോഴും സന്തോഷം കണ്ടെത്തി.

“പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്‌മാവിന്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര കൂടുതലായി ഈശോയെക്കുറിച്ച് ചിന്തിക്കുന്നുവോ അത്ര കൂടുതലായി നിങ്ങൾ പ്രാർത്ഥിക്കുന്നു”….

ഈശോ ജീവിച്ചതുപോലെ നസ്രത്തിൽ തന്നെ ജീവിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ചാൾസിന് മനസ്സിലായി ലോകത്തിൽ എവിടെ ജീവിച്ചാലും ക്രിസ്ത്യാനിക്ക് ഒരുപോലെയാണെന്ന്. അദ്ദേഹം പറഞ്ഞു, “നസ്രത്തിലെ ജീവിതം എവിടെയും ജീവിക്കാൻ പറ്റും, നമ്മൾ പോകാനിരിക്കുന്ന സ്ഥലത്തേക്ക് നമ്മെ യാത്രയാക്കുന്ന അത്രയും മഹത്തായ ഉപകാരം ചെയ്യുന്നവരുടെ സ്ഥലത്താണ് നമ്മളെങ്കിൽ പോലും , പക്ഷേ ഈശോ ആഗ്രഹിക്കുന്ന സ്ഥലത്തായിരിക്കണം നമ്മൾ ഉള്ളതെന്ന് മാത്രം, “.

1905 ൽ അൾജീരിയയിലേക്ക് പോയ ചാൾസ് മരണം വരെ പിന്നെ അവിടെയായിരുന്നു. ജീവിത മാതൃക വഴിയാണ് അദ്ദേഹം സുവിശേഷം പ്രസംഗിച്ചത്.സുവിശേഷം വാക്കുകളേക്കാൾ അധികമായി തൻറെ ജീവിതത്തിലൂടെ വിളിച്ചു പറയാൻ ചാൾസ് ആഗ്രഹിച്ചു

ചാൾസിന്റെ പ്രാർത്ഥനയുടെ ഹൃദയം എന്ന് പറയുന്നത് ആഴമേറിയ ദിവ്യകാരുണ്യആത്മീയത ആയിരുന്നു. നമ്മുടെ കൂടെ നിത്യം വസിക്കാൻ ആഗ്രഹിക്കുന്ന ഈശോയെ, മുറിവേറ്റുകൊണ്ടിരിക്കുന്ന മാനുഷികതക്ക് സൗഖ്യമായും രക്ഷയായും തന്നെതന്നെ നൽകുന്ന അവനെ, അവന്റെ ശരീരത്തിലും രക്തത്തിലും ചാൾസ് ദർശിച്ചു.

അക്കാലത്ത് സഹാറയിൽ അറബ് വംശജർ അടിമകളെ ക്രൂരമായി പീഡിച്ചിരുന്നു. ദിവസവും അടി, കഠിനജോലി, രക്ഷപ്പെടാൻ ശ്രമിച്ചാൽ കാലിൽ വെടി,ഭക്ഷണം ആവശ്യത്തിന് ലഭിക്കാതെ ചുറ്റും കാണുന്നത് പറക്കിത്തിന്നുള്ള ജീവിതം. ഇതായിരുന്നു അവസ്ഥ. ചാൾസ് ആ അടിമകൾക്ക് ശുശ്രൂഷ ചെയ്യാൻ തീരുമാനിച്ചു. അവർക്ക് തുണി അലക്കി കൊടുക്കുക, ഭക്ഷണം ശേഖരിച്ചു നൽകുക, താമസസ്ഥലം വൃത്തിയാക്കുക ഇങ്ങനെയൊക്കെ ചെയ്ത്, എത്രമാത്രം ചെറുതാകാമോ അത്രമാത്രം ചെറുതായി.

ഒരു രക്തസാക്ഷിയാകാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ചാൾസ് ഇങ്ങനെ കുറിച്ചു വച്ചു, ” വിജാതീയരാൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ എത്രയോ സുന്ദരമായ മരണം! എന്റെയീ പ്രാർത്ഥന ദൈവം കേൾക്കുകയാണെങ്കിൽ എന്തൊരു ബഹുമാനവും സന്തോഷവുമായിരിക്കും എനിക്ക്… എന്റെ പ്രാണനാഥാ , എന്റെ രക്തം അങ്ങേക്കായി ചിന്താൻ എനിക്ക് കൃപ തരണമേ. സ്നേഹത്തോടും ധൈര്യത്തോടും കൂടി ഞാനത് നിർവഹിക്കട്ടെ”. ചാൾസിന്റെ ഹൃദയാഭിലാഷം ഈശോ നിറവേറ്റിക്കൊടുത്തു.

ഒന്നാം ലോക മഹായുദ്ധ സമയത്ത്, അൾജീരിയയിൽ വസിക്കുന്ന യൂറോപ്യൻ വംശജരെ തിരഞ്ഞുപിടിച്ചു വധിച്ചുകൊണ്ടിരുന്നു. 1916 ഡിസംബർ ഒന്നിന് രാത്രി രണ്ടു പട്ടാളസുഹൃത്തുക്കളുടെ കൂടെ ഇരിക്കവേ, ആളുകൾ അദ്ദേഹത്തിന്റെ ഭവനം വളഞ്ഞു. അവരെ വെടിവച്ചിട്ട് ശരീരം കിടങ്ങിലേക്ക് എറിഞ്ഞു.

വിശുദ്ധർ പലരും നന്നായി തുടങ്ങിയവരായിരുന്നില്ല, പക്ഷെ അവർ നന്നായി അവസാനിപ്പിച്ചു. ഇതുവരെയുള്ള ജീവിതം എങ്ങനെയുള്ളതായിരുന്നാലും ഈശോയെ പിൻചെല്ലാൻ അതൊരു തടസ്സമല്ല. ഈ ആഗമനകാലത്ത് അന്യൂനമായ പ്രത്യാശയോടെ ഹൃദയമൊരുക്കാം. നമുക്കും നല്ലതു പോലെ നമ്മുടെ ഓട്ടം ഓടിത്തീർക്കാം .

വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s