വാഴ്ത്തപ്പെട്ട ഫിലിപ്പ് റിനാൾഡി

“ഡോൺബോസ്കോയുമായി തട്ടിച്ചു നോക്കുമ്പോൾ ആകെ ശബ്ദത്തിൽ മാത്രമാണ് ഫാദർ റിനാൾഡിക്ക് വ്യത്യാസമുണ്ടായിരുന്നത്, ബാക്കി എല്ലാം ഒരുപോലെയായിരുന്നു ” സലേഷ്യൻ സൊസൈറ്റിയുടെ തുടക്കം മുതൽ ഡോൺ ബോസ്കോയോടൊത്ത് താമസിച്ചിരുന്ന ഫാദർ ജോൺ ബാപ്റ്റിസ്റ് ഫ്രാൻസെസ്യ സാക്ഷ്യപ്പെടുത്തി.

വാഴ്ത്തപ്പെട്ട ഫിലിപ്പ് റിനാൾഡി. വിശുദ്ധ ഡോൺ ബോസ്‌കോയുടെ മൂന്നാമത്തെ പിൻഗാമി.

ഡോൺ ബോസ്കോയെ ചെറുപ്പത്തിൽ കണ്ടിരുന്നില്ലെങ്കിൽ അദ്ദേഹം ഒരു പുരോഹിതനാവുകയില്ലായിരുന്നു എന്നാണ് തോന്നിപ്പോവും. അവനിലെ ദൈവവിളിയെ വഴിതെളിക്കാൻ ഡോൺ ബോസ്‌കോ ചൊരിഞ്ഞ കരുതലും ശ്രദ്ധയും അത്രക്കുണ്ട്. നിലം ഉഴുന്ന സാധാരണ ഒരു ചെറുക്കനിൽ നിന്ന് സലേഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ വരേയ്ക്കും റിനാൾഡി ഉയർന്നു.

ക്രിസ്റ്റഫർ റിനാൾഡിയുടെയും അന്റോണിയയുടെയും ഒൻപത് മക്കളിൽ എട്ടാമത്തവനായി ഫിലിപ്പ് റിനാൾഡി ജനിച്ചത് മെയ്‌ 28, 1856 നാണ്. അവന്റെ മാതാപിതാക്കൾ ഏറെ ഭക്തിയുള്ളവരായിരുന്നു. ഇറ്റലിയിൽ ടൂറിന്റെ കിഴക്കുഭാഗത്തുള്ള, കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി ധാരാളം അനുഗ്രഹീത ദൈവവിളികൾ സംഭാവന ചെയ്തിട്ടുള്ള, ലു മോൺഫെറാത്തോ എന്ന ചെറിയ ടൗണിലായിരുന്നു അവരുടെ താമസം. സ്നേഹോഷ്മളത നിറഞ്ഞ, അനേകം അംഗങ്ങളുള്ള ആ കുടുംബത്തിൽ എല്ലുമുറിയെ പണിയും ഉണ്ടായിരുന്നു. കാരണം അവർക്ക് കൃഷിഭൂമികൾ കുറെയുണ്ടായിരുന്നു.

ഡോൺ ബോസ്കോ ടൂറിനിൽ നിന്നുള്ള തന്റെ കുറേ കുട്ടികളുമൊത്ത് ലു മോൺഫെറാത്തോ സന്ദർശിച്ചത് ഒക്ടോബർ 15, 1861 ൽ ആയിരുന്നു. ഇതുപോലെയുള്ള ചെറിയ ട്രിപ്പുകൾ ഡോൺ ബോസ്കോക്ക് ദൈവവിളികൾ പിടിച്ചെടുക്കാനുള്ള അവസരങ്ങൾ കൂടെയായിരുന്നു. തന്റെ പിതാവ് ഡോൺ ബോസ്‌കോക്ക് മടക്കയാത്രക്കുള്ള കുതിരവണ്ടിയൊക്കെ നൽകുന്നത് ഫിലിപ്പ് കണ്ടു. “ഈ വൈദികന് ഒരു മെത്രാനെക്കാളും വിലയുണ്ടെന്ന് തോന്നുന്നു” എന്നവൻ മനസ്സിൽ വിചാരിച്ചു.

ഫിലിപ്പ് പൗരോഹിത്യ ദൈവവിളിയുടെ ലക്ഷണങ്ങൾ നേരത്തെ തന്നെ കാണിച്ചതുകൊണ്ട് 1866ൽ അവനെ മീറബല്ലോയിലെ സലേഷ്യൻ സ്കൂളിൽ ചേർത്തു. സെന്റ് ചാൾസിന്റെ മൈനർ സെമിനാരി എന്നാണ് അതറിയപ്പെട്ടിരുന്നത്. ഫാദർ ജോൺ ബോനേറ്റി റെക്ടറും ഡോൺ ബോസ്‌കോയുടെ രണ്ടാമത്തെ പിൻഗാമി ആയ പോൾ ആൽബറ കുട്ടികളുടെ മേൽനോട്ടചുമതലയുള്ള ആളും ആയിരുന്നു അവിടെ. കുമ്പസാരിപ്പിക്കാൻ വന്ന ഡോൺ ബോസ്കോയെ രണ്ടു പ്രാവശ്യം ഫിലിപ്പ് അവിടെ കണ്ടുമുട്ടി. ഈ പയ്യൻ ഒരു അനുഗ്രഹീതവൈദികൻ ആകുമെന്ന് ഡോൺ ബോസ്കോക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. പക്ഷേ ഒരു വർഷത്തിന് ശേഷം ഫിലിപ്പ് പഠിപ്പവസാനിപ്പിച്ചു വീട്ടിൽ പോയി.

പിന്നീട് പത്തു വർഷത്തോളം ഫിലിപ്പ് പാടത്തു പണിയെടുത്തു നടന്നു. ഡോൺ ബോസ്കോ പക്ഷേ അവനെ വിട്ടില്ല. പൗരോഹിത്യത്തെ പറ്റി ചിന്തിക്കാനായി വീണ്ടും വീണ്ടും അദ്ദേഹം അവന് എഴുതിക്കൊണ്ടിരുന്നു. “പൗരോഹിത്യവിളി എനിക്കില്ല” എന്നായിരുന്നു ഓരോന്നിനും അവന്റെ മറുപടി. തനിക്ക് തലവേദനയുണ്ടെന്നും കാഴ്ചശക്തി പോരെന്നുമായി അവൻ. ‘തലവേദന ശമിക്കുമെന്നും അവന്റെ ദൈവവിളിക്ക് ആവശ്യമായ കാഴ്ചശക്തി അവനുണ്ടാകുമെന്നും’ ഡോൺബോസ്കോ പറഞ്ഞു.

ശരിക്കും ഫിലിപ്പിന്റെ ആഴമേറിയ എളിമയായിരുന്നു അവനെ മടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്. പൗരോഹിത്യം തനിക്ക് സ്വപ്നം കാണാൻ കഴിയാത്ത അത്ര മഹത്തായ ഒന്നായിട്ടാണ് അവന് തോന്നിയത്. ഒരു തുണസഹോദരൻ ( laybrother ) ആയി നിൽക്കാൻ പറ്റിയാലും അവന് സമ്മതം ആയിരുന്നേനെ. ജൂൺ 1877 ലാണ് അവസാനമായി തീരുമാനം എടുത്തത്. ഡോൺബോസ്കോയെ മുഖാമുഖം കണ്ട് സംസാരിച്ചു. വിശുദ്ധൻ, അവന്റെ എല്ലാ സംശയങ്ങളും തീർത്ത് ധൈര്യപ്പെടുത്തി. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാർ നൽകിയിരുന്നതുകൊണ്ട് ഡോൺബോസ്കോയുടെ കൂടെ ചേരാനായി അവന്റെ ആഗ്രഹം. തീരെ അപ്രധാനമായ, ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥാനം, അതിൽകൂടുതൽ അവന് വേണ്ടായിരുന്നു.

നവംബർ 26, 1877 ൽ റിനാൾഡി, ‘sons of Mary’ യിൽ ചേർന്നു. കുറഞ്ഞ പരിശീലനമേ വേണ്ടിവന്നുള്ളു. ഓഗസ്റ്റ് 13, 1880 ൽ ഡോൺ ബോസ്കോയുടെ കയ്യിലൂടെ തന്നെ നിത്യവ്രതവാഗ്ദാനം ചെയ്തു, ഡിസംബർ 23, 1882 ൽ പൗരോഹിത്യം സ്വീകരിച്ചു. “സന്തോഷായോ?” ഡോൺ ബോസ്‌കോ ചോദിച്ചു. ” എന്നെ താങ്കളുടെ കൂടെ തന്നെ നിർത്തുമെങ്കിൽ മാത്രം, അല്ലെങ്കിൽപിന്നെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല”, ഇതായിരുന്നു മറുപടി.

പുരോഹിതനായി ഒൻപത് മാസമാവുമ്പോഴേക്ക്, ഡോൺ ബോസ്‌കോ റിനാൾഡിയെ മുതിർന്ന വൈദികാർത്ഥികളുടെ റെക്ടർ ആക്കി നിയമിച്ചു. 1884ൽ ഇൻസ്റ്റിറ്റ്യൂട്ട് ടൂറിനിലേക്ക് മാറ്റി സ്ഥാപിച്ചു. എല്ലാ ആഴ്ചയിലും ഫാദർ റിനാൾഡി ഡോൺ ബോസ്കോയെ കണ്ട് സംസാരിച്ചിരുന്നിരുന്നു.

ജനുവരി 31, 1888 ൽ ആണ് ഡോൺ ബോസ്‌കോ മരിക്കുന്നത്, പക്ഷേ അപ്പോഴേക്ക് റിനാൾഡിയിൽ തന്റെ മായാത്ത മുദ്ര പതിപ്പിച്ചിരുന്നു.

അവൻ സുപ്പീരിയറുടെ പടവുകൾ ഓരോന്നായി കയറവേ ഡോൺ ബോസ്കോയുടെ പൂർണ്ണരൂപം തന്നെയാണ് എല്ലാവരും റിനാൾഡിയിൽ കണ്ടത്. ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം കാണിച്ചിരുന്ന അതേ തീക്ഷ്‌ണത, പാവപ്പെട്ട യുവാക്കളോടുള്ള അതേ സ്നേഹം, പുതിയ സ്ഥാപനങ്ങൾക്കും വിസ്തൃതമായ ചക്രവാളങ്ങൾക്കുമുള്ള അതേ ഉത്സാഹം, അതിനോടൊപ്പം ത്യാഗനിർഭരമായ ജീവിതം കൊണ്ടും ദൈവത്തിനോടുള്ള നിരന്തരസമ്പർക്കമുള്ള ജീവിതം കൊണ്ടും കൈവന്ന ശാന്തതയും സൗമ്യതയും ഉള്ള പെരുമാറ്റം, ദൈവത്തിന്റെ കരുതലിൽ ഉള്ള അഗാധമായ ശരണം, പരിശുദ്ധ അമ്മയിലുള്ള പുത്രോചിതമായ സ്നേഹം…ഇതെല്ലാം അതേപോലെ.

സുപ്പീരിയർ എന്ന നിലയിൽ ഫാദർ റിനാൾഡി എല്ലാവർക്കും മാതൃകയാണ്. അധികാരത്തിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക മാത്രമല്ല, എപ്പോഴും അദ്ദേഹം ദൈവഹിതം അനുസരിക്കുകയും അതിന് കീഴടങ്ങുകയും ചെയ്തു. ആദ്യം റെക്ടർ ആയും, പിന്നീട് പ്രൊവിൻഷ്യാൾ ആയും പിന്നെ വികാർ ജനറൽ ആയും അവസാനം സുപ്പീരിയർ ജനറൽ ആയും സേവനമനുഷ്ഠിച്ചു.

ഏറ്റവും കൂടുതൽ അഭിനന്ദനങൾ അർഹിക്കുന്നത് അദ്ദേഹത്തിന്റെ എളിമക്കായിരുന്നു – തന്റെ സഹപ്രവർത്തകരോടും സംരക്ഷണത്തിലുള്ള ആത്മാക്കളോടും അത്ര എളിമയോടെയാണ് അദ്ദേഹം പെരുമാറിയത് – പിന്നെ അനുകമ്പയും പിതാവിന്റെതായ വാത്സല്യവും. അദ്ദേഹത്തോട് കൂടെ താമസിക്കാൻ ഭാഗ്യം സിദ്ധിച്ചവർ ഇങ്ങനെ പറയുന്നതിൽ ഒരു അതിശയവുമില്ല, “ഞങ്ങൾ അദ്ദേഹത്തിൽ കണ്ടത് ഡോൺ ബോസ്കോയുടെ വ്യക്തിത്വം തന്നെയായിരുന്നു “.

1892ൽ പുതുതായി രൂപമെടുത്ത പ്രോവിൻസിന്റെ ചുമതയേറ്റുകൊണ്ട് ഫാദർ റിനാൾഡി പറഞ്ഞു, ” ഞാൻ നല്ല ഒരു പിതാവായിരിക്കും. എന്റെ പെരുമാറ്റത്തിൽ കാർക്കശ്യം ഒഴിവാക്കും. സഹപ്രവർത്തകർ സംസാരിക്കാൻ വരുമ്പോൾ ഒരു മടിയും തിരക്കും ഞാൻ കാണിക്കില്ല. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കും. ഡോൺബോസ്‌കോ യുടെ മാതൃക ഞാൻ മനസ്സിൽ സൂക്ഷിക്കും”.

Daughters of Mary, Help of Christians ന് വേണ്ടിയുള്ള ” Message for 1931″ൽ ഫാദർ റിനാൾഡി എഴുതിയിരുന്നു, മടുപ്പില്ലാതെ, എല്ലാത്തിനെയും സ്വാശീകരിച്ചുകൊണ്ട്, വിപുലമായ തന്റെ ബാഹ്യപ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും ദൈവസാന്നിധ്യത്തിൽ ആത്മീയ ജീവിതവുമായി ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനരീതി കുറേശ്ശെ കുറേശ്ശെയായി ഡോൺ ബോസ്‌കോക്ക് ശീലമാവുകയും ഒരു പൂർണ്ണമായ ഒന്നാകലിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തെന്ന്.

ശരിക്കും ഇത് ഫാദർ റിനാൾഡിയുടെ തന്നെ ജീവിതത്തെ വരച്ചു കാണിക്കുകയായിരുന്നു. കഠിനപ്രയത്നങ്ങൾ ആഴമേറിയ പ്രാർത്ഥനയിൽ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനരീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൻ കീഴിൽ സലേഷ്യൻ സൊസൈറ്റി, 404 ഭവനങ്ങളിലായി 4788 പേർ ഉണ്ടായിരുന്നത് 644 ഭവനങ്ങളിലേക്കും 8836 അംഗങ്ങളിലേക്കും വളർന്നു. ദൈവവിളികൾ ധാരാളമുണ്ടായി. ചെറുപ്പക്കാരായിരിക്കെ തന്നെ തന്റെ കുട്ടികളെ മിഷന് വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അയച്ചു, അങ്ങനെയാവുമ്പോൾ അവർക്ക് അവിടങ്ങളിലെ സംസ്കാരവും ഭാഷയുമായി കൂടുതൽ ഇഴുകിച്ചേരാൻ കഴിയുമല്ലോ. സലേഷ്യൻ സഭയുടെ സാന്നിധ്യം ലോകമൊട്ടുക്ക് ഉണ്ടായി.

ദൈവത്തിൽ അളവില്ലാത്ത ശരണം വെച്ചുകൊണ്ടും എല്ലാ പ്രവർത്തനങ്ങളെയും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് ( Mary, Help of Christians) സമർപ്പിച്ചുകൊണ്ടുമാണ് അനാരോഗ്യം വിടാതെ പിന്തുടർന്നെങ്കിലും അദ്ദേഹം ശാന്തമായി മുന്നേറിയത്. തന്റെ സന്ദർശനങ്ങളിലൂടെയും എഴുത്തിലൂടെയും നിരന്തരം തന്റെ മക്കളെയും സഹപ്രവർത്തകരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. തങ്ങൾ ആയിരിക്കുന്ന രാജ്യങ്ങളിൽ കാണുന്ന അഭയാർത്ഥികളെ ദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ വേർതിരിച്ചുകാണരുതെന്നും ഉപവിപ്രവർത്തനങ്ങളിൽ സാർവ്വത്രികത കൊണ്ടുവരാനും ഫാദർ റിനാൾഡി പരിശ്രമിച്ചു. ‘.indulgence for sanctified work’ എന്ന പേരിൽ ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നതിനായി പതിനൊന്നാം പീയൂസ് പാപ്പയോട് നിർദ്ദേശിച്ചത് അദ്ദേഹമായിരുന്നു.

Daughters of Mary, Help of Christians,സലേഷ്യൻ സഹകാരികൾ, പൂർവ്വവിദ്യാർത്ഥികൾ അങ്ങനെ, സലേഷ്യൻ സഭയുടെ ശാഖകളെയെല്ലാം അദ്ദേഹം ഏകീകരിച്ചു. Secular Institute of Don Bosco volunteers എന്ന പേരിൽ ഫാദർ റിനാൾഡി സ്ഥാപിച്ച പുതിയൊരു സഭാവിഭാഗം ഇപ്പോഴും നല്ല രീതിയിൽ തുടർന്ന് പോകുന്നു, അവരുടെ സ്ഥാപകനായി അദ്ദേഹത്തെ ഓർക്കുകയും ചെയ്യുന്നു. പുറമെയുള്ള പ്രവർത്തനങ്ങളെക്കാൾ തന്റെ മേൽനോട്ടത്തിലുള്ള എല്ലാ മക്കളുടെയും ആത്മീയനവീകരണം ആണ് ഫാദർ ലക്ഷ്യം വെച്ചത്.

ഡിസംബർ 5, 1931 ൽ ആണ് ഫാദർ റിനാൾഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ഒരു ചാരുകസേരയിൽ, ശിരസ്സ് നമിച്ചു കൊണ്ട് നിശബ്ദമായി ഈ ലോകം വിട്ടു യാത്രയായ രീതിയിൽ അദ്ദേഹത്തെ കണ്ടെത്തി.

ഫാദർ റിനാൾഡിയുടെ നാമത്തിൽ നടന്ന ഒരു അത്ഭുതത്തിന്റെ സ്ഥിതീകരണത്തിന് ശേഷം, അദ്ദേഹത്തെ വാഴ്ത്തപെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ആ കൗൺസിലിലെ ഒരംഗം പറഞ്ഞു, “ആഴമേറിയ ആത്മീയ ജീവിതത്തെ വിസ്തൃതമായ അപ്പസ്തോലികദൗത്യവുമായി എങ്ങനെ ഒന്നിപ്പിക്കണമെന്ന് ഫാദർ റിനാൾഡിക്ക് അറിയാമായിരുന്നു. അങ്ങനെ അദ്ദേഹം ക്രിസ്ത്യൻ പൂർണത കൈവരിക്കുകയും വിശുദ്ധനായ ഒരു സുപ്പീരിയർ ആയിതീരുകയും ചെയ്തു”.

1990, ഏപ്രിൽ 29ന് ആണ് പോപ്പ് ജോൺപോൾ രണ്ടാമൻ പാപ്പ, ഫാദർ ഫിലിപ്പ് റിനാൾഡിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

Feast Day : ഡിസംബർ 5

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s