എട്ടു വയസ്സുള്ള അൾത്താരബാലനായിരുന്നു അവൻ. ഇല്ലിനോയ്‌സിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ആണ് സംഭവം. കുർബ്ബാനയ്ക്ക് കൂടിത്തുടങ്ങിയിട്ടു അധികം ആയിട്ടില്ല. കൈ വിറക്കുന്നുണ്ട്. കാരണം ഇന്ന് കുർബ്ബാന അർപ്പിക്കുന്നത് സാക്ഷാൽ ബിഷപ്പാണ്. ബിഷപ്പ് ജോൺ സ്പാൾഡിംഗ്.
‘എല്ലാം സൂക്ഷിച്ചു വേണം കേട്ടോ’ എന്ന കൊച്ചച്ചന്റെ അടക്കം പറച്ചിൽ കൂടി ആയപ്പോൾ പൂർത്തിയായി. കുർബ്ബാനക്കുള്ള വീഞ്ഞും വെള്ളവും ഒരുക്കുമ്പോൾ ദേ, കൈ വീണ്ടും വിറക്കുന്നു. ‘ക്ലിം’ വീഞ്ഞിന്റെ കുപ്പി നിലത്തു വീണു ചിതറിത്തെറിച്ചു. ആറ്റംബോംബ് പൊട്ടുന്ന അത്ര ശബ്ദമാണ് അവനു തോന്നിയത്. ഞെട്ടിപ്പോയ അവൻ വെപ്രാളപ്പെട്ട് ഓടി ഒരു തുണികൊണ്ട് വീഞ്ഞൊപ്പിയെടുത്തു. ചില്ലുകഷണങ്ങൾ പെറുക്കിയെടുത്തു. എല്ലാം വൃത്തിയാക്കി മുഖമുയർത്തിയപ്പോൾ , തന്നെത്തന്നെ നോക്കിനിൽക്കുന്ന ബിഷപ്പ് !
മറ്റൊരു കുപ്പിയിൽ വീഞ്ഞ് നിറച്ചു വെച്ചു കുർബ്ബാനയ്ക്ക് കൂടി. കുർബ്ബാന കഴിഞ്ഞ പാടേ വീട്ടിലേക്കോടാൻ റെഡി ആയ ബാലനെ ബിഷപ്പ് പിടിച്ചു നിർത്തി .
” നിന്റെ കൈ വല്ലാതെ തണുത്തിരിക്കുന്നല്ലോ”. അവൻ മുഖം കുനിച്ചു. “ഭയന്നുപോയി അല്ലെ?” “അതെ”. “സാരമില്ല കേട്ടോ”. “ങും” “നിന്റെ കണ്ണുകളിൽ ഒരു തിളക്കം എനിക്ക് കാണാം. നിന്റെ ശോഭനമായ ഭാവി കണ്ണുകളിൽ തെളിഞ്ഞു നിൽപ്പുണ്ട് മകനെ. ഒരിക്കൽ നീ ഉന്നതപഠനത്തിനായി ബെൽജിയത്തിലെ ലുവെയ്‌നിലേക്ക് വരുമെന്നെന്റെ മനസ്സ് പറയുന്നു.നീ പഠിച്ചു മിടുക്കനായി എന്നെപ്പോലൊരു ബിഷപ്പാകും”.
അന്ന് തലകുനിച്ചു അത് കേട്ടുനിന്ന ബാലൻ തൻറെ പൗരോഹിത്യസ്വീകരണം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം ഉപരിപഠനത്തിനായി ലുവെയ്നിൽ എത്തിയപ്പോൾ ബിഷപ്പ് പറഞ്ഞതോർത്തു.അന്നത്തെ ആ ബാലന്റെ പേര് പീറ്റർ ജോൺ ഷീൻ എന്നായിരുന്നു. ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ തന്നെ.
അറുപതുകളിൽ ടെലിവിഷനിലെ നിറസാന്നിധ്യമായിരുന്നു ആർച്ച് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ. ലോകത്തിൽ തന്നെ ആദ്യത്തെ ടീവി വചനപ്രഭാഷകൻ. Life is Worth Living എന്ന പ്രസംഗപരമ്പരയിലൂടെ അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം വിശ്വാസികളാണ് അദ്ദേഹത്തെ ശ്രവിച്ചത്. ഒരേസമയം 169 സ്റ്റേഷനുകളിൽ നിന്ന് വരെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ ടീവി പരമ്പര.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കലുഷിതമായ സഭായാത്രയിൽ, രണ്ടു ലോകമഹായുദ്ധങ്ങൾ കണ്ട് ജീവച്ഛവങ്ങൾ ആയവരുടെ ഇടയിൽ , തൻറെ ബുദ്ധിയും വാക്‌സാമർത്ഥ്യവും പ്രസംഗപാടവവും തത്വശാസ്ത്രപാണ്ഡിത്യവും ദൈവാധീനവും കൈമുതലാക്കി അനേകം പേരെ ക്രിസ്തുവിലേക്ക് ചേർത്തടുപ്പിച്ചയാളാണ് ഫുൾട്ടൻ ഷീൻ.ഷീനിന്റെ മരണത്തിന് രണ്ടു മാസം മുൻപ് 1979 ഒക്ടോബറിൽ ന്യൂയോർക്കിലെ വിശുദ്ധ പാട്രിക്കിന്റെ ദേവാലയം സന്ദർശിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഷീനിനെ ആലിംഗനം ചെയ്തു കൊണ്ട് ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് താങ്കൾ നന്നായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. സഭയുടെ വിശ്വസ്ത സന്താനമാണ് താങ്കൾ”.
1979 ഡിസംബർ 9 ന് 84 വയസ്സുള്ളപ്പോൾ അദ്ദേഹം സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ചെറുപ്പത്തിൽ തന്നെ പ്രസംഗങ്ങളും സംവാദങ്ങളും ഫുൾട്ടൻ ഇഷ്ടപ്പെട്ടിരുന്നു. ബാല്യം മുതൽക്കേ ഫുൾട്ടനും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധം ഗാഢമായിരുന്നു. താൻ എഴുതിയ പല പുസ്തകങ്ങളിലും തൻറെ തീവ്രമരിയഭക്തിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. എളിമയുടെയും സ്നേഹത്തിന്റെയും പര്യായമായിരുന്നു അവന്റെ അമ്മയായ ഡേലിയ.ആരോടും മുഖം കറുത്തൊന്നും പറഞ്ഞിരുന്നില്ല. കുടുംബാംഗങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുകയും സദാ പ്രാർത്ഥനയിൽ കഴിയുകയും ചെയ്ത സ്ത്രീ. അതുകൊണ്ടു തന്നെ മകന്റെ ജീവിതത്തിൽ അവൾ നല്ലവണ്ണം സ്വാധീനം ചെലുത്തി. പള്ളിയിൽ കുർബ്ബാനയ്ക്ക് മണിയടിക്കുമ്പോൾ അൾത്താരക്കു മുന്നിൽ കുടുംബാംഗങ്ങളെല്ലാവരും ഉണ്ടാകണമെന്നവൾക്ക് നിർബന്ധമായിരുന്നു.
കോളേജ് കാലത്തു U.S ലെ ഒരു ദേശീയ സ്‌കോളർഷിപ്പ് പരീക്ഷ ഷീൻ എഴുതി . അത് ലഭിക്കുമെന്നുറപ്പായിരുന്നെങ്കിലും ഫാദർ വില്യം ബർഗൻ അവനോട് ഇങ്ങനെ പറഞ്ഞു, “”നി ദൈവത്തിൽ യഥാർത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ അവിടുന്നിൽ ആശ്രയിച്ചു കൊണ്ട് സ്‌കോളർഷിപ്പ് നിരസിക്കുക. ഇപ്പോൾ തന്നെ സെമിനാരിയിൽ ചേരുക”. ആ ഉപദേശം ഫുൾട്ടൻ സ്വീകരിച്ചു. ദൈവശാസ്ത്രപഠനം പൂർത്തീകരിച്ചതിനു ശേഷം സെന്റ് പോൾസ് സെമിനാരിയിൽ ചേർന്നു വൈദികപഠനം തുടങ്ങി. പട്ടം ലഭിച്ചതിനു ശേഷം ബെൽജിയത്തിലെ ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി.
ഇംഗ്ലണ്ടിൽ പൊഫസ്സർ ആയി ജോലി നോക്കുമ്പോഴാണ് പാട്രിക് ദേവാലയത്തിൽ സഹവികാരിയാക്കി നിയമിച്ചിരിക്കുന്നെന്ന മെത്രാന്റെ അറിയിപ്പ് വന്നത് . പൊഫസർ ജോലി നഷ്ടമായിരിക്കുന്നു. പക്ഷെ ഫുൾട്ടൻ സുസ്മേരവദനനായി ഒരു ബ്രീഫ്‌കേസിൽ തുണികൾ കുത്തിനിറച്ചു യാത്രയായി .സഹവികാരിയായി 8 മാസങ്ങൾ കടന്നുപോയപ്പോൾ മെത്രാൻ പറഞ്ഞു കൊച്ചച്ചന് അനുസരണയുണ്ടോ എന്നു നോക്കാനും ജീവിതവിജയം തലയ്ക്കു പിടിച്ചിട്ടുണ്ടോ എന്നറിയാനുമായിരുന്നു ഈ പരീക്ഷണമെന്ന്.ഫുൾട്ടൻ ഒന്നും മിണ്ടാതെ ചിരിച്ചതേയുള്ളു. “നീയൊരു നല്ല കുട്ടിയാണ്. അതുകൊണ്ട് വേഗം നിന്റെ പ്രൊഫെസ്സർ ജോലിയിലേക്ക് മടങ്ങി പൊയ്ക്കൊള്ളുക”.
പുസ്തകങ്ങളിൽ കൂടിയും റേഡിയോ പ്രോഗ്രാമിലൂടെയും ഫുൾട്ടനിന്റെ പ്രശസ്തി അമേരിക്കയിലും യൂറോപ്പിലുമൊക്കെ പരന്നു. 23 വർഷങ്ങൾ കാത്തലിക് യൂണിവേഴ്സിറ്റിയിൽ, അറിയപ്പെടുന്ന പണ്ഡിതൻ, വാഗ്മി , വചനപ്രഘോഷകൻ ഒക്കെയായി തിയോളജിയും ഫിലോസഫിയും പഠിപ്പിച്ചു. പീയൂസ് പതിനൊന്നാമൻ പാപ്പ മോൺസിഞ്ഞോറായി അവനെ വാഴിക്കുമ്പോൾ വയസ്സ് 39 മാത്രം.1951 ജൂൺ 11ന് ഫുൾട്ടൻ ഷീൻ മെത്രാനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. അതേ വർഷം തന്നെ ന്യൂയോർക്ക് അതിരൂപത ഒരു ടെലിവിഷൻ ഷോ തുടങ്ങാൻ തീരുമാനിച്ചു. ജനങ്ങൾക്ക് സ്വീകാര്യനായ വചനപ്രഘോഷകൻ എന്ന നിലയിൽ പരിപാടി നയിക്കുവാൻ ഫുൾട്ടനെ തന്നെ ക്ഷണിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പ്രോഗ്രാം ഒരു വിപ്ലവമായി. ലോകോത്തര അംഗീകാരമായ എമ്മി അവാർഡ് ഫുൾട്ടന് ലഭിച്ചു. ടൈം മാഗസിന്റെ കവർ പേജിൽ സ്ഥാനം പിടിച്ചു.
പ്രേക്ഷകർ ഓരോ ആഴ്ചയിലും 10 മില്യണിൽ കൂടുതലായി. ഷീനിനു എമ്മി അവാർഡ് ലഭിക്കാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ അക്കാലത്തു ടീവിയിൽ നിറഞ്ഞു നിന്നിരുന്ന കൊമേഡിയൻ ആയിരുന്ന മിൽട്ടൺ ബെർലി പറഞ്ഞു, ” NBC ടെലിവിഷനിലെ എന്റെ ഷോ യെ അപ്പുറത്തെ ചാനലിലെ ഫുൾട്ടൻ ഷീൻ കടത്തി വെട്ടിയിരിക്കുന്നു. ജനസമ്മതിയിൽ എന്നെ കവച്ചു വെച്ചിരിക്കുന്നു . എന്താണ് ഈ വിജയത്തിനു കാരണം എന്നറിയാമോ?” ജനം കാതോർത്തു ബെർലി പറയാൻ പോകുന്ന കാര്യം കേൾക്കാൻ. “ഫുൾട്ടൻ ഷീനിന്റെ സ്ക്രിപ്റ്റ് എഴുത്തുകാർ ഗംഭീരമാണ്. അവരുടെ മിടുക്ക് കൊണ്ടാണ് ഷോ ഇത്ര നന്നാകുന്നത്” ആരാണ് ഫുൾട്ടൻ ഷീനിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത് എന്നറിയാതെ ജനം പകച്ചുപോയി.ബെർലി തുടർന്നു, “അതെങ്ങനെയാ,വിശുദ്ധ മത്തായിയും വിശുദ്ധ മാർക്കോസും വിശുദ്ധ ലൂക്കായും വിശുദ്ധ യോഹന്നാനുമൊക്കെയല്ലേ ‘സ്ക്രിപ്റ്റ്’ എഴുതുന്നത് !!”
വലിയ കരഘോഷങ്ങൾക്കിടയിൽ അനേകായിരം കാണികളെ സാക്ഷിനിർത്തിയാണ് ബിഷപ്പ് അവാർഡ് ഏറ്റുവാങ്ങിയത്. കൊമേഡിയൻ ബെർലിയുടെ വാക്കുകൾ കടമെടുത്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു ,” ഈ അവാർഡിന് എന്നെ അർഹനാക്കിയത് മറ്റാരുമല്ല എന്റെ സ്ക്രിപ്റ്റ് എഴുത്തുകാർ തന്നെ. മത്തായിയും മാർക്കോസും ലൂക്കയും യോഹന്നാനാനുമാണ് ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് “.
എന്നും മുടങ്ങാതെ മുട്ടുകുത്തിനിന്നു ഏകാന്തധ്യാനം നടത്തുക ബിഷപ്പ് ഫുൾട്ടൻ J ഷീനിന്റെ ദിനചര്യയായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തി തന്നിലേക്ക് പ്രവഹിക്കുന്ന അമൂല്യ നിമിഷങ്ങളായിരുന്നു അത്. ഒരു മണിക്കൂർ ദിവ്യകാരുണ്യത്തിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കാൻ വചനപ്രഘോഷണവേളകളിൽ അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. നമ്മുടെ ജീവിതത്തിലേക്ക് ഒട്ടേറെ വരപ്രസാദങ്ങൾ ഒഴുകിയിറങ്ങുന്ന ദിവ്യമുഹൂർത്തമാണത് എന്നദ്ദേഹം പഠിപ്പിച്ചു. ചാപ്പലിൽ ഒരു മണിക്കൂർ പ്രാർത്ഥിച്ചിട്ടേ തൻറെ തിരക്കിട്ട ദിനചര്യകളിലേക്ക് അദ്ദേഹം കടക്കുമായിരുന്നുള്ളു.
1951 ഫെബ്രുവരിയിൽ ലോകവ്യാപകമായ ജപമാലഭക്തിക്ക് തുടക്കം കുറിച്ചു. ഫുൾട്ടൻ ഷീൻ ഒരു റേഡിയോ പ്രഭാഷണത്തിലൂടെ ലോകം മുഴുവനുമുള്ള വിശ്വാസികളോട് പരിശുദ്ധ മറിയത്തോട് ചേർന്നുനിൽക്കാൻ ആഹ്വാനം ചെയ്തു. നമുക്ക് വേണ്ടി മാത്രം നാം പ്രാർത്ഥിച്ചാൽ പോരെന്നും ലോകം മുഴുവനിലും കഷ്ടപ്പാടും യാതനകളും ദാരിദ്ര്യവും അനുഭവിക്കുന്ന കോടിക്കണക്കിനു ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും പറഞ്ഞു.
ന്യൂപോർട്ട് വെയിൽസിലെ ടിറ്റുലാർസിയുടെ ആർച്ചുബിഷപ്പായി അദ്ദേഹം നിയമിതനായി. ഒരു കുരിശുരൂപം നെഞ്ചോട് ചേർത്ത് വെച്ചാണ് അവസാന നാളുകളിൽ മൺപാത്രത്തിലെ നിധി എന്ന തൻറെ ആത്മകഥ പുസ്തകം പറഞ്ഞു കൊടുത്തു എഴുതിപ്പിച്ചത്. 1979 ഡിസംബർ 9 നു മഹാനായ ഫുൾട്ടൻ ജെ ഷീൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.
‘ഈ നൂറ്റാണ്ടിലെ ടെലി ഇവാഞ്ചലിസ്റ്’ എന്നാണു എന്നാണു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ അറിയപ്പെടുന്നത്. പീയൂസ് പന്ത്രണ്ടാമൻ പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘അഭിനവ ലോകത്തെ പ്രവാചകൻ’ എന്നാണ്. ബില്ലി ഗ്രഹാം ഫുൾട്ടൻ ഷീനിനെ പറ്റി പറഞ്ഞത് ‘ ഈ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വചനപ്രഘോഷകൻ’ എന്നും.
അദ്ദേഹത്തിന്റെ 73 പുസ്തകങ്ങളിലൂടെ , പ്രഭാഷണങ്ങളിലൂടെ, വചനത്തെ പടവാളാക്കിയ ആ മഹാപ്രതിഭ ഇന്നും ജീവിക്കുന്നു. സഹാനുഭൂതിയുടെ പര്യായമായ ബിഷപ്പ് ഷീൻ പുസ്തകങ്ങളിൽ നിന്നും ടിവി പ്രോഗ്രാമിൽ നിന്നുള്ള വരുമാനം ലോകത്തിന്റെ നാനാഭാഗങ്ങളിലായി മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി ചിലവഴിച്ചു. അദ്ദേഹത്തിൻറെ പ്രയത്നഫലമായി പതിനായിരം അനാഥാലയങ്ങളും ഒമ്പതിനായിരം ക്ലിനിക്കുകളും ആയിരത്തി ഇരുന്നൂറു സ്‌കൂളുകളും സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഏർപ്പെടുത്തിയ സംഭാവന ഉപയോഗിച്ച് ഇന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നു. ചാപിള്ളയായി ജനിക്കുമായിരുന്ന, ജനിച്ചപ്പോൾ തന്നെ മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി പൂർണ്ണ ആരോഗ്യവാനായത് കുട്ടിയുടെ അമ്മ ബിഷപ്പ് ഷീനിനെ വിളിച്ചു മാധ്യസ്ഥം യാചിച്ചതു കൊണ്ടായിരുന്നു. ഈ അത്ഭുതം ബിഷപ്പ് ഷീനിന്റെ പേരിൽ സ്ഥിതീകരിക്കപ്പെട്ടെങ്കിലും വിശുദ്ധ പദവി ഇനിയും അകലെയാണ്. ഈ നൂറ്റാണ്ട് കണ്ടതിൽ വെച്ചു പ്രതിഭാശാലിയായ ഈ ടെലി ഇവാഞ്ചലിസ്റ് താമസിയാതെ വിശുദ്ധപദവിയിൽ എത്താൻ വേണ്ടി നമുക്കും കാത്തിരിക്കാം, പ്രാർത്ഥിക്കാം.
“നിന്റെ കരങ്ങൾ ഒന്ന് കാണട്ടെ. ധാരാളം നൽകിയതിന്റെ മുറിപ്പാടുകളുണ്ടോ അതിൽ ? നിന്റെ കാലുകൾ കാണട്ടെ. സേവനത്താൽ മുറിവേറ്റതാണോ അവ ? നിന്റെ ഹൃദയം കാണട്ടെ. അതിന്റെ കോണിൽ നീ ദിവ്യമായ സ്നേഹത്തിനു ഇത്തിരി ഇടമിട്ടിട്ടുണ്ടോ?”
ജിൽസ ജോയ്
Extracted from : ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതം (ജോസ് വഴുതനപ്പിള്ളി)



