ഈജിപ്തിലെ വിശുദ്ധ ആന്റണി | St. Anthony of Egypt

കോൺസ്റ്റന്റൈൻ ചക്രവർത്തി, AD 337 ൽ പ്രാർത്ഥനാസഹായം യാചിച്ചുകൊണ്ട് ഈജിപ്തിലെ വിശുദ്ധ ആന്റണിക്ക് ഒരു കത്തെഴുതി. അതുകണ്ട് കൂടെയുള്ള സന്യാസിമാർ അതിശയിച്ചു. ആന്റണി പറഞ്ഞു, ” എന്നെപ്പോലൊരാൾക്ക് ഒരു ചക്രവർത്തി എഴുതിയത് കണ്ട് നിങ്ങൾ അതിശയിക്കേണ്ട ; പക്ഷേ സർവ്വശക്തനായ ദൈവം മനുഷ്യരായ നമ്മോട് സംസാരിച്ചതിൽ അത്ഭുതപ്പെടുവിൻ, അതും അവന്റെ മകൻ വഴിയായി സംസാരിച്ചതിൽ”!!

സന്യാസികളുടെ പിതാവ്

ഈജിപ്തിലെ ആന്റണി ( Abbot) മരുഭൂമിയിലെ ആദ്യത്തെ സന്യാസിയല്ല, പക്ഷേ അവരെല്ലാവരിലും വെച്ച് കൂടുതൽ അറിയപ്പെടുന്നവനാണ്. ഡെയ്കോളൂസ് ( Deicolus) എന്ന പേരുമുണ്ട് അദ്ദേഹത്തിന്. ആ ലാറ്റിൻ പദത്തിന്റെ അർത്ഥം ‘ദൈവത്തോടുള്ള സ്നേഹത്താൽ നിറഞ്ഞവൻ’ എന്നാണ്. അദ്ദേഹത്തിന്റെ മാതൃകയാൽ ആദ്യനൂറ്റാണ്ടുകളിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ തങ്ങളുടെ ഭവനത്തിലെ സുഖസൗകര്യങ്ങൾ വിട്ടെറിഞ്ഞ് മരുഭൂമിയിലെ ഏകാന്തതയിൽ ദൈവത്തെ അറിയുവാൻ കാരണമായി.

ആബട്ട് ( Abbot) എന്ന വാക്കിന്റെ പണ്ടത്തെ അർത്ഥം തിരഞ്ഞെടുക്കപ്പെട്ട മേലധികാരി എന്നായിരുന്നില്ല, മരുഭൂമിയിൽ ഏറെ വർഷങ്ങൾ ജീവിച്ചവൻ, ദൈവദാസൻ ആണെന്ന് തെളിയിച്ചവൻ എന്ന അർത്ഥമായിരുന്നു. ഈ യോഗ്യതകൾ കൂടിയ അളവിൽ അദ്ദേഹത്തിനുണ്ടായിരുന്നു. കിഴക്കുദേശങ്ങളിൽ ‘മരുഭൂമിയിലെ ആദ്യഗുരു’ ആയും ‘വിശുദ്ധ സന്യാസിമാരുടെ പരമകാഷ്ഠ’ ആയും അദ്ദേഹത്തെ കരുതുന്നു.

ഈജിപ്തിലെ വിശുദ്ധ ആന്റണിയെപ്പറ്റി നമ്മൾ കൂടുതൽ അറിയാൻ ഇടവന്നത് അലക്സാണ്ട്രിയയിലെ വിശുദ്ധ അത്തനേഷ്യസ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയതുകൊണ്ടാണ്. The Life of Antony എന്ന പേരിൽ അത്തനേഷ്യസ് എഴുതിയ പുസ്തകം വിശുദ്ധ ജെറോം, വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ പീറ്റർ ഡാമിയൻ തുടങ്ങി വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിനെ വരെ സ്വാധീനിച്ചത് നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്.

താൻ പോയിരുന്നിടത്തെല്ലാം ആന്റണി എങ്ങനെ സമാധാനവും സന്തോഷവും പരത്തിയിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു. വിഷാദത്തിന്റെ ഒരു ലാഞ്ചന പോലും അദ്ദേഹത്തെ കാണുന്നവർക്ക് തോന്നാറേയില്ല.അത്തനേഷ്യസ് എഴുതി, ‘അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷത്തിൽ നിന്നാണ് അപരിചിതർ ശിഷ്യന്മാർക്കിടയിൽ നിന്ന് അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നത് ‘.

സന്യാസത്തിന്റെ ഒരു പ്രധാന സവിശേഷതയായ ‘ലോകത്തിൽ നിന്നുള്ള പലായനത്തിന്റെ’ പ്രതീകമായിത്തീർന്നു ആന്റണി. AD 251 ൽ ഈജിപ്തിൽ ജനിച്ച ആന്റണിയുടെ മാതാപിതാക്കൾ ഉത്തമക്രിസ്ത്യാനികളും അനേകം ഭൂസ്വത്തുള്ളവരും ആയിരുന്നു. ആന്റണിക്ക് 20 വയസ്സുള്ളപ്പോൾ സ്വത്തും കുഞ്ഞിപ്പെങ്ങളെയും അവന്റെ കയ്യിലേൽപ്പിച്ച് അവർ ഈ ലോകം വിട്ടുപോയി.

ഒരിക്കൽ ദേവാലയത്തിലേക്ക് കടക്കുമ്പോൾ ആന്റണി കേട്ടത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈ വാക്കുകളാണ്, “നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക…. പിന്നെ വന്ന് എന്നെ അനുഗമിക്കുക “. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെപ്പോലെ, ഈ വാക്കുകൾ അക്ഷരാർത്ഥത്തിലെടുത്ത ആന്റണി തന്റെ സ്വത്തുക്കൾ അയൽക്കാർക്കും പാവങ്ങൾക്കുമായി വിതരണം ചെയ്തു. തനിക്കും പെങ്ങൾക്കും ജീവിച്ചുപോകാൻ അത്യാവശ്യമായത് മാത്രം കയ്യിൽ വെച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു വചനം ശ്രദ്ധയിൽ പതിഞ്ഞു, “നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത് ” തന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്നത് കൂടെ മറ്റുള്ളവർക്ക് കൊടുത്ത് തന്റെ അനുജത്തിയെ ഒരു കന്യാലയത്തിലാക്കി. കന്യസ്ത്രീകളുടെ കോൺവെന്റിനെ കുറിച്ച് ചരിത്രത്തിൽ ആദ്യമായി നമുക്ക് കിട്ടുന്ന വിവരം അതായിരുന്നു.

ഏകാന്തതയിലേക്ക് പിൻവാങ്ങിയ ആന്റണി പ്രാർത്ഥനയിലും ആത്മീയപുസ്തകവായനയിലും സമയം ചിലവഴിച്ചു. അപ്പം ഇത്തിരി ഉപ്പ് കൂട്ടി കഴിക്കുന്നതിൽ ഭക്ഷണം ഒതുങ്ങി, അതും സൂര്യസ്തമയത്തിന് ശേഷം, ചിലപ്പോൾ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ. വെള്ളമല്ലാതെ ഒന്നും കുടിച്ചില്ല. നിലത്തോ പരുപരുത്ത സ്ഥലത്തോ കിടന്നുറങ്ങി.

പിശാചിന്റെ ആക്രമണമുണ്ടാകുമ്പോൾ അദ്ദേഹം വിളിച്ചുപറഞ്ഞു, ” നിന്റെ അങ്ങേയറ്റം ചെയ്തോളൂ. എന്റെ കർത്താവായ ക്രിസ്തുവിൽനിന്ന് എന്നെ അകറ്റാൻ ഒന്നിനും പറ്റില്ല”. പ്രലോഭനങ്ങൾ അവസാനിച്ചപ്പോൾ ആന്റണി ഈശോയോട് ചോദിച്ചു, നീ എവിടെയായിരുന്നു ഈ നേരമൊക്കെയും? ” ഇങ്ങനെ ഒരു മറുപടി അദ്ദേഹം കേട്ടു, ” ഞാൻ നിന്റെ കൂടെ ഇവിടെ തന്നെയുണ്ടായിരുന്നു “.

35 വയസ്സായപ്പോൾ ലോകത്തിൽ നിന്ന് കൂടുതൽ ഉൾവലിയാൻ വേണ്ടി നൈലിന്റെ കിഴക്കേ ശാഖ കടന്ന് ഒരു മലമുകളിൽ പോയി പാർത്തു. അവിടെ കഴിഞ്ഞ 20 വർഷം, ആറ് മാസത്തിലൊരിക്കൽ തനിക്ക് കുറച്ചു അപ്പം കൊണ്ടു തരുന്ന ഒരാളെ അല്ലാതെ വേറെ ആരെയും കണ്ടില്ല. അനേകം ആളുകൾ ആന്റണിയുടെ മാതൃക പിന്തുടരാൻ ആഗ്രഹിച്ചു.കുറെപ്പേർ മലകയറിപോയി വാതിൽ തകരും വിധം തട്ടിവിളിച്ചു. താഴേക്ക് ഇറങ്ങാൻ ആന്റണി തീരുമാനിച്ചു.

AD 305 ൽ ആദ്യത്തെ സന്യാസസമൂഹത്തെ രൂപീകരിച്ചു. വേർതിരിക്കപ്പെട്ട മുറികളായിരുന്നു അവർക്ക്. ഒരു നിയമവും കൊടുത്തു, ദൈവസ്നേഹത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ളത് . അവസാനത്തേത് എന്നപോലെ ഓരോ പ്രവൃത്തിയും തീക്ഷ്‌ണതയോടെ ചെയ്‌ത് നിത്യജീവിതത്തിനായി ഒരുങ്ങാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അയൽക്കാരോടുള്ള കടമ ഓർമിപ്പിച്ചു.

“ജീവനും മരണവും “, അദ്ദേഹം പറഞ്ഞു, ” നമ്മുടെ അയൽക്കാരെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ അയൽക്കാരെ നേടിയാൽ നമ്മൾ ക്രിസ്തുവിനെ നേടുന്നു. അയൽക്കാരെ അപകീർത്തിപ്പെടുത്തിയാൽ നമ്മൾ ക്രിസ്തുവിനെതിരെ പാപം ചെയ്യുന്നു”. മറ്റു സന്യാസസമൂഹങ്ങൾ പിന്നീട് ഓരോ സമയത്തായി സ്ഥാപിക്കപ്പെട്ടു.

അത്തനേഷ്യസിന്റെ വാക്കുകളിൽ, “കർത്താവ്‌ ആന്റണിയുടെ മേൽ കൃപ ചൊരിഞ്ഞു, അങ്ങനെ അദ്ദേഹം ദുഖിതരെ ആശ്വസിപ്പിച്ചു, അകന്നവരെ ഒന്നിപ്പിച്ചു, ലോകത്തിലെ എല്ലാറ്റിലും വലുതായി ക്രിസ്തുവിനോടുള്ള സ്നേഹത്തെ കരുതാൻ ഉദ്ബോധിപ്പിച്ചു. അങ്ങനെ മലമുകളിലും ആശ്രമങ്ങൾ ഉയർന്നു, തങ്ങളുടെ ആളുകൾക്കിടയിൽ നിന്നും വന്ന് സ്വർഗ്ഗത്തിൽ പൗരത്വമെടുത്ത സന്യാസികളുടെ കോളനികളായി മാറി മരുഭൂമികൾ “.

ചെങ്കടലിന് സമീപം ആന്റണി കൂടുതൽ ഏകാന്തതയിലേക്ക് മാറി. ശിഷ്യനായ മക്കാരിയസ് സന്ദർശകരോട് സംസാരിച്ച് ആത്മീയകാര്യങ്ങളെ പറ്റി സംസാരിക്കുന്നതിൽ തൽപ്പരരായവരെ മാത്രം ആന്റണിക്ക് അരികിലേക്ക് വിട്ടു.

311ൽ മാക്സിമിയന്റെ പീഡനകാലത്ത്, തടവിലായവരെയും വധശിക്ഷക്ക് വിധിക്കപ്പെട്ടവരെയും ധൈര്യപെടുത്താൻ ആന്റണി അലക്സാണ്ട്രിയയിലേക്ക് പോയി. രക്തസാക്ഷിത്വം വരിക്കാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായെങ്കിലും അത് നടന്നില്ല. മലമുകളിലേക്ക് അദ്ദേഹം തിരിച്ചുപോയി.

AD 355 ൽ അത്തനേഷ്യസിന്റെയും മെത്രാന്മാരുടെയും അപേക്ഷയുടെ ഫലമായി ആര്യൻ പാഷണ്ഡതക്കെതിരെ സംസാരിക്കാനായി ആന്റണി വീണ്ടും വന്നു. ജനങ്ങൾ അദ്ദേഹം പറയുന്നത് കേൾക്കാനായി ഒഴുകി. വിജാതീയർ പോലും അദ്ദേഹത്തിന്റെ പ്രഭാവത്തിൽ ആകൃഷ്ടരായി ചുറ്റും കൂടി, ‘ദൈവത്തിന്റെ മനുഷ്യനെ ഞങ്ങൾക്കും കാണണം’ എന്ന് പറഞ്ഞുകൊണ്ട്. അനേകം പേരാണ് അദ്ദേഹം വഴി മതപരിവർത്തനം ചെയ്തത്.

മരണത്തിന് മുൻപ് താൻ രൂപം കൊടുത്ത സമൂഹങ്ങളെ അദ്ദേഹം സന്ദർശിച്ചു. മരണത്തെ പറ്റി മുൻകൂട്ടി പ്രവചിച്ചു. തന്നെ എവിടെ അടക്കണമെന്ന നിർദ്ദേശങ്ങൾ നൽകി.

ജനുവരി 17, 356 ഈ വാക്കുകൾ പറഞ്ഞുകൊണ്ട് ആന്റണി ഈ ലോകം വിട്ട് യാത്രയായി, ” വിട, എന്റെ മക്കളെ, ആന്റണി യാത്ര പറയുകയാണ്, ഇനി നിങ്ങളോട് കൂടി ഉണ്ടാവില്ല “. അദ്ദേഹത്തിന് 105 വയസ്സായിരുന്നു. ഒരു അസുഖവും അപ്പോഴുമുണ്ടായില്ല, വ്യക്തമായി എല്ലാം കാണാൻ കഴിഞ്ഞിരുന്നു, പല്ലുകൾക്ക് ഒരു കേട് പോലുമുണ്ടായില്ല. അദ്ദേഹത്തിന്റെ ആശ്രമത്തിന് സമീപം പറഞ്ഞിരുന്ന പോലെ അവർ അടക്കി.

561 ൽ ഈജിപ്തിലെ ആന്റണിയുടെ ശരീരം ആദ്യം അലക്സാണ്ട്രിയയിലേക്കും പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലേക്കും അവസാനം ഫ്രാൻസിലെ വിയന്നയിലേക്കും കൊണ്ടുപോയി.

Life of Antony യിൽ അത്തനേഷ്യസ് എഴുതി…

“ആന്റണി സംസാരിച്ചപ്പോൾ എല്ലാവരും ആനന്ദിച്ചു: കുറേപേരിൽ നന്മയോടുള്ള സ്നേഹം വർദ്ധിച്ചു, കുറേപേരിൽ മന്ദോഷ്ണതയും അഹങ്കാരവും ഇല്ലാതായി; പിശാചിന്റെ ആക്രമണത്തെ ചെറുക്കാൻ ഉദ്ബോധനം ലഭിച്ചു, ആത്മാക്കളെ വിവേചിച്ചറിയാൻ ആന്റണിക്ക് ദൈവം നൽകിയ കൃപയിൽ അവർ അതിശയിച്ചു. മലമുകളിലുള്ള ആശ്രമങ്ങൾ ആരാധനാലയങ്ങളായി. സങ്കീർത്തനങ്ങൾ പാടുന്ന, ഉപവസിക്കുന്ന, പ്രാർത്ഥിക്കുന്ന, വരാനിരിക്കുന്നവയിൽ ആനന്ദിക്കുന്ന, വചനം വായിക്കുന്ന, പാവങ്ങൾക്ക് ദാനം നൽകുന്ന, പരസ്പരം സ്നേഹവും ഒരുമയും കാത്തുസൂക്ഷിക്കുന്ന ജനങ്ങളെക്കൊണ്ട് മലകളിലെ ആശ്രമങ്ങൾ നിറഞ്ഞു”…

ഈജിപ്തിലെ വിശുദ്ധ ആന്റണിയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s