വാഴ്ത്തപ്പെട്ട യൂസേബിയ | Blessed Eusebia Palomino Yenes

ഡിസംബർ 15, 1899ന് സ്പെയിനിലെ കാന്റൽപിനോയിൽ ഒരു കുഞ്ഞു പെൺകുട്ടി ജനിച്ചു. ഡോൺ പെഡ്രോ സാഞ്ചസ് ആണ് സെന്റ് പീറ്റർ ദ് അപ്പോസ്ൽ പള്ളിയിൽ വെച്ച് അവൾക്ക് മാമോദീസ നൽകിയത്. മാമോദീസ രജിസ്റ്ററിൽ 62 എന്ന നമ്പറിട്ട് അദ്ദേഹം എഴുതി, ” അഗസ്റ്റിൻ പാലോമിനോയുടെയും ജോവാന യെനെസിന്റെയും മകളായ യൂസേബിയ എന്ന പെൺകുഞ്ഞിന് ഞാൻ മാമോദീസ നൽകി ” ആ രജിസ്റ്ററിൽ അത് ആ കൊല്ലത്തെ അവസാന രേഖപ്പെടുത്തൽ ആയിരുന്നു. ആ നൂറ്റാണ്ടിലേയും!

മുപ്പത്തിയാറ് വർഷങ്ങൾക്കു ശേഷം അപ്പോഴത്തെ ഇടവകവൈദികൻ ഡോൺ ജീസസ് ഡി മോറ, ആ രജിസ്റ്റർ വീണ്ടും തുറന്ന് ഈ വാക്കുകൾ കൂട്ടിച്ചേർത്തു , ‘ ഒരു സലേഷ്യൻ സിസ്റ്ററായി ജീവിച്ച്, വിശുദ്ധിയുടെ പരിമളത്തോടെ വൽവേർദേയിൽ, 1935 ഫെബ്രുവരി 10ന് മരിച്ചു. അവളുടെ ഭൗതികശരീരം പൊതുജനദർശനത്തിനായി രണ്ട് ദിവസം വെച്ചിരുന്നു, ജനങ്ങൾ നിരനിരയായി കൊന്തയും മറ്റ് ഭക്തവസ്തുക്കളും അവളുടെ ശരീരത്തെ തൊടുവിച്ച് എടുത്തു. ആ മുനിസിപ്പാലിറ്റിയിലെ എല്ലാവരും തന്നെ ശവസംസ്കാരത്തിന് വന്നിരുന്നു “…

അഗസ്റ്റിനും ജോവാനക്കും ജനിച്ച അഞ്ചുമക്കളിൽ യൂസേബിയയും രണ്ട് സഹോദരിമാരും ഒഴികെ, രണ്ട് സഹോദരർ ചെറുപ്പത്തിൽ തന്നെ മരിച്ചു. അവരുടെ കുടുംബം കാന്റൽപിനോയിലെ തന്നെ ഏറ്റവും ദരിദ്ര കുടുംബമായിരുന്നു. മാർച്ച്‌ മുതൽ സെപ്റ്റംബർ വരെ മാത്രം കൃഷിപ്പണി ഉണ്ടാവാറുള്ള അഗസ്റ്റിന് ബാക്കി സമയങ്ങളിൽ ജോലി ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർക്ക് വിശപ്പടക്കാനുള്ള ഭക്ഷണം പലപ്പോഴും വീട്ടിൽ ഉണ്ടായിരുന്നില്ല, എങ്കിലും യൂസേബിയ എപ്പോഴും സന്തോഷവതിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അപ്പനുമമ്മയും മക്കൾക്ക് നല്ല ജീവിതമാതൃകകളാണ് പകർന്നു നൽകിയത്.

എഴുവയസ്സുള്ള ഭിക്ഷക്കാരി

അവൾക്ക് ഏഴ് വയസ്സുള്ളപ്പോൾ , ഭിക്ഷ യാചിക്കുന്ന തന്റെ പിതാവിന്റെ കൂടെ പോവേണ്ടതുകൊണ്ട് അവൾ സ്കൂളിൽ പോയില്ല. തന്റെ കഷ്ടപ്പാടിനെക്കുറിച്ചോ നാണക്കേടിനെക്കുറിച്ചോ ഒട്ടും ബോധവതിയല്ലാതിരുന്ന നിഷ്കളങ്കയായ ആ കുഞ്ഞ് കുരുവികളെയും അരുവികളെയും ട്രെയിനും ഒക്കെ കണ്ട് തുള്ളിചാടി, മരം കോച്ചുന്ന തണുപ്പത്തും ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നടന്ന്, ഓരോ വീട്ടിൽ എത്തുമ്പോഴും തന്റെ കുഞ്ഞിക്കൈ നീട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു, “ദൈവസ്നേഹത്തെപ്രതി ഒരപ്പക്കഷ്ണം തരുമോ?”

8 വയസ്സുള്ളപ്പോഴായിരുന്നു ദിവ്യകാരുണ്യഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ച. ” ആ ദിവസത്തെപറ്റി ഓർക്കുമ്പോൾ എന്റെ ആത്മാവിലുണ്ടായ അനുഭവങ്ങൾ ഓർത്ത് എന്റെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറയും. വേറെ ഒന്നുമല്ല, മരിച്ച് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഈശോയുടെ കൂടെ ആകുന്നതായിരുന്നു എന്റെ സ്വപ്നം. അവൻ പറഞ്ഞു, ” വേണ്ട, നി ഇവിടെതന്നെ ഉണ്ടാവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കൽ നീയൊരു സന്യാസിനിയാവും, നീ യുവാക്കൾക്കായി പ്രാർത്ഥിക്കുകയും അവർക്കായി നിന്നെത്തന്നെ വിശുദ്ധമായ ബലിയായി അർപ്പിക്കുകയും ചെയ്യും”.

എട്ടാം വയസ്സിൽ വീട്ടുവേലക്കാരി

പ്രാഥമിക വിദ്യാഭ്യാസം ഒരു കൊല്ലം മാത്രം പിന്നിട്ടപ്പോൾ തന്നെ യൂസേബിയക്ക് പഠിപ്പ് നിർത്തേണ്ടി വന്നു. അപ്പോൾ ആകെ കിട്ടാൻ സാധ്യതയുള്ള ജോലിയായ വീട്ടുവേലക്കായി മക്കളെ അയക്കേണ്ടി വന്നു പാവപ്പെട്ട മാതാപിതാക്കൾക്ക്. അവർ മക്കളോട് പറഞ്ഞു, ” നമ്മൾ ദരിദ്രരാണ്, പക്ഷേ നിങ്ങൾ സത്യസന്ധത കൈവിടരുത്. നിങ്ങളുടേതല്ലാത്ത ഒന്നും കൈവശം വെക്കരുത്. ജോലി ചെയ്യുമ്പോൾ എന്ത് കണ്ടുകിട്ടിയാലും അത് വീട്ടുടമക്ക് കൊടുക്കണം. എപ്പോഴും ബഹുമാനത്തോടെയും അനുസരണയോടെയും പെരുമാറുക”.

എട്ടു വയസ്സ് മുതൽ 12 വരെ അവൾ ബേബിസിറ്റർ ആയും വേലക്കാരി ആയും വീടുകളിൽ പണിയെടുത്തു, പിന്നീട് ആരുമില്ലാത്ത വൃദ്ധരെ നോക്കുന്ന ഒരു സ്ഥാപനത്തിലും. എല്ലാ ഞായറാഴ്ചയും സലേഷ്യൻ സിസ്റ്റേഴ്സ് നടത്തുന്ന ഒരു ഓറട്ടറിയിൽ പോകുമായിരുന്നു. അവളുടെ പക്വതയും ഉത്തരവാദിത്വവും കണ്ട് അവരെ സഹായിക്കാൻ കൂടാമോ എന്നവർ ചോദിച്ചു. 1917 ഡിസംബറിൽ അവർ അവരുടെ കൂടെയായി.

വിറക് ശേഖരിക്കാനും സ്കൂൾ വൃത്തിയാക്കാനും അടുക്കളയിലും അവൾ അവരെ സഹായിച്ചു. കുട്ടികൾ അവളിൽ എന്തോ പ്രത്യേകത കണ്ടെത്തി, അവളുടെ കൂടെ ആയിരിക്കാനും അവളുടെ സംസാരം കേൾക്കാനും അവർ ശ്രമിച്ചു. വാക്കുകളെക്കാൾ കൂടുതൽ അവളുടെ ജീവിതവും ലളിതമായ വഴികളും അവരെ അവളിലേക്ക് ആകർഷിച്ചു.

ഇരുപത്തിനാലാം വയസ്സിൽ സലേഷ്യൻ സഭയിൽ

ദരിദ്രമായ ചുറ്റുപാടും വിദ്യാഭ്യാസത്തിന്റെ കുറവും ഉള്ളതുകൊണ്ട് തനിക്കും ഒരു സലേഷ്യൻ സിസ്റ്റർ ആകാൻ പറ്റുമോ എന്ന് അധികാരികളോട് ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. അവൾ വിചാരിച്ചു, “പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തെ പ്രതി, ഞാനിവിടുള്ള പണികളൊക്കെ നന്നായി ചെയ്‌താൽ ഒരിക്കൽ ഞാൻ അവളുടെ മകളായി ഈ സഭാസമൂഹത്തിലെ അംഗമാകും”.

അവളുടെ ആഗ്രഹം അവിടം സന്ദർശിച്ച ഒരു സുപ്പീരിയരോട് പങ്കുവെച്ചു. അവളോട് വിഷമിക്കണ്ടെന്ന് പറഞ്ഞ മേലധികാരി, മദർ ജനറലിന്റെ പേരിൽ അവളെ സഭയിലേക്ക് സ്വീകരിച്ചു. 1922 ൽ പോസ്റ്റുലന്റ് ആയി പരിശീലനം തുടങ്ങി.1922 ൽ ബാർസിലോണയിൽ നോവീഷ്യെറ്റിലേക്ക് പ്രവേശിച്ചു , രണ്ട് വർഷത്തിന് ശേഷം വ്രതവാഗ്ദാനം ചെയ്തു. വൽവേർദേയിലേക്ക് മാറ്റം കിട്ടി പോയി.

വൽവേർദേയിലെ വിനീതസന്യാസിനി

അവിടെയെത്തി ആദ്യദിവസം തന്നെ സ്‌കൂളിലെയും ഓറട്ടറിയിലെയും കുട്ടികൾ അവളെ പരിഹസിക്കാൻ തുടങ്ങി. “പൊക്കം കുറഞ്ഞ് വിരൂപയായിരുന്ന അവളുടെ കൈകൾക്ക് നീളം കൂടുതലായിരുന്നു. പോരാത്തതിന് പറ്റിയ ഒരു പേരും.. “. പക്ഷേ യൂസേബിയക്ക്, തന്റെ പ്രിയനായ കർത്താവിന്റെ കൂടെ താൻ ഒരു രാജാകൊട്ടാരത്തിൽ കഴിയുന്ന പ്രതീതിയായിരുന്നു അപ്പോഴെല്ലാം, ആ കളിയാക്കലുകളൊന്നും അവളെ ബാധിച്ചതേയില്ല. അടുത്ത ദിവസം തൊട്ട് തന്നെ ഉടുപ്പിന്റെ കയ്യൊക്കെ മടക്കി വെച്ച് അടുക്കളയിലും വസ്ത്രം അലക്കാനും വാതിൽകാവൽക്കാരി ആയും തോട്ടപ്പണിയിലും ഓറട്ടറിയിലെ കുട്ടികളോട് സംസാരിക്കുന്നതിലുമൊക്കെ വ്യാപൃതയായി.

അധികം താമസിയാതെ കുട്ടികൾ, അവൾ വിശുദ്ധരുടെയും മിഷനറിമാരുടെയും സഭാസ്ഥാപകനായ പെട്ട ഡോൺ ബോസ്കോയുടെയുമൊക്കെ ജീവിതത്തിലെ സംഭവങ്ങൾ അവൾ പറയുന്നതുകേട്ട് ചുറ്റും കൂടാൻ തുടങ്ങി.അവളിലെന്തോ അസാധാരണമായി ഉണ്ടെന്ന് അവളുടെ സംസാരം കേൾക്കുന്നവർക്ക് തോന്നാൻ തുടങ്ങി. താമസിയാതെ കുട്ടികളുടെ മാതാപിതാക്കൾ, യുവാക്കൾ, സെമിനാരിയിൽ പഠിക്കുന്നവർ, വൈദികർ ഒക്കെ അവളുടെ ആത്മീയോപദേശങ്ങൾക്കായി ചുറ്റും കൂടാൻ തുടങ്ങി, വിദ്യാഭ്യാസമോ ദൈവശാസ്ത്രപാണ്ഡിത്യമോ ഇല്ലെങ്കിലും അവളിൽ ദൈവിക ജ്ഞാനം വേണ്ടുവോളം നിറഞ്ഞിരുന്നു. പ്രവചനവരവും ദർശനവരവും എന്നുവേണ്ട നിരവധി അത്ഭുതങ്ങളാണ് അവൾ വഴി നടന്നിട്ടുള്ളത്.

യൂസേബിയ വൽവേർദേയിൽ വന്ന് കുറച്ചു കൊല്ലങ്ങൾക്ക് ശേഷം പുതിയ പ്രൊവിൻഷ്യാളമ്മയായ മദർ കോവി ബാർസിലോണയിലെ അവരുടെ ഒരു ഭവനം സന്ദർശിക്കുകയായിരുന്നു. പുതിയ സന്യാസാർത്ഥിനികളോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ഓരോരുത്തരായി പറഞ്ഞു ” വൽവേർദേയിൽ നിന്ന് “, “വൽവേർദേയിൽ നിന്ന് “, “വൽവേർദേയിൽ നിന്ന് “!! “എന്താണ് നിങ്ങളെ എല്ലാവരെയും ഇവിടെ എത്തിച്ചത്?” മദർ ചോദിച്ചു. “അവിടെ അടുക്കളയിൽ ജോലി ചെയ്യുന്ന ഒരു സിസ്റ്ററുണ്ട്, ആ സിസ്റ്റർ അത്ര നല്ല കഥകളും കാര്യങ്ങളുമാണ് ഞങ്ങളോട് പറയാറുള്ളത്!!”അവർ ഒന്നടങ്കം പറഞ്ഞു.

സിസ്റ്റർ യൂസേബിയയുടെ പേരിലുള്ള അത്ഭുതങ്ങൾ വായിച്ചാൽ അതെല്ലാം മുത്തശ്ശിക്കഥ ആണോ എന്ന് സംശയം തോന്നും. ആ സംഭവങ്ങളെല്ലാം ‘Incredible, yet true ‘ എന്ന പുസ്തകത്തിൽ മദർ ഡൊമിനിക്ക ഗ്രാസിയാനോ രേഖപ്പെടുത്തിയിട്ടുള്ളതും പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് ജീവിച്ചിരുന്ന സാക്ഷികൾ അതെല്ലാം പരിശോധിച്ച് സമ്മതിച്ചിട്ടുള്ളതുമാണ്. ദൈവകൃപ വെളിപ്പെടുത്തുന്ന സംഭവങ്ങൾ ഏറെയുണ്ടെങ്കിലും ചിലത് മാത്രം പറയാം.

പ്രൊവിൻഷ്യൽ , മദർ കോവി വൽവേർദേയിലെ അവരുടെ ഭവനം സന്ദർശിക്കുകയായിരുന്നു. വരുന്ന ദിവസം അറിയാമായിരുന്ന യൂസേബിയ മദറിന്റെ ഇഷ്ടവിഭവമായ ചീരക്കറി ഉണ്ടാക്കാനായി തോട്ടത്തിൽ കുറച്ചു ചീര നട്ടിരുന്നു. പക്ഷേ തീരെ മഴ പെയ്തിട്ടുണ്ടായില്ല അന്നാളുകളിൽ . ആ ദിവസമെത്തിയപ്പോൾ അവൾ തോട്ടത്തിൽ നിന്ന് കർത്താവിനോട് ഇങ്ങനെ പറയുന്നത് കാർമൻ ബെഗ്വർ കേട്ടു, ” കഴിഞ്ഞ ദിവസങ്ങളിൽ നീ കുറച്ചു മഴ തന്നിരുന്നെങ്കിൽ അത്താഴത്തിനു വേണ്ടി ഒരുക്കാൻ കുറച്ചെന്തെങ്കിലും എനിക്ക് കിട്ടിയേനെ”. അപ്പോഴാണ് അടുക്കളയിൽ ഒരു പാത്രം അടുപ്പത്തു വെച്ചിരുന്നത് യൂസേബിയ ഓർത്തത്. അടുക്കളയിലേക്ക് ഓടിയ അവൾ തിരിച്ചു വരുമ്പോഴേക്കും ആ തൈകൾ എല്ലാം വലുതായി വളർന്നു നിൽക്കുന്നതാണ് കണ്ടത്. മദറിന് സ്വാദിഷ്ടമായ ചീരതോരൻ കഴിക്കാൻ കിട്ടുകയും ചെയ്തു.

തോട്ടത്തിലെ കിണർ വറ്റിവരണ്ടിരുന്നു. യൂസേബിയ ഒരു കിണറുകഴിക്കുന്ന ആളെ വരുത്താൻ സുപ്പീരിയറിനോട് പറഞ്ഞു കുറച്ചൂടെ ഒന്ന് കുഴിച്ചുനോക്കാനായി. അയാൾ കിണറ്റിലിറങ്ങി ഓരോ കല്ലുകളിൽ ചുറ്റിക കൊണ്ട് അടിച്ചുനോക്കുകയായിരുന്നു. ഒരു കല്ല് പെട്ടെന്ന് മാറിയതും വെള്ളത്തിന്റെ പ്രവാഹം കിണറ്റിലേക്ക് വലിയ അളവിൽ പതിക്കാൻ തുടങ്ങി. അയാൾ മുങ്ങി ചാവുമെന്ന അവസ്ഥ വന്നപ്പോൾ ഉറക്കെ സഹായത്തിനായി നിലവിളിച്ചു.

അപ്പോൾ യൂസേബിയയും ഗ്രിഗോറിയ ക്രൂസ് എന്ന് പേരുള്ള ഒരു കൊച്ചു പെൺകുട്ടിയും അല്ലാതെ അവിടെ ആരുമുണ്ടായില്ല. അവർ കിണറ്റിൻകരയിലേക്കോടി. യൂസേബിയ കഴുത്തിൽ നിന്ന് കുരിശുരൂപം ഊരിയെടുത്തു മുകളിലേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ച് അയാൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് പറഞ്ഞു, “അത് പിടിക്ക്!!” വെള്ളം ചാടുന്നത് നിന്നു. അയാൾ കേറിവന്ന് നന്ദി പറഞ്ഞുകൊണ്ട് കുരിശുരൂപം യൂസേബിയക്ക് കൊടുത്തു. അവൾ അത് ഗ്രിഗോറിയ ക്രൂസ് എന്ന, കൂടെയുള്ള പെൺകുട്ടിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു, ” എന്റെ സമ്മാനമായി ഇത് വെച്ചോളൂ. ഒരിക്കൽ നിനക്ക് ഇതുകൊണ്ട് ഉപകാരമുണ്ടാവും”.

പിൽക്കാലത്ത് ഗ്രിഗോറിയ ക്രൂസ് അന്റോണിയോ വില്ലേഗ എന്ന് പേരുള്ള ഒരാളെ വിവാഹം കഴിച്ചു. അന്റോണിയോ ഒരു ദിവസം ഒരു ഏണിയിൽ കേറി നിന്ന് ചുവരിൽ ആണി തറക്കവേ അതിൽ നിന്ന് വീണു, ഏണി ആളുടെ മുകളിലേക്കും വീണു. നട്ടെല്ലിന് പൊട്ടലുണ്ടായി. ഇനിയൊരിക്കലും എഴുന്നേറ്റു നടക്കാൻ പറ്റില്ലെന്നായി. ഡോക്ടർ പറയുന്നത് കേട്ട് കരഞ്ഞു കൊണ്ട് കിടക്കക്കരികിൽ നിന്ന ഗ്രിഗോറിയക്ക് സിസ്റ്റർ കൊടുത്ത കുരിശുരൂപത്തിന്റെ കാര്യം ഓർമ വന്നു. അവൾ ഓടിപ്പോയി അതെടുത്തു കൊണ്ടുവന്ന് അത് ചുംബിച്ച്, പതുക്കെ ഭർത്താവിന്റെ പുറകിൽ അതുകൊണ്ട് തൊട്ടുകൊണ്ടിരിക്കുമ്പോൾ യൂസേബിയ സിസ്റ്റർ അവളെ പഠിപ്പിച്ച ഈശോയുടെ തിരുമുറിവുകളുടെ പ്രാർത്ഥന ചൊല്ലി. രാത്രി കടന്നുപോയി. കാലത്ത് അന്റോണിയോക്ക് തല ഉയർത്താൻ പറ്റി, ആള് ആദ്യം ഇരുന്നു പിന്നെ എഴുന്നേറ്റു നിന്നു, നടന്നു. ഡോക്ടർ വന്നു പരിശോധിച്ചു. ഒടിവിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു!!

ജൊസേഫ ഓറട്ടറിയിൽ വരാറുള്ള ഒരു കുട്ടി ആയിരുന്നു. യുദ്ധം നടക്കുമ്പോൾ അവളുടെ ചേട്ടൻ മൊറോക്കോയിൽ പട്ടാളത്തിലായിരുന്നു. ഒരു മാസത്തിൽ അധികമായി എഴുത്ത് കിട്ടിയിട്ട്. യുദ്ധത്തിൽ അപകടം പറ്റിക്കാണുമെന്ന് വിചാരിച്ച് ജൊസേഫയും അമ്മയും ഓറട്ടറിയിൽ വന്ന് ‘ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ‘ രൂപത്തിന് മുൻപിൽ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. അവരെക്കണ്ട യൂസേബിയ കാര്യം അന്വേഷിച്ചു.എന്നിട്ട് അവരോട് പറഞ്ഞു, “കരയേണ്ട മാഡം,നിങ്ങളുടെ മകൻ സുഖമായിരിക്കുന്നു. ആൾക്ക് 5 കിലോ വെയ്റ്റ് കൂടിയിട്ടുണ്ട്. XYZ എന്ന ക്യാമ്പിലെ (കൃത്യമായ കോഡ് ആണ് പറഞ്ഞത് ) ടെലിഫോൺ ഒപ്പേററ്റർ ആണിപ്പോൾ. മൂന്ന് എഴുത്തുകൾ നിങ്ങൾക്ക് എഴുതിയിട്ടുണ്ട് പോസ്റ്റ്‌ താമസിച്ചതാണ്. പേടിക്കണ്ട. ഞാൻ പ്രാർത്ഥിക്കാം”. മൂന്ന് ദിവസം കഴിഞ്ഞു പോസ്റ്റുമാൻ മൂന്ന് കത്തുകൾ കൊണ്ടുവന്ന് കൊടുത്തു. അതിലെ വിവരങ്ങൾ യൂസേബിയ പറഞ്ഞത് തന്നെയായിരുന്നു!!

ബോർഡിങ്ങിൽ താമസിക്കുന്ന കുറേ കുട്ടികൾക്ക് ഓംലെറ്റ് ഉണ്ടാക്കേണ്ടിയിരുന്നു. കോഴികൂടുകളിൽ മുട്ട തപ്പാൻ പോയവർക്ക് ഒന്നും കിട്ടിയില്ല. യൂസേബിയ ഒന്ന് പോയി നോക്കി തിരിച്ചു വന്നപ്പോൾ കയ്യിലെ കൂട നിറയെ മുട്ടകൾ!!

ഒരു കുടുംബം അവരുടെ സമ്പാദ്യമൊക്കെ കൂട്ടിവെച്ച് മലമുകളിൽ ഒരു വീട് പണിയുകയായിരുന്നു. ചുവരുകൾ മേൽക്കൂരയോളം എത്തിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് കാലാവസ്ഥ മാറി മഴ ഇപ്പോൾ പെയ്യുമെന്ന അവസ്ഥയായി. മഴ പെയ്താൽ അതുവരെ ചെയ്തതൊക്കെ നശിച്ചു പോവുകയും ചെയ്യും. ” മഴ പെയ്യാതിരിക്കാൻ ഒന്ന് പ്രാർത്ഥിക്കാമോ? ” ആ മനുഷ്യൻ യൂസേബിയയോട് ചോദിച്ചു.

മേഘങ്ങളെ നോക്കി അവൾ പറഞ്ഞു, “സർ, ഭൂമിക്ക് മഴ വളരെ ആവശ്യമുള്ള സമയമാണല്ലോ. കുറേ ആയി പെയ്തിട്ട്. വിഷമിക്കണ്ട, ഞാൻ പ്രാർത്ഥിക്കാം”. രാത്രി മുഴുവൻ തുള്ളിക്കൊരു കുടം പോലെ മഴ പെയ്തു. പ്രഭാതത്തിൽ ആ മനുഷ്യൻ മലമുകളിലേക്കോടി. എല്ലാം വെള്ളത്തിൽ വീണു പോയിട്ടുണ്ടാകുമെന്ന് വിചാരിച്ച് അങ്ങോട്ട് നോക്കിയ ആ മനുഷ്യൻ വാ പൊളിച്ചു നിന്നുപോയി. പണിയുന്ന ആ കെട്ടിടത്തിൽ ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ല. ബാക്കി എല്ലായിടത്തും വെള്ളമുണ്ട്.

ഇതുപോലെ ഒരുപാടുണ്ട് പറയുകയാണെങ്കിൽ.

അവസാന സമർപ്പണം

1930 ന്റെ തുടക്കത്തിൽ സ്പെയിനിൽ പ്രശ്നങ്ങളും കത്തോലിക്കാസഭക്ക് എതിരെ പീഡനങ്ങളും വർദ്ധിച്ചു. സ്പെയിനിന്റെ രക്ഷക്കായി അവൾ അവളെത്തന്നെ ഒരു ബലിയാത്മാവായി അർപ്പിച്ചു. അത് സ്വീകരിക്കപ്പെട്ടു. 1932 ഓഗസ്റ്റിൽ അവൾക്ക് ഒരു അജ്ഞാതരോഗം പിടിപെട്ടു. അവയവങ്ങൾ കാറ്റ് നിറഞ്ഞ പോലെ വീർത്ത് ഒരു നൂലുണ്ട പോലെ അവൾ ആയിത്തീരുന്ന അസുഖം എന്താണെന്ന് ഡോക്ടർമാർക്ക് മനസ്സിലായില്ല.മുൻപ് ചെറുതായി ഉണ്ടായിരുന്ന ആസ്ത്മ ഇപ്പോൾ വളരെ കൂടുതലായി.

സഹിക്കാനാവാത്ത വേദന ഉണ്ടായിരുന്നെങ്കിലും സിസ്റ്റർ യൂസേബിയ എല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ചാനൽ പോലെ ആയിരുന്നു. ചുറ്റുമുള്ളവരോട് വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറി. അവളെ പരിചരിക്കുന്നവരോട് എപ്പോഴും നല്ല വാക്കുകൾ പറഞ്ഞു.

ഫെബ്രുവരി 10, 1935ന് ആണ് അവൾ ദിവ്യസന്നിധിയിലേക്ക് യാത്രയാത്തത്. അവളുടെ വേർപാടിന് ശേഷം വൽവേർദേയിലെങ്ങും ഈ വാക്കുകൾ പ്രതിധ്വനി പോലെ അലയടിച്ചു കൊണ്ടിരുന്നു. “ഒരു വിശുദ്ധ മരിച്ചിരിക്കുന്നു”. ഓറട്ടറിയിലെ കുട്ടികൾ ഓർത്തു യൂസേബിയ അവരോട് പറഞ്ഞിരുന്നത്, അവൾ മരിക്കുമ്പോൾ വിലാപത്തിന്റെ മണിയല്ല സന്തോഷത്തിന്റെ പള്ളിമണിയാണ് മുഴങ്ങുക എന്ന്. സംസ്കാരയാത്ര തുടങ്ങിയപ്പോഴേക്ക് ടൗണിലെ ഒരു പെൺകുട്ടി മരിച്ചതുകൊണ്ട്, കൊച്ചുകുട്ടികൾ മരിക്കുമ്പോഴുള്ള അന്നത്തെ പതിവനുസരിച്ച് സന്തോഷത്തിന്റെ കൂട്ടമണിയാണ് അടിച്ചത്. യൂസേബിയയുടെ പ്രവചനം നിറവേറിയതിൽ കുട്ടികൾ ആശ്ചര്യപ്പെട്ടു.

വൽവേർദെയിൽ മാർച്ച്‌ 1935ലെ പാരിഷ് ബുള്ളറ്റിനിൽ ഇങ്ങനെ എഴുതിയിരുന്നു. ” സിസ്റ്റർ യൂസേബിയ വളരെ എളിമയുള്ള, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കയായ, ഭക്തി തീക്ഷ്‌ണതയാൽ നിറഞ്ഞ ഒരു സന്യാസിനിയായിരുന്നു. അവളുടെ ആത്മാവിലെ തോട്ടത്തിൽ എല്ലാ പുണ്യങ്ങളും അത്ഭുതകരമായി വളർന്നു. അനേകം യുവജനങ്ങൾക്ക് ഉത്തമ ആത്മീയോപദേശങ്ങളും പ്രചോദനവും , ദൈവസ്നേഹത്താലുള്ള എരിവും മാതൃകാപരമായ ജീവിതത്തിന്റെ സത്യവും തുളുമ്പുന്ന അവളുടെ വാക്കുകളിൽ നിന്ന് ലഭിച്ചു. നമ്മുടെ കർത്താവിന്റെ തിരുമുറിവുകളോടുള്ള വണക്കവും പരിശുദ്ധ മാതാവിനോടുള്ള വിധേയത്വവും ആയിരുന്നു അവളുടെ തീവ്ര ആത്മീയ ജീവിതത്തിലെ ആയുധങ്ങൾ. അവളുടെ ചെറിയ ജീവിതത്തിന്റെ അവസാനശ്വാസം വരെ അത് കൂടെയുണ്ടായിരുന്നു “.

അവളുടെ അവസാന വാക്കുകൾ ഇങ്ങനെ ആയിരുന്നു, “ഓ സിസ്റ്റർമാരെ, ബലി എത്ര സുന്ദരമാണ്! അനുസരണം എത്ര മനോഹരമാണ്!’

അവളുടെ ദരിദ്രപശ്ചാത്തലം ഒരിക്കലും അവളെ വിഷമിപ്പിച്ചില്ല, ” ദാരിദ്ര്യം എന്റെ വൈശിഷ്ട്യവസ്ത്രമാണ്. ഞാനതിൽ ആനന്ദം കണ്ടെത്തുന്നു”

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അവൾ ഉയർത്തപ്പെടുമ്പോൾ ലോസ്സർവത്തോരെ റൊമാനോ ഏപ്രിൽ 25, 2004 ൽ അവളുടെ ജീവിതത്തെ ഇങ്ങനെ ചുരുക്കിപറഞ്ഞു, “കർത്താവിന്റെ സ്നേഹിക്കുകയും അവനെ സേവിക്കുകയുമാണ് എല്ലാറ്റിലും വലുത് എന്ന് പ്രസ്താവിച്ച ഒരു സലേഷ്യൻ സിസ്റ്റർ “..

Happy Feast of Blessed Eusebia Palomino Yenes.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a comment