February 12 അനിയാനയിലെ വിശുദ്ധ ബനഡിക്ട്

⚜️⚜️⚜️ February 1️⃣2️⃣⚜️⚜️⚜️ അനിയാനയിലെ വിശുദ്ധ ബനഡിക്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി കൊണ്ട് ഏതാണ്ട് മൂന്ന്‍ വര്‍ഷത്തോളം വിശുദ്ധന്‍ രാജധാനിയിലെ തന്റെ സേവനം തുടര്‍ന്നു.

774-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ സൈനീക നടപടികള്‍ക്കിടക്ക് പാവിയക്ക് സമീപമുള്ള ടെസിന്‍ നദിയില്‍ മുങ്ങികൊണ്ടിരുന്ന തന്റെ സഹോദരനെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട വിറ്റിസാ ലൗകീക ജീവിതം ഉപേക്ഷിക്കുവാനായി പ്രതിജ്ഞയെടുത്തു. അതേതുടര്‍ന്ന്, വിറ്റിസാ ഫ്രാന്‍സിലെ ഡിജോണിനു സമീപമുള്ള സെന്റ്‌ സെയിനെയിലെ ഒരു ബെനഡിക്ടന്‍ സന്യാസിയായി തീരുകയും ബെനഡിക്ട് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ആശ്രമാധികാരികള്‍ അദ്ദേഹത്തെ ആശ്രമത്തിലെ കലവറ സൂക്ഷിപ്പുകാരനായി നിയമിച്ചു. വെറും നിലത്ത് കിടന്നുറങ്ങികൊണ്ടും, വെള്ളവും അപ്പവും മാത്രം ഭക്ഷണമാക്കി കൊണ്ടും രാത്രിമുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി കൊണ്ടും, ശൈത്യകാലങ്ങളില്‍ നഗ്നപാദനായി സഞ്ചരിച്ചുകൊണ്ടും ഏതാണ്ട് രണ്ടര വര്‍ഷത്തോളം അദ്ദേഹം അവിടെ ചിലവഴിച്ചു. തനിക്ക് നേരേ ഉയര്‍ന്ന അവഹേളനങ്ങളെ വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. കണ്ണുനീരും, ആത്മീയ കാര്യങ്ങളിലുള്ള ജ്ഞാനവും ആയിരുന്നു ദൈവം വിശുദ്ധനായി കരുതിവെച്ചിരുന്ന സമ്മാനങ്ങള്‍.

ആശ്രമാധിപതി മരണപ്പെട്ടതിനെ തുടര്‍ന്ന് ആ സ്ഥാനം വിശുദ്ധന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും വിശുദ്ധന്‍ അത് നിഷേധിച്ചു. കാരണം അവിടത്തെ സഹോദരന്‍മാര്‍ ആത്മീയ നവീകരണത്തിനു താല്‍പ്പര്യമില്ലാത്തവരാണെന്ന കാര്യം വിശുദ്ധന് അറിയാമായിരുന്നു. 779-ല്‍ ലാന്‍ഗൂഡോക്കിലുള്ള തന്റെ സ്വന്തം നാട്ടില്‍ വിശുദ്ധന്‍ തിരികെ എത്തി. അവിടെ അനിയാനേക്ക് സമീപമുള്ള ബ്രൂക്കില്‍ സന്യാസ ജീവിതം നയിച്ചുവന്നു. കാലക്രമേണ ദൈവീക മനുഷ്യനായ വിഡ്മാറിനെപോലെയുള്ള നിരവധി ശിക്ഷ്യന്‍മാര്‍ വിശുദ്ധനുണ്ടായി. 782-ല്‍ അദ്ദേഹം അവിടെ ഒരാശ്രമവും ഒരു ദേവാലയവും പണികഴിപ്പിച്ചു. അവിടത്തെ സന്യാസിമാര്‍ കയ്യെഴുത്ത് പ്രതികളും മറ്റു ലിഖിതങ്ങളും പകര്‍ത്തിയെഴുതുന്ന ജോലിയിയും സ്വയം ചെയ്തിരുന്നു. വളരെ സഹനപൂര്‍ണ്ണമായൊരു ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. അവര്‍ വെറും വെള്ളവും അപ്പവും മാത്രമാണ് ഭക്ഷിച്ചിരുന്നത്.

ഞായറാഴ്‌ചകളിലും, തിരുനാള്‍ ദിനങ്ങളിലും ദാനമായി കിട്ടുകയാണെങ്കില്‍ മാത്രം പാലും വീഞ്ഞും കുടിക്കുമായിരുന്നു. വിശുദ്ധന്റെ കര്‍ക്കശമായ ആശ്രമനിയമങ്ങള്‍ ബെനഡിക്ട്, പച്ചോമിയൂസ്‌, ബേസില്‍ എന്നിവരുടെ നിയമങ്ങളില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതായിരുന്നു. എന്നിരുന്നാലും ഈ നിയമങ്ങള്‍ അവയുടെ കാര്‍ക്കശ്യം മൂലം നിരാശാജനകമായിരുന്നു, അതിനാല്‍ വിശുദ്ധന്‍ ബെനഡിക്ടന്‍ നിയമസംഹിത പിന്തുടരുവാന്‍ തീരുമാനിച്ചു. കാലക്രമേണ അദേഹത്തിന്റെ ആശ്രമം വികസിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ വ്യാപിച്ചു. അദ്ദേഹം തന്റെ ആശ്രമത്തെ നവീകരിക്കുകയും, മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

ഉര്‍ഗേലിലെ മെത്രാനായിരുന്ന ഫെലിക്സ്, വാദിക്കുന്ന അഡോപ്ഷനിസം (Adoptionism) (ക്രിസ്തു ദൈവത്തിന്റെ സ്വാഭാവിക മകനായിരുന്നില്ലെന്നും, പരമപിതാവിന്റെ പുത്രനായി ദത്തെടുക്കപ്പെട്ടവനാണെന്നും) എന്ന സിദ്ധാന്തം മുന്നോട്ട് വച്ചപ്പോള്‍, വിശുദ്ധ ബെനഡിക്ട് ഈ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ക്കുകയും 794-ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇതിനെതിരെ ഒരു സിനഡ് വിളിച്ചു കൂട്ടുന്നതിനു സഹായിക്കുകയും ചെയ്തു. കൂടാതെ ഈ സിദ്ധാന്തം ഒരു അബദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ നാല് പ്രബന്ധങ്ങള്‍ വിശുദ്ധന്‍ രചിക്കുകയുണ്ടായി. ഇവ മിസ്സെല്ലനീസ് ഓഫ് ബലൂസിയൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫ്രാങ്കിഷ് സാമ്രാജ്യത്തിലുടനീളമുള്ള ആശ്രമജീവിതം വൈകിങ്ങ്സിന്റെ ആക്രമണവും മൂലം വളരെയേറെ സഹനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. 8, 9 നൂറ്റാണ്ടുകളിലെ ചക്രവര്‍ത്തിമാര്‍ വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങള്‍ തങ്ങളുടെ അധീശത്വത്തിലുള്ള പ്രദേശങ്ങളിലെ ആശ്രമജീവിതത്തിനു വേണ്ട അടിസ്ഥാന നിയമാവലിയായി പ്രഖ്യാപിച്ചു. ആശ്രമജീവിത രീതി നാശോന്മുഖമായ അവസ്ഥയിലായിരിന്നു ഈ തീരുമാനം.

വിശുദ്ധ ബെനഡിക്ടും, ദൈവഭക്തനായിരുന്ന ലൂയിസ് ചക്രവര്‍ത്തിയും വളരെയേറെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും, അതിന്റെ ഫലമായി ചക്രവര്‍ത്തി നിരവധി ആശ്രമങ്ങള്‍ നിര്‍മ്മിക്കുകയും വിശുദ്ധ ബെനഡിക്ടിനെ തന്റെ സാമ്രാജ്യത്തിലെ ആശ്രമങ്ങളുടെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു. വിശുദ്ധ ബെനഡിക്ട് വളരെ വിപുലമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം അവയൊന്നും അദ്ദേഹം ഉദ്ദേശിച്ച രീതിയിലുള്ള ഫലം ഉളവാക്കിയില്ല. ചക്രവര്‍ത്തിയുമായിട്ടുള്ള സഹകരണത്തിന്റെ ആദ്യപടിയെന്ന നിലയില്‍ അദ്ദേഹം തന്റെ വാസം ‘ആച്ചെനില്‍’ ചക്രവര്‍ത്തിയുടെ ഭരണകേന്ദ്രത്തിനു സമീപത്തേക്ക് മാറ്റി.

തുടര്‍ന്ന്‍ 817-ല്‍ വിശുദ്ധന്റെ അദ്ധ്യക്ഷതയില്‍ സാമ്രാജ്യത്തിലെ എല്ലാ അശ്രമാധിപതിമാരുടേയും ഒരു യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സംഭവം ബെനഡിക്ടന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായിതീര്‍ന്നു. ഈ സമ്മേളനത്തില്‍ വെച്ച് ബെനഡിക്ടന്‍ നിയമാവലിയില്‍ ഒരു ക്രമം വരുത്തുകയും സാമ്രാജ്യത്തിലെ എല്ലാ സന്യാസിമാര്‍ക്കും വേണ്ടിയുള്ള ഒരു പൊതു നിയമസംഹിതയായി ഇതിനെ അംഗീകരിക്കുകയും ചെയ്തു. കൂടാതെ എല്ലാ ആശ്രമപെരുമാറ്റ ചട്ടങ്ങളും ശേഖരിച്ചുകൊണ്ട് ഒരു നിയമാവലി വിശുദ്ധന്‍ രചിച്ചു. ഇതില്‍ മറ്റ് ആശ്രമനേതാക്കളുടെ ചട്ടങ്ങളും വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമ ചട്ടങ്ങളും തമ്മിലുള്ള സാമ്യങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങളിലെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കികൊണ്ടുള്ള ഒരു നിയമനിര്‍മ്മാണം നടപ്പിലായി. സ്വയമൊരു സന്യാസിയായിരുന്ന ബെനഡിക്ടിന്റെ നിയമാവലി പ്രകാരം ഒരു യഥാര്‍ത്ഥ സന്യാസിയുടെ ജീവിതം വ്യക്തിഗത ദാരിദ്ര്യത്തിലും, അനുസരണയോട് കൂടിയ വിശുദ്ധിയിലും അധിഷ്ടിതമായിരിക്കണമെന്നായിരിന്നു. ദിവ്യകര്‍മ്മങ്ങള്‍ക്ക് പുറമേ ദിനംതോറുമുള്ള വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള ആരാധനാക്രമപരമായ ചില വിശേഷതകളും ആശ്രമജീവിതത്തില്‍ കൊണ്ടുവരുവാന്‍ വിശുദ്ധ ബെനഡിക്ട് ശ്രമിച്ചു.

ഈ രംഗത്ത് കായികമായ പ്രയത്നം പാടില്ല എന്ന രാജാവിന്റെ ഉത്തരവിന് വിരുദ്ധമായി, വിശുദ്ധ ബെനഡിക്ട് ആശ്രമജീവിതത്തില്‍ അന്തേവാസികള്‍ തന്നെ വരവ് ചിലവ് കണക്കുകള്‍ രേഖപ്പെടുത്തുകയും, രചനകള്‍ നടത്തുകയും ചെയ്യുന്ന പതിവ് ആരംഭിച്ചു. ഇതിന്റെ ഫലമായി പഠിപ്പിക്കലും, ഗ്രന്ഥ രചനയും ആശ്രമജീവിതത്തില്‍ നിലവില്‍ വന്നു. ഈ നൂതനമായ പരിഷ്കാരങ്ങള്‍ വിശുദ്ധന്റേയും അദ്ദേഹത്തിന്റെ ആശ്രയമായിരുന്ന ലൂയിസ് ചക്രവര്‍ത്തിയുടേയും മരണത്തോടെ നിന്നുപോയെങ്കിലും, പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തില്‍ വളരെകാലം നീണ്ടുനില്‍ക്കുന്ന മാറ്റങ്ങള്‍ക്ക് ഇത് കാരണമായി.

അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളുടെ സ്വാധീനം ക്ലൂണിയിലെയും, ഗോര്‍സെയിലേയുമുള്ള ആശ്രമ പരിഷ്കാരങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ഇക്കാരണത്താല്‍ അനിയാനേയിലെ വിശുദ്ധ ബെനഡിക്ടിനെ പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ നവോത്ഥാന നായകന്‍ എന്ന നിലയില്‍ പരിഗണിച്ചു വരികയും ‘രണ്ടാം ബെനഡിക്ട്’ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. ജെര്‍മ്മനിയിലെ ആച്ചെനിലെ കോര്‍നേലിമൂയിന്‍സ്റ്റെറില്‍ വെച്ച് 821 ഫെബ്രുവരി 11ന് തന്റെ 71-മത്തെ വയസ്സില്‍ അസാധാരണമായ ആഹ്ലാദത്തോടെയാണ് വിശുദ്ധന്‍ മരണമടഞ്ഞത്. ആശ്രമദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. അവിടെ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.

ചരിത്രകാരന്മാരുടെ ചിത്ര രചനകള്‍ പ്രകാരം അഗ്നിജ്വാലകള്‍ക്ക് സമീപം നില്‍ക്കുന്ന ഒരു ബെനഡിക്ടന്‍ ആശ്രമാധിപതിയായിട്ടാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗുഹയിലിരിക്കുന്ന അദ്ദേഹത്തിന് ഒരു കുട്ടയില്‍ ഭക്ഷണം താഴ്ത്തികൊടുക്കുന്ന രീതിയിലും, അക്യുറ്റൈനിലെ വിശുദ്ധ വില്ല്യമിന് സഭാവസ്ത്രം കൊടുക്കുന്ന രീതിയിലും വിശുദ്ധ ബെനഡിക്ടിനെ ചിത്രീകരിച്ചിട്ടുള്ളതായി കാണാന്‍ സാധിയ്ക്കും.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ട്രിയായിലെ അമ്മോണിയൂസും മൊദസ്തൂസും

2. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പേട്രിയര്‍ക്കായ ആന്‍റണി കൗളയാസു

3. ബര്‍സലോണിയായിലെ എവുലാലിയ (അവുലായിര്‍)

4. ആഫ്രിക്കയിലും റോമയിലും ഉല ഡാമിയന്‍

5. ലിന്‍റിസുഫോണ്‍ ബിഷപ്പായ എഥെല്‍വോള്‍ഡ്

6. വെറോണായിലെ ഗൗദെന്‍സിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s