വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്. മരിക്കുമ്പോൾ ഫ്രാൻസിസ്കോക്ക് പത്തും ജസീന്തക്ക് ഒൻപതും ആയിരുന്നു പ്രായം. പക്ഷെ മനുഷ്യരുടെ പാപപരിഹാരങ്ങൾക്കായും ശുദ്ധീകരണാത്മാക്കളുടെ രക്ഷക്കായുമൊക്കെ അവർ ആ പ്രായത്തിൽ കാഴ്ചവച്ച പ്രയശ്ചിത്ത പരിഹാരപ്രവൃത്തികൾ നമ്മെ അതിശയിപ്പിക്കുന്നതാണ്.

1917 ൽ മെയ് 13 മുതൽ ഒക്ടോബർ 13 വരെയാണ് മൂന്ന് പോർച്ചുഗീസ് ഇടയക്കുഞ്ഞുങ്ങളായ ലൂസിക്കും ഫ്രാൻസിസ്‌കോക്കും ജസീന്തക്കും ഫാത്തിമയിൽ പരിശുദ്ധകന്യകയുടെ പ്രത്യക്ഷീകരണം ഉണ്ടായത് . ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന ആ സമയം അരക്ഷിതാവസ്ഥയും ഭീതിയും നിറഞ്ഞതായിരുന്നു. എഴുതാനും വായിക്കാനും അറിയാതിരുന്ന കുട്ടികളോട് അത് പഠിക്കാനും കൊന്ത ധാരാളമായി ചൊല്ലാനും മാതാവ് നിർദ്ദേശിച്ചു. ലോകസമാധാനത്തിന് പ്രത്യേകിച്ച് റഷ്യയുടെ മാനസാന്തരത്തിനു വേണ്ടിയും പാപികളുടെ രക്ഷക്ക് വേണ്ടിയും അവരെത്തന്നെ ഒരു പരിഹാരബലിയായി അവർ അർപ്പിക്കേണ്ടിയിരുന്നു. പരിശുദ്ധ അമ്മ കാണിച്ചുകൊടുത്ത നരകദൃശ്യം ഉണ്ടാക്കിയ നടുക്കം, പാപികളുടെ മാനസാന്തരത്തിനായി പരിഹാരമനുഷ്ഠിക്കാനും പ്രാർത്ഥിക്കാനുമുള്ള വലിയ അഭിവാഞ്ജയാണ് അവരിലുണർത്തിയത്. ഒപ്പം മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയും പാപികളിൽനിന്നു വളരെയധികം സഹിക്കേണ്ടിവരുന്ന ഈശോയോടുള്ള സ്നേഹവും .

ഇടവകവികാരിയില്നിന്നും മറ്റുള്ളവരിൽ നിന്നും അവർ നേരിടേണ്ടി വന്ന മാനസികപ്രയാസങ്ങളും പീഡനങ്ങളും ചില്ലറയൊന്നുമായിരുന്നില്ല. മാതാവ് പറഞ്ഞുകൊടുത്ത രഹസ്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ തിളച്ച എണ്ണയിൽ മുക്കുമെന്ന് രാഷ്ട്രീയാധികാരികളും മേയറും ഭീഷണിപ്പെടുത്തിയപ്പോഴും കുട്ടികൾ ഒന്നും പുറത്തു പറഞ്ഞില്ല. തടവുകാരോടൊപ്പം തടവറയിൽ അടക്കപ്പെട്ട ആ കുഞ്ഞുങ്ങൾ പ്രാർത്ഥനയിൽ ഉറച്ചുനിന്നു. ജസീന്ത തൻറെ കഴുത്തിൽ അണിഞ്ഞിരുന്ന പരിശുദ്ധമാതാവിന്റെ കാശുരൂപം അടങ്ങിയ മാല ഭിത്തിയിലെ ആണിയിൽ കൊളുത്തി. മൂന്നു കുഞ്ഞുങ്ങളും അവിടെ മുട്ടുകുത്തി ജപമാല ചൊല്ലിയപ്പോൾ ആ തടവറ ഒരു പ്രാർത്ഥനാലയമായി മാറി .

ഫ്രാൻസിസ്‌കോ ശാന്തനായ, തനിച്ചു പ്രാർത്ഥിക്കാനും സക്രാരിക്കു മുമ്പിൽ സമയം ചിലവഴിക്കാനും ഇഷ്ടപ്പെട്ടിരുന്ന ബാലനായിരുന്നു. സംഗീതാത്മകശബ്ദമുള്ള , ഫ്രാൻസിസ്‌കോ ഫ്ലൂട്ട് വായിക്കുമ്പോൾ നൃത്തം ചെയ്യുന്ന ഓമനത്തമുള്ള കുട്ടിയായിരുന്ന ജസീന്തയും മറ്റുള്ള രണ്ടുപേരെ പോലെ ഉപവാസവും ശക്തമായ പ്രാർത്ഥനയും പ്രായശ്ചിത്ത പ്രവൃത്തികളും ആരംഭിച്ചു. ഭക്ഷണം വേണ്ടെന്നുവെച്ചും എത്ര ദാഹിച്ചാലും വെള്ളം കുടിക്കാതെയും അരയിൽ വേദനിപ്പിക്കുന്ന വിധത്തിൽ പരുക്കൻ കയറു കെട്ടിയും ചിലപ്പോൾ ഏറെ നേരം കൈവിരിച്ചു പിടിച്ചും അല്ലെങ്കിൽ നെറ്റി നിലത്തു മുട്ടിച്ചു പ്രാർത്ഥിച്ചും ഒക്കെ ആ കുഞ്ഞുങ്ങൾ തങ്ങൾക്കു കഴിയാവുന്ന പോലെ പാപികൾക്ക് വേണ്ടി പരിഹാരം ചെയ്തു പ്രാർത്ഥിച്ചു.

വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചപ്പോൾ ഫ്രാൻസിസ്‌കോയുടെ ഉത്തരം അവനു മരിച്ച് സ്വർഗ്ഗത്തിൽ പോകണമെന്നായിരുന്നു. അവനെ കാണുന്നില്ലെങ്കിൽ പാറകൾക്കു പിന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വിധത്തിൽ ആരെങ്കിലും കണ്ടെത്തും . കുട്ടികൾ വീട്ടിൽ നിന്ന് പൊതിഞ്ഞുകൊണ്ട് വരുന്ന ഭക്ഷണം മിക്കപ്പോഴും പാവങ്ങൾക്കാണ് കൊടുത്തിരുന്നത്. ആദ്യമായി അരയിൽ കയർ കെട്ടിയപ്പോൾ വേദന സഹിക്കാതെ കരയുന്ന ജസീന്തയെ കണ്ട് ലൂസി പറഞ്ഞു അത് ഊരിക്കളയാൻ. പക്ഷെ ജസീന്ത പറഞ്ഞതിങ്ങനെയാണ് ,

“ഇല്ല, എനിക്കിത് ധരിക്കണം, പാപികളുടെ മാനസാന്തരത്തിനായി എനിക്കീ ത്യാഗം സമർപ്പിക്കണം” വേദന കൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രിയായിരുന്നു അത് മൂവർക്കും. പരിഹാരം ചെയ്യാനുള്ള അവരുടെ സന്നദ്ധത എത്രയധികമായി ദൈവത്തെ സന്തോഷിപ്പിച്ചെന്നും ഇനിമുതൽ വൈകുന്നേരങ്ങളിൽ കയർ ധരിക്കരുതെന്നും പരിശുദ്ധ അമ്മ അവരോടു പറഞ്ഞു.

മാതാവ് പറഞ്ഞിരുന്ന പോലെ ആ കുഞ്ഞുസഹോദരങ്ങളെ നന്നേ ചെറുപ്പത്തിൽ തന്നെ അവൾ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി. യൂറോപ്പിൽ ആകമാനം പടർന്നുപിടിച്ചിരുന്ന ഇൻഫ്ലുവെൻസ ബാധിച്ചാണ് 1919 ൽ ഫ്രാന്സിസ്കോയും 1920 ൽ ജസീന്തയും മരണമടഞ്ഞത് .

ഏപ്രിൽ 1ന് ഫ്രാന്സിസ്കോയുടെ അവസ്ഥ കൊന്ത എത്തിക്കാൻ പോലും കഴിയാത്ത വിധം വളരെ മോശമായി. അടുത്ത ദിവസം കിടക്കയിൽ കിടന്നുകൊണ്ട് അവൻ കുമ്പസാരിച്ച് കുർബ്ബാന സ്വീകരിച്ചു. അവന്റെ ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണമായിരുന്നു അത്. ഇനിയെപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന ഈശോയെ തനിക്ക് കൊണ്ടുതരിക എന്ന് അവൻ വൈദികനോട് ചോദിക്കുകയും ചെയ്തു. രാത്രിയിൽ അവൻ അമ്മയോട് താൻ വാതിലിനരികിൽ കാണുന്ന മനോഹരമായ പ്രകാശത്തെപ്പറ്റി പറഞ്ഞു. പിറ്റേന്ന് കാലത്ത് 10ന് , 1919 ഏപ്രിൽ 4 നു പ്രകാശമാനമായ അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ആ കണ്ണ് എന്നേക്കുമായി ഈ ഭൂമിയിൽ അടഞ്ഞു.

ജസീന്തയോട് പരിശുദ്ധ അമ്മ പറഞ്ഞിരുന്ന പോലെ അവളെ രണ്ടു ആശുപത്രികളിലേക്ക് മാറ്റുകയും രണ്ടാമത്തേതിൽ അവൾ വളരെയധികം സഹിക്കേണ്ടി വരികയും ചെയ്തു. അമ്മയെ വിട്ടുപോകുന്നത് അവൾക്ക് ദുഃഖകരമായിരുന്നെങ്കിലും പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തൽ അവൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ശ്വാസകോശത്തിന്റെ വീക്കം കാരണം രണ്ടു വാരിയെല്ല് എടുത്തുകളയുന്ന ശസ്ത്രക്രിയക്ക് അവൾക്ക് വിധേയമാകേണ്ടി വന്നു. അവളുടെ ആരോഗ്യക്കുറവ് മൂലം അനസ്തേഷ്യ പൂർണ്ണമായി കൊടുക്കാൻ കഴിഞ്ഞില്ല . കഠിനവേദന കടിച്ചമർത്തിക്കിടന്ന ആ ഒൻപത് വയസ്സുകാരി ആരോടും പരാതിപെട്ടില്ല. ഒരു ഡോക്ടർ അവളിങ്ങനെ പറയുന്നത് കേട്ടു, “ഈശോയെ , നിനക്ക് കുറെയേറെ ആത്മാക്കളെ രക്ഷിക്കാം കേട്ടോ , കാരണം ഞാനിപ്പോൾ ഒരുപാട് സഹിക്കുന്നുണ്ട്”.

ഫെബ്രുവരി 19നു അവളെ കുമ്പസാരിപ്പിക്കാനും ദിവ്യകാരുണ്യം നൽകാനും ആശുപത്രി ചാപ്ലൈനിനോട് അവൾ അപേക്ഷിച്ചു കാരണം, അടുത്ത ദിവസം രാത്രി അവൾ മരിക്കാൻ പോവുകയാണെന്നും . എന്നാൽ അവളുടെ അവസ്ഥ അത്രക്ക് ഗുരുതരമല്ലെന്നും ഇനിയും സമയമുണ്ടെന്നും അദ്ദേഹം അവളോട് പറഞ്ഞു .1920 ഫെബ്രുവരി 20ന് ആ നിർമ്മലപുഷ്പം ശാന്തമായി അന്ത്യയാത്ര പറഞ്ഞു. പാപികളുടെ മാനസാന്തരത്തിനും ലോകസമാധാനത്തിനും പരിശുദ്ധപിതാവിനും വേണ്ടിയാണു ആ കുഞ്ഞ് അതിന്റെ വേദനകളത്രയും സമർപ്പിച്ചത് .

കർമ്മലീത്ത സന്യാസിനിയായ ലൂസി 2000ആം ആണ്ടിൽ ഫ്രാന്സിസ്കോയും ജസീന്തയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുമ്പോൾ ജീവനോടെ ഉണ്ടായിരുന്നു. പിന്നെയും 5 കൊല്ലം കഴിഞ്ഞാണവൾ മരിച്ചത്. 2017 ൽ പോപ്പ് ഫ്രാൻസിസ് ഫാത്തിമയിൽ വെച്ച് ഫ്രാന്സിസ്കോക്കും ജസീന്തക്കുമുണ്ടായ ആദ്യ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികത്തിൽ , മെയ് 13 ന് അവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. രക്തസാക്ഷിയല്ലാതെ മരിച്ചവരിൽ ഏറ്റവും പ്രായംകുറഞ്ഞ വിശുദ്ധയായിരുന്നു ജസീന്ത.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവും നരകദർശനവുമൊക്കെ കുഞ്ഞു മിസ്റ്റിക്കുകളാക്കി മാറ്റിയ ആ കുഞ്ഞുങ്ങൾ പാപികളോട് അളവറ്റ കരുണയും പ്രായച്ഛിത്തതീക്ഷ്ണതയുമുള്ളവരായി മാറുകയായിരുന്നു. ഇത്ര ചെറുപ്രായത്തിൽ അവർ കാഴ്ചവെച്ച പ്രാർത്ഥനയും പരിഹാരപ്രവൃത്തികളും ലോകത്തിനു മാതൃകയാണ് .

ആ കുഞ്ഞുവിശുദ്ധരുടെ തിരുന്നാൾ മംഗളങ്ങൾ ഏവർക്കും നേരുന്നു.

ജിൽസ ജോയ് ✍️

Advertisements
വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s