St. Gabriel of our Lady of Sorrows | വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ

“പ്രിയ യുവജനങ്ങളെ, വിശുദ്ധ ഗബ്രിയേലിന്റെ തിളക്കമുള്ള ഉദാഹരണം മുന്നിൽക്കണ്ട് ഈശോയുടെ വിശ്വസ്തശിഷ്യരായിത്തീരാൻ ധൈര്യം കാണിക്കൂ”

കുട്ടികളുടെയും യുവജനങ്ങളുടെ മധ്യസ്ഥനായ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ ( St. Gabriel of our Lady of Sorrows) നെ പറ്റിയാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ യുവജനങ്ങളോട് പറഞ്ഞത്. യുവത്വം ആഘോഷിച്ച്, ആസ്വദിച്ച് നടന്ന ഫ്രാൻസിസ് പോസ്സെന്റിക്ക് ഒരു വിശുദ്ധനാകാൻ കഴിഞ്ഞെങ്കിൽ മനസ്സുവെച്ചാൽ ആർക്കും ഈശോയെ പിഞ്ചെല്ലാനും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാനും കഴിയും എന്നാണ് പാപ്പ ഉദ്ദേശിച്ചത്.

എപ്പോഴും ചിരിച്ചു കളിച്ച് സുഖലോലുപനായി നടന്നിരുന്ന ഫ്രാൻസിസ് ഒരു നാൾ കർക്കശ നിയമങ്ങളുള്ള പാഷനിസ്റ്റ് സന്യാസസഭയിൽ ചേരുമെന്ന് സ്പോളേറ്റോയിലെ സുപ്രീം കോർട്ട് ജഡ്ജിയും നല്ലൊരു കത്തോലിക്കനുമായിരുന്ന അവന്റെ പിതാവ് പോലും ഒരിക്കലും വിചാരിച്ചിട്ടില്ല. സാന്റെ പോസ്സെന്റിയുടെയും ആഗ്നസിന്റെയും പതിമൂന്നു മക്കളിൽ പതിനൊന്നാമനായി, വിശുദ്ധരായ ഫ്രാൻസിസിന്റെയും ക്ലാരയുടെയും ജന്മസ്ഥലമായി പേരുകേട്ട അസ്സീസ്സിയിൽ, മാർച്ച്‌ 1, 1838ൽ അവൻ ജനിച്ചു. ആറ് നൂറ്റാണ്ടുകൾക്ക് മുൻപ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിക്ക് ജ്ഞാനസ്നാനം നൽകിയ അതേ സ്ഥലത്താണ് അവനും മാമോദീസ നല്കപ്പെട്ടത്. നാലാമത്തെ വയസ്സിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട ഫ്രാൻസിസ് അവന്റെ ചേച്ചി മരിയ ലൂയിസയുടെ സംരക്ഷണയിൽ വളർന്നു.

പഠനത്തിൽ സമർത്ഥനായ ഫ്രാൻസിസ്, ജെസ്യൂട്ട് കോളേജിലുള്ളപ്പോൾ വേട്ടയാടാനും കുതിരപ്പുറത്തു സവാരി ചെയ്യാനും ഇഷ്ടപ്പെടുന്ന, നന്നായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുന്ന, ഉന്നം പിഴക്കാതെ വെടി വെക്കാൻ അറിയാവുന്ന, മികച്ച രീതിയിൽ നൃത്തം ചെയ്യുന്ന, എല്ലാവരും കൂട്ടുകൂടാനിഷ്ടപ്പെടുന്ന യുവാവായിരുന്നു. തൽഫലമായി പെൺകുട്ടികൾ പലരും അവന്റെ ഹൃദയം കീഴടക്കാൻ ആഗ്രഹിച്ചു.

യുവത്വത്തിന്റെ പ്രസരിപ്പിൽ മുഴുകി ജീവിക്കവേ, രണ്ടു തവണ ഗുരുതരമായ രോഗം ഫ്രാൻസിസിനു പിടിപെട്ടു. പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തി ഉണ്ടായിരുന്ന അവൻ, അസുഖം ഭേദമാവുകയാണെങ്കിൽ വൈദികനായിക്കോളാമെന്നു ഓരോ പ്രാവശ്യവും പരിശുദ്ധ അമ്മക്ക് വാക്കുകൊടുത്തു. പക്ഷെ സുഖമായപ്പോൾ ആ വാഗ്‌ദാനം മറക്കുകയും പഴയ രീതിയിൽ ജീവിതം തുടരുകയും ചെയ്തു.

1855ൽ പടർന്നുപിടിച്ച കോളറ ഫ്രാൻസിസിന്റെ ചേച്ചി മരിയ ലൂയിസയുടെ ജീവൻ കവർന്നു. ഈലോകജീവിതം നശ്വരമാണെന്ന തിരിച്ചറിവ് അവനുണ്ടായി. തൻറെ ദൈവവിളിയെക്കുറിച്ചു കൂടുതൽ വ്യക്തത നൽകാൻ അവൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു. വൈദികനാകാൻ പിതാവിന്റെ സമ്മതം ചോദിച്ചെങ്കിലും ആ അഭ്യർത്ഥന അദ്ദേഹം നിരസിക്കുകയാണ് ഉണ്ടായത്.

അതിനിടയിൽ കോളറ പകർച്ചവ്യാധി ഒഴിഞ്ഞുപോയതിന്റെ നന്ദിസൂചകമായി നൂറ്റാണ്ടുകൾ പഴക്കമുള്ള, വിശുദ്ധ ലൂക്ക വരച്ചതെന്നു കരുതപ്പെടുന്ന, പരിശുദ്ധ അമ്മയുടെ ഒരു ബൈസാന്റിൻ ചിത്രം എഴുന്നെള്ളിച്ചുള്ള ഘോഷയാത്ര നടത്താൻ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്യുകയുണ്ടായി. അതനുസരിച്ച് 1856ൽ നടന്ന പ്രദക്ഷിണത്തിനിടയിൽ ഫ്രാൻസീസിന് അവന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു സംഭവവുമുണ്ടായി. മാതാവിന്റെ ചിത്രം തന്നെ കടന്നുപോകുമ്പോൾ മുട്ടുകുത്തിയ ഫ്രാൻസിസ് അവന്റെ ഹൃദയത്തിന്റെ അഗാധതയിൽ പരിശുദ്ധ അമ്മ ഇങ്ങനെ പറയുന്നത് വ്യക്തമായി കേട്ടു,

“ഫ്രാൻസിസ്, നീയെന്താണ് ഇപ്പോഴും ലോകത്തിൽ തന്നെ ആയിരിക്കുന്നത്? നിനക്കുവേണ്ടിയുള്ളതല്ല അത്. നിന്റെ ദൈവവിളി പിൻചെല്ലു “.

ഫ്രാൻസിസ് പാഷനിസ്റ് സഭയിൽ ചേരുവാൻ അവന്റെ പിതാവിനോട് വീണ്ടും സമ്മതം ചോദിച്ചു. അവന്റെ ആ ഇഷ്ടത്തിന് എതിരായിരുന്ന പിതാവ് അവനെ പിന്തിരിപ്പിക്കാൻ അവന്റെ കുറെ ബന്ധുക്കളോടും ആവശ്യപ്പെട്ടു. ഫ്രാൻസിസിന്റെ കത്തിന് മറുപടിയായി, അവനെ സ്വീകരിക്കാൻ തങ്ങൾക്കു സമ്മതമാണെന്നു പറഞ്ഞ് പാഷനിസ്റ്റ് സഭയിൽ നിന്നുവന്ന എഴുത്ത് അവന്റെ പിതാവ് ഒളിച്ചുവെച്ചു. കുറെ നാൾ കാത്തിരുന്നതിനു ശേഷം ഫ്രാൻസിസ് അപേക്ഷ സമർപ്പിക്കാനായി നേരിട്ട് പുറപ്പെട്ടു. വഴിമധ്യേ അവന്റെ ബന്ധുക്കൾ ഒരുപാട് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവന്റെ ഉത്തരങ്ങൾക്കും ദൃഢനിശ്ചയത്തിനും മുമ്പിൽ മുട്ടുമടക്കി.

ആശ്രമത്തോട് അടുത്തപ്പോൾ, അവരുടെ സമൂഹത്തിലേക്ക് തന്നെ സ്വീകരിച്ചില്ലെങ്കിലോ എന്ന ഭയം ഫ്രാൻസിസിനുണ്ടായി. എന്നാൽ ഫ്രാൻസിസിനെ കണ്ട നോവിസ് മാസ്റ്റർ അവനെ സന്തോഷത്തോടെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു, “നിന്നെ കാണാമെന്ന എല്ലാ പ്രതീക്ഷയും ഞങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു ഫ്രാൻസിസ്”.

പാഷനിസ്റ്റുകളുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ സൂചിപ്പിക്കുന്ന കുരിശും മുള്ളുകൊണ്ടുള്ള മുടിയും “എളിമപ്പെടുക, ക്രിസ്തുവിനെ പ്രതി എല്ലാവർക്കും വിധേയനായിരിക്കുക” എന്ന ഉപദേശവും ഒരു സുപ്രധാന ചടങ്ങിൽ വെച്ച് ഫ്രാൻസിസ് സ്വീകരിച്ചു. വ്യാകുലമാതാവിന്റെ ഗബ്രിയേൽ (Confrater Gabriel of Our Lady of Sorrows) എന്ന പേരാണ് ഫ്രാൻസിസ് സ്വീകരിച്ചത്. തുണസഹോദരൻ എന്നാണു ‘confrater’ന്റെ ലാറ്റിനിലെ അർത്ഥം .

അസാധാരണകാര്യങ്ങളൊന്നും സഹോദരൻ ഗബ്രിയേലിന്റെ ജീവിതത്തിൽ പറയാനുണ്ടായില്ല. നല്ല ഭക്തിയുള്ള, എല്ലാ നിയമവും കർശനമായി പാലിക്കുന്ന, ചെയ്യുന്നതിലെല്ലാം പൂർണ്ണമനസ്സ് വെക്കുന്ന ഒരാളായിരുന്നു അവനെന്ന് മാത്രം. അവന്റെ നോട്ടുബുക്കിൽ അവനിങ്ങനെ എഴുതി, “ഓരോ ദിവസവും എന്റെ ഇഷ്ടങ്ങൾ ചെറിയ കഷണങ്ങളായി ഒടിക്കാൻ ഞാൻ പരിശ്രമിക്കും. എന്റെയല്ല, ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു”.

അവന്റെ അഗാധമായ എളിമയും ചെറിയ ചെറിയ സന്തോഷങ്ങൾ പോലും വേണ്ടെന്നു വെക്കാനുള്ള പരിശ്രമവും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും അവനെപ്പോഴും സന്തോഷവാനായിരുന്നു. “അവസാനിക്കാത്ത ആനന്ദമാണ് എന്റെ ജീവിതത്തിൽ” എന്നവൻ തൻറെ പിതാവിനെഴുതി.

നോവീഷ്യെറ്റിന് ശേഷം അവൻ തന്റെ വൈദികപഠനം തുടരാൻ പോയി. അവിടെ ഒരു സ്റ്റോർ റൂം വൃത്തിയാക്കുമ്പോൾ പരിശുദ്ധ അമ്മയുടെ നിറം മങ്ങി, പൊട്ടിപൊളിഞ്ഞു കിടന്ന ഒരു രൂപം ലഭിച്ചു. അവൻ അതെടുത്തു കേടുപാടുകൾ നികത്തി, പെയിന്റടിച്ച്, നല്ല വസ്ത്രങ്ങളാൽ അലങ്കരിച്ചു. അത് വളരെ മനോഹരമായി വന്നതുകൊണ്ട് ആശ്രമത്തിൽ ചാപ്പലിൽ അവന്റെ സുപ്പീരിയർ ആ രൂപം കൊണ്ടുവെച്ചു.

ഓരോ വർഷവും പരിശുദ്ധ അമ്മയോടുള്ള ഭക്തി ഗബ്രിയേലിന് കൂടിക്കൂടി വന്നു. അവളിൽ അവൻ കണ്ടെത്തിയതെല്ലാം നോട്ടുബുക്കിൽ കുറിച്ചു വെച്ചു. അവന്റെ സഹോദരൻ മൈക്കിളിന് അവനെഴുതി,

“മറിയത്തെ സ്നേഹിക്കൂ, അവൾ സ്നേഹയോഗ്യയാണ്, വിശ്വസ്തയാണ്, മാറ്റമില്ലാത്തവളാണ്. സ്നേഹത്തിൽ അവളെ മറികടക്കാൻ ഒരിക്കലും കഴിയില്ല. നീ അപകടത്തിലാണെങ്കിൽ നിന്നെ രക്ഷിക്കാൻ അവൾ തിടുക്കത്തിൽ വരും. നീ വിഷമിച്ചിരിക്കുമ്പോൾ അവൾ നിന്നെ ആശ്വസിപ്പിക്കും. നീ രോഗിയാണെങ്കിൽ അവൾ ശാന്തിവാഹിനിയാണ്. നിന്റെ ആവശ്യങ്ങളിൽ നിന്നെ സഹായിക്കും. നിത്യതയിലേക്കുള്ള യാത്രയിൽ നിനക്ക് കൂട്ടായി പോലും അവൾ അടുത്തുണ്ടാകും”.

അവൻ ഒരു ഭീരുവായിരുന്നില്ല. 1859ൽ ഇസോലയിലേക്ക് ഒരു കൂട്ടം പട്ടാളക്കാർ കടന്നുവന്ന് കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കാനും കൊള്ളയടിക്കാനും വീടുകൾക്ക് തീയിടാനും തുടങ്ങി. അവരെ തടയാൻ ഗബ്രിയേൽ സുപ്പീരിയറിൽ നിന്നും അനുവാദം വാങ്ങി. ഒരു പെൺകുട്ടിയെ വലിച്ചിഴക്കുന്ന പട്ടാളക്കാരനെ അവൻ പിടിച്ചുനിർത്തി, അയാളുടെ കയ്യിലെ തോക്ക് തട്ടികളഞ്ഞ്, അതെടുത്തു പിടിച്ചു. പെൺകുട്ടിയെ വിട്ടില്ലെങ്കിൽ വെടിവെക്കുമെന്ന് അയാളോട് പറഞ്ഞു. മറ്റു പട്ടാളക്കാർ കൂടെ അങ്ങോട്ട്‌ വന്നു. ഈ ചെറുപ്പക്കാരനായ വൈദികന് ശരിക്ക് തോക്ക് പിടിക്കാൻ പോലുമറിയുമോ എന്ന് ചിന്തിച്ച് പുച്ഛഭാവത്തിൽ അവർ നിന്നു. അപ്പോഴാണ് ഒരു ചെറിയ പല്ലി അങ്ങോട്ട് ചാടിയത്. ഗബ്രിയേൽ അതിനെ വെടിവെച്ചു. പല്ലി അവിടെ ചത്തുമലച്ചു. അവന്റെ ഉന്നം എത്രത്തോളമുണ്ടെന്ന് മനസ്സിലായ പട്ടാളക്കാർ ആയുധങ്ങൾ വെച്ചു കീഴടങ്ങി. അവരുടെ നേതാവിനോട് വെടി നിർത്തി ടൌൺ വിട്ടുപോകാൻ ഗബ്രിയേൽ ആവശ്യപ്പെട്ടു. നാട്ടുകാരെല്ലാം ഗബ്രിയേലിനു ചുറ്റും കൂടി ആശ്രമം വരെ അവനെ ആർപ്പുവിളിയോടെ പിന്തുടർന്നു.

നൊവിഷ്യേറ്റ് പൂർത്തിയാക്കിയിരുന്ന ഗബ്രിയേൽ മികച്ച രീതിയിൽ തന്റെ പഠനം തുടരുന്നതിനിടയിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അസുഖം വിശുദ്ധനെ തെല്ലും വിഷമിപ്പിച്ചില്ലെന്നു മാത്രമല്ല ആത്മീയമായി ഒരുങ്ങുന്നതിനു വേണ്ടി സാവധാനം സഹിച്ചുകൊണ്ടുള്ള ഒരു മരണത്തിന് ആഗ്രഹിച്ചു പ്രാർത്ഥിച്ചു. എപ്പോഴും പ്രസന്നമായ മുഖം നിലനിർത്തിയ ഗബ്രിയേൽ തൻറെ കടമകൾ ചെയ്യുന്നതിൽ മുടക്കമൊന്നും വരുത്തിയില്ല. മൈനർ സഭയിൽ അംഗമായികഴിഞ്ഞപ്പോഴേക്ക് ആരോഗ്യം വളരെ മോശമായി. എപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നതുകൊണ്ട് അവിടെയുള്ള സഹോദരർ അവന്റെ സഹനത്തിന്റെ ആധിക്യം അറിഞ്ഞില്ല. അവന്റെ അടുത്ത് വന്നിരിക്കാൻ എല്ലവരും ഇഷ്ടപ്പെട്ടിരുന്നു, മരണക്കിടക്കയിൽ പോലും. ദൈവവുമായുള്ള അവന്റെ ആന്തരികഐക്യം, കഠിനമായ വേദനക്കിടയിലുമുള്ള മുറിയാത്ത പ്രാർത്ഥനക്കും പാപികൾക്ക് വേണ്ടി അവനെത്തന്നെ ഒരു ബലിയായി അർപ്പിക്കുന്നതിലേക്കും വഴിമാറി.

അഗാധമായ എളിമ മൂലം തന്റെ ആത്മീയമായ എഴുത്തുകൾ കത്തിച്ചുകളയാൻ മരണക്കിടക്കയിൽ വെച്ച് ഗബ്രിയേൽ പറഞ്ഞു.

അവൻ കർത്താവിന്റെ പുരോഹിതനായി അഭിഷിക്തനാകേണ്ടിയിരുന്ന വർഷം, തൻറെ ഇരുപത്തിമൂന്നാം വയസ്സിൽ ഗബ്രിയേൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഫെബ്രുവരി 27, 1862ൽ മറ്റു സഹോദരരുടെ സാന്നിധ്യത്തിൽ, വ്യാകുലമാതാവിന്റെ ചിത്രം തന്നോട് ചേർത്തുപിടിച്ചുകൊണ്ട്, “ഈശോയെ, മറിയമെ, യൗസേപ്പെ” എന്നുച്ചരിച്ചു കൊണ്ട്, ചിരിക്കുന്ന മുഖത്തോടെ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ അന്ത്യയാത്ര പറഞ്ഞു. അവിടെ ചുറ്റും കൂടിയിരുന്നവർ മരണവേളയിൽ അവൻ കിടക്കയിൽ ഇരിക്കുന്നതിനും മുഖം പ്രകാശമാനമാകുന്നതിനും അവനു മാത്രം കാണാവുന്ന ആരോ മുറിയിൽ പ്രവേശിക്കുമ്പോൾ അവൻ അങ്ങോട്ട് ആയുന്നതിനുമൊക്കെ സാക്ഷികളായി. പരിശുദ്ധ അമ്മ തൻറെ പ്രിയമകനെ കൊണ്ടുപോവാൻ എത്തിയതാണെന്നവർക്കറിയാമായിരുന്നു.

മരണശേഷം അവന്റെ ശവകുടീരം ഒരു തീർത്ഥാടനസ്ഥലമായി മാറി. അനേകം അത്ഭുതങ്ങളും പരിവർത്തനങ്ങളും അവന്റെ മാധ്യസ്ഥത്തിൽ നടന്നതുകൊണ്ട് നേരത്തെ തന്നെ അവന്റെ നാമകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 1908 ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ, 1920 ൽ വിശുദ്ധനായി അൾത്താരവണക്കത്തിലേക്കുയർത്തപ്പെട്ടു.

വിശുദ്ധ ജെമ്മ ഗല്‍ഗാനി അസുഖക്കിടക്കയിലായിരിക്കുമ്പോൾ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലിന്റെ ദർശനം ഉണ്ടായതിനെ പറ്റി പറയുന്നുണ്ട്. തിരുഹൃദയ നൊവേന ചൊല്ലാനും വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിനോട് പ്രാർത്ഥിക്കാനുമൊക്കെ പറയുന്ന വിശുദ്ധൻ അവൾക്ക് രോഗസൗഖ്യം ലഭിക്കാൻ കാരണക്കാരനാകുന്നുണ്ട്. യുവജനങ്ങളുടെ മധ്യസ്ഥനാണെങ്കിലും നോവിസുകളുടെയും സെമിനാരിയൻസിന്റെയും പ്രത്യേക മധ്യസ്ഥനും കൂടിയാണ്.

ലോകത്തിന്റെ സന്തോഷങ്ങളിൽ ആസ്വദിച്ചു നടന്നിരുന്ന ഫ്രാൻസിസ് പെട്ടെന്നാണ് അഗാധമായ ദൈവസ്നേഹത്തിൽ പിടിക്കപ്പെട്ട് വിശുദ്ധനായിത്തീർന്നത് എന്നത് നമുക്കെല്ലാം പ്രത്യാശ പകരുന്നതാണ്. നമ്മുടെയും തീരുമാനത്തിനായി സ്വർഗ്ഗം കാതോർക്കുന്നു.

ജിൽസ ജോയ് ✍️

Advertisements
St. Gabriel of Our Lady of Sorrows
Advertisements
Advertisements
Advertisements
Advertisements

Leave a comment