‘നിങ്ങൾ അനുഭവിക്കുന്ന ആനന്ദം ശ്രേഷ്ഠമാണ്. അത് നിങ്ങളുടെ മാത്രം അവകാശമല്ല, മറ്റുള്ളവരോട് പങ്കുവെക്കപ്പെടേണ്ടതാണ് ‘
ആഗോള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലിയുടെ ഭാഗമായി 2017 ജൂണിൽ, 120 രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള കരിസ്മാറ്റിക് മൂവ്മെന്റ് പ്രതിനിധികൾ റോമിലെ ചീർക്കോ മാക്സിമോയിൽ സമ്മേളിച്ചപ്പോൾ നടന്ന ജാഗരണപ്രാർത്ഥനയെ അഡ്രസ്സ് ചെയ്ത് സംസാരിച്ച പോപ്പ് ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞെന്ന്, ആ ചടങ്ങിൽ സംബന്ധിച്ചിരുന്ന, ഞങ്ങൾക്കിപ്പോൾ വാർഷിക ധ്യാനം നടത്തുന്ന Rev. Fr. വർഗീസ് മുണ്ടക്കൽ ofm. Cap. പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വന്നത് മരിച്ചു പോയ അജ്ന ജോർജിന്റെ വാക്കുകളാണ്. ഞങ്ങൾ അനുഭവിക്കുന്ന ഈശോയുടെ സന്തോഷം മറ്റുള്ളവർക്കും കിട്ടണം എന്ന് വീഡിയോയിൽ പറയുന്ന ജീസസ് യൂത്തായ, ഈശോയുടെ സാക്ഷ്യമായി ജീവിച്ചു മരിച്ച അജ്നയെ.
അടക്കാനാവാത്ത ആ ആനന്ദത്തിലേക്ക് വരുന്നത് കരിസ്മാറ്റിക് പ്രാർത്ഥനയിലൂടെയോ, ജീസസ് യൂത്ത് ആയിട്ടോ, വ്യക്തിപരമായ അനുഭവത്തിലൂടെയോ, എങ്ങനെയും ഏത് വഴിയിലൂടെയും ആയിക്കോട്ടെ, അത് പരിശുദ്ധാത്മാവിൽ ഒന്നിപ്പിക്കുന്ന സന്തോഷമാണ്. വ്യത്യസ്തരായിരിക്കുന്ന എല്ലാവരെയും കർത്താവായ യേശുക്രിസ്തുവിൽ ഒന്നിപ്പിക്കുന്ന കൃപാപ്രവാഹം. The ‘current of grace’. ‘Reconciled Diversity’- അനുരഞ്ജിതമായ വൈരുധ്യങ്ങൾ(നാനാത്വം).
വിശുദ്ധ ജോൺ ക്രിസോസ്തോം ഒരിക്കൽ പറഞ്ഞു,’ പണ്ട് ഉന്മാദാവസ്ഥയിലായിരുന്ന മനുഷ്യർ സ്വർഗ്ഗത്തോളമെത്തുന്ന ഗോപുരം പണിയാനുദ്യമിച്ചപ്പോൾ ദൈവം, അവരുടെ ഭാഷ ഭിന്നിപ്പിച്ച് അവരെ ഭൂമുഖത്ത് ചിതറിച്ചുകൊണ്ട് അവരുടെ തെറ്റായ ഉദ്ദേശത്തെ തകർത്തു. വിഭജിച്ച ലോകത്തെ ഒന്നിപ്പിക്കാനായി, ഇപ്പോൾ പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തിൽ അവരുടെ മേൽ എഴുന്നെള്ളി വന്നിരിക്കുന്നു’. എന്നിട്ടോ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മനുഷ്യർ ഒരേപോലെ, താന്താങ്ങളുടെ ഭാഷയിലാണ് പ്രസംഗിക്കപ്പെടുന്നതെന്ന മട്ടിൽ അവർ പറയുന്നത് ശ്രവിച്ചു മനസ്സിലാക്കി. പണ്ട് വിഭജിച്ചത് ഭാഷയിലൂടെ ആണെങ്കിൽ ഇപ്പോൾ ഒന്നിപ്പിച്ചതും ഭാഷയിൽ കൂടി. വിസ്മയനീയമായ ദൈവത്തിന്റെ പ്രവർത്തികൾ…പൂർത്തീകരിക്കപ്പെടലുകൾ.
ക്രിസ്തുശിഷ്യനാവാനുള്ള (ക്രിസ്ത്യാനിയാകാനുള്ള ) വിളി ക്രിസ്തുവിനെ അനുകരിക്കാനുള്ള വിളിയാണ്. അവന്റെ സാദൃശ്യത്തിലേക്ക് അനുദിനം നവീകരിക്കപ്പെടാനുള്ള വിളി. ആത്മാവിന്റെ തലത്തിലുള്ള നവീകരണത്തിലും തീരുമാനത്തിലും തുടങ്ങി, ജീവിതത്തിൽ സമൂലമായ, യഥാർത്ഥമായ മാറ്റം കൈവരുന്ന ആത്മീയവിപ്ലവം. ഉപരിപ്ലവമായ മാറ്റം മാത്രമല്ല, ആഴത്തിലുള്ള..ആന്തരികമായ..വൈകാരികമായ..ചിന്തകളിൽ, മൂല്യങ്ങളിൽ , തോന്നലുകളിൽ, പെരുമാറ്റത്തിൽ, വിധിക്കലുകളിൽ എല്ലാം പഴയ മനുഷ്യനിൽ നിന്നും വ്യത്യസ്തമായ പുതിയ മനുഷ്യനെ ധരിക്കുന്നതാണ് അത്. നമ്മുടെ മനസ്സിൽ , ഹൃദയത്തിൽ, ആഗ്രഹങ്ങളിൽ മാറ്റമുണ്ടാക്കാനും ക്രിസ്തുവിന്റെ സാദൃശ്യത്തിലുള്ള പുതിയ വ്യക്തികളാക്കി മാറ്റാനും ദൈവത്തിന്റെ ആത്മാവിനെ നമ്മൾ അനുവദിക്കുമ്പോൾ, ദൈവേഷ്ടമനുസരിച്ചു ചിന്തിക്കുന്നവരായി, പറയുന്നവരായി, പ്രവർത്തിക്കുന്നവരായി നമ്മൾ മാറും.
ഈ ഒരു മനോഭാവം അല്ല യൗസേപ്പിതാവിനുണ്ടായിരുന്നതെങ്കിൽ, ദൈവഹിതമറിയാൻ പ്രാർത്ഥിച്ച് കാത്തിരുന്നില്ലെങ്കിൽ, പരിശുദ്ധ അമ്മ ഗർഭവതിയായ വിവരമറിഞ്ഞപ്പോൾ, അപ്പോഴത്തെ സങ്കടത്തിലും വികാരവിക്ഷോപത്തിലും കല്ലെറിഞ്ഞു കൊല്ലപ്പെടാനായി അവളെ അധികാരികൾക്ക് ഒരുപക്ഷെ ഏൽപ്പിച്ചുകൊടുക്കാമായിരുന്നു, അന്നത്തെ നിയമമനുസരിച്ച്. അങ്ങനെ ദൈവപിതാവിന്റെ പദ്ധതികളെ താറുമാറാക്കിയേനെ. നമ്മൾക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റിപോകുന്നത് ദൈവത്തിന്റെ തീരുമാനം അന്വേഷിക്കാതെ, ആത്മാവിന്റെ വെളിപ്പെടുത്തലിനു കാതോർക്കാതെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കുമ്പോഴല്ലേ.
ഫാദർ അഗസ്റ്റിൻ വള്ളൂരാൻ VC അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഒരു സംഭവം പറയുന്നുണ്ട്. ഒരു IT എഞ്ചിനീയർ വളരെ വിഷമത്തോടെ അദ്ദേഹത്തെ കാണാൻ ചെന്നു. കാര്യം ചോദിച്ചപ്പോൾ പറഞ്ഞു, മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അയാൾക്ക് ക്യാമ്പസ് ഇന്റർവ്യൂവിൽ നല്ലൊരു കമ്പനിയിൽ ജോലി ലഭിച്ചു. പക്ഷെ ജോയിൻ ചെയ്യുമ്പോഴേക്ക് എന്തോ കാര്യത്താൽ ആ കമ്പനി പൂട്ടിപ്പോയി. മറ്റു ജോലികൾക്ക് പഠനശേഷം ഏറെക്കാലം ശ്രമിച്ചു. അത്രയൊന്നും സമർത്ഥരല്ലാതിരുന്ന കൂട്ടുകാർ ഓരോരുത്തരായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഇദ്ദേഹത്തിന് മാത്രം കിട്ടുന്നില്ല. അവസാനം U.S ൽ ഒരു ജോലി ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മതിമറന്നു. പക്ഷെ എത്ര കാത്തിരുന്നിട്ടും വിസ ലഭിച്ചില്ല.
ആകെ നിരാശനായി തന്റെ മുമ്പിൽ നിൽക്കുന്ന യുവാവിന് വേണ്ടി ഫാദർ പ്രാർത്ഥിച്ചു. അപ്പോൾ കണ്മുൻപിൽ തെളിഞ്ഞ ദൃശ്യത്തിൽ കണ്ടത് തിരുവസ്ത്രങ്ങൾ അണിഞ്ഞു അൾത്താരയിൽ കാസയും പീലാസയും പിടിച്ചുനിൽക്കുന്ന അയാളെയാണ്. ചോദിച്ചപ്പോൾ, അൾത്താരബാലനായിരുന്ന സമയത്ത് ഒരു പുരോഹിതനാകാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നെന്നു പറഞ്ഞു. പക്ഷെ വീട്ടുകാരുടെ നിർബന്ധപ്രകാരം ഉപരിപഠനങ്ങൾക്ക് പോയപ്പോൾ പയ്യെപയ്യെ ആ ലക്ഷ്യം മറഞ്ഞു. ഇപ്പോൾ ആ യുവാവിന് മനസ്സിലായി എന്തുകൊണ്ടാണ് എല്ലാ വാതിലുകളും തനിക്ക് മുമ്പിൽ അടഞ്ഞിരുന്നതെന്ന്. ദൈവരാജ്യനിർമ്മിതിയിൽ സമുന്നതമായ ഒരു സ്ഥലമാണ് ദൈവം അയാളിൽ കണ്ടിരുന്നത്. നമ്മുടെ ഇഷ്ടത്തിനനുസരിച്ചു പലതും നടക്കാതാവുമ്പോൾ നിരാശപ്പെടാതെ നമ്മെ സംബന്ധിച്ചുള്ള ദൈവേഷ്ടം അറിയാൻ ശ്രമിക്കാം.
ആന്തരിക പരിവർത്തനത്താൽ ക്രിസ്തുശിഷ്യനായായി കഴിഞ്ഞാലും വീണ്ടും വീണ്ടും വീണുപോയെന്നു വരും. വിശുദ്ധർ എന്ന് നമ്മൾ വിളിക്കുന്നത് ദൈവസന്നിധിയിൽ വീഴാത്തവരെ അല്ല. ക്രിസ്തുശിഷ്യനാകുന്നതിന് മുൻപും ശേഷവും വീണിട്ടുള്ളവരെയാണ്. പക്ഷേ അവർ എത്ര വീണാലും എഴുന്നേൽക്കും, ഈശോയുടെ കയ്യും പിടിച്ച്. വിശുദ്ധ പൗലോസിനെപ്പോലെ എപ്പോഴും നമ്മൾ പറയുന്നുണ്ടായിരിക്കാം ഞാൻ എത്ര ദുർഭഗനായ മനുഷ്യനാണെന്ന്. ദൈവത്തിന് കൊടുത്ത വാക്ക് പാലിക്കാൻ പറ്റാതെ പോകുന്നല്ലോ എന്ന്.
എന്റെ അനുഭവവും വ്യത്യസ്തമല്ല. മരണത്തെ മുഖാമുഖം കണ്ട ചില നിമിഷങ്ങളിൽ ഈശോയോട് ഞാൻ പറഞ്ഞു, ‘ഒരവസരം കൂടി താ ഈശോയെ ഇത്രയും കാലം ചെയ്തുപോയ പാപങ്ങൾക്ക് ആത്മാർത്ഥമായി കുറച്ചു കൂടെ പരിഹാരങ്ങൾ ചെയ്തും കുറേകൂടി വിശുദ്ധിയിൽ നടന്നും ഒന്നുകൂടെ ഒരുങ്ങാനായി’. പക്ഷേ സമയം നീട്ടിക്കിട്ടും തോറും പാപത്തിന്റെ എണ്ണം കൂടുന്നതല്ലാതെ ആ സമയം കൊണ്ട് കാര്യമായ ഉപകാരമുണ്ടായതായി എനിക്ക് പലപ്പോഴും തോന്നുന്നില്ല. എങ്കിലും എനിക്ക് ദൈവത്തിന്റെ കാരുണ്യത്തിൽ പ്രത്യാശയുണ്ട്. എന്റെ ബലഹീനതയിൽ അവൻ സഹായിക്കുമെന്നും എനിക്കസാദ്ധ്യമായത് അവന് സാദ്ധ്യമാണെന്നും എനിക്കറിയാം.
നമ്മുടെ വ്യക്തിപരമായ ജീവിതസാക്ഷ്യങ്ങളാൽ നമ്മുടെ ക്രിസ്തുശിഷ്യത്വം വിലയിരുത്തപ്പെടുന്നു, ‘നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’. പലപ്പോഴും മറ്റുള്ളവർ വായിക്കുന്ന തുറന്ന ബൈബിൾ നമ്മളായിരിക്കാം, നമ്മുടെ പെരുമാറ്റത്തിലൂടെയാവാം പലരും ആദ്യമായി ഈശോയെ കാണുന്നതും അറിയുന്നതും.
ക്രിസ്തീയ ജീവിതത്തിൽ നമ്മൾ ബാലൻസ് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ടല്ലേ …ആരും ശ്രദ്ധിക്കാത്ത വിധത്തിൽ അലിഞ്ഞു ഭൂമിയുടെ ഉപ്പാകാനും എല്ലാവർക്കും കാണാൻ പറ്റുന്ന പോലെ ലോകത്തിന്റെ പ്രകാശമാവാനും…ഒരു കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ മറഞ്ഞു കിടക്കുന്ന ഫയലും അതിന്റെ മോണിറ്ററിൽ ഡിസ്പ്ലേ ആവുന്ന കാര്യങ്ങളും പോലെ.. ദൈവത്തിന്റെ അനന്തമായ നിശബ്ദതയുടെ സ്വരത്തിനും പുരമുകളിൽ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ ശബ്ദത്തിനും ഇടയിൽ ബാലൻസ്ഡ് ആവാൻ…
അതുകൊണ്ട് ‘വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ. ക്രിസ്തു നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ ‘ ( എഫേ 5:1)
ഈ നോമ്പ് കാലത്ത് ഉറച്ച തീരുമാനമെടുക്കാം.. ദൈവത്തോടും മറ്റുള്ളവരോടും വിശ്വസ്തതയുള്ളവരാകുമെന്നും നല്ലൊരു ക്രിസ്തുശിഷ്യനാകുമെന്നും അവന്റെ ആനന്ദം പങ്കുവെക്കുമെന്നും…
ജിൽസ ജോയ്
