വിശുദ്ധ കാസിമിർ | St. Casimir | March 4

രാജകുമാരനായിട്ടും ലാളിത്യത്തിൽ ജീവിച്ചവൻ, പടനായകനായിട്ടും യുദ്ധം ചെയ്യാൻ മടിച്ചവൻ, മരിച്ചു കഴിഞ്ഞു പോലും റഷ്യൻ പട്ടാള അധിനിവേശത്തിൽ നിന്ന് നിന്ന് ലിത്വേനിയയെ രക്ഷിച്ചവൻ… ഇതൊക്കെ വിശുദ്ധ കാസിമിർന്റെ സവിശേഷതകളിൽ ചിലതു മാത്രം.

തന്റെ ജീവിതം മറ്റൊരാൾക്ക്‌ (ഈശോക്ക് ) വേണ്ടിയാണ് ജീവിക്കേണ്ടതെന്ന ബോധ്യം ചെറുപ്പം മുതലേ അവനുണ്ടായിരുന്നു. രാജാവായ തന്റെ പിതാവിനെക്കാൾ ഉന്നതനായ, ദൈവത്തെയാണ് താൻ സേവിക്കേണ്ടതെന്ന തിരിച്ചറിവും.

പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തിൽ 1458 ഒക്ടോബർ 3 ന് ആണ് വിശുദ്ധ കാസിമിർ ജനിച്ചത്. പോളണ്ടിന്റെയും ലിത്വേനിയയുടെയും രാജാവായിരുന്ന കാസിമിർ നാലാമന്റെയും ഓസ്ട്രിയയിലെ എലിസബത്ത് രാജ്ഞിയുടെയും പതിമൂന്ന് മക്കളിൽ മൂന്നാമത്തവൻ ആയിരുന്നു അവൻ. ‘രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും അമ്മ’ എന്ന് അവന്റെ അമ്മ വിളിക്കപ്പെട്ടിരുന്നു, കാരണം അവരുടെ എല്ലാ മക്കളും രാജകിരീടം അണിഞ്ഞിട്ടുള്ളവരായിരുന്നു.

കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ ദൈവത്തെ എല്ലാറ്റിലുമുപരിയായി സ്നേഹിക്കുവാൻ അവന്റെ അമ്മ പഠിപ്പിച്ചിരുന്നു. ഭക്തയും ബുദ്ധിമതിയും ആയിരുന്ന അവർ, കുഞ്ഞുങ്ങൾക്ക് ചുറ്റുമുള്ള ആർഭാടങ്ങളും സൗഭാഗ്യവും അവരെ ചീത്തയാക്കാതിരിക്കാൻ സദാ ശ്രദ്ധാലുവായിരുന്നു. ഒൻപതു വയസ്സായപ്പോൾ, ചരിത്രകാരനും അഗാധപാണ്ഡിത്യവും വിശുദ്ധിയുമുള്ള പുരോഹിതനായ ജോൺ ഡ്ളുഗോസ്ന്റെ ശിക്ഷണത്തിലായിരുന്നു കാസിമിർന്റെ വിദ്യാഭ്യാസം. തൻറെ സഹോദരന്മാരോടൊപ്പം മതപഠനവും വിവിധ ഭാഷകളും അഭ്യസിച്ചു. കളിക്കാൻ പോകുന്നതിലും രാജകുമാരന്മാർക്ക് ഇഷ്ടം അവരുടെ ഗുരുവിന്റെ കൂടെ സമയം ചിലവിടുന്നതായിരുന്നു. തൻറെ എഴുത്തുകളിൽ ജോൺ ഡ്ളുഗോസ് കാസിമിറിനെ വിശേഷിപ്പിക്കുന്നത് ‘അപൂർവ്വമായ കഴിവുകളും സ്തുത്യർഹമായ അറിവും ഉള്ള ശ്രേഷ്ഠനായ ഒരു യുവാവ്’ എന്നാണ് .

ഗുരുവിന്റെ ജീവിതമാതൃകയും ശിക്ഷണവും കാസിമിറിനു സ്വതവേ ഉണ്ടായിരുന്ന നിഷ്കളങ്കതയെയും ഭക്തിയെയും അതിന്റെ ഉന്നതിയിലെത്തിച്ചു. രാജകൊട്ടാരത്തിലെ പ്രൗഢിക്കും ആഡംബരത്തിനും ഇടയിലും കാസിമിർ പ്രാർത്ഥനയിലും ഉപവാസത്തിലും മുഴുകി. ലളിതമായ ഭക്ഷണം കഴിച്ചു. ധരിച്ചിരുന്ന സാധാരണ വസ്ത്രത്തിനുള്ളിൽ പ്രായശ്ചിത്തമായി രോമവസ്ത്രം ധരിച്ചിരുന്നു. വെറും നിലത്താണ് കിടന്നിരുന്നത്. യേശുവിന്റെ പീഡാനുഭവധ്യാനത്തിൽ ഏറെനേരം മുഴുകിയിരുന്നു. എപ്പോഴും ദൈവസാന്നിധ്യാവബോധത്തിൽ ജീവിക്കാൻ ശീലിച്ച കാസിമിർ പ്രസന്നവദനനും ആരോടും മുഖം കറുപ്പിക്കാത്തവനും ആയിരുന്നു.

1471 ഒക്ടോബറിൽ,കാസിമിറിന് കഷ്ടിച്ച് 13 വയസ്സ് പ്രായമുള്ളപ്പോൾ ഹംഗറിയിലേക്ക് യുദ്ധം നയിക്കേണ്ടി വന്നു. ഹംഗറിയിലെ രാജാവായിരുന്ന അവന്റെ അമ്മാവന്റെ മരണശേഷം ഭരണം ഏറ്റെടുത്ത മത്തിയാസ് കൊർവിനൂസിനെ കുറേപേർക്കു ഇഷ്ടമായിരുന്നില്ല. കാസിമിർ അവിടത്തെ കിരീടാവകാശിയാവണമെന്നു പറഞ്ഞ് കുറേപേർ അവന്റെ മാതാപിതാക്കളെ നിർബന്ധിച്ചു. യുദ്ധം ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും പിതാവിനോട് അനുസരണക്കേട് കാണിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് കാസിമിർ യുദ്ധത്തിനായി പോയി.

അവിടെച്ചെന്നപ്പോൾ എതിർഭാഗത്തു പടയാളികൾ വളരെക്കൂടുതലുണ്ട്. ശരിയായി ശമ്പളവും ഭക്ഷണവും കിട്ടാത്തതുമൂലം കാസിമിറിന്റെ ഭാഗത്തുള്ളവർ പിരിഞ്ഞുപോവാനും തുടങ്ങി. യുദ്ധം വേണ്ടെന്നുവെച്ചു തിരിച്ചുപോകാനുള്ള വിദഗ്ധോപദേശം സന്തോഷത്തോടെയാണ് അവൻ കേട്ടത്. ആശ്വാസത്തോടെ തിരിച്ചുപോന്ന അവനെ, പിതാവ് നാണക്കേടും ദേഷ്യവും കൊണ്ട് മൂന്നു മാസത്തേക്ക് ഡോബ്‌സ്‌കിയിലെ കോട്ടയിൽ തടവിലിട്ടു.

സിക്സ്റ്റസ് നാലാമൻ പാപ്പ, കാസിമിർ യുദ്ധം നയിക്കുന്നതിന് എതിരായിരുന്നു, എന്ന അറിവ് അവന് ശക്തി പകർന്നു. യുദ്ധത്തിലെ അനീതിയും കെടുതികളും ഓർത്തുകൊണ്ടും ഈ പോരാട്ടങ്ങൾ തുർക്കിപ്പടക്ക് യൂറോപ്പിലേക്ക് വഴി തുറക്കാനാണ് സഹായിക്കുന്നതെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടും ഇനിയൊരിക്കലും, ആരൊക്കെ പറഞ്ഞാലും, ആയുധമെടുക്കില്ലെന്നു കാസിമിർ തീരുമാനിച്ചു.

1472 ൽ കാസിമിർ ക്രാക്കോവിലേക്ക് തിരിച്ചുവന്നു. അപ്പോഴേക്ക് അവന്റെ മൂത്ത സഹോദരൻ ബൊഹീമിയയുടെ രാജാവായിരുന്നത് കൊണ്ട് പോളണ്ടിന്റെ കിരീടാവകാശിയായി കാസിമിനെ പ്രഖ്യാപിച്ചു. അധികാരം മോഹിച്ചില്ലെങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ കാസിമിർ ആഗ്രഹിച്ചില്ല. അദ്ദേഹം പിതാവിനോടൊത്ത് യാത്രകൾ ചെയ്തു, ഔദ്യോഗികസന്ദർശനങ്ങൾ നടത്തി, രാജ്യഭരണകാര്യങ്ങൾ പരിചയിച്ചു. തൻറെ പഠനവും ഒപ്പം കൊണ്ടുപോയി.

അവനിലുണ്ടായിരുന്ന ദൈവസ്നേഹം അതിന്റെ ഉന്നതിയിലെത്തിയ സമയമായിരുന്നു അത്. എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുകയും പള്ളികൾ സന്ദർശിക്കുകയും ചെയ്തു.

പള്ളിയുടെ വാതിൽ തുറന്നിട്ടില്ലെങ്കിൽ അതിന്റെ പ്രവേശനകവാടത്തിനു മുൻപിൽ മുട്ടുകുത്തി സക്രാരിയിലെ ഈശോയെ ആരാധിച്ചുകൊണ്ട് ഏതു തണുപ്പത്തും ഏറെനേരം ചിലവഴിക്കുമായിരുന്നു.

പരിശുദ്ധ അമ്മയോട് പ്രത്യേകഭക്തി കാസിമിർനുണ്ടായിരുന്നു. അവളുടെ ബഹുമാനാർത്ഥം Omni die dic Mariae എന്ന ലാറ്റിൻ സ്തുതിഗീതത്തിന്റെ വരികൾ അവൻ എപ്പോഴും പാടുമായിരുന്നു. ‘ദിനവും ദിനവും മറിയത്തിനായി പാടു’എന്നാണ് അതിന്റെ അർത്ഥം. അതിന്റെ ഒരു കോപ്പി, താൻ മരിച്ചു മറവുചെയ്യപ്പെടുമ്പോൾ തൻറെ കൂടെ വെക്കാൻ പോലും പറയത്തക്ക വിധം കാസിമിറിന് ആ കീർത്തനം അത്രക്കിഷ്ടമായിരുന്നു. വിശുദ്ധ ബെർണാഡ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതിയതാണെങ്കിലും ‘കാസിമിറിന്റെ ഗീതം’ എന്നാണത് അറിയപ്പെടുന്നത്.

ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹം പരസ്നേഹത്തിനും കാരണമായി. പാവങ്ങളുടെ കഷ്ടപ്പാട് കണ്ട് അവന്റെ സ്വത്തും മറ്റു സാധനങ്ങളും ഉദാരമായി ദാനം ചെയ്തിരുന്നു. കാസിമിറിന്റെ പിതാവ് ലിത്വേനിയയിൽ കുറേക്കാലം കഴിയേണ്ടി വന്നപ്പോൾ കാസിമിർ ആയിരുന്നു 1479 മുതൽ 1483 വരെ പോളണ്ട് ഭരിച്ചത്.

അവന്റെ സത്യസന്ധതയും, നീതിയും, ദുരിതമനുഭവിക്കുന്നവരോട് കാണിക്കുന്ന കരുണയും കൊണ്ട് ‘സമാധാനസ്ഥാപകൻ’ എന്ന ഓമനപ്പേര് അവനെ വിളിച്ച അവിടത്തെ ജനങ്ങൾക്ക് അവൻ പ്രിയങ്കരനായിരുന്നു. ഖജനാവിലെ പണം കൊണ്ട് അവൻ പ്രജകളുടെ കടം വീട്ടി. ദരിദ്രരെ ചവിട്ടിമെതിക്കാൻ ആരെയും അനുവദിച്ചില്ല.

കാസിമിർ തൻറെ ജീവിതം പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചു. ഫ്രഡറിക്ക് മൂന്നാമൻ രാജാവിന്റെ മകളെ വിവാഹം കഴിക്കാൻ എത്ര നിർബന്ധിച്ചിട്ടും കാസിമിർ വഴങ്ങിയില്ല. താൻ ഹൃദയത്തിൽ ഈശോക്ക് നിത്യബ്രഹ്മചര്യം നേർന്നിട്ടുണ്ടെന്നാണ് കാസിമിർ പറഞ്ഞത്.

1483 ൽ, അക്കാലത്ത് സാധാരണമായിരുന്ന ക്ഷയരോഗം കാസിമിറിനെയും ബാധിച്ചു. നന്നേ ക്ഷീണിച്ച അവൻ മിക്ക ജോലികളിൽ നിന്നും വിട്ടുനിന്നു. 1484 മാർച്ച് 4ന് അന്ത്യകൂദാശ സ്വീകരിച്ചു. ഒരു കയ്യിൽ ക്രൂശിതരൂപവും മറുകയ്യിൽ ഒരു മെഴുതിരിയും പിടിച്ച് അവൻ ശാന്തനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രാത്രിയാകുന്നതിനു മുൻപ് വിശുദ്ധമായ ആ ആത്മാവ് സ്വർഗ്ഗത്തിലേക്ക് യാത്രയായി.

മരണശേഷം വിശുദ്ധന്റെ പേരിൽ നടന്ന അത്ഭുതങ്ങൾ നിരവധിയാണ്. അന്ധർക്ക് കാഴ്ച കിട്ടി, മുടന്തുള്ളവരുടെ വൈകല്യം മാറി, വളരെപ്പേരുടെ അസുഖം ഭേദമായി, മരിച്ച ഒരു പെൺകുട്ടി ഉയിർപ്പിക്കപ്പെടുക വരെ ചെയ്തു എന്ന് പറയപ്പെടുന്നു.

1518ൽ ആണ് ഏറ്റവും വലിയ അത്ഭുതം നടന്നെന്നു പറയപ്പെടുന്നത്. റഷ്യൻ സൈന്യം ലിത്വേനിയയിലെ നഗരത്തെ ആക്രമിച്ചപ്പോൾ വിശുദ്ധ കാസിമിർ വെളുത്ത കുതിരയുടെ പുറത്തിരിക്കുന്നതായും ലിത്വേനിയൻ സൈന്യത്തെ നയിക്കുന്നതായും ദർശനത്തിൽ കണ്ടു. ഉത്സാഹം വീണ്ടെടുത്ത പട്ടാളക്കാർ റഷ്യയോട് ചെറുത്തുനിന്നു.

വിശുദ്ധ കാസിമിർ പോളണ്ടിന്റെയും ലിത്വേനിയയുടെയും മധ്യസ്ഥനാണ്. ‘സമാധാനസ്ഥാപകൻ’ (അനുരഞ്ജകൻ) എന്ന വിളിപ്പേര് കൂടിയുള്ള ഈ വിശുദ്ധനോട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും വൈരവും നീങ്ങാൻ നമുക്ക് മാധ്യസ്ഥം അപേക്ഷിക്കാം.

Feast Day : March 4

ജിൽസ ജോയ് ✍️

Advertisements
St. Casimir
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s