4th Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹

19 Mar 2023

4th Sunday of Lent 

Liturgical Colour: Rose or Violet.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാനവരാശിയുടെ അനുരഞ്ജനം
അങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.
അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടും
തീവ്രമായ വിശ്വാസത്തോടും കൂടെ ക്രൈസ്തവ ജനത,
ആസന്നമാകുന്ന മഹോത്സവങ്ങളിലേക്ക്
വേഗത്തില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 സാമു 16:1,6-7b,10-13
സാമുവല്‍ ദാവീദിനെ തൈലംകൊണ്ട് രാജാവായി അഭിഷേകം ചെയ്തു.

കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അവന്‍ ജസ്സെയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്ഷണിച്ചു. അവന്‍ വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍, കര്‍ത്താവ് സാമുവലിനോടു കല്‍പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും. ജസ്സെ തന്റെ ഏഴു പുത്രന്മാരെ സാമുവലിന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവന്‍ ജസ്സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന്‍ ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി. പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്ദരനായിരുന്നു. കര്‍ത്താവ് കല്‍പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആവസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

രണ്ടാം വായന

എഫേ 5:8-14
മരിച്ചവരില്‍ നിന്ന് എഴുന്നേല്‍ക്കുക, ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.

സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്. കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും. ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്:

ഉറങ്ങുന്നവനേ, ഉണരുക,
മരിച്ചവരില്‍ നിന്ന് എഴുന്നേല്‍ക്കുക,
ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.

കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.

സുവിശേഷം

യോഹ 9:1-41
ജന്മനാ അന്ധനായ മനുഷ്യന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.

യേശു കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു. ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്, അവനോടു പറഞ്ഞു: നീ പോയി സീലോഹാ – അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം – കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
അയല്‍ക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നവന്‍? ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റു ചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്? അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു. എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ മറുപടി പറഞ്ഞു.
മുമ്പ് അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു. യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത് ഒരു സാബത്തു ദിവസമാണ്. വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെ അവനു കാഴ്ച ലഭിച്ചു എന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളി പുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു. ഫരിസേയരില്‍ ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത് ആചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി. അപ്പോള്‍ ആ അന്ധനോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു പ്രവാചകനാണ്.
അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കന്മാരെ വിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല. അവര്‍ ചോദിച്ചു: അന്ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്? അവന്റെ മാതാപിതാക്കന്മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചു എന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നു എന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവന്‍ തന്നെ പറയും. അവന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പറഞ്ഞത് യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ ക്രിസ്തു എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍ നിന്നു പുറത്താക്കണമെന്ന് യഹൂദര്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്മാര്‍ അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്.
അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം. അവന്‍ പറഞ്ഞു: അവന്‍ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു. അവര്‍ ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവന്‍ നിന്റെ കണ്ണുകള്‍ തുറന്നത്? അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞുവല്ലോ. അപ്പോള്‍ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും കേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകുവാന്‍ ഇച്ഛിക്കുന്നുവോ? അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാണ്. ദൈവം മോശയോടു സംസാരിച്ചുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ മനുഷ്യന്‍ എവിടെ നിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെ നിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്റെ കണ്ണുകള്‍ തുറന്നു. ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു. അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതല്‍ ഇന്നോളം കേട്ടിട്ടില്ല. ഈ മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളവനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി.
അവര്‍ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? അവന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്? യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍ തന്നെയാണ് അവന്‍. ‘കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു. യേശു പറഞ്ഞു: കാഴ്ചയില്ലാത്ത വര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്.
അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്ധരാണോ? യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്,
നിത്യൗഷധത്തിന്റെ കാണിക്കകള്‍ സന്തോഷപൂര്‍വം ഞങ്ങളര്‍പ്പിക്കുന്നു.
അങ്ങനെ, അവയെ ഞങ്ങള്‍ വിശ്വസ്തതയോടെ വണങ്ങാനും
ലോകരക്ഷയ്ക്കു വേണ്ടി അനുയുക്തമാംവിധം കാഴ്ചവയ്ക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

കര്‍ത്താവ് എന്റെ കണ്ണുകള്‍ ലേപനംചെയ്തു.
ഞാന്‍ പോയി കഴുകുകയും കാഴ്ചപ്രാപിക്കുകയും
ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഈ ലോകത്തിലേക്കു വരുന്ന എല്ലാ മനുഷ്യരെയും
പ്രകാശിപ്പിക്കുന്ന ദൈവമേ,
അങ്ങേ കൃപയുടെ ദീപ്തിയാല്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കണമേ.
അങ്ങനെ, അങ്ങേ മഹിമയ്ക്ക്
യോഗ്യവും പ്രീതികരവുമായവ
എപ്പോഴും മനനം ചെയ്യാനും
അങ്ങയെ ആത്മാര്‍ഥമായി സ്‌നേഹിക്കാനും
ഞങ്ങള്‍ ശക്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെ കടാക്ഷിക്കണമേ.
ബലഹീനരെ ശക്തിപ്പെടുത്തണമേ.
മരണത്തിന്റെ ഇരുളില്‍ നടക്കുന്നവരെ
അങ്ങേ പ്രകാശത്താല്‍ സദാ ഉജ്ജീവിപ്പിക്കുകയും
എല്ലാ തിന്മകളിലും നിന്ന് കരുണാപൂര്‍വം രക്ഷിക്കപ്പെട്ടവര്‍,
സമുന്നതമായ നന്മയില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment