നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത്

(ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ‘It Is Expedient That I Go’ എന്ന അധ്യായത്തിന്റെ വിവർത്തനം)

“നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത് ” മരിക്കുന്നതിന് മുൻപുള്ള രാത്രിയിൽ നമ്മുടെ രക്ഷകൻ പറഞ്ഞ വാക്കുകൾ. വിചിത്രമായ വാക്കുകൾ, ശരിക്കും.

അവന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങൾ അവരുടെ വലയിൽ നിന്നും ബോട്ടുകളിൽ നിന്നും ഇഷ്ടസാധനങ്ങളുടെ പട്ടികയിൽ നിന്നും അടർത്തി മാറ്റി, തന്റെ തിരുഹൃദയത്തോട് ഒട്ടിച്ചു പിണച്ചു വെച്ചിട്ട്, അപ്പോൾ അവൻ അങ്ങനെ പറഞ്ഞത് എന്തിനായിരിക്കും? അവൻ പോകുന്നത് അവരുടെ നന്മക്കായാണ്‌ എന്നെങ്ങനെ പറയാൻ കഴിയും? ജീവിതമാകുന്ന കടലിൽ അവർ ചാഞ്ചാടികൊണ്ടിരിക്കുമ്പോൾ അവരുടെ കപ്പിത്താൻ അവരിൽ നിന്ന് എടുക്കപ്പെടുന്നത് എങ്ങനെ നന്മക്കായി ആകും? ചെന്നായ്ക്കളുടെ അടുത്തേക്ക് ആടുകളെപ്പോലെ അവൻ അവരെ അയക്കുന്ന സമയത്ത് അവനില്ലാതെ അവർ തനിച്ചാകുന്നത് എങ്ങനെ നന്മയാകും? ഭൗതികമായും ഇന്ദ്രിയങ്ങളിലൂടെയും അവനെ അടുത്ത് കണ്ട്, സ്പർശിച്ച് ജീവിച്ചവർക്ക് അവൻ കാണപ്പെടാത്തവനും സ്പർശിക്കപ്പെടാനാവാത്തവനും ആകുന്നത് എങ്ങനെ നന്മയാകും ? എങ്കിലും അവൻ പോകുന്നത് നമുക്ക് നന്മയായി തീർന്നു- അല്ലെങ്കിൽ അവൻ അങ്ങനെ പറയില്ലായിരുന്നു. അത് നന്മയായതെങ്ങനെ എന്നതിന്റെ കാരണങ്ങൾ ഒന്ന് നോക്കാം.

ഒന്നാമതായി, നമ്മുടേതായ രീതിയിൽ അവൻ തന്റെ ഭൗമികജീവിതം തുടർന്നിരുന്നെങ്കിൽ, ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉത്തരമില്ലാതെ പോയേനെ. ഒരു നല്ല ജീവിതം എവിടേക്കാണ് നയിക്കുന്നത്? നന്മക്ക് എന്താണ് പ്രതിഫലം? ശവകുടിരത്തിനപ്പുറത്ത് എന്താണുള്ളത്? വിശുദ്ധമായി നയിച്ച ഒരു ജീവിതം വരുംകാലജീവിതത്തിൽ എന്തെങ്കിലും നേടിത്തരുന്നുണ്ടോ? നല്ലിടയന്മാരെപ്പോലെ തങ്ങളുടെ ആടുകൾക്കായി ജീവൻ വെടിയുന്നവർക്ക് സ്വർഗ്ഗത്തിൽ എന്തെങ്കിലും കിരീടമുണ്ടോ? യേശുവിന് നിത്യമായ മഹത്വം ലഭിച്ചത് അവന്റെ ഭൗമികജീവിതം കൊണ്ടല്ലെങ്കിൽ പിന്നെ, ഒരാളുടെ നല്ല ഭൗമികജീവിതത്തിന്റെ മൂല്യവും യോഗ്യതയും എവിടെയാണ് ഇരിക്കുന്നത്? നമ്മുടെ കർത്താവ് തന്നെ നമ്മളോട് പറഞ്ഞില്ലേ, ‘ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ? ‘ എന്ന്?

മറ്റു വാക്കിൽ പറഞ്ഞാൽ നമ്മുടെ കർത്താവ് പോകുന്നത് നന്മയാകുന്നതിന്റെ ഒരു കാരണം, യോഗ്യതയുള്ള ഒരു ജീവിതത്തിന്റെ പ്രതിഫലം ഭൗമികമായതല്ല ( ഈ ലോകത്തിലല്ല ) എന്ന് അവൻ കാണിച്ചു തരുന്നു എന്നതാണ് – അതായത് നമ്മൾ ഓരോരുത്തർക്കും ഈ ലോകത്തിൽ അവരവർക്കായി ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യാനുണ്ട്, അതായത് നമ്മൾ ഇവിടേക്ക് അയക്കപ്പെട്ടിരിക്കുന്നത് നമ്മുടെ രക്ഷക്ക് വേണ്ടി പണിയെടുക്കാനാണ്, അങ്ങനെ ആ പണി പൂർത്തിയാകുമ്പോൾ, ജോലി ചെയ്തു കഴിയുമ്പോൾ, അവനെപ്പോലെ നമ്മളും ‘ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിന് വേണ്ടി’ ( supernal vocation) ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യണം, അവനോടൊപ്പം സ്വർഗ്ഗത്തിലെ നിത്യമഹത്വത്തിനായി.

പക്ഷേ അവൻ പോകുന്നത് നന്മക്കാവുന്നത് മറ്റൊരു കാര്യം കൊണ്ടുകൂടെയാണ് : അവന് നമ്മളോട് കൂടുതൽ അടുത്തായിരിക്കാൻ. അവൻ പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണം അവൻ നൽകിയത് ഇങ്ങനെയാണ് :

‘ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കും’ ….’സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും ‘…’അവൻ എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ചു നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും’…’ അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടും അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും’…. ‘ എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയുമില്ല’.

അവന്റെ കുരിശുമരണത്തിന് തലേന്നത്തെ ഈ ഗാംഭീര്യമുള്ള വാക്കുകളിൽ അവൻ വ്യക്തമായി പറയുന്നുണ്ട് എവിടെ നിന്നാണോ അവൻ വന്നത്, ആ പിതാവിന്റെ അതിരില്ലാത്ത സ്നേഹജീവിതത്തിലേക്ക് അവൻ തിരികെ പോവുകയാണെന്നും പക്ഷേ അവൻ പോകുന്നത് മൂലം അവർ അനാഥരാവില്ലെന്നും, കാരണം ഒരു പുതിയ രീതിയിൽ, അവന്റെ ആത്മാവിനാൽ അവൻ വീണ്ടും അവരിലേക്ക് വരുമെന്നും.അവൻ തന്റെ ഭൗമികജീവിതവുമായി ഇവിടെ നിന്നാൽ , അവൻ നമുക്ക് പകർത്താവുന്ന ഒരു മാതൃക മാത്രമേ ആവുള്ളു എന്നും നേരെ മറിച്ച് അവൻ പിതാവിങ്കലേക്ക് പോയി അവന്റെ ആത്മാവിനെ അയച്ചാൽ അവന്, നമ്മൾ ജീവിക്കേണ്ട ജീവിതം തന്നെ ആകാൻ കഴിയുമെന്ന് അവൻ മറ്റൊരു തരത്തിൽ പറയുകയായിരുന്നു.

…. അവൻ ഭൂമിയിൽ തുടർന്നിരുന്നെങ്കിൽ അന്തമില്ലാത്ത നിരീക്ഷണങ്ങൾക്കും ശാസ്ത്രപഠനങ്ങൾക്കും അനുകരണങ്ങൾക്കും ഒരു ഹേതു മാത്രമായി തീർന്നേനെ. പക്ഷേ അവന്റെ മാതൃക എത്ര മഹത്തരമാണെങ്കിലും, അവന്റെ വാക്കുകൾ എത്ര പ്രചോദനാത്മകമാണെങ്കിലും, അവൻ നമുക്ക് പുറത്ത് ആയിരുന്നേനെ. നമുക്ക് പുറമേ ആയി, പുറമേയുള്ള സ്വരമായി, പുറമെയുള്ള ജീവിതമായി, പുറമെയുള്ള മാതൃകയായി – ബാഹ്യമായ ഒരു ആലിംഗനത്തിൽ കൂടിയല്ലാതെ അവനെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു. ആ ദൈവികജീവിതത്തിന് ഭവനമായ അവന്റെ ഭൗതികശരീരം തന്നെ, എല്ലാ യഥാർത്ഥ പ്രണയങ്ങളും ചെന്നെത്തുന്ന, മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ഒന്നാവുന്ന അവസ്ഥയിലേക്ക്, നമുക്ക് ഒരു വിലങ്ങുതടി ആവുമായിരുന്നു.

…പക്ഷേ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കാനായി സ്വർഗ്ഗാരോഹണം ചെയ്തത് വഴി, അവന് നമ്മിലേക്ക് അവന്റെ ആത്മാവിനെ അയക്കാൻ കഴിഞ്ഞു. അങ്ങനെ ഒരു ബാഹ്യവ്യക്തി ആയല്ല, മറിച്ച് ജീവിക്കുന്ന ആത്മാവായി അവന് നമ്മുടെ കൂടെ ആയിരിക്കാൻ കഴിയും. വെറുതെ യാന്ത്രികമായി പകർത്തേണ്ട ഒന്നായി അല്ല പക്ഷേ സുപ്രധാനമായി പുനരാവിഷ്കരിക്കേണ്ട ഒന്നായി, നമ്മുടെ ജീവിതത്തിൽ ബാഹ്യമായി വരച്ചുകാണിക്കേണ്ട ഒന്നായി അല്ല പക്ഷേ നമ്മളിൽ തന്നെ രൂപമെടുക്കാനായി ജീവിക്കുന്ന ഒന്നായി. അവന്റെ സ്വർഗ്ഗാരോഹണവും ആത്മാവിനെ അയച്ചതും കൊണ്ടു മാത്രം നമ്മളോട് പൂർണ്ണമായും ഒന്നാവാൻ, നമ്മളെ അവന്റെ വാസസ്ഥലമാക്കാൻ, അവന് സാധിച്ചു – ശരീരത്താലും രക്തത്താലും ആത്മാവിനാലും ദൈവികതയാലും – ‘ക്രിസ്തു നമ്മിൽ’ എന്ന പ്രയോഗത്തിന്റെ ഏറ്റവും കണിശമാർന്ന രൂപമാകാൻ.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ നമുക്ക് ലഭിക്കുന്നത് ഒന്നാവലിൽ നിന്നാണ് – ഒരു രാജ്യത്തിലെ പൗരന്മാർ തമ്മിലുള്ള ഐക്യം, ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ഐക്യം, സുഹൃത്തുക്കളുടെ താല്പര്യങ്ങളും ആദർശങ്ങളും തമ്മിലുള്ള ഐക്യം, വിവാഹമെന്ന കൂദാശയിലൂടെ രണ്ടുപേർ ഒരു ശരീരമാകുന്ന ഐക്യവും. പക്ഷേ അവസാനം പറഞ്ഞത് ഒരു കുഞ്ഞുണ്ടാകുന്ന തരത്തിൽ ഫലമണിയുന്നു എന്നുള്ളതുകൊണ്ട് സ്വാഭാവികമായി ഏറ്റവും ആഴത്തിലുള്ളതായ ഐക്യമാണെങ്കിൽ പോലും അതും അപൂർണ്ണമാണ്. ശരീരങ്ങൾ ഒന്നാകുന്നു എന്ന് പറയുന്നെങ്കിലും പലപ്പോഴും ആത്മാക്കളുടെ ഐക്യം അതിലുണ്ടാവണമെന്നില്ല. ചിലപ്പോഴൊക്കെ , ഒരാളെ ബാഹ്യമായി സ്വന്തമാക്കുന്നത് അയാളുമായി ആന്തരികമായി ഒന്നാകാൻ തടസ്സമാണ്. സ്നേഹത്തിന്റെയും ചിന്തകളുടെയും ആഗ്രഹങ്ങളുടെയും സംയോജനം ഇല്ലാതെ നമ്മൾ ഒരിക്കലും ഒന്നുചേരലിന്റെ അങ്ങേയറ്റത്ത് എത്തുന്നില്ല, നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം ചിന്തിക്കുന്ന , നമ്മൾ സ്നേഹിക്കുന്നവരോടൊപ്പം സ്നേഹിക്കുന്ന , നമ്മുടെ പ്രിയനോടൊപ്പം- പ്രിയയോടൊപ്പം അവർ ആഗ്രഹിക്കുന്നത് ആഗ്രഹിക്കുന്ന അത്ര അഗാധമായ ഐക്യം. ഈ ഐക്യം അതിന്റെ പൂർണ്ണതയിൽ കാണപ്പെടുന്നത് എപ്പോൾ ഒരാത്മാവ് ക്രിസ്തുവിന്റെ ആത്മാവുമായി അതായത് ദൈവത്തിന്റെ ആത്മാവുമായി ഒന്നാകുന്നുവോ അപ്പോഴാണ്. മാനുഷികബന്ധങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ഏറ്റവും ശ്രേഷ്ഠമായ സന്തോഷം പോലും ക്രിസ്തുവിന്റെ ആത്മാവിനെ സ്വന്തമാക്കിയിരിക്കുന്ന ഒരാത്മാവിന്റെ സന്തോഷത്തിന്റെ വെറും നിഴലും ഇഷ്ടത്തിന്റെ പ്രതിഫലനവും മാത്രമേ ആകുന്നുള്ളു.

ക്രിസ്തു അവന്റെ സ്വന്തം മാനുഷിക രൂപത്തിൽ ഗലീലിയിൽ ചെയ്തിരുന്നത് ഇന്ന് ന്യൂയോർക്കിലും ലണ്ടനിലും പാരീസിലും ലോകത്തിലുള്ള എല്ലാ നഗരങ്ങളിലും മറ്റ് മനുഷ്യർ, അവന്റെ ആത്മാവിന്റെ ചൈതന്യമുള്ളവർ, ചെയ്യുന്നു. അവൻ ഇപ്പോഴും ലോകത്തിലെ ബദ്ലഹേമുകളിൽ ജനിക്കുന്നു, അവന്റെ സ്വന്തക്കാരിലേക്കും അവനെ സ്വീകരിക്കാത്തവരുടെ ഇടയിലേക്കും വരുന്നു, പാണ്ഡിത്യമുള്ള ഡോക്ടർമാരെ ഇപ്പോഴും ഉപദേശിക്കുന്നു, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു, ഇപ്പോഴും മരപ്പണിക്കാരുടെ ബെഞ്ചിൽ ഇരുന്നു പണിയുന്നു, ഇപ്പോഴും നന്മ പ്രവർത്തിച്ചുകൊണ്ട് ചുറ്റി സഞ്ചരിക്കുന്നു, ഇപ്പോഴും സുവിശേഷം പ്രസംഗിക്കുന്നു, ഭരിക്കുന്നു, വിശുദ്ധീകരിക്കുന്നു, കാൽവരി കയറുന്നു, പിതാവിന്റെ മഹത്വത്തിൽ പ്രവേശിക്കുന്നു.

ഭക്ഷണത്തിനുള്ള നമ്മുടെ നീണ്ട വരികളിൽ ഇപ്പോഴും പാവപ്പെട്ടവരുണ്ട്, നമ്മുടെ ജയിലുകളിൽ നിഷ്കളങ്കരുമുണ്ട്, നമ്മുടെ കൂരകളിൽ ആവശ്യത്തിന് വസ്ത്രമില്ലാത്ത കുടുംബങ്ങളുണ്ട്.. പുറമേക്ക് കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചവരും അഗതികളുമാണെങ്കിലും ഉള്ളിൽ ക്രിസ്തുവിന്റെ ആത്മാവിനാൽ സമ്പന്നമായിരിക്കുന്നവർ. പുറംലോകത്തിന്, അവർ പണക്കാരെ അധിക്ഷേപിക്കുന്ന സാധാ ദരിദ്രരായിരിക്കും, അധികാരികളോട് ആക്രോശിക്കുന്ന സാദാ തടവുപുള്ളികളായിരിക്കും, തങ്ങളുടെ വിധിയെ പഴിക്കുന്ന സ്വാർത്ഥരായ ആവശ്യക്കാരായിരിക്കും, പക്ഷേ നമ്മൾ കരുതുന്ന ആ സാമ്യം ബാഹ്യമായേ ഉള്ളു – ഏറെ ആളുകൾ അങ്ങനെയുള്ള തെറ്റിദ്ധാരണയിൽ പെടുന്നു.

ചില കണ്ണുകളിൽ അവരുടെ ആത്മാവിലെ ദൈവകൃപ കാണാൻ കഴിയാത്ത വിധം ഈ ലോകത്തിന്റെ ഇടപാടുകളാകുന്ന പൊടി നിറഞ്ഞിരിക്കുകയാണ്. സാമൂഹ്യനിരീക്ഷണങ്ങൾ അനുസരിച്ച് ലോകം ആളുകളെ ദരിദ്രർ, ആശ്രിതർ, തടവുപുള്ളികൾ എന്നൊക്കെ തരംതിരിക്കുന്നു – എന്നാൽ സ്വർഗ്ഗപിതാവിന്റെ കണ്ണിൽ അവർ, മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്ന , യാക്കോബിന്റെ കിണറ്റിൻ കരയിലെ ദാഹമുള്ള, കുരിശിൽ പിടയുന്ന, പ്രത്തോറിയത്തിലെ തടവുപുള്ളിയായ ക്രിസ്തുമാരാണ്. ലോകം അവരെ സാമ്പത്തികപ്രശ്നങ്ങളായി പരിഗണിക്കുമ്പോൾ സ്വർഗ്ഗപിതാവ് അവരിൽ കാണുന്നത് താൻ സംപ്രീതനായിരിക്കുന്ന പ്രിയപുത്രന്മാരും പുത്രികളുമായാണ്. ഈ സത്യം, അതായത് ക്രിസ്തുവിന്റെ ആത്മാവ് നീതിമാന്മാരിൽ വസിക്കുന്നു എന്നത് ഗ്രഹിക്കാൻ ലോകം ബുദ്ധിമുട്ടുന്നു. നമ്മുടെ നാഥൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് നമുക്കറിയാം, നമ്മുടെ അധരം കൊണ്ട് നമ്മൾ അതേറ്റുപറയുന്നു, ഹൃദയത്തിൽ നമ്മൾ അത് വിശ്വസിക്കുന്നു, എന്നിട്ടും ആ യാഥാർഥ്യത്തിൽ ജീവിക്കാൻ മടി കാണിക്കുന്നു. നീതിമാന്മാരും വിശുദ്ധരുമായ ക്രിസ്ത്യാനികൾ പോലും അത് വേണ്ടവിധം ഗ്രഹിക്കുന്നില്ല, ക്രിസ്തുവിന്റെ ആത്മാവാൽ നിറഞ്ഞിരിക്കുന്നവരെ പോലും ക്രിസ്തു വീണ്ടും ഭൂമിയിൽ നടന്നെന്നുള്ള അറിവ് വിധിദിവസത്തിൽ അത്ഭുതപ്പെടുത്തും (“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്”.)

അതുകൊണ്ട്, അവൻ പോയത് നന്മക്ക് വേണ്ടിയായിരുന്നു. ഇല്ലായിരുന്നെങ്കിൽ അവൻ ചരിത്രത്തിനും ഒരു രാജ്യത്തിനും മാത്രം സ്വന്തമാകുമായിരുന്നു. ഇപ്പോൾ അവൻ നമ്മുടെയെല്ലാം സ്വന്തമാണ്.

  • Translated by Jilsa Joy
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s