July 22 | വി. മഗ്‌ദലേന മറിയം | St Mary Magdalene

“മറിയം; അവളുടെ ജീവിതവിപ്ലവം; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വത്തെ രൂപാന്തരപ്പെടുത്താൻ നിയോഗിക്കപ്പെട്ട ആ വിപ്ലവം; ഒഴിഞ്ഞ കല്ലറയുള്ള ഒരു പൂന്തോട്ടത്തിൽ പ്രതിധ്വനിക്കുന്ന ആ പേരോടെ തുടങ്ങുന്നു”

പ്രത്യാശയുടെ അപ്പസ്തോല എന്നാണു പോപ്പ് ഫ്രാൻസിസ് മഗ്‌ദലേന മറിയത്തെ വിശേഷിപ്പിച്ചത്. അതിനും വളരെ മുമ്പ് വിശുദ്ധ തോമസ് അക്വിനാസ് അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്ന് മഗ്‌ദലേന മറിയത്തെ വിശേഷിപ്പിച്ചിരുന്നു. 2016ൽ ആണ് പോപ്പ് ഫ്രാൻസിസ് ജൂലൈ 22 മഗ്‌ദലേന മറിയത്തിന്റെ തിരുന്നാൾ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രിയിൽ ഒപ്പ് വെച്ചത്.

Ardent lover… തീക്ഷ്ണമായി, ഉത്ക്കടമായി, അവളുടെ കർത്താവിനെ സ്നേഹിച്ചവൾ.. മഗ്ദലേന മറിയം. അവന്റെ പീഡകളിലും, മരണത്തിലും വിട്ടുമാറാതെ കൂടെ നിന്നവൾ..തന്റെ ഗുരുവിനോടുള്ള അവളുടെ സ്നേഹത്തിനെയും വിശ്വാസത്തിനെയും അവന്റെ മരണത്തിന് പോലും തോൽപ്പിക്കാനായില്ല.. ഗുരുവിന്റെ ശരീരം കാണാതെ, കരഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ തീവ്രസ്നേഹത്തിന് മുൻപിൽ അവന് മറഞ്ഞിരിക്കാനായില്ല….’സുവിശേഷവുമായി’ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കയക്കപ്പെട്ട അവൾ ‘അപ്പസ്തോലൻമാരുടെ അപ്പസ്‌തോല’ ആയി.

വിശുദ്ധ ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായത്തിൽ നമ്മൾ മറിയത്തെ ആദ്യമായി കാണുന്നു . ഏഴു അശുദ്ധാത്മാക്കൾ പുറത്താക്കപ്പെട്ടവളായി. പാപിനിയായ സ്ത്രീയും ലാസറിന്റെ സഹോദരിയായ മറിയവും മഗ്‌ദലേന മറിയം തന്നെ ആണെന്നും അല്ലെന്നും തർക്കങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് . കുരിശിന്റെ വഴിയിൽ അനുഗമിക്കുന്നവളായും മറ്റു പലരും യേശുവിനെ ഉപേക്ഷിച്ചു പോയപ്പോഴും കുരിശിൻ ചുവട്ടിൽ സധൈര്യം നിലകൊള്ളുന്നവളായും നമ്മൾ വീണ്ടും അവളെ കാണുന്നു. പിന്നീട് യേശുവിന്റെ സംസ്കാരസമയത്തും സന്നിഹിതയാകുന്ന അവൾ ആഴ്ചയുടെ ആദ്യദിവസം പുലർച്ചക്കു തന്നെ കല്ലറയിലേക്കോടുന്നു. മറിയം അത്യധികമായി യേശുവിനെ സ്നേഹിച്ചിരുന്നു കൊണ്ട് മറ്റുള്ളവർ മടങ്ങി പോയപ്പോഴും അവൾ പോയില്ല . കരഞ്ഞുകൊണ്ടവിടെ നിന്നു. ഹൃദയപരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്കു അവിടുന്നു സമീപസ്ഥനാണല്ലോ.

യേശുവിന്റെ ശരീരം കാണാത്തതിലുള്ള അവളുടെ സങ്കടവും പേരുവിളിക്കുമ്പോഴേക്കും തിരിച്ചറിഞ്ഞു ഗുരോ എന്ന് വിളിക്കുന്നതും അവളുടെ സ്നേഹത്തെയും വിശ്വസ്തതയെയുമാണ് കാണിക്കുന്നു. ഈസ്റ്ററിന്റെ സന്തോഷകരമായ സന്ദേശം ആദ്യമായി പ്രഘോഷിക്കുന്നതും അവളാണ് . കഴിഞ്ഞകാല ജീവിതം എങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചതിനു ശേഷം അവനെ തള്ളിപ്പറയുകയോ വിട്ടകലുകയോ ചെയ്യാതെ കുരിശിനോളം പിൻചെന്നവൾ . ഈശോയെ നഷ്ടപ്പെട്ട വേദനയിലും പിന്തിരിയാൻ തയ്യാറാവാതെ കുനിഞ്ഞു നോക്കിയവൾ. അങ്ങനെ എളിമയോടെ സ്വയം താഴ്ത്തുന്നവരെ ഈശോ പേര് ചൊല്ലി വിളിക്കുമെന്നും ദുഃഖം പ്രത്യാശയായി മാറാൻ ഒട്ടും സമയം വേണ്ടെന്നും നമ്മെ പഠിപ്പിച്ചവളാണവൾ. പിന്മാറാതെ ഈശോയെ തേടുന്നവർ അവനെ കണ്ടെത്തി ഉത്ഥാനത്തിന്റെ അനുഭവത്തിലേക്കുയരുക തന്നെ ചെയ്യുമെന്ന് അവൾ കാണിച്ചു തന്നു.

യേശുവിനായി ജീവൻ സമർപ്പിച്ച പലർക്കും ഇന്നും ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തരായ സാക്ഷികളായി തീരാൻ കഴിയാത്തത് ശൂന്യതകളിൽ, കുരിശിന്റെ വഴികളിൽ പിന്തിരിയാതെ അവനെ അന്വേഷിക്കാനും കണ്ടെത്താനും ചേർന്നിരിക്കാനും കഴിയാത്തതു കൊണ്ടാണ്.

ഒന്നും അവൾക്ക് തടസ്സമായില്ല , സ്നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. അത് അത്രമേൽ തീക്ഷ്‌ണമായിരുന്നു… അവൾ അവനെ പിഞ്ചെന്നത് അത്ര വിശ്വസ്തതയോടെയായിരുന്നു. നമ്മളും ഇതേ സ്നേഹത്തോടെ.. വിശ്വസ്തതയോടെ… നമ്മുടെ ക്രിസ്തീയജീവിതങ്ങൾ വഴി, അവനെ അനുഗമിക്കാനും ലോകത്തിന് സാക്ഷ്യമാവാനും വിളിക്കപ്പെട്ടവരാണ്.

‘സ്നേഹം സകലതും സഹിക്കുന്നു ; സകലതും വിശ്വസിക്കുന്നു ; സകലതും പ്രത്യാശിക്കുന്നു ; സകലത്തേയും അതിജീവിക്കുന്നു….’

ഉള്ളുതുറന്നു സ്നേഹിച്ചാൽ, സ്നേഹത്തിനായ് ബലിയായവന് നമ്മളിലേക്ക് വരാതിരിക്കാനാകില്ല.

Happy Feast of Mary Magdalene

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment