August 1 | വിശുദ്ധ അൽഫോൻസ് ലിഗോരി

യൂറോപ്പിലെ സഭക്ക് പതിനെട്ടാം നൂറ്റാണ്ട് ഒട്ടും സന്തോഷകരമായ ഒന്നായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും പടർന്നു പിടിച്ച സമയം. ‘Crush the infamous thing’ എന്നും പറഞ്ഞ് വോൾട്ടയറിനെ പോലുള്ളവർ കത്തോലിക്കാസഭയെ ചവിട്ടി അരക്കാൻ മുറവിളി ഉയർത്തിയിരുന്ന സമയം. വിഷം കലർന്ന പോലുള്ള അന്തരീക്ഷം. കത്തോലിക്കരെ ഇതെല്ലാം വളരെ ദോഷകരമായി ബാധിച്ചു.

കുറേപേർ ബാഹ്യപ്രകടനങ്ങളിൽ മാത്രം ഭക്തി ഒതുക്കിയപ്പോൾ കുറേപേർ ജാൻസനിസത്തിലേക്ക് കടന്നു. ഈ കാലഘട്ടത്തിലാണ് അൽഫോൻസ് ലിഗോരി ജീവിച്ചത്. പക്ഷേ മറ്റുള്ളവരെപ്പോലെ അല്ല, വഴിതെറ്റിക്കുന്ന സാഹചര്യങ്ങളോട് പൊരുതി ഒരു വിശുദ്ധനായി.

1696ൽ ഇറ്റലിയിൽ നേപ്പിൾസിനടുത്ത് മരിയാനെല്ലാ പട്ടണത്തിൽ ജനിച്ചു. പിതാവ് ഡോൺ ജൂസെപ്പേ ഡി ലിഗോരി രാജസൈന്യത്തിലെ ക്യാപ്റ്റൻ ആയിരുന്നു. നന്നേ ചെറുപ്പത്തിലേ അൽഫോൻസിനെ പഠിപ്പിക്കാൻ അധ്യാപകരെ നിയമിച്ചു. ഗ്രീക്ക് മുതൽ ഗണിതം വരെ, ശാസ്ത്രം മുതൽ കവിത വരെ, ചിത്രരചന മുതൽ സംഗീതം വരെ എല്ലാറ്റിലും അഗ്രഗണ്യനായി അവൻ വളർന്നു. പതിനാറ് വയസുള്ളപ്പോൾ സിവിൽ നിയമത്തിലും കാനോൻ നിയമത്തിലും ഡോക്ടറേറ്റ് എടുത്തു. 1715ൽ വക്കീലായി പ്രാക്ടീസ് തുടങ്ങി അടുത്ത എട്ട് വർഷത്തിനുള്ളിൽ നിയപ്പോളിറ്റൻ കോടതികളിലെ സജീവസാന്നിധ്യമായി.ഈ ചെറുപ്പക്കാരൻ വക്കീൽ തന്റെ വാഗ്വിലാസവും അറിവും കൊണ്ട് എതിരാളികളെ കോടതിയിൽ നിഷ്പ്രഭമാക്കുന്നത് കാണാൻ ധാരാളം ആളുകൾ വരുമായിരുന്നു.

പക്ഷെ പെട്ടെന്നൊരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ തോൽവിയെ അഭിമുഖീകരിക്കേണ്ടി വന്നു. തന്റെ കക്ഷിക്ക് വേണ്ടി തീ പാറുന്ന തരത്തിൽ വാദിച്ച്, വിധി ആൾക്ക് അനുകൂലമാണ് എന്ന തരത്തിൽ സ്വസ്ഥാനത്തിരുന്ന അൽഫോൻസിന്റെ വാദമുഖങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് എതിർപാർട്ടിയുടെ വക്കീൽ ഒരു രേഖ കോടതിയിൽ സമർപ്പിച്ചു. പരാജയം സമ്മതിച്ച് അദ്ദേഹം കോടതിമുറിയിൽ നിന്നിറങ്ങി. അഹങ്കാരം നീക്കാനും ലോകത്തിന്റെ പ്രശസ്തിയുടെ മൗഢ്യം മനസ്സിലാക്കാനും അതിലുപരി ദൈവം അദ്ദേഹത്തെ സ്വന്തമാക്കാനും വേണ്ടി അനുവദിച്ച പരാജയമായിരുന്നു അത്. മനുഷ്യനീതിയും ദൈവത്തിന്റെ നീതിയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി. വക്കീൽ ഗൗൺ ഉപേക്ഷിച്ച് പൗരോഹിത്യവസ്ത്രം അണിയാൻ അൽഫോൺസ് തീരുമാനിച്ചു.മകന് കല്യാണാലോചനകൾ തുടങ്ങിയിരുന്ന പിതാവും ബന്ധുക്കളും നഖശിഖാന്തം എതിർത്തു. തനിക്കുള്ളതെല്ലാം വിറ്റ് നിധി കണ്ടെത്തിയ വയൽ വാങ്ങാൻ ധൈര്യപ്പെട്ട അൽഫോൻസിനു ഭ്രാന്ത് പിടിച്ചെന്ന് പലരും കരുതി. പക്ഷേ അൽഫോൻസ്, “ലോകത്തെ ഉപേക്ഷിച്ച് നിന്നെ എനിക്ക് തരിക ” എന്ന് തന്റെ ഉള്ളിൽ മുഴങ്ങുന്ന ശബ്ദത്തെ പിഞ്ചെല്ലാനാണ് ആഗ്രഹിച്ചത്.

അൽഫോൻസ് ‘വീണ്ടെടുപ്പിന്റെ നാഥ’ യുടെ ദൈവാലയത്തിലേക്കു പോയി. അവിടെയെത്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു,”അമ്മെ, എന്റെ അവകാശങ്ങളും മോഹങ്ങളുമെല്ലാം ഞാൻ ഉപേക്ഷിക്കുന്നു. ലോകസുഖങ്ങളെല്ലാം ഈശോയെ പ്രതി ഞാനിതാ ത്യജിക്കുന്നു. ഒരു പുരോഹിതനായി ജീവിച്ചു കൊണ്ട് ശിഷ്ടകാലം മുഴുവൻ ഈശൊക്കായി അടിയറ വെക്കാം. എന്നെ അനുഗ്രഹിക്കേണമേ”. തുടർന്ന് അൾത്താരയിലേക്ക് ചെന്ന് താൻ ധരിച്ചിരുന്ന വാൾ ദൈവസന്നിധിയിൽ സമർപ്പിച്ചു.

1726 ഡിസംബർ 21 നു തൻറെ മുപ്പതാമത്തെ വയസ്സിൽ അൽഫോൻസ് വൈദികനായി അഭിഷിക്തനായി. വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു, “തിരുസഭ എന്നെ ആദരിക്കും. ഞാൻ എന്റെ ജീവിതവിശുദ്ധി കൊണ്ട് അവളെയും ആദരിക്കും”.

അന്നൊക്കെ പുരോഹിതർ ജനത്തിന്റെ ആദരവും കയ്യടിയും ലഭിക്കാനായി ആലങ്കാരികമായാണ് പ്രസംഗങ്ങളിൽ സംസാരിച്ചിരുന്നത്. പക്ഷേ അൽഫോൻസ് ലളിതമായും, ഹൃദയങ്ങളോട് നേരിട്ടെന്ന പോലെയും സംസാരിച്ചിരുന്നത് കൊണ്ട് വിദ്യാഭ്യാസമില്ലാത്ത കൃഷിക്കാർക്ക് പോലും എല്ലാം മനസ്സിലായിരുന്നു. പള്ളികളിൽ മാത്രമല്ല കവലകളിലും തെരുവുകളിലും പ്രസംഗിച്ചു അദ്ദേഹം. സമൂഹം തിരസ്കരിച്ചവരെയും അവഗണിച്ചവരെയും യേശുവിനായി നേടാൻ അദ്ദേഹം ഇറങ്ങിച്ചെന്നു.

“താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “, അവർ പറഞ്ഞു.

അദ്ദേഹം ഇരിക്കുന്ന കുമ്പസാരകൂട്ടിലേക്ക് ജനം പ്രവഹിച്ചു. കഠിനപാപികൾ മാനസാന്തരപ്പെട്ടു കൂദാശജീവിതത്തിലേക്ക് തിരിച്ചുവന്നു, ശത്രുക്കൾ രമ്യതയിലായി. അക്കാലത്ത് ജാൻസനിസം പടർന്നു പിടിച്ചിരുന്നത് കൊണ്ട് പുരോഹിതർ കഠിനമായ പ്രായശ്ചിത്ത രീതികളാണ് കുമ്പസാരിക്കുന്നവർക്ക് നൽകിയിരുന്നത്. എന്നാൽ അൽഫോൻസ് സൗമ്യമായി, അക്ഷോഭ്യനായി അവരോട് കരുണാപൂർവ്വം സംസാരിച്ചു. പാപമോചനം ഒരാൾക്ക് പോലും നിഷേധിച്ചില്ല.

1732 നവംബർ ഒന്നിന് ദിവ്യരക്ഷകസഭ രൂപീകരിച്ചു. പോപ്പ് ക്ലമെന്റ് എട്ടാമൻ അൽഫോൻസിനെ സാന്തഗാത്ത ദെ ഗൊത്തിയിൽ ബിഷപ്പായി നിയമിക്കുന്ന സമയത്ത് ആ ചെറിയ രൂപതയെ പറ്റി ഒട്ടും നല്ല അഭിപ്രായം ആയിരുന്നില്ല പരക്കെഉണ്ടായിരുന്നത്.അവിടെ നവീകരണത്തിനുള്ള ശ്രമങ്ങളായി പിന്നെ. അശ്രദ്ധമായി കുർബ്ബാന അർപ്പിക്കുന്നത് നിർത്താൻ വൈദികരോട് ആവശ്യപ്പെട്ടു. “ഈ രീതിയിൽ കുർബ്ബാന അർപ്പിക്കുന്ന കാഴ്ച തന്നെ മതി ചിലരുടെ വിശ്വാസം നഷ്ടപ്പെടാൻ ” അദ്ദേഹം പറഞ്ഞു. .

മധ്യവയസ്സിനു ശേഷം മാത്രമാണ് അദ്ദേഹം പുസ്തകങ്ങളെഴുതാൻ തുടങ്ങിയത്. അദ്ദേഹമെഴുതിയ പുസ്തകങ്ങളുടെ ആഴവും പരപ്പും നമ്മെ അത്ഭുതപ്പെടുത്തും. രോഗങ്ങൾ യാത്രകളെയും പ്രസംഗങ്ങളെയും തടയാൻ ശ്രമിച്ചപ്പോഴാണ് വെറുതെയിരിക്കാൻ ഇഷ്ടമില്ലാതിരുന്ന വിശുദ്ധൻ എഴുത്തു തുടങ്ങിയത് . “പുസ്തകമെഴുതി സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല ” എന്നൊക്കെ വിമർശിച്ചു കൊണ്ട് ശത്രുക്കൾ വീണ്ടും തളർത്താൻ ശ്രമിച്ചു. പക്ഷെ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമർശനങ്ങളെ അതിജീവിക്കാൻ കരുത്തു നൽകി.

111 ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം ഇത്രയും വർഷങ്ങൾക്കുള്ളിൽ 21000 പതിപ്പുകളിൽ 60 ഭാഷകളിലേക്ക് അവ മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. Moral Theology ( ധാർമിക ദൈവശാസ്ത്രം ) 1748 ൽ ഇറങ്ങിയപ്പോഴേക്കും വലിയ വിജയമായി. ലോകത്തുള്ള എല്ലാ പുരോഹിതർക്കും വായിക്കാനായി ലാറ്റിനിലാണ് അത് പ്രസിദ്ധീകരിച്ചത്. സഭ പഠിപ്പിക്കുന്ന സത്യങ്ങൾക്കും വ്യക്തികളുടെ അന്തസ്സിനും യുക്തിഭദ്രതക്കും കോട്ടമൊന്നും വരാതെ ധാർമികകാര്യങ്ങളിൽ അത് നൽകുന്ന പ്രതിവിധികൾ സമീകൃതമാണ്. ധാർമികപരമായ ചോദ്യങ്ങൾക്കെല്ലാം ഒരു ഗൈഡ് തന്നെയാണ് അത്. ധാർമിക ദൈവശാസ്ത്രത്തിന്റെ രാജകുമാരൻ എന്നാണ് വിശുദ്ധ അൽഫോൻസ് ലിഗോരി ഇന്ന് അറിയപ്പെടുന്നത്. എല്ലാ മനുഷ്യർക്കും രക്ഷയിലേക്കുള്ള വിളിയുണ്ടെന്നും അതിനുള്ള മാർഗ്ഗങ്ങൾ ഓരോരുത്തർക്കും പ്രാപ്യമാണെന്നും ആ പുസ്തകത്തിൽ പറയുന്നു.

വിശുദ്ധ കുർബ്ബാനയോടും പരിശുദ്ധ അമ്മയോടും അതീവഭക്തിയായിരുന്നു അദ്ദേഹത്തിന്. തന്റെ രണ്ട് സ്നേഹങ്ങൾ എന്ന് അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നു. ഈ സ്നേഹം എഴുത്തിനെ വളരെ സ്വാധീനിച്ചിരുന്നു. ‘ ദിവ്യകാരുണ്യ സന്ദർശനങ്ങൾ’ 2000ൽ അധികം പതിപ്പുകളിറങ്ങി അനേകഭാഷകളിൽ. അത് എഴുതിയത് അറുപതാം വയസ്സിലായിരുന്നു. 1750 ൽ ഇറങ്ങിയ ‘പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്വങ്ങൾ’ പരിശുദ്ധ അമ്മയെക്കുറിച്ച് ഇറ്റാലിയൻ ഭാഷയിലുള്ള ഏറ്റവും മനോഹരമായ പുസ്തകമായി കണക്കാക്കപ്പെടുന്നു. ഇതിനും അനേകം ഭാഷകളിൽ ധാരാളം പതിപ്പുകളുണ്ടെന്ന് പറയേണ്ടല്ലോ. പരിശുദ്ധ അമ്മയുടെ മനോഹരമായ ചിത്രങ്ങളും വിശുദ്ധ അൽഫോൺസ് ലിഗോരി വരച്ചിട്ടുണ്ട്.

വലിയ സത്യങ്ങൾ ലളിതമായി, ഓർമ്മിക്കാൻ എളുപ്പമുള്ള, കുഞ്ഞു വാചകങ്ങളിൽ ഉൾകൊള്ളിക്കാൻ അൽഫോൻസിന് കഴിഞ്ഞിരുന്നു. “തന്റെ ഇച്ഛ ദൈവത്തിന് സമർപ്പിക്കുന്നവൻ തന്നെത്തന്നെ നൽകുന്നു ” പോലുള്ളവ.

കഠിനാദ്ധ്വാനം മൂലം അൻപത്തി രണ്ടാം വയസ്സിൽ ലിഗോരി രോഗബാധിതനായി. ശ്വാസതടസ്സം മൂലം കിടക്കാൻ വയ്യാതായി. രാത്രി മുഴുവൻ കസേരയിൽ ഇരിക്കേണ്ടി വന്നു. എഴുപത്തിരണ്ടാം വയസ്സിൽ ഒരു വശം തളർന്നുപോയി. കഴുത്തിലെ കശേരുക്കൾ വളഞ്ഞു തല കുമ്പിട്ടു പോയി. മുഖമുയർത്താൻ കഴിഞ്ഞില്ല. താടി നെഞ്ചിൽ മുട്ടി ഉരഞ്ഞു വ്രണങ്ങൾ രൂപപ്പെട്ടു . അപ്പോഴും അദ്ദേഹം പറഞ്ഞു,”ദൈവത്തിന്റെ തിരുമനസ്സാണെങ്കിൽ ഈ അവസ്ഥയിൽ തുടരാൻ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടിനടന്നു അധ്വാനിക്കുന്നതിനേക്കാൾ ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം”.

ആസ്ത്‌മയും തലവേദനയും കൊണ്ട് ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും അറുപത്തഞ്ചാം വയസ്സിൽ അഗാത്താ രൂപതയുടെ ബിഷപ്പാകേണ്ടി വന്നു.ഭൂരിഭാഗവും ദരിദ്രരായിരുന്നു. ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം നൽകിയും അറിവില്ലാത്തവരെ പഠിപ്പിച്ചും സെമിനാരി പരിശീലനം നൽകിയും അൽഫോൻസ് ദൗത്യം ആരംഭിച്ചു. വൈദികർക്ക് ദിശാബോധം നൽകാനും സന്യാസ സമൂഹങ്ങളെ നവീകരിക്കാനും അദ്ദേഹത്തിനായി. ക്ഷാമകാലത്ത് ബിഷപ്‌സ് ഹൗസിലെയും കത്തീഡ്രലിലേയും വസ്തുവകകൾ വിറ്റുപോലും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി. തൻറെ വണ്ടിയും കോവർകഴുതകളെപോലും വിറ്റു. സെന്റ് അഗാത്തയോട് വിടപറഞ്ഞു വാഹനത്തിൽ കയറുമ്പോൾ സ്വന്തമായി ഉണ്ടായിരുന്നത് ഒരു മരക്കുരിശും തിരിക്കാലും ചെമ്പുവിളക്കും മാത്രമായിരുന്നു.

ഒരേ സമയത്തു ഒന്നിലധികം സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1774 സെപ്റ്റംബർ 21നു ദിവ്യബലിക്ക് ശേഷം അൽഫോൻസ് തൻറെ ചാരുകസേരയിൽ കിടന്നു. രണ്ടു ദിവസത്തോളം ജീവന്റെ ഒരു ലക്ഷണവും ഇല്ലാതെ നിദ്രയിലെന്നോണം ആയിരുന്നു . അതുകഴിഞ്ഞു എണീറ്റപ്പോൾ കാര്യം തിരക്കിയ ആശ്രമാംഗങ്ങളോട് അദ്ദേഹം ചിരിയോടെ പറഞ്ഞു, ‘ഇപ്പോൾ ദിവംഗതനായ പാപ്പയെ ഞാൻ മരണത്തിനൊരുക്കുകയായിരുന്നു’. അപ്പോൾ സമയം ഏഴുമണി. അതേ സമയത്തായിരുന്നു ക്ലമന്റ് പതിനാലാമൻ മാർപാപ്പ ഇഹലോകവാസം വെടിഞ്ഞത്.

എതിർപ്പുകളും വിമർശനങ്ങളും വഴി നിഷ്ക്രിയരായി പോകുന്നവർക്ക് അൽഫോൻസ് ലിഗോരി ഒരു പാഠമാണ് . അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ തെറ്റിദ്ധാരണകളാലും വിമർശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. ആത്മാർത്ഥതക്ക് പ്രതിഫലമായി ലോകം തിരിച്ചു നൽകിയത് നൊമ്പരങ്ങൾ മാത്രമായിരുന്നു. എന്നിട്ടും അദ്ദേഹം തളർന്നില്ല. കാരണം ക്രിസ്തുവുനോടുള്ള തീക്ഷ്ണമായ സ്നേഹത്തിലാണ് അദ്ദേഹം നയിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ സഭാസമൂഹത്തിനു രാജാവിന്റെ അനുമതി ലഭിക്കാനായി നിയമാവലി സമർപ്പിക്കാനിരിക്കവേ വിശുദ്ധന്റെ കൂടെനിന്നവർ ചതിപ്രയോഗത്തിൽ നിയമാവലിയുടെ അടിസ്ഥാനസ്വഭാവങ്ങൾ മാറ്റിയെഴുതി അദ്ദേഹത്തിന്റെ ഒപ്പ് മേടിച്ചു. കാഴ്ചക്കുറവും കേൾവിക്കുറവുമുണ്ടായിരുന്ന ലിഗോരി അത് വായിച്ചു നോക്കിയിരുന്നില്ല .സഭാചൈതന്യവുമായി ചേർന്നു പോകാത്തത് കൊണ്ട് താമസിയാതെ തന്നെ നിയമാവലി മാറ്റിയവരെ പീയൂസ് ആറാമൻ പാപ്പ പുറത്താക്കി. പുതിയ സുപ്പീരിയർ ജനറൽ നിയമിതനായി. അൽഫോൻസ് ലിഗോരി താൻ സ്ഥാപിച്ച സഭയിൽ നിന്നും പുറത്താക്കപ്പെട്ടു. ‘സ്വന്തം സഭയെ തകർത്തവൻ’ എന്ന കുറ്റാരോപണവും കൂടെ. ഏഴു വർഷം അദ്ദേഹം പുറത്താക്കപ്പെട്ടവനായി ജീവിച്ചു. ചതിയിൽ പെട്ടതാണെങ്കിലും അമർഷമോ വെറുപ്പോ അദ്ദേഹം പ്രകടിപ്പിച്ചില്ല.ഹൃദയം നീറി പൊട്ടിക്കരഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,”അതാണ് നല്ലതെന്നു മാർപാപ്പ കരുതിക്കാണും. ദൈവത്തിനു സ്തുതി. മാർപാപ്പയുടെ നിശ്ചയം ദൈവനിശ്ചയം തന്നെ”.

അദ്ദേഹം ഒരിക്കൽ പറഞ്ഞ വാക്കുകൾ അന്വർത്ഥമായി: “സമൃദ്ധിയിൽ പാപികൾ പോലും ദൈവേച്ഛയോട് ചേർന്നു പോകും. എന്നാൽ കാര്യങ്ങൾ കുഴപ്പത്തിലാവുകയും സ്വാർത്ഥ സ്നേഹം നൊമ്പരപ്പെടുകയും ചെയ്യുമ്പോൾ ദൈവേഷ്ടം അംഗീകരിക്കണമെങ്കിൽ വിശുദ്ധർക്കെ കഴിയൂ”.

1787, ഓഗസ്റ് 1ന്, തന്റെ തൊണ്ണൂറാം വയസ്സിൽ ത്രിസന്ധ്യ ജപം (കർത്താവിന്റെ മാലാഖ) ചൊല്ലിക്കൊണ്ടിരിക്കവേ ആണ് വിശുദ്ധ അൽഫോൺസ് ലിഗോരി മരിക്കുന്നത്. ചെറുപ്പം തൊട്ടേ മൂന്ന് നേരം പള്ളിമണി അടിക്കുമ്പോൾ മുട്ടിൽ വീണ് അദ്ദേഹം അത് ദിവസവും ചൊല്ലുമായിരുന്നു. വാർദ്ധക്യത്തിൽ മറ്റുള്ളവരെക്കൊണ്ട് താങ്ങിപ്പിടിച്ചായാലും അത് മുടങ്ങാതെ ചെയ്തു. ഇന്നേദിവസം എന്തായാലും മാലാഖമാർ ഇങ്ങോട്ട് വന്ന് നിത്യസമ്മാനത്തിനായി അദ്ദേഹത്തെ കൊണ്ടുപോയി.

അദ്ദേഹത്തെ ഒരിക്കൽ കുറ്റപ്പെടുത്തിയ പീയൂസ് ആറാമൻ പാപ്പയെക്കൊണ്ട് തന്നെ 1796 ൽ ദൈവം അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിക്കാൻ അനുവദിച്ചു 1839 ൽ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപെട്ടു. 1871ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ അദ്ദേഹത്തെ വേദപാരംഗതൻ ആയി ഉയർത്തി. 1950ൽ പന്ത്രണ്ടാം പീയൂസ് പാപ്പായാൽ കുമ്പസ്സാരക്കാരുടെയും ധാർമികദൈവശാസ്ത്രജ്ഞരുടെയും മധ്യസ്ഥൻ എന്ന് വിളിക്കപ്പെട്ടു.

“ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിലല്ല, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മൾ ഇച്ഛിക്കാൻ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂർണ്ണത അടങ്ങിയിരിക്കുന്നത്”.

എല്ലാ മോഹങ്ങളെയും ബലിയാക്കി മാറ്റിയ മഹാവിശുദ്ധനായ അൽഫോൻസ് ലിഗോരി ഈ കാലഘട്ടത്തിന്റെ പ്രവാചകനാണ്. ദൈവഹിതത്തോടു സാരൂപ്യം നേടിയ ആ ജീവിതം മുഴുവൻ ദൈവത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.

“ആത്മാവിന്റെ എല്ലാ വിശുദ്ധിയും പൂർണ്ണതയും അടങ്ങിയിരിക്കുന്നത് , നമ്മുടെ ദൈവവും പരമനന്മയും രക്ഷകനുമായ യേശുക്രിസ്തുവിനോട് എത്രമാത്രം സ്നേഹം ഉണ്ടെന്നതിലാണ്” എന്ന് വിശുദ്ധൻ പറയുന്നത് നമുക്ക് കേൾക്കാം. സ്നേഹത്തിൽ മുന്നേറാം.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment