അവന്റെ മുൻപിൽ നിൽക്കേണ്ടി വരും… ഒറ്റക്ക്.

ചിലപ്പോൾ എത്ര പ്രാർത്ഥിച്ചിട്ടും കണ്ണീരൊഴുക്കിയിട്ടും സർവ്വശക്തിയുമെടുത്തു എതിർത്തിട്ടും ചില കാര്യങ്ങൾ മാറ്റിക്കളയുന്നതിന് ദൈവം കാലതാമസമെടുക്കുന്നു. അതിന്റെ കാരണം ദൈവത്തിനേ അറിയാവൂ. ഇസ്രായേല്യരുടെ പുറപ്പാട് സമയത്ത് ഫറവോയുടെ ഹൃദയം ദൈവം കഠിനമാക്കിയിരുന്ന പോലെ… വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിന് 17 വർഷങ്ങൾ മോനിക്കക്ക് കണ്ണീരൊഴുക്കേണ്ടി വന്ന പോലെ. അഗസ്റ്റിൻ മാനസാന്തരപ്പെടുന്നത് നല്ല കാര്യമല്ലേ, എന്നിട്ടും എന്തിന് ഇത്രയും വർഷമെടുത്തു ദൈവത്തിന് അത് അനുവദിക്കാൻ. അതിന്റെ ഉത്തരവും ഒരിക്കൽ വായിച്ച ഓർമ്മയുണ്ട്. അഗസ്റ്റിൻ വളരെ നേരത്തെ മാനസാന്തരപ്പെട്ടിരുന്നെങ്കിൽ സഭക്ക് വിശുദ്ധ അഗസ്റ്റിനെ മാത്രമേ ലഭിക്കുമായിരുന്നുള്ളു. വിശുദ്ധ മോനിക്കയെ ലഭിക്കില്ലായിരുന്നു! ദൈവം ഓരോന്നിനും കാലവിളംബം വരുത്തുന്നതിന് പിന്നിൽ അവനൊരു പദ്ധതിയുണ്ട്. അവന്റെ വഴിയിൽ കാത്തിരിക്കാൻ തയ്യാറാകാതെ സ്വന്തം ശക്തി കൊണ്ട് ലക്ഷ്യം നേടിയെടുക്കാൻ ഏത് മാർഗവും പ്രയോഗിക്കുമ്പോൾ, അത് സാത്താന്റെ വഴിയായി മാറും.

ഞാൻ പറഞ്ഞു വന്നത്, ജനാഭിമുഖകുർബ്ബാനക്ക് ഇപ്പോൾ അനുമതി ലഭിക്കാത്തതും സഭ നമ്മുടെ ആവശ്യങ്ങൾക്ക് നേരെ പിന്തിരിഞ്ഞു നിൽക്കുന്നു എന്ന് തോന്നുന്നതും ദൈവത്തിന്റെ തീരുമാനമായി കാണാൻ കഴിയാത്തത് എന്താണ്? തൽക്കാലം നമ്മുടെ ഈ ആവശ്യം സമ്മതിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല, എങ്കിൽ ആരോട് നമ്മൾ യുദ്ധം ചെയ്യും? ദൈവത്തോടോ? മാർപ്പാപ്പായോടോ?

“യുഗാന്തനാളുകളിൽ സാത്താൻ വർദ്ധിത വീര്യത്തോടെയും അടങ്ങാത്ത പകയോടെയും സമർപ്പിത ജീവിതങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങും. അവൻ വലിയ കെണി പ്രത്യേകം ഒരുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾക്കെതിരായിട്ടായിരിക്കും. സമർപ്പിതജീവിതങ്ങളിലും സന്യാസസഭകളിലും വിള്ളലുകളും ഭിന്നിപ്പുകളും രൂപപ്പെടുത്തുക എന്നതായിരിക്കും സാത്താൻ ചെയ്യുന്ന മറ്റൊരു കെണി. സമർപ്പിതജീവിതങ്ങളുടെ ഭിന്നത കണ്ട് വിജാതീയർ പോലും സഭയെ വെറുക്കാനിടയാകും. സഭക്കെതിരെ പ്രവർത്തിക്കുന്ന വിജാതീയ വർഗ്ഗീയ സംഘടനകൾ ഇതിൽ നിന്ന് വലിയ മുതലെടുപ്പ് നടത്തി സഭയെ തകർക്കാൻ ശ്രമിക്കും…”

“വൈദികരും സന്യസ്തരും സഭാ നേതൃത്വത്തിലുള്ളവരും ഈ കാലഘട്ടത്തിൽ നേരിടുന്ന മറ്റൊരു വലിയ അപകടം ബുദ്ധിയിൽ ഇരുൾ നിറഞ്ഞ് ദൈവികജ്ഞാനം നഷ്ടമാകുന്നു എന്നതാണ്. ബുദ്ധിയിൽ ഇരുൾ കയറുന്നതോടെ ദൈവഹിതമെന്തെന്ന് തിരിച്ചറിയാൻ കഴിയാതാകുന്നു. എന്ത് പറയണമെന്നും എന്ത് പ്രവർത്തിക്കണമെന്നും എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിക്കണമെന്നും അറിയാൻ കഴിവില്ലാതാകുന്നു. ദൈവം കാണുന്ന പോലെ ജീവിതസംഭവങ്ങളെ വീക്ഷിച്ച് ദൈവജനത്തെ പ്രബോധിപ്പിക്കാനും വഴി നടത്താനും കഴിവില്ലാതാകുന്നു… പരസ്പരമുള്ള കക്ഷിമാത്സര്യവും തർക്കങ്ങളും കൊണ്ട് അജപാലകർ വലിയ ഉതപ്പിനു കാരണക്കാരാകും. സഭാകേസുകൾ കൊണ്ട് രാഷ്ട്രകോടതികൾ മടുക്കും. ദുർവ്വാശിയുടെ അരൂപി സഭയിൽ ഭരണം നടത്താൻ സാത്താൻ കോപ്പ് കൂട്ടും…”

2018 ൽ പുറത്തിറങ്ങിയ ‘സ്വർഗ്ഗത്തിലെ വലിയ അടയാളം’ എന്ന പുസ്തകത്തിൽ ഡോ. ജെയിംസ്‌ കിളിയനാനിക്കൽ എന്ന വൈദികൻ എഴുതി വെച്ചിട്ടുള്ള കാര്യങ്ങളാണിത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ ഇതെല്ലാം നേരിൽ കാണുന്ന പോലെയുണ്ട്. അന്ത്യകാലത്തെ തന്റെ നാശത്തെ പറ്റി ഉറപ്പുള്ള സാത്താൻ, മാക്സിമം ആളുകളെ തന്റെ കൂടെ കൊണ്ടുപോകാൻ വിശ്രമമില്ലാതെ പണിയെടുക്കുന്നു. അവന്റെ കെണികളെപറ്റി നമ്മൾ ബോധവാന്മാരല്ലാത്തത് കൊണ്ട് ഏറെപ്പേർ അനുസരണക്കേട് കാണിച്ച് അവന്റെ പിന്നാലെ കൂടുന്നു.

എന്തുകൊണ്ടാണ് കേരളസഭയിൽ ഇത്രക്കും പ്രശ്നങ്ങൾ? മാങ്ങയുള്ള മാവിനേ ഏറു കിട്ടൂ എന്നതു തന്നെ. സാത്താൻ കോപാവേശത്തോടെ ആക്രമിക്കുന്നതും പരിക്കേല്പിക്കുന്നതും ഏറ്റവുമധികം ഫലം ചൂടി നിൽക്കുന്ന സഭയെ ആയിരിക്കും. ഇത്രമേൽ ദൈവവിളികളാൽ സമ്പന്നവും നവീകരണപ്രവർത്തനങ്ങളാൽ തീക്ഷ്ണമതിയും വിശുദ്ധരുടെ എണ്ണത്താൽ പുണ്യപ്പെട്ടതും പ്രാർത്ഥനയാൽ അഭിഷിക്തവുമായ വേറെ ഏതു സഭ ഉണ്ടായിരുന്നു? പരിശുദ്ധാത്മകൃപയാൽ ദുരാത്മാവിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ പരസ്പരം ചെളി വാരിയെറിഞ്ഞും താറടിച്ചും നമ്മൾ ഇങ്ങനെ നടന്നാൽ കേരളസഭ തന്നെ നാമാവശേഷമാകാൻ അധികം കൊല്ലങ്ങളൊന്നും വേണ്ട. പോളണ്ടിലും മറ്റുചില രാജ്യങ്ങളിലുമൊക്കെ ദൈവവിളിയും മാമോദീസകളുടെ എണ്ണവും വർദ്ധിക്കുമ്പോൾ മന്ദോഷ്ണരായ… നിഷ്ക്രിയരായ ക്രിസ്ത്യാനികൾ ഇവിടെ കൂടുന്നു.

ഹൃദയങ്ങളെ തമ്മിൽ ഐക്യപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ നമുക്ക് കൈമോശം വന്നിരിക്കുന്നു. പരസ്പരം കല്ലെറിയാതെ, പഴി ചാരാതെ ക്രിസ്തുവിന്റെ സ്നേഹത്തിൽ ഒരുമിക്കപ്പെടാൻ പ്രാർത്ഥിക്കാം. അല്ലെങ്കിൽ യൂറോപ്പിലെ അധഃപതനത്തെ നമ്മൾ കുറ്റം പറയുന്ന പോലെ കേരളസഭയെയും example ആയെടുക്കും മറ്റുള്ളവർ, ഒരു സഭ എങ്ങനെ ആകരുതെന്നു പറയാൻ. എത്ര വേദനാജനകമാണത്.

“എന്റെ ഈ ശബ്ദം നിങ്ങളുടെ ചെവികൾ അടക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ നിങ്ങളോട് വീണ്ടും ചോദിക്കുന്നു, വിശുദ്ധ പത്രോസിനെ ഭരമേൽപ്പിച്ച, ദിവ്യഗുരുവായ മിശിഹാ നയിക്കുന്ന കത്തോലിക്കാ സഭയുടെ പുരോഹിതന്മാരായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ പിൻഗാമികൾക്ക് കെട്ടഴിക്കുവാനും ബന്ധിക്കുവാനും വിശ്വാസത്തിൽ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പഠിപ്പിക്കുവാനും ഭരിക്കുവാനും ഉള്ള അവകാശം മിശിഹായിൽ നിന്നാണ് ലഭിച്ചത്. നിങ്ങൾ മിശിഹായെയും ഭൂമിയിലെ അവന്റെ വികാരിയായ മാർപ്പാപ്പയെയും പിന്തുടരുവാൻ ആഗ്രഹിക്കുന്നുണ്ടോ? അതോ മറ്റ് ഗുരുക്കന്മാരെ പിന്തുടരുവാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്?

നിങ്ങളുടെ പൗരോഹിത്യ കടമകളുടെ പാതയിൽ നിന്ന് നിങ്ങൾ അകന്നുപോയോ?”

പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് മാർ സിറിൽ വാസിലിന്റെ വാക്കുകൾ. അദ്ദേഹത്തെ പരിഹസിക്കുന്നതും എതിർക്കുന്നതും മാർപ്പാപ്പയെയും, അതുവഴി യേശുവിനെ തന്നെയും എതിർക്കുന്നത് പോലെയല്ലേ?

‘എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കർത്താവായ ഞാൻ നിങ്ങളോട് ചോദിക്കുന്നു: ഞാൻ പിതാവാണെങ്കിൽ എനിക്കുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനാണെങ്കിൽ എന്നോടുള്ള ഭയം എവിടെ?’ ( മലാക്കി 1:6)

തിടുക്കത്തിലും വണക്കക്കുറവോടെയും കുർബ്ബാന അർപ്പിച്ച ഒരു വൈദികനോട് ആവിലായിലെ വിശുദ്ധ ജോൺ പറഞ്ഞതിതാണ്, “ദൈവത്തെയോർത്ത് അദ്ദേഹത്തെ അൽപ്പം കൂടി നല്ല രീതിയിൽ സ്വീകരിക്കുക. കാരണം അദ്ദേഹം (യേശു ക്രിസ്തു ) ഒരു നല്ല പിതാവിന്റെ മകനാണ്”.

എന്തിന് വേണ്ടി നമ്മുടെ ബഹളങ്ങൾ എല്ലാം? ദൈവത്തെ ആരാധിക്കാൻ! കുർബ്ബാന അർപ്പിക്കാൻ! ജീവിതാവസാനം എന്നൊന്ന് ഉണ്ടെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്. അവന്റെ മുൻപിൽ നിൽക്കേണ്ടി വരും, പരിഹസിക്കുമ്പോൾ ആർത്തുചിരിക്കുന്ന, കൂവി ശക്തിയേറ്റുന്ന അണികൾ ഒന്നും ഇല്ലാതെ, ഒറ്റക്ക്. ആ രംഗത്തെ കുറിച്ച് ഓർത്തുകൊണ്ട് വേണം എന്ത് ചെയ്യാനും പറയാനും.

ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവ്വത്രികവുമായ തിരുസഭ! യേശുവിന്റെ സ്വന്തം ശരീരം. അവളുടെ നന്മയെ മുൻനിർത്തി ആവണം എല്ലാം. ഓരോരോ രൂപതക്കു വേണ്ടി മാത്രമോ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ നിക്ഷിപ്തതാല്പര്യങ്ങൾക്ക് വേണ്ടിയോ ആകരുത് ഒന്നും.

ജിൽസ ജോയ് ✍️

Advertisements

Leave a comment