സഹന ദാസന്റെ വഴിയേ

“അവൻ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത്.” (ഏശ53:3-4)

ഏശയ്യ പ്രവാചകൻ വിവരിക്കുന്ന സഹന ദാസനെ കുറിച്ചുള്ള വിവരണം, ഹൃദയം തൊട്ട് ധ്യാനിക്കുമ്പോൾ കണ്ണ് നിറയാത്തവരായി ആരും ഉണ്ടാകില്ല. മുറിവിനെ തിരുമുറിവാക്കാൻ ശക്തിയുള്ള ഈശോയുടെ
പീഡാനുഭവരംഗങ്ങൾ ഉള്ളിലുള്ളപ്പോൾ നമ്മൾ കണ്ണീരോടെ പറയും ‘കർത്താവേ അങ്ങയുടെ പീഡകളുടെ മുമ്പിൽ എന്റെ വേദനകൾ എത്ര നിസ്സാരമാകുന്നു’. ഈശോയുടെ ശാരീരികക്ഷതങ്ങൾ മാത്രമല്ല മാനസികക്ഷതങ്ങളും നാം ധ്യാന വിഷയമാക്കണം.

“ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ്‌ അവന്റെ മേല്‍ ചുമത്തി. അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.” (ഏശയ്യാ 53:6-7)

മറ്റുള്ളവരാൽ നിന്ദിക്കപ്പെട്ട്, തെറ്റിദ്ധരിക്കപ്പെട്ട് പൊതുസമൂഹത്തിനു മുമ്പിൽ പോലും നിൽക്കാൻ കഴിയാതെ പോകുന്ന അനേകം ജീവിതങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട തെറ്റായ വാർത്തകളിലൂടെ അപമാനിക്കപ്പെട്ട എത്രയോ വ്യക്തികൾ നമുക്ക് ചുറ്റിലുമുണ്ട്. വ്യക്തിവൈരാഗ്യത്താലോ അസൂയയാലോ മറ്റുള്ളവർ ഒരു വ്യക്തിയെ സമൂഹത്തിനു മുമ്പിൽ അപമാനിക്കുമ്പോൾ അവർ ഏറ്റെടുക്കുന്ന മുറിവ് ഏറെ വേദനാജനകമാണ്. സ്വന്തം വ്യക്തിത്വത്തെ തന്നെ ഹനിക്കുന്ന ആ മുറിവ് മനസ്സിലാക്കാൻ ആ സഹനം ഏറ്റെടുത്തവർക്ക് മാത്രമേ കഴിയൂ. ഏശയ്യ പ്രവാചകൻ വിവരിക്കുന്ന ആ സഹനദാസൻ ഈ വേദന ഏറ്റെടുത്തവനാണ്. തന്റെ യുവത്വത്തിന്റെ ചുറുചുറുക്കിൽ ഓടി നടന്ന് ദൈവരാജ്യം പ്രഘോഷിച്ച അവനും തെറ്റിദ്ധരിക്കപ്പെട്ടു… അവന്റെ വാക്കുകളെ ശത്രുക്കൾ വളച്ചൊടിച്ചു… ദൈവപുത്രനെ ദൈവദൂഷകനായി അവർ ചിത്രീകരിച്ചു…

പ്രിയ സഹോദരാ, സഹോദരി… ദൈവ സ്നേഹത്താൽ പ്രേരിതയായി ചുറുചുറുക്കോടെ, തീഷ്ണതയോടെ നീ ചുറ്റി സഞ്ചരിക്കുന്നുണ്ടോ? നിന്റെ സമൂഹത്തിൽ എല്ലാവർക്കുമെല്ലാമാകാൻ നീ ഓടി നടക്കുന്നുണ്ടോ? എങ്കിൽ ഓർത്തോളൂ… ആ സഹന ദാസന്റെ വഴിയാണ് നിന്നെയും കാത്തിരിക്കുന്നത്… നിന്ദനത്തിന്റെ… തെറ്റിദ്ധാരണയുടെ… നൊമ്പരത്തിന്റെ അതേ വഴി… ഇടയ്ക്കൊക്കെ രാജകീയ പ്രവേശനങ്ങളും ലഭിച്ചേക്കാം… അതിൽ മതിമറക്കേണ്ട… ജെറുസലേമിൽ നിന്ന് ഗാഗുൽത്തായിലേക്കാണ് അവൻ പോയത്… നീയും പോകണം സുഖദുഃഖങ്ങളുടെ ആ വഴിയേ…
എന്നാൽ വിശ്വസിച്ചോളൂ… ആ 33 കാരൻ നസ്രായനുണ്ട് നിന്റെ കൂടെ… ഒരു കാര്യം മാത്രം ചെയ്താൽ മതി… അവനെയൊന്നു നോക്കുക… നിന്റെ യാത്ര അവനോടൊപ്പം അല്ലേ എന്നൊരു ഉറപ്പ് അത് മതി… പിന്നെ പേടിക്കേണ്ട… അവൻ നിന്നെ കൈവെടിയില്ല.

നീ പേറുന്ന നിന്ദനങ്ങൾ, തെറ്റിദ്ധാരണകൾ അവൻ പണ്ടേ ഏറ്റെടുത്തതാ… ആ മുറിവിനെ തിരുമുറിവാക്കാൻ അവൻ ഒരു നിമിഷം മതി. അവന്റെ തിരുമുറിവിൽ എല്ലാ സമർപ്പിക്കുമ്പോൾ നിന്റെ മുറിവും തിരു മുറിവാകും. കാരണം അവന്റെ മുറിവിനാൽ അനേകർ സൗഖ്യപ്പെട്ടു. നിന്റെ മുറിവ് തിരമുറിവാകുമ്പോൾ, നിന്നിലൂടെയും അനേകർ രക്ഷിക്കപ്പെടും…

അതിനാൽ ഒന്നും നഷ്ടപ്പെടുത്തല്ലേ… എല്ലാ തെറ്റിദ്ധാരണയും അപമാനങ്ങളും അവനു കൊടുത്തോളൂ… അതവൻ സൗഖ്യപ്പെടുത്തുന്ന തൈലമായി നിനക്ക് തരും..

Linu Sebastian CMC

Advertisements
Advertisements

Leave a comment