മതം തികച്ചും വ്യക്തിപരമോ?

“എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട് നിങ്ങൾ ദേഷ്യം അധികം കാണിക്കരുത്, ആ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് മാത്രം വരുന്നതാണ്. കാരണം അവർ ഒരിക്കലും പറയില്ല “എനിക്കും അമേരിക്കക്കും ഇടയിൽ അമേരിക്കൻ ഗവണ്മെന്റ് ഉള്ളത് എനിക്കിഷ്ടമല്ല” എന്ന്. എനിക്കും ദൈവത്തിനും ഇടയിൽ വേറെ ആരെയും എനിക്കിഷ്ടമല്ല എന്ന് പറയുന്നത് ക്രിസ്തീയതക്ക് എതിരാണ്, കാരണം അത് അർത്ഥമാക്കുന്നത് നിങ്ങളുടെ സഹോദരൻ നിങ്ങൾക്ക് ദൈവകൃപ ലഭിക്കുന്നതിന് തടസ്സമാണെന്നാണ്.

നമ്മുടെ നാഥൻ പറഞ്ഞിട്ടില്ലേ അൾത്താരയിൽ ബലിവസ്തു അർപ്പിക്കുന്നതിന് മുൻപ്, നിങ്ങൾ വേദനിപ്പിച്ച നിങ്ങളുടെ സഹോദരന്റെ അടുത്ത് പോയി രമ്യതപെട്ടിട്ട് വന്ന് ബലിയർപ്പിക്കാൻ? ദൈവത്തോടുള്ള സ്നേഹം അയൽക്കാരോടുള്ള സ്നേഹത്തിൽ നിന്ന് വേർപ്പെടുത്താൻ പറ്റാത്തതാക്കിയിട്ടില്ലേ അവൻ? അവൻ നമ്മളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ‘എന്റെ പിതാവേ’ എന്നാണോ? ‘ഞങ്ങളുടെ പിതാവേ’ എന്നല്ലേ? ‘അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ’ എന്നല്ലേ? ‘എനിക്ക് തരണം’ എന്നാണോ? ‘ഞങ്ങളുടെ തെറ്റുകൾ’ എന്നല്ലേ അതിൽ പറയുന്നത്? ‘എന്റെ തെറ്റുകൾ’ എന്നാണോ? ദൈവം നമ്മുടെ പിതാവാണെങ്കിൽ അവനോട് ചേർന്നുനിൽക്കുന്നവർ നമ്മുടെ സഹോദരന്മാരും സഹോദരികളുമാണ്. അതുകൊണ്ട്, മതം സാമൂഹ്യപരമാണ്.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനക്ക് നമുക്ക് തോന്നുന്ന വ്യാഖ്യാനങ്ങൾ കൊടുക്കാൻ നമുക്ക് അനുവാദമില്ല. എന്തുകൊണ്ടാണ് മതത്തിന് വ്യക്തിപരമായ വ്യാഖ്യാനങ്ങൾ കൊടുക്കാൻ നമുക്ക് കുഴപ്പമില്ലാത്തത്? അല്ലെങ്കിൽ മതത്തെ കുറിച്ചുള്ള സംവാദങ്ങൾ ചിലർ ഇങ്ങനെ തുടങ്ങുന്നത്, ‘മതം ഇങ്ങനെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ‘, ദൈവത്തെക്കുറിച്ച് ഞാൻ ഇതാണ് വിചാരിക്കുന്നത് ‘

‘ഞാൻ’ എന്നതല്ലേ സർവ്വനാമങ്ങളിൽ വെച്ച് ഏറ്റവും മര്യാദയില്ലാത്തത് ? സംസാരത്തിൽ കൂടെക്കൂടെ ‘ഞാൻ’ ‘ഞാൻ’ വരുത്തുന്നവരുടെ സംസാരങ്ങൾ നമുക്ക് ഇഷ്ടപ്പെടാറുണ്ടോ? നമ്മുടെ കൂടെയുള്ളവരെ മറന്ന്, എപ്പോഴും നമ്മുടെ കാര്യം മാത്രം പറയുന്നത് ദൈവത്തിന് ഇഷ്ടമാകുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, മതം വ്യക്തിപരമായ കാര്യമാണെന്ന് നിങ്ങൾ പറയരുത്.

നിങ്ങളുടെ രാജ്യത്ത് നിങ്ങൾ മാത്രമാണ് പൗരനെങ്കിൽ നിങ്ങൾ രാജ്യസ്നേഹി ആകാൻ കഴിയുമോ? നിങ്ങൾ മാത്രമേ ഉള്ളു നിങ്ങളുടെ നാട്ടിൽ എങ്കിൽ നിങ്ങൾക്ക് പരസ്നേഹി, ഉദാരമതി ആകാൻ കഴിയുമോ? നിങ്ങൾക്ക് ‘തനിച്ച് ‘ ദയ കാണിക്കാനോ, ഉദാരമതി ആകാനോ പറ്റില്ലെങ്കിൽ, ദൈവത്തിന്റെ കാര്യം വരുമ്പോൾ ‘തനിച്ച് ‘ നിങ്ങൾക്കിഷ്ടമുള്ള പോലെ മതവിശ്വാസി ആകാമെന്നാണോ? ഉദാരമതി ആകാൻ അയൽക്കാരും നമുക്ക് വേണമെന്ന പോലെ, രാജ്യസ്നേഹം എന്ന് പറയുന്നത് മറ്റ് പൗരന്മാരും കൂടെ കൂടുമ്പോഴാണ് എന്ന് പറയും പോലെ, നമ്മളെപ്പോലെ മറ്റുള്ളവരും ദൈവത്തോട് കൂടുമ്പോഴാണ് മതം ആകുന്നത്.

ഐക്യദാർഢ്യവും കൂട്ടായ്മയും വരുമ്പോഴാണ് ജീവിതത്തിലെ നല്ല കാര്യങ്ങൾ സംഭവിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേർന്നു വലിയ സമുദ്രങ്ങളും വെള്ളച്ചാട്ടങ്ങളും ഉണ്ടാകുന്ന പോലെ, ചിതറിക്കിടക്കുന്ന സ്വരങ്ങൾ ചേർത്തു വെച്ച് സംഗീതജ്ഞൻ സംഗീതവിരുന്ന് തരുന്ന പോലെ, നമ്മുടെ മനസ്സിലെ ആശയങ്ങളും വാക്കുകളും കൂടിച്ചേർന്ന് ഭാഷകളാകുന്ന പോലെ. നിലനിൽക്കാനുള്ള പരിശ്രമത്തിൽ തേനീച്ചകൾ, ഉറുമ്പുകൾ ഒക്കെ ഒന്നിച്ചു നിൽക്കുന്നു. പക്ഷെ ഒറ്റക്ക് നടക്കാനും ജീവിക്കാനും ശ്രമിച്ച ദിനോസറുകൾക്ക് വംശനാശം വന്നുപോയി.

ഇപ്പോൾ നിങ്ങളോട് തന്നെ ഒന്ന് ചോദിക്കൂ : ഞാൻ എങ്ങനെയാണ് രക്ഷകനായ ക്രിസ്തുവിനെ സമീപിക്കുന്നത്? എങ്ങനെയാണ് അവൻ എന്നെ രക്ഷിക്കുന്നത്? അവന്റെ സത്യത്തെക്കുറിച്ചും ഹിതത്തെക്കുറിച്ചും ഞാൻ എങ്ങനെയാണ് അറിഞ്ഞത്? എങ്ങനെയാണ് എന്റെ ജീവിതത്തിൽ ഞാൻ അവനെ സ്വീകരിക്കുന്നത്? വ്യക്തിപരമായ വഴികളിലൂടെ ആണോ ഞാൻ അവനെ സമീപിക്കുന്നത് അതോ കൂട്ടായ്മയിലും സമൂഹത്തിലും ആണോ?

ഇതിനു ഉത്തരം പറയാനായി, ക്രിസ്തുവിന്റെ വരവിനു മുൻപ് മനുഷ്യർ എങ്ങനെയാണ് ദൈവത്തെ സമീപിച്ചിരുന്നത് എന്ന് നോക്കുക. അത് തികച്ചും വ്യക്തിപരമായ നിലയിൽ ആയിരുന്നോ അതോ സംഘടിതസമൂഹം എന്ന നിലയിലോ? വ്യക്തികളോട് ദൈവം നേരിട്ടാണോ ഇടപെട്ടത് അതോ ഗോത്രങ്ങളും സമൂഹങ്ങളും വഴിയോ?

തിരുവചനങ്ങൾ പരിശോധിക്കൂ. ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തി വഴി ഗോത്രങ്ങളോടും സമൂഹത്തോടും ഇടപെടുന്ന ദൈവത്തെ കാണാം. ഉല്പത്തി പുസ്തകത്തിൽ വെളിവാക്കപെടുന്നുണ്ട് മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ എപ്പോഴും ഒരു യുദ്ധമുണ്ടാകുമെന്ന് , വ്യക്തികൾ തമ്മിലല്ല, രണ്ട് ഉറവിടങ്ങൾ തമ്മിൽ, രണ്ട് വംശങ്ങൾ തമ്മിൽ, രണ്ട് സംഘങ്ങൾ തമ്മിൽ : അന്ധകാരശക്തിയും വെളിച്ചത്തിന്റെ നാഥനും തമ്മിലാണ് ആ യുദ്ധം. “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും ” ( ഉല്പത്തി 3:15) തിന്മയുടെ സംഘത്തിന്റെ നേതാവ് സാത്താനും നന്മയുടേതിന്റെ അദൃശ്യനായ തലവൻ ആയി ദൈവവും. പക്ഷേ ദൈവം എപ്പോഴും, തന്റെ സമൂഹത്തിനായി കാണപ്പെടുന്ന ഒരു തലവനെ തിരഞ്ഞെടുത്തു. ആദ്യം അത് നോഹയായിരുന്നു, പിന്നീട് അബ്രഹാം, ഇസഹാക്ക്, യാക്കോബ് അങ്ങനെ. അവന്റെ സമൂഹത്തിന് ദൈവം എപ്പോഴും അനുഗ്രഹവും രക്ഷയും വാഗ്ദാനം ചെയ്തു.

പിന്നീട് ദൈവം തന്റെ ജനത്തിന് നായകനായി വരുത്തിയത് മോശയെ ആയിരുന്നു. ദൈവത്തിനും അവന്റെ സംഘത്തിനും ഇടയിൽ ഉടമ്പടികൾ വന്നുചേർന്നു, അവന്റെ നിയമം പാലിച്ചാൽ അവർ അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദാനവും. മോശക്ക് പിന്നാലെ ജോഷ്വ, ദാവീദ്, പ്രവാചകർ.

ദൈവം ഒരേ രീതിയാണ് എപ്പോഴും തുടർന്നത്. അവൻ വ്യക്തികളോട് ഓരോരുത്തരോടായി അല്ല അവന്റെ പദ്ധതികളും വാഗ്ദാനങ്ങളും പറഞ്ഞത്, തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട്, രാജാവിനോട്, പ്രവാചകരോട് ആണ്.

എപ്പോഴൊക്കെ ദൈവം തന്റെ സമൂഹത്തിന് ചില പ്രത്യേക ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും നൽകാൻ ആഗ്രഹിച്ചോ, അപ്പോഴൊക്കെ അവൻ തന്റെ ജനത്തിന്റെ പ്രധാന ആളുകളുടെ പേരുകൾ മാറ്റി, അബ്രാഹത്തിന്റെയും യാക്കോബിന്റെയും പോലെ. തിരഞ്ഞെടുക്കപ്പെട്ട അവന്റെ ജനം എപ്പോഴും അവനോട് വിശ്വസ്തരായിരുന്നില്ല, അവർ വിഗ്രഹാരാധനയുടെ പോലും പിന്നാലെ പോയി. എങ്കിലും അവരെ നയിച്ചു കൊണ്ട്, നിയന്ത്രിച്ചു കൊണ്ട്, അവർക്ക് വേണ്ടത് ചെയ്തുകൊണ്ട് അവൻ കൂടെ തന്നെ ഉണ്ടായിരുന്നു.

സമൂഹത്തിന് ഒന്നായി ആണ് അവൻ തന്റെ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നത്, ഒരു വ്യക്തിയോട് പ്രത്യേകം പ്രത്യേകം അല്ല. നോഹയുടെ സമയത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ ഓരോ വ്യക്തിയും വിചാരിച്ചു കാണും തനിക്ക് മാത്രമായി ഒരു വഞ്ചിയോ ബോട്ടോ ഉണ്ടായിരുന്നെങ്കിൽ എന്ന്, പക്ഷേ ദൈവം അവരെ രക്ഷിച്ചത് ഒരൊറ്റ പെട്ടകത്തിൽ ഒരേയൊരു ക്യാപ്റ്റന്റെ കീഴിലാണ്.

ജൂതന്മാരുടെ ചരിത്രത്തിൽ സമൂഹത്തിനാണ് എപ്പോഴും ഒന്നാം സ്ഥാനം. ആ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതായിരുന്നു അവരെ ഏറ്റവും വേദനിപ്പിച്ചിരുന്ന ശിക്ഷയും. പഴയനിയമത്തിൽ ‘കഹൽ ‘ എന്ന വാക്കാണ് സമൂഹത്തെ സൂചിപ്പിച്ചിരുന്നത്. പിന്നീട് വിവർത്തകന്മാർ ഹീബ്രു വാക്കായ അതിനെ ഗ്രീക്കിലേക്ക് മാറ്റിയപ്പോൾ ‘വിളിച്ചുകൂട്ടപ്പെട്ടവർ’ എന്നർത്ഥം വരുന്ന ‘എക്‌ളേസിയ’ ആയി മാറി.

അവസാനം മിശിഹാ യേശുക്രിസ്തുവായി, പൂർണ്ണമനുഷ്യനും പൂർണ്ണദൈവവുമായി വന്നപ്പോൾ, ഇനിയങ്ങോട്ടും ഇതുവരെ ആയിരുന്ന പോലെ, മനുഷ്യകുലത്തെ ദൈവം ഇതേവരെ കൊണ്ടുനടന്ന രീതിയിൽ, അവൻ തിരഞ്ഞെടുക്കുന്ന നേതാവിന് കീഴിലുള്ള സമൂഹമാക്കും എന്നുള്ളത് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കാലസമ്പൂർണ്ണതയിൽ, ദൈവം തന്റെ പുത്രനെ അയച്ചു, അവൻ സ്ത്രീയിൽ നിന്ന് ജാതനായി, നിയമത്തിന് അധീനനായി ജനിച്ചപ്പോൾ ( ഗലാ. 4:4) തന്നെ എക്‌ളേസിയ നിലവിൽ വന്നു. ദൈവം തിരഞ്ഞെടുത്ത സമൂഹത്തിൽ അവൻ ജനിച്ചു. ആദ്യകാലങ്ങളിൽ പ്രവാചകൻമാരിലൂടെ ദൈവം സംസാരിച്ചെങ്കിൽ, വെളിപാടുകൾക്ക് പൂർണ്ണത നൽകാനായി ഇനി തന്റെ പുത്രനിലൂടെ സംസാരിക്കും.

അങ്ങനെ സമയത്തിന്റെ പൂർണ്ണതയായി. എക്‌ളേസിയയെ സത്യത്തിന്റെ, ശക്തിയുടെ, കൃപയുടെ പൂർണ്ണതയിലേക്ക് നയിക്കാൻ ദൈവം ആഗ്രഹിച്ചു. ഒരിക്കൽ അബ്രഹാമിനെ, മോശയെ, ദാവീദിനെ, അതിന്റെ തലവന്മാരായി നിയമിച്ചെങ്കിൽ ഇപ്പോൾ വേറെ ഒരാളെ അതിന്റെ തലവനായി അവൻ വാഴിക്കും. അബ്രാമിനെ അബ്രഹാം ആക്കിയ പോലെ, യാക്കോബിനെ ഇസ്രായേൽ ആക്കിയ പോലെ, പുതിയ തലവൻ ആകാനുള്ളവനെ സൈമണിൽ നിന്ന് അവൻ പാറ ആക്കി മാറ്റി.

അന്നേ ദിവസം പാറ, ക്രിസ്തു ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന് ഏറ്റുപറഞ്ഞപ്പോൾ ദിവ്യനാഥൻ പറഞ്ഞു,”നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല”. അപ്പോൾ മുതൽ ദൈവത്തിന്റെ ‘എക്‌ളേസിയ’ പണിയപ്പെടുന്നത് ആ പാറയിൽ ആയി, മുൻപ് ദൈവത്തിന്റെ ആശയവിനിമയവും വാഗ്ദാനവും ഇസ്രായേൽ ജനത്തോട് ആയിരുന്നു എന്നപോലെ ഇനിമുതൽ ദൈവത്തിന്റെ തിരഞ്ഞെടുത്ത സമൂഹവും ഇവരായിരിക്കും. പന്തക്കുസ്ത ദിനത്തിൽ തന്റെ ആദ്യപ്രഭാഷണത്തിൽ ദൈവത്തിന്റെ പദ്ധതിയുടെ തുടർച്ചയെ പ്പറ്റി ആ പാറ സംസാരിച്ചതിൽ അത്ഭുതമില്ല, ‘ തന്റെ അഭിഷിക്തൻ വഴി ഇവയെല്ലാം സഹിക്കണമെന്ന് പ്രവാചകന്മാർ വഴി ദൈവം മുൻകൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂർത്തിയാക്കി ‘. ( അപ്പ.3:18)

നമ്മുടെ നാഥൻ പറഞ്ഞു, ഈ പുതിയ എക്‌ളേസിയ ഒരു കടുക്മണി പോലെ ചെറുതായി തുടങ്ങിയാലും ‘അത് വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു'( മാർക്കോ. 4:32). അത് പുതിയ പ്രത്യയശാസ്ത്രങ്ങളുള്ള, പദ്ധതികൾ ഉള്ള, ലക്ഷ്യങ്ങൾ ഉള്ള പുതിയ സമൂഹമാകും. അതിനാൽ തന്നെ അവനെ വെറുത്ത പോലെ ലോകം അതിനെയും വെറുക്കും. അതിലെ അംഗങ്ങൾ തമ്മിൽ തമ്മിലും അവനിലും അത്രയേറെ ഒന്നായിരിക്കും എന്നുള്ളത് കൊണ്ട് , ആരെങ്കിലും ഈ അംഗങ്ങൾക്ക് ഒരു നന്മ ചെയ്‌താൽ (ഒരു പാത്രം വെള്ളമോ ഭക്ഷണമോ കൊടുത്താൽ ) അത് അവനോട് ചെയ്യുന്ന പോലെ ആയിരിക്കും. അവനോടുള്ള അവരുടെ ഒരുമ ഒരു മുന്തിരിചെടിയോട് അതിന്റെ ശാഖകൾക്ക് എന്ന പോലെ ആയിരിക്കും.

ഈ പുതിയ എക്‌ളേസിയ എന്ന് പറയുന്നത് കുറേ വ്യക്തികൾ ഒന്നുചേരുന്ന ഒരു ക്‌ളബ്ബിനെപോലെയല്ല, മറിച്ച് അത് ജീവനുള്ള ശരീരം പോലെയാണ്, അവയവങ്ങളെല്ലാം പൂർണ്ണവളർച്ച പ്രാപിക്കാനായി തലയിൽ നിന്ന് ജീവൻ പ്രസരിക്കുന്നു. ഈ സമൂഹത്തിനായുള്ള സംഭാവന അതിലെ ആളുകളിൽ നിന്ന് എന്നതിനേക്കാൾ, അവനിൽ നിന്നായിരിക്കും. അവനായിരിക്കും അവരിൽ ജീവൻ നിറക്കുന്നത്.

എക്‌ളേസിയയുടെ ന്യൂക്ലിയസ് അപ്പസ്തോലന്മാരായിരുന്നു, ലോകം മുഴുവനിലേക്ക് പടരാനും രാജ്യങ്ങളിലേക്ക് പ്രബോധനങ്ങൾ പകരാനും ലക്ഷ്യം വെച്ചവർ. പുതിയ എക്‌ളേസിയക്ക് തന്റെ സത്യവും ശക്തിയും രക്ഷയും പകരുമെന്ന് യേശു വാഗ്ദാനം ചെയ്തു.

അവൻ പഠിപ്പിച്ച സത്യം അവന്റെ സമയത്തോ, അവന്റെ തലമുറ കൊണ്ടോ നിന്നുപോയോ? അവന്റെ കയ്യിലെ മുറിവ് കണ്ടവരിൽ മാത്രമായി അവന്റെ ശക്തി ഒതുങ്ങിയോ? കാൽവരി കയറിയവർക്ക് മാത്രമായി രക്ഷ ഇടുങ്ങിപ്പോയോ?

‘വഴിയും സത്യവും ജീവനും ഞാനാണ് ‘ അവൻ പറഞ്ഞു, പക്ഷേ

എക്‌ളേസിയക്ക് അവൻ കൈമാറിയ സത്യം ഇതാണ്, “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു. നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു’ ( ലൂക്കാ 10:16). അതുകൊണ്ട്, ഒരിക്കൽ അവൻ മനുഷ്യരൂപത്തിൽ പഠിപ്പിച്ചിരുന്ന പോലെ തന്നെയാണ് ഈ പുതിയ

എക്‌ളേസിയയിലൂടെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അവരിലൂടെ അവൻ പഠിപ്പിക്കുന്നത്.

ക്രിസ്തുവിന്റെ ശരീരം ഒരു സംഘടന എന്നതിനേക്കാൾ ജീവനുള്ള ഒന്നാണ്. അവന്റെ ഭൗതികശരീരം നിങ്ങൾക്കും അവന്റെ പാപമോചനത്തിനും ഇടയിൽ എപ്രകാരം നിൽക്കുമായിരുന്നോ അതിൽ കൂടുതലായി അവന്റെ ശരീരമായ സഭ നിങ്ങൾക്കും ക്രിസ്തുവിനും ഇടയിൽ ഒരു തടസ്സമായി നിൽക്കുന്നില്ല. അവൻ ഭൂമിയിലേക്ക് വന്നത് അവന്റെ മനുഷ്യശരീരത്തിലൂടെ ആയിരുന്നു. ഇപ്പോൾ അവൻ നമ്മളിലേക്ക് വരുന്നത് അവന്റെ മൗതികശരീരത്തിലൂടെ അതായത് എക്‌ളേസിയയിലൂടെ (സഭയിലൂടെ ) ആണ്.

പന്തക്കുസ്തദിനം മുതൽ വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന, അവന്റെ സത്യം ഇപ്പോഴും പ്രഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവന്റെ അധികാരം ഇപ്പോഴും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവൻ നൽകുന്ന പാപമോചനം ഇപ്പോഴും വിതരണം ചെയ്യുന്ന, സഭയുടെ ശിരസ്സാണ് മഹത്വീകൃതശരീരത്തോടെ പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന ക്രിസ്തു എന്ന് കേൾക്കുമ്പോൾ ആരെങ്കിലും അത്ഭുതപ്പെടുന്നുണ്ടെങ്കിൽ, അവർ അവന്റെ സ്വർഗ്ഗരോഹണത്തിന് ശേഷം നടന്ന പൗലോസിന്റെ മാനസാന്തരകഥ ഓർമ്മയിൽ കൊണ്ടുവരട്ടെ.

മറ്റ് യഹൂദരെക്കാളും തീക്ഷ്‌ണതയാൽ ജ്വലിച്ചിരുന്ന ഈ യഹൂദൻ ക്രിസ്തുവിനോടും ക്രിസ്ത്യാനികളുടെ എല്ലാറ്റിനോടുമുള്ള വെറുപ്പും കൊണ്ടാണ് വളർന്നത്. രക്തസാക്ഷിയായ ആദ്യത്തെ ക്രിസ്ത്യാനി, സ്റ്റീഫനെ കല്ലെറിഞ്ഞവരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചവനായിരുന്നു അവൻ. വെറുമൊരു മതഭ്രാന്തൻ അല്ല, ഗമാലിയേലിന്റെ ശിക്ഷണത്തിൽ പഠിച്ച, നല്ല അറിവുള്ള മനുഷ്യൻ. ശക്തനായ വാഗ്മിയും തർക്കിച്ചു വിജയിക്കുന്നതിൽ മിടുക്കനും ആയിരുന്ന സാവൂളിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ , സ്റ്റീഫന്റെ മരണത്തിനു ശേഷം ഇനി ആര് എന്ന് ആദിമക്രൈസ്തവർ ചുഴിഞ്ഞാലോചിച്ചിരിക്കണം.

എന്നാൽ ദൈവത്തിന്റെ ചിന്ത മനുഷ്യരുടേത് പോലെയല്ലല്ലോ. ക്രിസ്തുമതം സ്വീകരിച്ചവരെ ആരെക്കണ്ടാലും ബന്ധനസ്ഥരാക്കി ജറുസലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനുള്ള അധികാരപത്രങ്ങൾ ശരിയാക്കുന്നതിനായി ഒരു ദിവസം അവൻ ദമാസ്കസിലേക്ക് പുറപ്പെട്ടു. ശിശുവായിരുന്ന ‘എക്‌ളേസിയയെ’ പീഡിപ്പിക്കുന്നതിനായി നമ്മുടെ കർത്താവിനെതിരെയുള്ള വെറുപ്പ് നിശ്വസിച്ചുകൊണ്ട് പോകുമ്പോൾ, പെട്ടെന്ന് ആകാശത്തുനിന്ന് ഒരു മിന്നലൊളി അവന്റെ മേൽ പതിച്ചു. അവൻ താഴെ വീണു. കടലിരമ്പം പോലെ ഒരു സ്വരം അവൻ കേട്ടു, “സാവൂൾ, സാവൂൾ നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു “? ഒന്നുമില്ലായ്മ സർവ്വശക്തനോട് ചോദിക്കാൻ ധൈര്യപ്പെട്ടു, “കർത്താവേ, അങ്ങ് ആരാണ്?” ഇങ്ങനെയായിരുന്നു മറുപടി “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ”.

ക്രിസ്തുവും അവന്റെ സഭയും ഒന്നാണ്. ഉത്ഥാനം ചെയ്ത ക്രിസ്തു അവൻ ഭൂമിയിൽ നിന്ന് പോയതിന് നാലോ അഞ്ചോ കൊല്ലങ്ങൾക്ക് ശേഷം ആകാശം വലിച്ച് തുറന്ന്, പൗലോസിനോടും ലോകത്തോടും വിളിച്ചു പറയുന്നു, അവന്റെ ശരീരത്തെ അടിച്ചാൽ അവന്റെ ശിരസ്സിനെ ആണ് അടിക്കുന്നതെന്ന്, മുന്തിരിച്ചെടിയും ശാഖകളും ഒന്നായാണ് ഇരിക്കുന്നതെന്ന്, സഭ പീഡിപ്പിക്കപ്പെട്ടാൽ ചോദിക്കാനായി ക്രിസ്തുവാണ് വരുന്നതെന്ന്. രൂപാന്തരപ്പെട്ട, മാനസാന്തരപ്പെട്ട പൗലോസിനും മറ്റ് അപ്പസ്തോലരെപ്പോലെതന്നെ ക്രിസ്തുവിനെ മനസ്സിലാക്കാൻ സാധിച്ചതിൽ അത്ഭുതമില്ല, കാരണം അവനും ക്രിസ്തുവിന്റെ ‘ശരീരത്തെ’ തൊട്ടല്ലോ.

ഇനി നമുക്ക് ആ ചോദ്യത്തിന് ഉത്തരം പറയാം : എങ്ങനെയാണ് ഈശോ എന്നെ രക്ഷിക്കുന്നത്? അവൻ അവന്റെ ശരീരത്തിലൂടെ അതായത് എക്‌ളേസിയയിലൂടെ ആണ് രക്ഷിക്കുന്നത്. ഭൗതികശരീരമല്ല, മൗതികശരീരം! മനുഷ്യപ്രകൃതത്തിൽ ദൈവാത്മാവ് നിവേശിക്കപ്പെട്ടാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

വാഷിംഗ്‌ടണിന്റെയും ലിങ്കന്റെയും അതേ അമേരിക്ക, മാറിവരുന്ന ഗവണ്മെന്റിലൂടെ ഇന്നത്തെ അമേരിക്കയിൽ തുടരുന്നു. സ്പോർട്സ് ക്ലബ്ബുകളിലും മറ്റ് ക്ലബ്ബുകളിലും പത്ത് ദശാബ്ദങ്ങൾക്കപ്പുറമുള്ളത് പണ്ടുള്ള അതേ അംഗങ്ങൾ അല്ല, പക്ഷേ അവരുടെ മാറിവരുന്ന അംഗങ്ങളിലൂടെ തലമുറകളായി ആ ക്ലബ്ബുകൾ തുടർന്നു പോരുന്നു.

അതുപോലെ ഇന്നും നിലനിൽക്കുന്ന ക്രിസ്തുവിന്റെ ശരീരം, എക്‌ളേസിയ, കാലങ്ങളായി ജീവിച്ചു മറയുന്ന അംഗങ്ങളിലൂടെ അവനിൽ തുടരുന്നു. ക്രിസ്തു സത്യദൈവവും സത്യമനുഷ്യനും ആയതുകൊണ്ട് ഒരു മനുഷ്യനും ചെയ്യാൻ കഴിയാത്തത് അവന് ചെയ്യാൻ സാധിക്കും ; അവന്റെ ജീവിതം, അവന്റെ സത്യം, അവന്റെ സ്നേഹം എല്ലാം ഇന്നുള്ള നമ്മുടെ വാതിൽക്കലും നമ്മുടെ ഹൃദയങ്ങളുടെ പൂമുഖപ്പടിയിലും എത്തിക്കാൻ. അങ്ങനെ, അവന്റെ സ്നേഹത്തിന്റെയും പാപക്ഷമയുടെയും കാര്യത്തിൽ, അവന്റെ കാലത്ത് ജീവിച്ചിരുന്നവർക്ക്, നമ്മുടെ കാലത്തുള്ളവരെക്കാൾ അധികം നേട്ടമൊന്നും ഉണ്ടായിക്കാണില്ല. നിത്യനായ സമകാലികൻ അല്ലെങ്കിൽ, അവൻ ദൈവമായിരിക്കില്ല.

ഒരു രക്തത്തുള്ളിക്കും നിങ്ങളുടെ ശരീരത്തിൽ നിന്ന് പുറത്തുപോയാൽ തനിയെ നിലനിൽക്കാൻ സാധിക്കില്ല, പക്ഷേ ആ രക്തത്തുള്ളി ഇല്ലാതെ നിങ്ങളുടെ ശരീരത്തിന് ജീവിക്കാൻ പറ്റും. അതുകൊണ്ട്, ക്രിസ്തുവിന്റെ ശരീരത്തിന് നിങ്ങളില്ലാതെ ജീവിക്കാൻ ആകും, പക്ഷേ നിങ്ങൾക്ക് ക്രിസ്തുവിന്റെ ശരീരം കൂടാതെ, (സഭയിൽ അല്ലാതെ ) ജീവിക്കാൻ സാധ്യമല്ല.

Written by : Venerable Fulton J Sheen

Translated by : Jilsa Joy

Advertisements
Advertisements

Leave a comment