ന്യായാധിപനും വിധവയും | ലൂക്കാ 18:1-8

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു പറഞ്ഞ ഉപമയാണു ഇന്നത്തെ നമ്മുടെ ധ്യാന വിഷയം. ഇടവിടാതെ പ്രാർത്ഥിക്കുക എന്നതു പുതിയ നിയമത്തിൽ പലപ്പോഴായി നാം കാണുന്ന ആഹ്വാനമാണ്. (1 തെസലോ 5:17; റോമാ 12:12; എഫേ 6:18; .). ആദിമ ക്രൈസ്തവ സമൂഹങ്ങളിലെ അദ്ധ്യാത്മികതയുടെ ഏറ്റവും വലിയ സവിശേഷതയായിരുന്നു നിരന്തരമായ പ്രാർത്ഥന. ലൂക്കാ സുവിശേഷൻ തന്റെ സുവിശേഷത്തിലും അപ്പസ്തോലന്മാരുടെ നടപടികളിലും പ്രാർത്ഥനയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. എല്ലാ അർത്ഥത്തിലും പ്രാർത്ഥനയുടെ സുവിശേഷമാണ് ലൂക്കായുടെ സുവിശേഷം.

പലതരം പ്രാർത്ഥനകൾ ഉള്ളതായി നമുക്കറിയാം സ്തുതി, കൃതജ്ഞത, മധ്യസ്ഥ പ്രാർത്ഥനാ, യാചന പ്രാർത്ഥന എന്നിവ അവയിൽ ചിലതാണ്. പ്രധാനമായും യാചന പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലെ മുഖ്യ പ്രമേയം. ചിലപ്പോൾ നിശബ്ദമായും മറ്റു ചിലപ്പോൾ ഉച്ചചസ്വരത്തിലും നാം പ്രാർത്ഥിക്കാറുണ്ട്. ധ്യാനാത്മകമായ പ്രാർത്ഥനയും സ്വയം പ്രേരിത പ്രാർത്ഥന യും വിശ്വാസികളുടെ ഇടയിലുണ്ട്. രഹസ്യ പ്രാർത്ഥനകളും സഭയുടെ പൊതുവായ പ്രാർത്ഥനകൾ – ലിറ്റർജി അഥവാ ആരാധനക്രമ പ്രാർത്ഥനകളും തിരുസഭയിലുണ്ട്. എല്ലാ പ്രാർത്ഥനകൾക്കും അതിന്റേതായ പ്രാധാന്യവും അർത്ഥവും ഉണ്ട്. ഇന്നത്തെ സുവിശേഷ ഭാഗത്തു യേശു യാചനാ പ്രാർത്ഥനയെക്കുറിച്ചാണു നമ്മോടു സംസാരിക്കുക. അതായതു നമുക്കാവശ്യമുള്ളതു ദൈവത്തോടു പറയുന്ന പ്രാർത്ഥനാ രീതി.

പുറപ്പാടിന്റെ പുസ്തകത്തിൽ (പുറപ്പാട് 17:8-13), അമലേക്യരുമായി യുദ്ധത്തിലേർപ്പെടുന്ന ഇസ്രായേല്‍ ജനതയ്ക്കു വേണ്ടി കരങ്ങൾ ഉയർത്തിപ്പിടിച്ചു പ്രാർത്ഥിക്കുന്ന മോശയെ നാം കാണുന്നു. മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്‌ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.(പുറപ്പാട്‌ 17 : 11). മോശയുടെ കൈകള്‍ കുഴഞ്ഞപ്പോൾ സഹായികളായ അഹറോനും ഹൂറും അവന്‍െറ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഇരുവശങ്ങളിലും നിന്നു. അവസാനം ഇസ്രായേൽ ജനത വിജയം കരസ്ഥമാക്കി. ദൈവത്തിലുളള സമ്പൂർണ്ണ സമർപ്പണത്തിന്റെ പ്രകടനമാണിത്: ദൈവത്തെ കൂടാതെ ഒരു വിജയവുമില്ല.

ന്യായാധിപനും വിധവയും

യഥാർത്ഥ ജീവിതത്തിലെ രണ്ടു വ്യക്തികളെ യേശു ഇവിടെ അവതരിപ്പിക്കുന്നു. ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപനെയും, എതിരാളിക്കെതിരേ തനിക്കു നീതി നടത്തിത്തരണമേ എന്നു അവനോട്‌ അപേക്‌ഷിക്കുയും ചെയ്യുന്ന ഒരു വിധവയെയും. ദൈവഭക്തിയോ മനുഷ്യനോടു ബഹുമാനമോ ഇല്ലാത്ത മനുഷ്യൻ പോലും വിധവയുടെ നിരന്തരമായ യാചനകൾക്കു മുമ്പിൽ കീഴടങ്ങി അവൾക്കു നീതി നടത്തികൊടുക്കുന്നു. എങ്കിൽ മക്കളെ സ്നേഹിക്കുന്ന ദൈവം അവരുടെ ആവശ്യങ്ങൾക്കു മുമ്പിൽ മുഖം തിരിക്കുമോ? എന്ന പ്രസക്തമായ ചോദ്യം യേശു ചോദിക്കുന്നുണ്ട് .ഈ പ്രത്യായാശയോടെ നമ്മൾ നിരന്തരം ചോദിച്ചു കൊണ്ടെ ഇരിക്കണം.

ഒരു പ്രേഷിതൻ തന്റെ ആവശ്യങ്ങൾ ആദ്യം ഉണർത്തേണ്ടത് ദൈവത്തിന്റെ പക്കലാണ്. അതു നിരന്തരം ഉണർത്തണം.

എന്തും നമുക്കു ദൈവത്തോടു ചോദിക്കാമോ? നമ്മുടെ അത്യാഗ്രഹ പൂർത്തീകരണത്തിനു അല്ലാത്തതെന്തും യേശുവിനോടു ചോദിക്കാം. ഇന്നത്തെ വചനഭാഗത്തു വിധവ അപേക്ഷിച്ചതു അവൾക്കു കിട്ടണമെന്നു ദൈവം തീർച്ചയായും ആഗ്രഹിച്ച നീതിക്കു വേണ്ടിയായിരുന്നു. ലൂക്കായുടെ സവിശേഷത്തിൽത്തന്നെ പതിനൊന്നാം അധ്യായത്തിൽ യേശു ദൈവത്തെ ഒരു നല്ല പിതാവുമായി താരദമ്യം ചെയ്തു കൊണ്ടു ചോദിക്കുന്നു: നിങ്ങളില്‍ ഏതൊരു പിതാവാണ്‌ മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗ സ്‌ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയധികമായി പരിശുദ്‌ധാത്‌മാവിനെ നല്‍കുകയില്ല! (ലൂക്കാ 11 : 11-13). ആ സന്ദർഭത്തിൽ നല്ല കാര്യങ്ങൾ പിതാവിനോടു അപേക്ഷിച്ചാൽ അതു എപ്പോഴും സാധിച്ചു തരും എന്നു യേശു പഠിപ്പിക്കുന്നു.

എന്താണ് നല്ല കാര്യങ്ങൾ?

ദൈവത്തോടു നമ്മെ അടിപ്പിക്കുന്ന, അവനെ കൂടുതലായി അറിയാനും സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും സഹായിക്കുന്ന മാർഗ്ഗങ്ങൾ. അവന്റെ പഠനങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വഴികൾ . ഇതിനെല്ലാം ഉപരിയായി എന്നെക്കുറിച്ചുള്ള ദൈവ പദ്ധതി എന്താണന്നറിയുവാനും അവ നിർവ്വഹിക്കാൻ ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ.

ഞാൻ ചെയ്യാനായി ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ, ആ നല്ല കാര്യങ്ങൾ ഞാൻ നിർവ്വഹിച്ചാൽ ദൈവഹിതത്തോടു ഞാൻ ഒന്നായി മാറുന്നു. ദൈവഹിതവും എന്റെ ഹിതവും ഒന്നാകുന്നു .അവസാനം ദൈവഹിതം എന്റെ ഹിതമായി നിർവ്വഹിക്കുന്നു എത്ര വിസ്മയകരമായ സംഗിതിയാണത് ! ദൈവഹിതം പ്രേഷിതന്റെ ഹിതമാക്കുമ്പോഴാണ് പ്രേഷിത പ്രവർത്തനം വിജയത്തിലെത്തുക. സ്വർത്ഥ ഹിതങ്ങൾക്കു പിന്നാലെ നടക്കുമ്പോഴാണു മിഷനറി ജീവിതം ഭാരം വഹിക്കലാവുക.

മറിച്ചൊന്നു ചിന്തിച്ചാലോ?

സാധാരണ രീതിയിൽ സ്ഥിരപരിശ്രമത്തെക്കുറിച്ചുള്ള ഈ ഉപമ വായിക്കുമ്പോൾ, ദൈവത്തെ ന്യായാധിപനായും നമ്മളെ വിധവയായും കാണുന്നു. അതായതു ദൈവത്തിൽ നിന്നു അനുഗ്രഹം പ്രാപിക്കാനായി നാം നിരന്തരം യാചിച്ചു കൊണ്ടിരിക്കണം എന്ന വസ്തുതയ്ക്കു ഊന്നൽ നൽകുന്നു. അമേരിക്കയിലെ നോത്രാദാം സഭയിലെ സന്യാസിനിയായ സി. മെലാനി സ്വബോഡ വർഷങ്ങൾക്കു മുമ്പ് ഈ വചനഭാഗത്തിനു ദൈവത്തെ വിധവയും മനുഷ്യരെ ന്യായാധിപനും ആയി ചിത്രീകരിച്ചു വേറൊരു വ്യാഖ്യാനം നൽകി.

ന്യായാധിപനെപ്പോലെ നമ്മൾ ചിലപ്പോൾ അനീതിയോടെ ദൈവഭയമില്ലാതെ മനുഷ്യനെ മാനിക്കാതെ പെരുമാറുകയും പാവപ്പെട്ടവരുടെയും ദുർബലരുടെയും ദീനരോദനങ്ങൾ നിരന്തരം നിരസിക്കുകയും ചെയ്യായാറുണ്ട്. എന്നാൽ ദൈവം ഒരിക്കലും പിന്മാറാത്ത വിധവയെപ്പോലെ നമ്മുടെ കൂടെയുണ്ട്.

ആ ദൈവം അവസാനം സ്നേഹത്തിലേക്കും നീതിയിലേക്കും നമ്മൾ തിരിയുന്നവരെ നമ്മെ അസഹ്യപ്പെടുത്തുക തന്നെ ചെയ്യും. നമ്മൾ നീതിയോടെ വിധിക്കും വരെ അവൻ അതു നിരന്തരം തുടരും. ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപത്തിയിൽ നമ്മൾ “ദൈവത്തിന്‍െറ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരായി (ഉല്‍പത്തി 1 : 27) രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടു രീതിയിൽ ചിന്തിച്ചാലും ഇന്നത്തെ സുവിശേഷ ഭാഗം പ്രേഷിതർക്കുള്ള ഒരു മാഗ്നാകാർട്ടയാണ്, സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കുക, പ്രവർത്തിക്കുക. സ്ഥിരോത്സാഹിയായ എന്റെ ദൈവമേ, എന്നെ നിന്നെപ്പോലെയാക്കണമേ എന്നതായിരിക്കട്ടെ പ്രേഷിതന്റെ / പ്രേഷിതയുടെ ഇന്നത്തെ പ്രാർത്ഥന.

ഫാ. ജയ്‌സൺ കുന്നേൽ MCBS

Advertisements

Leave a comment