മുമ്പന്മാരും പിമ്പന്മാരും

‘There are no free lunches’ എന്നുള്ളതാണ് നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും നിലപാട്. എന്തെങ്കിലും കിട്ടണോ, അതിനായി പണിയെടുക്കണം. അതിനാണ് ‘എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം’ എന്ന് പറയുന്നതും. നല്ല principle ആണ്.

പക്ഷേ അത് follow ചെയ്യാൻ ദൈവത്തെ പ്രതീക്ഷിച്ചാൽ പിന്നെ നമ്മുടെ നേർക്ക് അവന്റെ കാരുണ്യവും പ്രതീക്ഷിക്കരുത്, കാരണം നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്തത്ര ക്ഷമിക്കുന്ന കാരുണ്യം ഈലോകജീവിതത്തിലും, കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടില്ലാത്തതുമായ സൗഭാഗ്യങ്ങൾ നിത്യജീവിതത്തിലും, തരുന്നവനാണവൻ. ദൈവത്തിന്റെ പ്രിയമകൻ, മകൾ ആയിത്തീരുന്ന സന്തോഷം, ദൈവികജീവനിൽ പങ്ക് പറ്റുന്നത്, ദൈവത്തിന്റെ മഹത്വത്തിൽ എന്നേക്കും ജീവിക്കുന്നത്… ഇതെല്ലാം ദാനമാണ്. ഒരു പ്രാർത്ഥനക്കും ദാനധർമ്മത്തിനും നല്ല പ്രവൃത്തികൾക്കും നേടിയെടുക്കാൻ പറ്റാത്തത്.

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലെ വീട്ടുടമസ്ഥനെ പോലെ പെരുമാറുന്ന മുതലാളിമാരെ ഭൂമിയിൽ കണ്ടുകിട്ടുക അത്ര എളുപ്പമല്ല. അവസാനത്തെ മണിക്കൂറിൽ പണിക്ക് ജോയിൻ ചെയ്തവർക്കും ആദ്യം വന്നവരുടെ അത്ര തന്നെ കൂലി കൊടുക്കുന്നവൻ. പക്ഷെ നമുക്ക് എന്ത് കിട്ടുന്നു എന്നതിനേക്കാൾ നമ്മുടെ നോട്ടം മറ്റുള്ളവർക്ക് എന്ത്‌ കിട്ടുന്നു എന്നതാണല്ലോ. നല്ല കള്ളനെപ്പോലെയുള്ളവർ ഗ്രേസ് മാർക്ക് നേടി അവസാനനിമിഷത്തിൽ പ്രൊമോഷൻ ഒറ്റയടിക്ക് വാങ്ങിയെടുക്കുമ്പോൾ, എല്ലാം നശിപ്പിച്ചു കുത്തുപാളയെടുത്ത ധൂർത്തപുത്രനെ വീണ്ടും വാരിപ്പുണർന്ന് മൂത്ത പുത്രന്റെ കൂടെ ചേർത്തു നിർത്തുമ്പോൾ… പതിനായിരം താലന്ത് തനിക്ക് ഇളച്ചുകിട്ടിയിട്ടും നൂറു ദനാറ കൊടുക്കാത്തവനെ കാരാഗൃഹത്തിൽ ഇട്ട നിർദ്ദയനായ ഭൃത്യനെപ്പോലെ നമ്മുടെ സ്വാർത്ഥതക്കാണെങ്കിൽ അറ്റവുമില്ല.

അവന്റെ വഴി നമ്മുടെ പോലെ അല്ലാത്തത് എത്ര നന്നായി. അതുകൊണ്ട് സ്വർഗ്ഗപ്രാപ്തി നമുക്ക് പ്രത്യാശിക്കാറായി. ഈ ലോകമാകുന്ന മുന്തിരിതോട്ടത്തിൽ നമുക്ക് ചെയ്യാനുള്ളത് എന്താണ്? ദൈവരാജ്യവിസ്തൃതിക്കായി അവനായി പറ്റും പോലെ പണിയെടുക്കുക. അവന് നമ്മളെ കൂടാതെ അത് ചെയ്യാൻ കഴിയാഞ്ഞിട്ടല്ല. അവൻ സ്വർഗ്ഗത്തിൽ നമുക്കായി ഒരുക്കിയിരിക്കുന്നത് സ്വപ്നം കാണാൻ കഴിയാത്ത സൗഭാഗ്യമാണ്. അപ്പോൾ പിന്നെ നമ്മൾ ഈ ലോകത്തിൽ ആയിരിക്കുമ്പോൾ നമുക്ക് പറ്റുന്ന പോലെ അവനോട് പ്രതിസ്നേഹവും നന്ദിയും കാണിക്കണ്ടേ?

ആബ്ബ പിതാവിന്റെ പ്രിയമക്കളായ നമ്മൾ, അവൻ തന്നിരിക്കുന്ന നന്മകളും കൃപകളും ഉപയോഗിച്ച് അവന്റെ രാജ്യം ഇവിടെ കൊണ്ടുവരാനായി, സാധിക്കുന്നേടത്തോളം പേർക്ക് അതിന്റെ നന്മകൾ ലഭിക്കാനായി, പറ്റാവുന്ന പോലെ ശ്രമിക്കണ്ടേ? നമുക്ക് പുത്രസ്ഥാനം തരാൻ, ദൈവത്തെപോലെ നമ്മളും ആവാൻ, തന്നെത്തന്നെ ശൂന്യനാക്കി, കുരിശിനോളം ചെറുതായി ആണ് ഈശോ നമ്മളെ സ്നേഹിച്ചത്. അതിന് പ്രതിസ്നേഹം നൽകേണ്ടത് സ്വാർത്ഥത കാണിച്ചിട്ടല്ലല്ലോ.. നമ്മൾ മാത്രമേ രക്ഷപ്പെടാവൂ എന്ന് നമുക്ക് വാശി പിടിക്കാമോ? ഏത് മതത്തിലുള്ളവരോടും ഏത് ക്രിസ്ത്യൻ ഡിനോമിനേഷനിൽ ഉള്ളവരോടും ഏത് രാജ്യക്കാരോടും അനുഭാവം കാണിക്കുമ്പോഴേ നമ്മൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കൾ ആകുന്നുള്ളു.

പത്രോസിനെ അവന്റെ കുഞ്ഞാടുകളെ ഏല്പിക്കും മുൻപ് അവൻ ചോദിച്ചത് നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നാണ്. അതനുസരിച്ചേ കുഞ്ഞാടുകളെ അവന് സ്നേഹിക്കാൻ പറ്റൂ എന്നവനറിയാമായിരുന്നല്ലോ. യേശു സ്ഥാപിച്ച സഭയിൽ സ്നേഹമാണല്ലോ ഭരണം നടത്തേണ്ടത്.

ദൈവം നല്ലവനായതിൽ നമുക്ക് അസൂയ വേണ്ട. എല്ലാവരെയും ചേർത്ത് പിടിക്കാം. അവസാനമണിക്കൂറിൽ വരുന്നവരെയും ഒട്ടിച്ചു ചേർക്കപ്പെട്ട കാട്ടൊലിവിന്റെ മുളകളെയും എല്ലാം. “ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചു പോകാൻ എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല”. . ചുങ്കക്കാരും പാപികളുമൊത്തു ഭക്ഷണം കഴിച്ച ഈശോ, അന്ത്യ അത്താഴ മേശയിൽ നിന്ന് യൂദാസിനെ പോലും ഒഴിവാക്കിയില്ല. എല്ലാ സാമൂഹ്യ വിവേചനത്തിനുപരിയായി മനുഷ്യനെ മനുഷ്യനായി കാണാനും അംഗീകരിക്കാനും സ്നേഹിക്കാനും പ്രചോദനം നൽകുന്നതാണ് അവന്റെ ഭക്ഷണ മേശകളും മുന്തിരിത്തോപ്പുകളും. ആര് മുൻപന്മാരാവണം ആരൊക്കെ പിമ്പൻമാരാവണം എന്ന് അവൻ തീരുമാനിക്കട്ടെ. അല്ലേ?

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment