സമാധാനത്തിന്റെ പരമോന്നത പുരസ്‌കാരം

ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു.

ചപ്പാത്തിയും മീൻകറിയുമെന്നായിരുന്നു മരിയയുടെ മറുപടി.

ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻകറിയും പകുതി കഴിച്ചശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു.

‘എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല’…

അതാണ് ദാരിദ്ര്യം…..

ഇന്നലെ കണ്ടതാണ് ഒരു fb പോസ്റ്റിലെ വരികൾക്കിടയിൽ. അതിലെ തീ ആളിപടർന്ന് ഉള്ള് കുറച്ചു നൊന്തും വെന്തും പോയി. മരിക്കാൻ നേരത്തും അമ്മമനസ്സിന് മാറ്റമേതുമില്ല, ഒപ്പം ദാരിദ്യമെന്ന സത്യത്തിനും.. ജവാൻ ഫിലിമിൽ, മകനെ ചുംബിച്ച്, ഇനിയങ്ങോട്ട് ജീവിതത്തിൽ ഓർത്തിരിക്കാൻ വേണ്ടത് ചെവിയിൽ പറഞ്ഞ്, തൂക്കുകയറിലേക്ക് തല ഉയർത്തിപ്പിടിച്ചു പോയ ഒരമ്മയും തെല്ലൊന്നു സങ്കടപ്പെടുത്തിയിരുന്നു.

ഇപ്പോൾ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇറാൻ ആക്റ്റിവിസ്റ്റ് നർഗ്ഗീസ് മുഹമ്മദിയെക്കുറിച്ചുള്ള Shibu Gopalakrishnan ന്റെ പോസ്റ്റ്‌ കണ്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിന്നതിന്റെ പേരിൽ സ്വന്തം കുട്ടികളോടൊത്ത് കഴിയാൻ ഭാഗ്യമില്ലാതെ വർഷങ്ങളായി ജയിലിൽ കഴിയുന്ന അമ്മയെപ്പറ്റി വായിച്ചപ്പോൾ വീണ്ടും മുറിവിൽ ചോര പൊടിഞ്ഞ പോലെ. സ്വന്തം ജീവിതം തുലാസ്സിലാക്കി അപരനായി പോരാടുന്നവർ, യുദ്ധങ്ങളും കലാപങ്ങളും തനിച്ചാക്കുന്നവർ എത്രയെത്ര.

ഷിബു ഗോപാലകൃഷ്ണന്റെ പോസ്റ്റ്‌ ലേക്ക്…

ഇരട്ടക്കുട്ടികളായ അലിയും കിയാനയും ജനിക്കുമ്പോൾ ശോഷിച്ച ആരോഗ്യം കാരണം അവരെ എടുക്കാൻ നർഗീസിന്‌ കഴിഞ്ഞിരുന്നില്ല. ആശുപത്രി മുറിയിലെ ജനാലയിലൂടെയാണ് അവരെ ആദ്യമായി കണ്ടത്. ജനിച്ചപ്പോൾ മുതൽ അമ്മയുമായി അകലപ്പെടാൻ മാത്രം കഴിഞ്ഞ കുട്ടികൾ ആയിരുന്നു അവർ.

അവർക്കു മൂന്നുവയസ്സും ആറുമാസവും പ്രായമുള്ള ഒരു രാത്രിയിലാണ് ആദ്യമായി നർഗീസിനെ അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത്. സുഖമില്ലാത്ത കിയാനയെ ആശുപത്രിയിൽ നിന്നും കൊണ്ടുവന്നതേ ഉണ്ടായിരുന്നുള്ളൂ. അലി കരഞ്ഞുകൊണ്ടിരുന്നു. അലിയെ താരാട്ടുപാടി ഉറക്കാൻ പോലീസുകാർ അനുവദിച്ചു. ഉറങ്ങാൻ കൂട്ടാക്കാത്ത കിയാനയെ നർഗീസ് ഉമ്മവച്ചു. പോകാൻ സമയമായി എന്ന് പോലീസ് അറിയിച്ചപ്പോൾ നർഗീസ് മകളെ വേർപെടുത്താൻ ശ്രമിച്ചെങ്കിലും പ്രയാസപ്പെട്ടു. പോലീസിനൊപ്പം പടികൾ ഇറങ്ങുമ്പോൾ കിയാനയുടെ കരച്ചിൽ കൂടെ ഓടുന്നുണ്ടായിരുന്നു. തിരികെ ചെന്ന് കിയാനയെ വാരിയെടുത്ത് ഉമ്മവച്ചു.

പിന്നെയും മൂന്നുതവണ കൂടി നർഗീസ് അറസ്റ്റിലായി. അവരുടെ നാലാം വയസ്സിലും അഞ്ചാം വയസ്സിലും എട്ടാം വയസ്സിലും. മക്കളിൽ നിന്നും വേർപെട്ടുപോകുമ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചു ടെഹ്റാനിലെ എവിൻ ജയിലിലെ മലനിരകൾക്കു മുന്നിലേക്ക് തുറക്കുന്ന ഒറ്റ ജനാല മാത്രമുള്ള സെല്ലിലിരുന്നു നർഗീസ് എഴുതിയിട്ടുണ്ട്. അമ്മയെ പൊലീസിന് വിട്ടുകൊടുക്കാതെ കഴുത്തിനു കെട്ടിപ്പിടിച്ചു കിടന്ന അലിയും കിയാനയും. പോലീസിനൊപ്പം പോകുമ്പോഴൊക്കെയും പിന്നിൽ അലമുറയിട്ടു കരഞ്ഞ കുഞ്ഞുങ്ങൾ, പിന്നിലേക്ക് പിടിച്ചുവലിച്ച അവരുടെ നിലവിളികൾ.

എട്ടുവർഷങ്ങൾക്ക് മുൻപ് പത്തുവർഷത്തെ തടവിനു വിധിക്കപ്പെട്ട നർഗീസിനെ കൊണ്ടുപോകാൻ വന്ന പോലീസ് അലിയും കിയാനയും സ്‌കൂളിലേക്ക് പുറപ്പെടാൻ വേണ്ടി പുറത്തു കാത്തുനിന്നു. പിന്നീട് ഇന്നുവരെ നർഗീസ് അവരെ കണ്ടിട്ടില്ല. അവർക്കിപ്പോൾ പതിനാറു വയസ്സായി. ഇറാനിൽ നിന്നും അവർക്ക് പിതാവിനൊപ്പം പാരിസിലേക്ക് പോകേണ്ടിവന്നു. അവർ രാജ്യത്തു ഇല്ലാത്തതിനാൽ ഫോണിൽ സംസാരിക്കാനുള്ള അവസരവും നിഷേധിച്ചു. സന്ദർശകർക്കും വിലക്കാണ്.

എവിൻ ജയിലിലെ ഒറ്റ ജനാലക്കു അപ്പുറത്ത് മലനിരകളിലെ പച്ചപ്പിലേക്ക് നോക്കി ഇറാനിലെ സ്ത്രീകളുടെ ജീവിതവും സ്വാതന്ത്ര്യവും സ്വപ്നം കാണുന്ന ആ അമ്മയ്ക്കാണ് ഇക്കൊല്ലത്തെ സമാധാനത്തിന്റെ പരമോന്നത പുരസ്‌കാരം.

Advertisements

Leave a comment