വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മസമർപ്പണ പ്രാർത്ഥന

എന്റെ ഹൃദയത്തിൽ തൊട്ട ഒരു ആത്മസമർപ്പണ പ്രാർത്ഥന കൊച്ച് ത്രേസ്യയുടേതായി നവമാലികയിൽ വായിച്ചതായിരുന്നു.

“ഈ. മ. യൗ. ത്രേ.

നല്ല ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന് ഹോമബലിയായി ഞാൻ ചെയ്ത ആത്മാർപ്പണം :

ഹാ! എന്റെ ദൈവമേ! പരിശുദ്ധ ത്രിത്വമേ! അങ്ങയെ സ്നേഹിക്കുവാനും അങ്ങയുടെ സ്നേഹത്തിനു മറ്റുള്ളവരെ പ്രേരിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ഭൂമിയിലുള്ള ആത്മാക്കളെ രക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുകയും ചെയ്തു കൊണ്ട് തിരുസഭയുടെ മഹത്വീകരണത്തിനായി അദ്ധ്വാനിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.

അങ്ങയുടെ തിരുമനസ് സമ്പൂർണമായി നിറവേറ്റുവാനും അങ്ങയുടെ രാജ്യത്തിൽ അങ്ങ് എനിക്കായി തയ്യാറാക്കിയിരിക്കുന്ന മഹിമയുടെ പദവി പ്രാപിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ഒറ്റ വാക്കിൽ എനിക്കൊരു പുണ്യവതിയാകണം. എന്നാൽ എന്റെ നിസ്സഹായ സ്ഥിതി എനിക്കറിയാം. ആകയാൽ എന്റെ ദൈവമേ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. അങ്ങ് തന്നെ എന്റെ പുണ്യമായിരിക്കുക.

അങ്ങയുടെ ഏക പുത്രനെ രക്ഷകനും മണവാളനുമായി നല്കത്തക്ക വിധം എന്നെ സ്നേഹിച്ചതിനാൽ അങ്ങയുടെ യോഗ്യതകളാകുന്ന അനന്തനിക്ഷേപങ്ങൾ എന്റെ വകയാണല്ലോ. അവ ഞാൻ സസന്തോഷം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. യേശുവിന്റെ തിരുമുഖത്തിലൂടെയും സ്നേഹത്താൽ എരിയുന്ന അവിടുത്തെ തിരുഹൃദയത്തിലും മാത്രം എന്നെ കടാക്ഷിക്കണമെന്നു അങ്ങയോടു ഞാൻ അപേക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ ( ഭൂമിയിലും സ്വർഗത്തിലും ഉള്ള ) പുണ്യവാന്മാരുടെ സകലയോഗ്യതകളും അവരുടെ സ്നേഹപ്രകരണങ്ങളും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. അവസാനമായി ഞാൻ ഹാ! പരിശുദ്ധ ത്രിത്വമേ, എന്റെ ഏറ്റവും വത്സല മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്നേഹവും യോഗ്യതകളും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എന്റെ ആത്മാർപ്പണം അങ്ങേയ്ക്ക് സമർപ്പിക്കണം എന്നപേക്ഷിച്ചു കൊണ്ട് ഞാൻ അത് ഭരമേല്പിക്കുന്നത് ആ മാതാവിനെയാണ്. അവളുടെ ദിവ്യ സുതനായ എന്റെ പ്രിയ മണവാളൻ തന്റെ ഭൗമിക വാസത്തിന്റെ നാളുകളിൽ

ഞങ്ങളോടരുളി ചെയ്തിട്ടുണ്ട്.

“നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.”

(യോഹന്നാന്‍ 16 : 23) എന്ന്.

ആകയാൽ എന്റെ അഭിവാഞ്ഛകൾ അങ്ങ് അനുവർത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഹാ! എന്റെ ദൈവമേ അങ്ങയുടെ ഔദാര്യത്തിന് ആനുപാതികമായി അങ്ങ് ഞങ്ങളുടെ തൃഷ്ണയെ ഉഗ്രമാക്കും എന്നും എനിക്കറിയാം.

എന്റെ ഹൃദയത്തിൽ എനിക്കനുഭൂതമാകുന്ന ലാലസ അളവറ്റതാണ്.

തന്നിമിത്തം എന്നിൽ വരുവാനും എന്റെ ആത്മാവിനെ സ്വായത്തമാക്കുവാനും അങ്ങയെ ഞാൻ ക്ഷണിക്കുന്നത് പ്രത്യയപുരസരമാണ്. ഹാ! ഞാൻ ആഗ്രഹിക്കുന്നത് പോലെ കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ! എന്നാൽ കർത്താവേ അങ്ങ് സർവശക്തനല്ലയോ! സക്രാരിയിൽ എന്നത് പോലെ അങ്ങെന്നിൽ വസിക്കുക. അങ്ങയുടെ ചെറിയ ബലിവസ്തുവായ എന്നിൽ നിന്ന് ഒരിക്കലും അകന്നു പോകരുതേ.

പാപികളുടെ നന്ദിഹീനതയ്ക്കു പകരമായി അങ്ങയെ ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

അങ്ങേയ്ക്ക് അനിഷ്‌ടം വരുത്തുവാൻ പര്യാപ്തമായ സ്വാതന്ത്ര്യം എന്നിൽ നിന്നും എടുത്തു കൊള്ളണമെന്ന് സവിനയം ഞാൻ അപേക്ഷിക്കുന്നു.

ദൗർബല്യത്താൽ ഞാൻ വല്ലപ്പോഴും തെറ്റിലുൾപ്പെടുന്നതായാൽ അങ്ങയുടെ തൃക്കടാക്ഷത്താൽ എന്റെ ആത്മാവിനെ ഉടൻ തന്നെ സുഖപ്പെടുത്തേണമേ.

അഗ്നി സ്പർശിക്കുന്ന സകല വസ്തുക്കളെയും അഗ്നി തന്നെ ആക്കി തീർക്കുന്നത് പോലെ എനിക്കുള്ള സകല ന്യൂനതകളെയും അങ്ങ് തന്നെ ദഹിപ്പിച്ചു കളയണമേ.

ഹാ! എന്റെ ദൈവമേ, എന്റെ മേൽ അങ്ങ് വർഷിച്ചിട്ടുള്ള സകല അനുഗ്രഹങ്ങൾക്കും വിശിഷ്യ ദുസ്സഹമായ ക്ലേശങ്ങൾ തരണം ചെയ്യുവാൻ എനിക്കവസരം നൽകിയതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു

അവസാനത്തെ ദിവസം കുരിശാകുന്ന ചെങ്കോലും ധരിച്ചു അങ്ങ് പ്രത്യക്ഷനാകുമ്പോൾ അങ്ങയുടെ ദർശനം എനിക്ക് ആനന്ദ പ്രദമായിരിക്കും.

എത്രയും അമൂല്യമായ ആ കുരിശിന്റെ ഒരംശം എനിക്കും നൽകാൻ അങ്ങ് കനിഞ്ഞതിനാൽ സ്വർഗത്തിൽ അങ്ങയോടു സദൃശ്യയാകാമെന്നും അങ്ങയുടെ പീഡാനുഭവത്തിന്റെ പാവനമായ അടയാളങ്ങൾ മഹത്വം പ്രാപിച്ച എന്റെ ശരീരത്തിൽ പ്രകാശിക്കുന്നത് കാണാമെന്നും ഞാൻ പ്രത്യാശിക്കുന്നു.

ഭൂമിയിലെ വിപ്രവാസത്തിനു ശേഷം അങ്ങയെ അനുഭവിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്നാൽ സ്വർഗ്ഗത്തേയ്ക്ക് യോഗ്യതകൾ സമ്പാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ സ്നേഹത്തെ പ്രതി മാത്രം അദ്ധ്വാനിക്കണം എന്നാണ് എന്റെ ആഗ്രഹം.

അങ്ങയെ സ്നേഹിക്കുകയും തിരുഹൃദയത്തെ ആശ്വസിപ്പിക്കുകയും നിത്യകാലവും അങ്ങയെ സ്നേഹിക്കേണ്ടുന്ന ആത്മാക്കളെ രക്ഷിക്കുകയുമാണ് എന്റെ ഏകലക്ഷ്യം.

ഈ ജീവിതത്തിന്റെ സായാഹ്നത്തിൽ വെറും കയ്യുമായി ഞാൻ അങ്ങയുടെ മുന്നിൽ പ്രത്യക്ഷയാകും. എന്തെന്നാൽ കർത്താവേ, എന്റെ സുകൃതങ്ങളൊന്നും അങ്ങ് പരിഗണിക്കണമെന്ന് ഞാൻ അവകാശപ്പെടുന്നില്ല.

ഞങ്ങളുടെ പവിത്രതയെല്ലാം അങ്ങയുടെ വീക്ഷണത്തിൽ കറ പുരണ്ടതാണല്ലോ. ( ഏശയ്യ 64:6)

ആകയാൽ അങ്ങയുടെ സ്വന്തം പവിത്രത ധരിച്ചു കൊണ്ട് അങ്ങയുടെ സ്നേഹത്തിൽ നിന്നു അങ്ങയെ തന്നെ നിത്യസമ്മാനമായി സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.

ഹാ! സ്നേഹനാഥാ, അങ്ങല്ലാതെ വേറേ സിംഹാസനവും വേറേ കിരീടവും ഞാൻ ആശിക്കുന്നില്ല.

“അങ്ങയുടെ വീക്ഷണത്തിൽ കാലം ശൂന്യമത്രേ.ഒരൊറ്റ ദിവസം ആയിരം സംവത്സരം പോലെയാണ്”. (സങ്കീർത്തനങ്ങൾ 89:4)

ആകയാൽ അങ്ങയുടെ തിരുസന്നിധിയിൽ പ്രത്യക്ഷയാകത്തക്ക വിധം എന്നെ ഒരുക്കുവാൻ ഒരു നിമിഷം കൊണ്ട് അങ്ങേയ്ക്ക് സാധിക്കും.

ഹാ! എന്റെ ദൈവമേ സമ്പൂർണമായ സ്നേഹപ്രകരണത്തിൽ ജീവിക്കുന്നതിന് വേണ്ടി അങ്ങയുടെ കരുണാർദ്രസ്നേഹത്തിനു ഹോമബലിയായി ഞാനിതാ ആത്മാർപ്പണം ചെയ്യുന്നു. എന്നെ നിരന്തരം ദഹിപ്പിക്കണമെന്നും അങ്ങയുടെ ഉള്ളിൽ നിറഞ്ഞ് നിർഗമ സാധ്യതകളില്ലാതെ തടഞ്ഞു നിൽക്കുന്ന അനന്തമായ സ്നേഹാർദ്രതയുടെ തരംഗനിരകളെ എന്റെ ആത്മാവിലേയ്ക്ക് തുറന്നു വിടണമെന്നും അങ്ങനെ ഞാൻ അങ്ങയുടെ സ്നേഹത്തിന്റെ വേദസാക്ഷിണിയാകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.

ആ വേദ സാക്ഷിത്വം അങ്ങയുടെ തിരുസന്നിധിയിൽ പ്രത്യക്ഷപ്പെടുവാൻ എന്നെ അർഹയാക്കിയ ശേഷം ഒടുവിൽ എന്റെ ജീവ തന്തു തകർക്കുകയും ചെയ്യട്ടെ. അപ്പോൾ എന്റെ ആത്മാവ് അങ്ങയുടെ കരുണാർദ്രസ്നേഹത്തിന്റെ നിത്യാശ്ലേഷത്തിലേയ്ക്ക് നിർബാധം പറന്നെത്തട്ടെ.

ഹാ! എന്റെ സ്നേഹനാഥാ! അങ്ങേയ്ക്ക് ഞാൻ ചെയ്യുന്ന ആത്മാർപ്പണത്തെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിലും സംഖ്യാതീതം ആവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

“ഒടുവിൽ നിഴലുകൾ മറഞ്ഞുമറയുമല്ലോ”. ( ഉത്തമഗീതം 4:6)

അപ്പോൾ നിത്യമായ അഭിമുഖദർശനത്തിൽ അങ്ങയുടെ തിരുസന്നിധിയിൽ എന്റെ സ്നേഹം എനിക്കുദ്ഘോഷിക്കാമല്ലോ.

ഉണ്ണി ഈശോയുടെയും തിരുമുഖത്തിന്റെയും

മരി ഫ്രാൻസുവാസ് തെരേസ്

എളിയ കർമലീത്ത സന്യാസിനി

എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

വര പ്രസാദവത്സരം

1895 ജൂൺ 9

വിശുദ്ധ കൊച്ച് ത്രേസ്യയെ കുറിച്ച് ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.

എത്ര മാധുര്യമേറിയ ജീവിതമായിരുന്നു അത്.

കാരണം ശിശു സഹജമായ നിഷ്കളങ്കതയിൽ ഈശോയെ എപ്പോഴും സ്നേഹിച്ച ഒരു വ്യക്തിത്വം ആയിരുന്നു അവളുടേത്‌.

എന്നായിരുന്നു ഞാൻ നവമാലിക വായിച്ചത്. ഓർക്കുന്നില്ല. നന്നേ ചെറുപ്പത്തിൽ ആണെന്ന് തോന്നുന്നു.

അന്ന് മുതൽ ഒത്തിരി പരിചയമുള്ള ഒരു കൂട്ടുകാരിയെ പോലെ ആണ് തോന്നിയിട്ടുള്ളത്.

കൊച്ച് ത്രേസ്യ പുണ്യവതിയോട് കൂട്ട് കൂടാനും കൂടെ ഇരുന്നു പ്രാർത്ഥിക്കാനും ഒക്കെ എളുപ്പമാണ്.

കാരണം കൊച്ച് ത്രേസ്യയുടെ ജീവിതത്തിൽ സാധാരണക്കാർക്കും ദുർബലർക്കും ചെറിയ ആത്മാക്കൾക്കും പോലും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ കുറവാണ്.

കൊച്ച് ത്രേസ്യ പുണ്യവതി ഏറ്റവും ശ്രദ്ധിച്ചിരുന്നത് ചെറിയ കാര്യങ്ങളിൽ ആയിരുന്നു. കാരണം വലിയ ആളുകൾ വലിയ കാര്യങ്ങളിൽ വ്യാപൃതരാകും. അവർക്കു വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവും പ്രാപ്തിയും ബുദ്ധിയും ഒക്കെ ഉണ്ടായിരിക്കും. വലിയ വലിയ വിശുദ്ധരുടെയും വേദപാരംഗതന്മാരുടെയും കാര്യവും അങ്ങനെ തന്നെ. ദൈവജനത്തെ മുഴുവനും പ്രചോദിപ്പിക്കാനും നവമായ വിശ്വാസത്തിലേയ്ക്ക് നയിക്കാനും കാലാകാലങ്ങളിൽ ദൈവപിതാവ് ഓരോരുത്തരെ അഭിഷേകം ചെയ്തു ഉയർത്തിക്കൊണ്ടിരുന്നു.

ആത്മീയ ജ്ഞാനവും വലിയ കൃപകളും വരങ്ങളും ദൈവശാസ്ത്രത്തിൽ അപാരമായ അറിവും ഒക്കെയുള്ള അവരുടെ ചിന്തകളും ഗ്രന്ഥങ്ങളും അവരുടെ ആന്തരിക കൃപകൾക്ക് അനുസൃതമായിരുന്നു.

അവരിലൂടെ രക്ഷിക്കപ്പെടേണ്ടതും മനസ് തിരിയേണ്ടതുമായ ബൌദ്ധിക അറിവുള്ളവരും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവരുമായ ആത്മാക്കൾ അനേകർ ഉണ്ടായിരുന്നിരിക്കാം.

എന്നാൽ അനേകം പേജുള്ള ഗഹനമായ പുസ്തകങ്ങളും ഒരു ഖണ്ഡിക വായിച്ചാൽ തന്നെ അതിന്റെ ആത്മീയ വ്യാഖ്യാനം വേറേ തിരയേണ്ടതുമായ ആഴത്തിൽ ആത്മീയത തുടിക്കുന്ന പുസ്തകങ്ങൾ അന്നന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നവരും അധികം വിദ്യാഭ്യാസം ഇല്ലാത്തവരും ആത്മീയ അറിവ് കുറഞ്ഞവരുമായ പാവപ്പെട്ട മനുഷ്യരും ചെറിയ കുഞ്ഞുങ്ങളും എങ്ങനെ വായിച്ചു മനസിലാക്കാനാണ്.

അങ്ങനെയുള്ളവർക്ക് വായിക്കാൻ കർമലാരാമത്തിൽ തുറന്നു വയ്ക്കപ്പെട്ട ഒരു ചെറിയ പുസ്തകം ആയിരുന്നു വിശുദ്ധ കൊച്ച് ത്രേസ്യ.

ആ ജീവിതത്തെകുറിച്ച് വായിച്ച പണ്ഡിതർക്കും പാമരർക്കും കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും സന്യസ്തർക്കും വിവാഹിതർക്കും ഒരു പോലെ അത് ലളിതമായി മനസിലാക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും പരിശുദ്ധാത്മാവ് സഹായിച്ചു. അത് വഴി തന്റെ കൊച്ച് കുറുക്കുവഴിയിലൂടെ ഞൊടിയിടയിൽ ആത്മീയതയുടെ കൊടുമുടിയിൽ എത്തിക്കാൻ ഈ കൊച്ച് വിശുദ്ധ തങ്ങളെ സഹായിക്കുമെന്ന് അവർക്കു ഉറപ്പു വരികയും ചെയ്തു.

ഈ ഭൂമിയിലെ ജീവിതം നമ്മൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ബാല്യത്തിൽ ആണ്.

സ്കൂളിലും നഴ്സറിയിലും ഒക്കെ ചേരാൻ പ്രായമാകുന്നതിനു മുൻപ് ഒന്നിനെക്കുറിച്ചും ആകുലതയില്ലാതെ തുള്ളിചാടി വീട്ടിലെ എല്ലാവരുടെയും ഓമനയായി നടക്കുന്ന ഒരു സമയമില്ലേ.

പൂക്കളെയും പൂമ്പാറ്റകളെയും ഒക്കെ കണ്ടു സന്തോഷിച്ചു, മഴത്തുള്ളികൾ ഓരോന്നും നോക്കി വിസ്മയിച്ചു, ഇടി മുഴങ്ങുമ്പോൾ ഓടി അകത്തു കയറി അമ്മയെ കെട്ടിപ്പിടിച്ചു, മഴ മാറി മഴവില്ല് തെളിയുമ്പോൾ മാനത്തു വിരിയുന്ന മഴവില്ല് കണ്ടു അത്ഭുതം കൂറി നടന്നിരുന്ന ശൈശവ കാലം

ആഹാരത്തിനു സമയമാകുമ്പോൾ അമ്മ വിളിക്കും കഴിപ്പിക്കും. കുളിപ്പിച്ച് ഉടുപ്പ് മാറ്റാൻ അമ്മയുണ്ട്. കുഞ്ഞ് കാലിൽ ചെരിപ്പിടാതെ പുറത്തിറങ്ങരുതെന്നു പറഞ്ഞു തരാൻ ചേച്ചിമാരുണ്ട്.

ഓടിക്കളിച്ചു ക്ഷീണിച്ചു കുഞ്ഞ് മിഴി പൂട്ടി ഉറങ്ങുമ്പോൾ പുതപ്പു ഒന്നു കൂടി ശ്രദ്ധയോടെ പുതപ്പിക്കുന്ന അപ്പൻ

എല്ലാകാര്യങ്ങളും ചെയ്തു കൊടുക്കാനും സഹായിക്കാനും എല്ലാവരും ചുറ്റുമുള്ള, അപ്പനുമമ്മയും സഹോദരങ്ങളും കൊഞ്ചിച്ചു വളർത്തിയ ഒരു കുഞ്ഞ് കുട്ടി.

കൊച്ച് ത്രേസ്യയും അങ്ങനെ ആയിരുന്നു

എന്നാൽ കൊച്ച് ത്രേസ്യയ്ക്കു തുടർന്നും അങ്ങനെ തന്നെ ദൈവപരിപാലനയിൽ ആശ്രയിച്ചു ഒരു കുഞ്ഞിനെ പോലെതന്നെ ജീവിക്കാൻ സാധിച്ചു.

ഈശോ പറഞ്ഞ കാര്യം അവളുടെ ജീവിതത്തിൽ അന്വർത്ഥമായി.

“യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.”

(മത്തായി 11 : 25)

ഏതൊരു വലിയ വിശുദ്ധരെയും അതിശയിപ്പിക്കുമാറ്, അനേകം നാളുകൾ ദൂരനാടുകളിൽ അപകടങ്ങളുടെയും മരണത്തിന്റെയുമിടയിൽ കഠിനമായ പീഡകൾ സഹിച്ചു ക്രിസ്തുവിന് വേണ്ടി സുവിശേഷം പ്രസംഗിച്ച മിഷനറിമാരെ അത്ഭുതപ്പെടുത്തുമാറ്‌ ഈശോ ഉയർത്തിയ കുഞ്ഞ് മിഷനറി.

അവൾ നിശബ്ദതയിൽ മഠത്തിലെ കൊച്ച് മുറിയിൽ കഴിഞ്ഞ സമയത്തു ഈശോ വളരെ കരുണയോടെ ഓരോ കാര്യങ്ങൾ അവൾക്കു ലളിതമായി പറഞ്ഞു കൊടുത്തു.

എന്താണ് കൊച്ച് ത്രേസ്യയ്ക്ക് മനസിലായ വലിയ ദൈവിക രഹസ്യം.

അത് നാം ഓരോരുത്തരും പണ്ട് ചെറിയ ക്ലാസ്സിലെ വേദപാഠത്തിനു പഠിക്കുന്നുണ്ട്.

എല്ലാത്തിന്റെയും സൃഷ്ടാവും പിതാവുമായ ദൈവത്തെ അറിഞ്ഞു സ്നേഹിച്ചു ഓരോന്നിനും മഹത്വപ്പെടുത്തി അവിടുത്തെ പരിപാലനയുടെ കീഴിൽ ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ ആഹ്ലാദത്തോടെ ഒരു ചെറിയ കുഞ്ഞിനെപ്പോലെ ജീവിക്കുക.

തന്റെ കൊച്ച് ജീവിതം ദൈവസ്നേഹത്തിന്റെ നിറവിൽ ദൈവപിതാവിന്റെ കയ്യും പിടിച്ചു ഒരു ചെറിയ കുട്ടിയുടെ ആഹ്ലാദത്തോടെ ജീവിച്ചു തീർത്ത ഒരു വിശുദ്ധ ആയിരുന്നു കൊച്ച് ത്രേസ്യ.

ഒരു ചെറിയ ആത്മാവിന് തന്റെ സാധാരണ ജീവിതത്തിൽ എന്ത് മാത്രം കാര്യങ്ങൾ ദൈവസ്നേഹത്തിന്റെ നിറവിൽ ചെയ്യാൻ സാധിക്കും എന്ന് നമ്മളെ കാണിച്ചു തന്നവൾ.

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ അവനവനു സാധിക്കുന്നത് പോലെ ദൈവസന്നിധിയിൽ എന്ന ബോധ്യത്തിൽ സാവധാനവും ശ്രദ്ധയോടെയും ചെയ്യുക.

അതൊരു പക്ഷെ ഒരു ചെറിയ കടലാസ് കഷണം നിലത്തു നിന്നു കുനിഞ്ഞെടുത്തു വേസ്റ്റ് ബക്കറ്റിൽ ഇടുന്നതാകാം.

ഒരു പൂപ്പാത്രത്തിൽ പൂവുകൾ വയ്ക്കുന്നതാകാം.

തൂത്തു വാരുന്നതാകാം.

മുറി അടുക്കിപ്പെറുക്കുന്നതാകാം.

ആഹാരം പാകം ചെയ്യുന്നതാകാം.

ദൈവം എന്റെ പിതാവ് ആണെന്നും അവിടുന്ന് എപ്പോഴും പിരിയാതെ എന്റെ കൂടെ ഉണ്ട് എന്നുമുള്ള അറിവിൽ ദൈവപിതാവിന്റെ ഒരു ചെറിയ കുഞ്ഞായി എപ്പോഴും ജീവിക്കുക

അതായിരുന്നു കൊച്ച് ത്രേസ്യ ചെയ്തത്.

ചെറിയ കുഞ്ഞുങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കു perfection കാണണം എന്നില്ല.

എന്നാൽ അതിന്റെ അമ്മയുടെയും അപ്പന്റെയും കണ്ണിൽ അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

ഒരു കൊച്ച് കുട്ടി അതിന്റെ അമ്മയ്ക്ക് ഒരു പൂവ് ഇറുത്തു കൊടുക്കുമ്പോൾ ചിലപ്പോൾ കുഞ്ഞിക്കൈക്കിടയിൽ പെട്ട് പൂവിതളുകൾ ഞെരുങ്ങി പോയെന്നിരിക്കും. എന്നാൽ അമ്മയ്ക്ക് അതൊന്നും പ്രശ്നമല്ല, അമ്മ നോക്കുന്നത് പൂ കൊണ്ട് വന്ന കുഞ്ഞിന്റെ സ്നേഹമാണ്. അമ്മയ്ക്ക് ആ പൂവ് കിട്ടിയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും വലിയൊരു നിധി കിട്ടിയത് പോലെ കുഞ്ഞിന്റെ മുന്നിൽ അമ്മ സന്തോഷിക്കും

അത് കാണുന്ന കുഞ്ഞിനും ആഹ്ലാദമാകും. അതിന്റെ വിചാരം താൻ വലിയ എന്തോ കാര്യം ചെയ്തു എന്നാണ്

ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും അമ്മയെയും അപ്പനെയും ചുറ്റിപ്പറ്റി നിൽക്കും. മാതാപിതാക്കളും തന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളും കഴിഞ്ഞു അവർക്കു ഒരു ലോകമില്ല. എവിടെ പോയാലും ഇവരുടെ കൂടെയേ കുഞ്ഞുങ്ങൾ പോകൂ.

കൊച്ച് ത്രേസ്യയുടെ സ്വർഗത്തിലേക്കുള്ള ചെറിയ വഴിയിലും ഇങ്ങനെ തന്നെയാണ്. ചെറിയ ആത്മാക്കൾ നടക്കുന്ന ആ വഴിയിൽ നിറയെ മാലാഖാമാരും വിശുദ്ധരും ഉൾപ്പെടെയുള്ള സ്വർഗീയ കുടുംബത്തിലെ അംഗങ്ങൾ ആണ്. ആ വഴി സജീവമാണ്. ക്രിസ്തുവിന്റെ രക്തം വീണു ശുദ്ധീകരിക്കപ്പെട്ടതാണ്. ആ വഴിയേ പോയാൽ ഇടയ്ക്കിടയ്ക്ക് ദൈവവചനത്തിന്റെ പ്രകാശം ഉണ്ട്. ദിവ്യകാരുണ്യം എന്ന ആഹാരം കിട്ടും. ദൈവപരിപാലനയുടെ കരുതലിൽ, പരിശുദ്ധ അമ്മയുടെ ചാരെ നടന്നു, ഇടയ്ക്കിടെ പരിശുദ്ധ ത്രിത്വത്തിന്റെ കരങ്ങളിൽ കുഞ്ഞിനെ പോലെ വഹിക്കപ്പെട്ടു സ്വർഗത്തിൽ എത്താൻ എളുപ്പമാണ്.

നമ്മൾ എപ്പോഴും ദൈവസാന്നിധ്യത്തിൽ ആയിരിക്കണം, പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കണം, വിശുദ്ധരോടും മാലാഖമാരോടും സാധാരണ പോലെ ഇടപെട്ടു ജീവിക്കണം.

എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിച്ചാൽ, എന്റെ ദൈവപിതാവ് കൂടെയുണ്ട് എന്നുള്ള വലിയ ബോധ്യത്തിൽ ജീവിച്ചാൽ ജീവിതത്തിൽ അനുവദിക്കപ്പെടുന്നതൊക്കെയും സമചിത്തതയോടെ ഏറ്റെടുക്കുവാൻ സാധിക്കും

വിശുദ്ധ കൊച്ച് ത്രേസ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹമായിരുന്നു അവളുടെ അമ്മ, എന്നാൽ അമ്മ ഈശോയുടെ അടുത്തേയ്ക്ക് പോയപ്പോൾ അവൾ സ്വാഭാവികമായും പരിശുദ്ധ അമ്മയിലേയ്ക്ക് തിരിയുകയാണ് ചെയ്തത്.

അന്ന് മുതൽ ദൈവമാതാവ് അവളുടെ പൂർണമായ അർത്ഥത്തിൽ അവളുടെ അമ്മയായി മാറി.

ദൈവം എന്റെ പിതാവ് എന്ന് ഉള്ളിൽ ആഴത്തിൽ മനസ്സിലായാൽ ഈ സൃഷ്ടപ്രപഞ്ചം മുഴുവനും എന്റെ പിതാവിന്റെ ആണല്ലോ എന്നുള്ള ചിന്ത വരും.

പ്രകൃതി ഭംഗി കാണുമ്പോഴും കുഞ്ഞു കിളികൾ പാടുന്നത് കേൾക്കുമ്പോഴും തണുപ്പുള്ള പ്രഭാതത്തിൽ ചൂടുള്ള സൂര്യരശ്മികൾ കയ്യിൽ തൊടുമ്പോഴും രാത്രിയിൽ നക്ഷത്രങ്ങൾ ആകാശത്തിൽ മിന്നി തിളങ്ങുമ്പോഴും അവ പറയുന്നത് ദൈവം നിന്നെ അതിയായി സ്നേഹിക്കുന്നു കുഞ്ഞേ എന്നാണെന്നു തോന്നും.

ജീവിതത്തിൽ കടന്നു പോകുന്ന ഓരോ അനുഭവവും നിത്യതയിൽ ഈശോയോടൊത്തുള്ള ജീവിതത്തിന്റെ മുന്നാസ്വാദനം ആണെന്ന് തോന്നും.

ഈശോ പറഞ്ഞു:

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”

(മര്‍ക്കോസ്‌ 10 : 15)

എങ്ങനെയാണു ശിശുവിനെ പോലെ ദൈവരാജ്യം സ്വീകരിക്കുന്നത്?

ഒരു ചെറിയ ശിശു അതിന്റെ അമ്മയെ പൂർണമായും ആശ്രയിക്കുന്നതിനു തുല്യമാണത്.

കാരണം അതിനു അറിവ് കുറവാണ്. വലിയ കഴിവുകളില്ല.

അതിനു ഭാവിയെക്കുറിച്ചു ചിന്തയില്ല, വിശക്കുമോ ദാഹിക്കുമോ എന്നുള്ള പേടി ഇല്ല.

എന്നാൽ അതിന്റെ ഉള്ളിൽ ഒരു കാര്യം അറിയാം.

തനിക്കു ഒരമ്മയുണ്ട്, അമ്മ തനിക്കു എല്ലാം തരും. വിശക്കുമ്പോൾ അത് കരയും, സന്തോഷം വരുമ്പോൾ ചിരിക്കും. അതിനു വേദനിക്കുമ്പോൾ അമ്മയ്ക്കറിയാം. അതിനെ അമ്മ എടുത്തു കൊണ്ട് നടക്കും. ഇടയ്ക്ക് പുറത്തിറങ്ങി കുഞ്ഞിനെ കാഴ്ചകൾ ഒക്കെ കാണിച്ചു കൊടുക്കും. കുഞ്ഞിന് വയ്യാതാകുമ്പോൾ അമ്മ മരുന്നു കൊടുക്കും. വീട്ടിലെ മറ്റാളുകൾ കുഞ്ഞിനെ ശ്രദ്ധയോടെ പരിചരിക്കും.

കുഞ്ഞ് ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും അമ്മ പ്രോത്സാഹിപ്പിക്കും. എന്നാൽ തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ തിരുത്തും.

കുഞ്ഞിന് അത്യാഗ്രഹമില്ല, രണ്ടു കുഞ്ഞിക്കൈകൾ നിറഞ്ഞാൽ അതിൽ കൂടുതൽ അതിനു വേണ്ടാ.

അതിന്റെ അപ്പന്റെയോ അമ്മയുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ അടുത്ത് പോകാൻ അതിനു ഭയമില്ല, മാത്രമല്ല കൂടെയിരിക്കാൻ അതിനു സന്തോഷം ആണ് താനും.

ചെറിയ കുഞ്ഞ് നടക്കുമ്പോൾ അത് വീഴാതെ പിടിക്കാൻ എപ്പോഴും ചുറ്റും ആളുകൾ കാണും.

അതിനെന്താണ് അനുദിനം ചെയ്യാൻ സാധിക്കുന്നത്?

സന്തോഷമായി നടക്കുക, എല്ലാവരെയും നോക്കി പുഞ്ചിരിക്കുക, അപ്പന്റെയും അമ്മയുടെയും കൂടെയിരിക്കുക, കളിക്കുക, ആഹാരം കഴിക്കുക തുടങ്ങിയവ അല്ലേ.

അതല്ലേ വചനവും പറഞ്ഞത്.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.

ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍.

എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.”

(1 തെസലോനിക്കാ 5 : 16-18)

ഒരാത്മാവിന് കിട്ടുന്ന അദ്ധ്യാത്മിക ശിശുത്വം എന്ന കൃപ അത്യുന്നതനായ ദൈവപിതാവിന്റെ പക്കൽ ഒരു ഭയവും ഇല്ലാതെ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ആത്മാവിൽ സന്തോഷിക്കാനും അതിനു ഇടയാക്കുന്നു.

ലോകത്തിൽ ആയിരിക്കുമ്പോഴും ലോകത്തിന്റെ സ്വന്തമല്ലാതെ നടക്കുവാൻ അത് സഹായിക്കുന്നു.

ലോകത്തിൽ ആയിരിക്കുമ്പോഴും ഞാൻ ലോകത്തിന്റെ അല്ല എന്നുള്ള ബോധ്യം തരുന്നു.

ഒരു ചെറിയ കുഞ്ഞിന്റെ മനോഭാവമുള്ള ആത്മാവിന് എന്ത് ചെയ്യാൻ സാധിക്കും?

അതിനു പരിശുദ്ധ ത്രിത്വത്തെ അതിന്റെ ഉറവിടവും ശക്തിയും ഏകസ്നേഹവും എന്നുള്ള രീതിയിൽ സമീപിക്കാൻ സാധിക്കും…

സാധാരണ മനുഷ്യർ നമ്മോടു ഓരോ കാര്യം പറയുമ്പോൾ നമ്മളോട് അവർ രണ്ടാമതൊന്നു പറയാതെ നാം മുന്നോട്ട് പോകും. ഉദാഹരണത്തിന് ആരോടെങ്കിലും വഴി ചോദിക്കുമ്പോൾ ആദ്യം കാണുന്ന മനുഷ്യർ ആണെങ്കിലും അവർ പറയുന്നത് വിശ്വസിച്ചു അപ്പോൾ തന്നെ നന്ദിയും പറഞ്ഞു നാം മുന്നോട്ടു പോകും.

ഡോക്ടർ പറയുന്ന diagnosis വിശ്വസിച്ചു അയാൾ പറയുന്ന മരുന്ന് കൃത്യമായി കഴിക്കും.

എന്നാൽ ദൈവവചനം ജീവനുള്ളതാണെന്നും അത് ജീവിതത്തിൽ ഇടപെടുമെന്നും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അത്ര വിശ്വാസം ആയിട്ടുണ്ടോ?

ഉദാഹരണത്തിനു ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്ന വ്യക്തി ദൈവവചനം തുറന്നു നോക്കുമ്പോൾ

“കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക്‌ ആശ്വാസം നല്‍കുകയും ചെയ്യും.”

(പുറപ്പാട്‌ 33 : 14)

എന്ന വചനം കിട്ടിയാൽ അത്യുന്നതനായ കർത്താവ്, എല്ലാവർക്കും ഭീതിദനും മഹിമയണിഞ്ഞവനും ആയ പരിശുദ്ധ ത്രിത്വം സാധാരണ ഒരു പിതാവിനെ പോലെ കൂടെ വരും എന്നുള്ള യഥാർത്ഥ ബോധ്യവും ആശ്വാസവും കിട്ടുമോ?

അതിൽ ഏതെങ്കിലും പരാജയമോ ബുദ്ധിമുട്ടോ തളർച്ചയോ ഉണ്ടായാൽ എല്ലാം തകർന്നു എന്നുള്ള അവസ്ഥയിലേക്ക് പോകാതെ കൂടെ വന്നിരിക്കുന്ന പരിശുദ്ധ ത്രിത്വത്തെ നോക്കുമോ, ആ സമയം തന്നെ ഉള്ളിൽ ആശ്വാസം തോന്നുമോ?

ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.

1 പത്രോസ് 5 : 6

ഈ വചനത്തിൽ ആശ്വാസം കണ്ടെത്തുവാൻ ആത്മാവിന് സാധിക്കുമോ?

ദൈവപിതാവിന്റെ തണലിൽ നിൽക്കുമ്പോഴും അനുദിനജീവിതത്തിലെ പ്രശ്നങ്ങൾ ഹൃദയത്തെ അലട്ടിയേക്കാം.

അടുത്ത മണിക്കൂറിൽ എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത വിധം വിഷമിച്ചെന്നു വരാം.

കൊച്ച് ത്രേസ്യ പുണ്യവതിയെ നമ്മൾ എപ്പോഴും അദ്ധ്യാത്മിക ശിശുത്വം ഉള്ളവളായി കണക്കാക്കുന്നു. ചെറുപുഷ്പത്തിന്റെ കൊച്ച് വഴിയേ അനേകർ സ്വർഗത്തിലേക്ക് നടക്കുന്നു.

എന്നാൽ ഒന്നു കൂടി ചിന്തിച്ചാൽ അദ്ധ്യാത്മിക ശിശുത്വത്തിന്റെ ആഴം നമ്മളെ കാണിച്ചു തന്നത് ആരാണ്?

പരിശുദ്ധ അമ്മ അല്ലേ.

പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ ദൈവപിതാവിന്റെ മകൾ എന്നുള്ള സ്ഥാനത്തിനു യോഗ്യമായ വിധത്തിൽ അല്ലേ അമ്മ എപ്പോഴും നടന്നത്?

ദൈവപിതാവിന്റെ വലിയ ഔന്നത്യത്തിന്റെ മുന്നിൽ സ്നേഹത്തിന്റെ മുന്നിൽ പരിശുദ്ധ അമ്മ എപ്പോഴും വളരെ വണക്കത്തോടെ ഭക്തിയോടെ അനുസരണയോടെ നിലകൊണ്ടു.

സൃഷ്ടികളിൽ ഏറ്റവും ജ്ഞാനമുള്ളവളായ പരിശുദ്ധ അമ്മ, ജീവിതത്തിലെ സാധ്യമായ ഓരോ നിമിഷവും ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നു.

തനിക്ക് സാധ്യമായ വിധത്തിൽ എപ്പോഴും പിതാവായ ദൈവത്തോട് ചേർന്ന് ജീവിച്ചു.

എന്നാൽ പരിശുദ്ധ അമ്മയുടെ ജീവിതം സഹനരഹിതം ആയിരുന്നില്ല.

ലോകദൃഷ്ടിയിൽ സമ്പന്നമായിരുന്നില്ല.

ജീവിതത്തിലെ ഓരോരോ കാര്യങ്ങളിൽ ദൈവം ഇടപെടുവാൻ മാതാവ് എത്രയോ നാൾ ക്ഷമയോടും പ്രാർത്ഥനയോടും കൂടെ കാത്തിരുന്നു.

ദൈവത്തിന്റെ പരിപാലനയുടെ തണലിൽ മാത്രം ആശ്രയിച്ചു ജീവിച്ചു.

പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ നിന്ന് എനിക്ക് മനസിലായത് ദൈവപിതാവിന്റെ മകൾ എന്നാൽ സമയത്തിന്റെ പൂർത്തിയിൽ ആ മകളുടെ ഓരോ കാര്യങ്ങളും ഓരോ നിമിഷവും ഒരു കുറവും വരാതെ പിതാവായ ദൈവം നോക്കും എന്ന് തന്നെയാണ്.

അവിടുന്നിൽ പൂർണമായി വിശ്വസിച്ചു ആശ്രയിച്ചാൽ മാത്രം മതി എന്നാണ്.

സമയത്തിന്റെ പൂർത്തിയിൽ ലോകത്തിന്റെ കണ്ണിൽ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ എന്നാൽ അനാദി മുതലേയുള്ള ദൈവിക പദ്ധതി അനുസരിച്ചു ഏറ്റവും പൂർണമായ വിധത്തിൽ സജ്ജീകരിക്കപ്പെട്ട ബത്‌ലഹേമിലെ കാലിതൊഴുത്തിലെ നിശബ്ദതയിൽ രക്ഷകനായ ഈശോ പരിശുദ്ധ അമ്മയുടെ കയ്യിലേയ്ക്ക് വന്നപ്പോൾ അമ്മയുടെ മനസിൽ വന്നു നിറഞ്ഞ ചിന്തകൾ എന്തൊക്കെയായിരുന്നിരിക്കണം!

ദൈവസ്നേഹത്തിന്റെ പാരമ്യത്തിൽ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം നിറഞ്ഞ നിമിഷം.

എന്റെ നല്ല ദൈവമേ! എന്റെ രക്ഷകാ!എന്ന് ഹൃദയം ആർപ്പ് വിളിച്ച നിമിഷം.

എന്റെ മകനെ! ഈശോയെ! എന്ന വിളിയിലൂടെ മാതൃവാത്സല്യത്തോടെയും ഒരു സൃഷ്ടിയ്ക്ക് പാടുള്ള വിധത്തിലും ഈശോയിലേയ്ക്ക് ആദ്യമായി നിഷ്കളങ്കമായ മനുഷ്യസ്നേഹം ചൊരിയപ്പെട്ട നിമിഷം.

പ്രകൃതി തന്റെ സൃഷ്ടാവിനെ കണ്ടു മതിമറന്നു പോയ നിമിഷം.

എന്ത് മനോഹരമായ നിമിഷം.

അത്യുന്നതനായ ദൈവത്തെ മനുഷ്യ ദൃഷ്ടിയിൽ ആദ്യമായി കണ്ട നിമിഷം.

ദൈവവും മനുഷ്യനുമായ ഈശോയെ കേട്ട നിമിഷം.

ഈശോയെ തൊട്ട നിമിഷം.

ഉണ്ണി ഈശോയുടെ ശരീരത്തിന്റെ മണം കിട്ടിയ നിമിഷം.

എന്നാൽ…

അവിടുത്തെ രുചിച്ചറിയാൻ മനുഷ്യന് അനുഗ്രഹം കിട്ടിയത് അവസാന അത്താഴത്തിൽ ഈശോയുടെ വിശുദ്ധ കുർബാന സ്ഥാപനസമയം മുതലാണല്ലോ.

ഈശോ ദൈവമനുഷ്യനാണ്.

ദൈവപിതാവിന്റെ ഏകജാതനാണ്.

ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈശോ എന്ന വ്യക്തിയെ ഇത് പോലെ ഞാൻ കണ്ടുമുട്ടുന്നുണ്ടോ, അവിടുത്തെ സ്വരം കേൾക്കുന്നുണ്ടോ, അവിടുത്തെ തൊടുന്നുണ്ട്, ശരിയാണ് എന്നാൽ അത് സത്യമായും ഈശോയാണ്

എന്ന് ഞാൻ ശതാധിപനെ പോലെ തിരിച്ചറിയുന്നുണ്ടോ?

“അവന്‌ അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.”

(മര്‍ക്കോസ്‌ 15 : 39)

ഞാൻ വിശുദ്ധകുർബാനയിൽ പങ്കെടുക്കുമ്പോൾ എത്രയോ നേരമാണ് ബലിയർപ്പിക്കുന്ന ഈശോയോടൊപ്പം നിൽക്കുന്നത്, അവസാനം ഈശോ ബലി വസ്തുവായി മുറിക്കപ്പെടുമ്പോൾ അത് കണ്ടു കൊണ്ട് അതിനഭിമുഖമായി നിൽക്കുന്ന എന്റെ ഹൃദയത്തിൽ ശതാധിപനെ പോലെ ബോധ്യം ഉണ്ടാകുന്നുണ്ടോ?

എന്റെ ഹൃദയവും ഈശോയ്ക്ക് എന്നോടുള്ള സ്നേഹം കണ്ടു അവിടുത്തോടുള്ള സ്നേഹത്താൽ മുറിയപ്പെടുന്നുണ്ടോ?

ഞാനിനിയും എത്രയോ ശ്രദ്ധയോടെയും പരിപൂർണ ഭക്തിയോടെയും ഗൗരവമായ രീതിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടതാണ് എന്ന ചിന്ത എന്റെ ഹൃദയത്തിൽ വന്നുകൊണ്ടിരുന്നു.

ഈശോ ദൈവപിതാവിനോട് പുലർത്തിയിരുന്ന പുത്രബന്ധത്തിന്റെ ആഴം എത്രയോ ശ്രേഷ്‌ഠമായിരുന്നു എന്ന് ഞാനോർത്തു.

മനുഷ്യചിന്തകൾക്കുപരിയായ വിധത്തിൽ അത് പൂർണമായിരുന്നു.

സാധ്യമായ സമയത്തു മുഴുവനും അവിടുന്ന് വിജനതയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അതായത് ദൈവപിതാവുമായി സംഭാഷണം നടത്തിക്കൊണ്ടിരുന്നു.

സമരിയക്കാരി സ്ത്രീയോട് സംസാരിച്ചു കൊണ്ടിരുന്ന ഈശോ ശിഷ്യരോട് പറഞ്ഞതാണ് എനിക്കോർമ്മ വന്നത്.

“അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്‌.

ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്‌പരം പറഞ്ഞു.

യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്ഷണം.”

(യോഹന്നാന്‍ 4 : 32-34)

ദൈവപിതാവിന്റെ ഇഷ്ടം അറിയണമെങ്കിൽ അവിടുത്തോട് ചേർന്നിരിക്കണം. ചോദിക്കണം.

ഈ വചനം വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യവും ഓർത്തു. ഈശോ വിജനതയിൽ ആയിരുന്നു പ്രാർത്ഥിച്ചത്.

വിജനത എന്നാൽ എന്താണ്. ആളുകളില്ലാത്ത സ്ഥലം. ദുരിതങ്ങളുടെ നാളുകളിൽ കഷ്‌ടതയുടെ നാളുകളിൽ നമ്മുടെ ചുറ്റും ആളുകൾ ഇല്ലാതായി എന്ന് വന്നേക്കാം. അത് പോലെ ആത്മാവിൽ മരുഭൂമി അനുഭവം ദൈവത്താൽ അനുവദിക്കപ്പെടുമ്പോൾ കൊച്ച് ത്രേസ്യയുടെ ജീവിതത്തിൽ എന്നത് പോലെ വിശ്വാസത്തിന്റെ കൃപ പോലും നിശ്ചിതകാലത്തേയ്ക്ക് മാറ്റപ്പെട്ടു എന്ന് വന്നേക്കാം. രോഗകാലത്തിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. അപ്പോഴൊക്കെയും ദൈവപിതാവിന്റെ സന്നിധിയിൽ ആണെന്നുള്ള ബോധ്യത്തിൽ അറിവിൽ ആയിരിക്കുക.

ദൈവവചനങ്ങളിലൂടെ സാവധാനത്തിൽ കടന്നു പോകുക.

ഓരോ ആത്മാവിനും അന്നന്നു വേണ്ട ജ്ഞാനവും ദൈവികവെളിപ്പെടുത്തലുകളും നൽകപ്പെടുന്നത് ആ ആത്മാവിനെ കുറിച്ചുള്ള ദൈവിക പദ്ധതി അനുസരിച്ചാണ്.

ചില സമയത്തു നാം തീരെ ചെറുതായതു കൊണ്ട് ഒന്നും മനസിലാകില്ല എന്ന് വരും.

സഹനങ്ങളിലൂടെ കടന്നു പോകുമ്പോൾ, ദരിദ്രമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, ചെറിയ കാര്യങ്ങൾ പോലും പൂർത്തിയാക്കുവാൻ തടസവും കാലതാമസവും പ്രയാസവും അനുഭവപ്പെടുമ്പോൾ ചിലപ്പോൾ ഹൃദയത്തിൽ വല്ലാതെ ഞെരുക്കങ്ങൾ അനുഭവപ്പെടും.

കൊച്ചു ത്രേസ്യയും അനുദിനജീവിതത്തിൽ ബുദ്ധിമുട്ടിയിരുന്നു.

ചെറിയ ജോലികൾ തന്റെ കഴിവിന്റെ പരമാവധിയിൽ ചെയ്യുമ്പോഴും മറ്റുള്ളവരുടെ കണ്ണിൽ വേണ്ട വിധം അത് ചെയ്യാത്തത് കൊണ്ട് ശകാരങ്ങൾ കിട്ടിയിരുന്നു.

നിരന്തരം വലിയ പ്രാർത്ഥനകളും മറ്റും ചൊല്ലാൻ കഴിവില്ലാതിരുന്നതിനാൽ കുഞ്ഞ് ആന്തരിക സംഭാഷണങ്ങളെയും ഉള്ളിലെ നെടുവീർപ്പുകളേയും വിലയേറിയ പ്രാർത്ഥന ആക്കിയിരുന്നു.

പ്രാർത്ഥനകൾക്കിടയിൽ ഉറങ്ങിപ്പോയാലും ശിശു സഹജമായ വിധത്തിൽ ഈശോയുടെ പക്കൽ അതിനു കുഞ്ഞ് ന്യായങ്ങൾ കണ്ടെത്തിയിരുന്നു. ഒരു പുഞ്ചിരിയോടെ ഈശോ തന്റെ കൊച്ച് മണവാട്ടിയുടെ ന്യായവാദങ്ങൾ സമ്മതിച്ചു കൊടുത്തിരുന്നു.

തന്റെ വ്രത വാഗ്ദാനദിവസം മഞ്ഞുപെയ്തിരുന്നെങ്കിൽ എന്നത് പോലെ കുഞ്ഞ് കുഞ്ഞാഗ്രഹങ്ങൾ ഈശോയ്ക്ക് കൊടുത്തിരുന്നവൾ.

ഈശോ അത് സാധിച്ചും കൊടുത്തിരുന്നു എന്ന് നവമാലികയിൽ നാം വായിക്കുന്നുണ്ട്

അത് പോലെ കൊച്ച് ത്രേസ്യയ്ക്ക് മൂന്നു വയസുള്ളപ്പോൾ ഉണ്ടായ കുഞ്ഞ് തെരെസയെ കണ്ടു പിശാചുക്കൾ ഒരു വീപ്പയുടെ പുറകിൽ ഒളിക്കുന്നതായും തെരെസയുടെ നോട്ടം നേരിടാനാവാതെ മാറിപ്പോകുന്നതായും ഉള്ള ഒരു സ്വപ്നം ദൈവസ്നേഹത്തിന്റെ നിറവിൽ ജീവിക്കുന്ന തീരെ ചെറിയ ആത്മാക്കൾ നോക്കുന്നത് പോലും പിശാചുക്കൾക്ക് അസഹ്യമാണ് എന്നതാണ് കാണിക്കുന്നത്. കാരണം ഈശോ തന്നെയാണ് ഈശോയിൽ പൂർണമായും ശരണപ്പെടുന്ന ആത്മാക്കളിൽ വസിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നത്.

ഈശോയെ സ്നേഹിക്കും തോറും ഈശോയുടെ ഹൃദയത്തോട് താദാത്മ്യം പ്രാപിച്ചു കൊണ്ടേയിരിക്കും. ജീവൻ കൊടുത്തു നേടിയ മനുഷ്യാത്മാക്കൾ പാപത്തിൽ നഷ്ടപ്പെട്ടു പോകാതിരിക്കാനായി ഈശോയെപോലെ ആത്മാക്കൾക്കായുള്ള ദാഹം ഈശോയെ സ്വീകരിക്കുന്നവരിലേക്കും പടരും.

എനിക്ക് തോന്നുന്നത് ഈശോയെ സ്നേഹിക്കുന്നത് ഒരു കണ്ണാടിയിൽ നോക്കും പോലെ ആണ് എന്നാണ്.

ദൈവിക പദ്ധതി പ്രകാരം നമ്മൾ ഏതു വിധേനയാണ് അവിടുത്തെ സ്നേഹിക്കുന്നത് ആശ്രയിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അവിടുന്ന് നമ്മോടു പെരുമാറുന്നതും.

വലിയ വലിയ വിശുദ്ധർ നീണ്ട പ്രാർത്ഥനയും കടുത്ത തപശ്ചര്യകളും അനുവർത്തിച്ചു അനുതാപത്തിന്റെ ജീവിതം നയിക്കുന്നു.

ചിലർ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഏകാന്ത ജീവിതം നയിക്കുന്നു.

എന്നാൽ ഒരു ചെറിയ കുഞ്ഞിനെ പോലെ അവിടുത്തെ സ്നേഹിക്കുന്നതാണ് ഈശോയുടെ വാത്സല്യവും കരുണയും സ്നേഹവും അളവില്ലാതെ കിട്ടുവാനുള്ള വഴി. കുറവുകളൊന്നും പരിമിതികളൊന്നും ഈ വിധത്തിൽ സ്നേഹിക്കുന്നതിനു തടസമില്ല. എന്നാൽ ഇങ്ങനെ സ്നേഹിക്കാൻ പറ്റുക എന്നത് ഒരു വലിയ കൃപയാണ്.

പക്ഷെ ഹൃദയം കാണുന്നവനായ ഈശോയ്ക്ക് നമ്മുടെ ചിന്തകൾ അറിയാമല്ലോ.

പരിശുദ്ധാത്മാവ് ഹൃദയത്തിൽ ദൈവിക ചിന്തകൾ തന്നു സഹായിച്ചു കൊണ്ടേയിരിക്കും.

കൊച്ച് ത്രേസ്യ തന്നെ തന്നെ ഈശോയുടെ കരുണാർദ്രസ്നേഹത്തിനു സ്വയം ഹോമബലിയായി സമർപ്പിച്ചു.

വലിയ വിശുദ്ധരുടെ ജീവിതത്തിൽ ഈശോയുടെ പീഡാനുഭവത്തിന്റെ പങ്കിന്റെ പ്രകടമായ അടയാളമായി ലഭിച്ചിരുന്ന ശാരീരിക സഹനമായിരുന്നു പഞ്ചക്ഷതങ്ങൾ. ഈശോയുടെ പൂജ്യമായ തിരുമുറിവുകളുടെ അടയാളങ്ങൾ ശരീരത്തിൽ വഹിച്ചിരുന്നവർ എത്രയോ നിർമലരായ മനുഷ്യർ ആയിരിക്കണം.

എന്നാൽ വിശുദ്ധ കൊച്ചു ത്രേസ്യയുടെയും തിരഞ്ഞെടുക്കപ്പെട്ട മറ്റു ചില വിശുദ്ധരുടെയും ജീവിതത്തിൽ ഞാൻ കണ്ട ഒരു പ്രത്യേകത ഈശോയുടെ പീഡാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സഹനം അവർക്കു നല്കപ്പെട്ടിരുന്നു എന്നതാണ്.

ഈശോ കുരിശിൽ മൂന്നാണികളിൽ തൂങ്ങപ്പെട്ടു കിടന്നപ്പോൾ അവിടുന്ന് അനുഭവിച്ച ശാരീരിക സഹനത്തിൽ ഏറ്റവും വലുത് വേദനയോടൊപ്പം കഠിനമായ ശ്വാസതടസവുമായിരുന്നിരിക്കണം. ക്രൂശിൽ മരണമടുത്ത വേളയിൽ രക്തം മുഴുവൻ വാർന്നു തീരാറായി ഈശോയുടെ ശാരീരിക ശക്തി ക്ഷയിച്ചു കൊണ്ടിരുന്നപ്പോൾ കൈകാലുകളിൽ തറച്ച ആണിയിൽ ശരീരഭാരം മുഴുവൻ ഊന്നി നിൽക്കുവാനും ശ്വാസം വിടുവാനും ഒക്കെ ഈശോ എന്ത് മാത്രം പ്രയാസപ്പെട്ടിരിക്കണം.

എന്നാൽ ഈശോ ആരുമറിയാതെ ശ്വാസം മുട്ടിയതും സഹിച്ചതും ആർക്കു വേണ്ടി താൻ മരിക്കുന്നുവോ അവരുടെ സ്നേഹമില്ലായ്മ മൂലമായിരുന്നു.

കൊച്ചു ത്രേസ്യ തന്റെ കൊച്ച് ജീവിതത്തിന്റെ അവസാന സമയത്തു അനുഭവിച്ചിരുന്ന കഠിനമായ ശ്വാസം മുട്ടലിന്റെ നാളുകളിൽ ഈശോയിൽ ശരണപ്പെടുവാനും അവിടുന്നിൽ ആശ്രയിക്കുവാനും മാത്രമേ അവൾക്കു സാധിക്കുമായിരുന്നുള്ളൂ. ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ജീവിതവും മരണവും തമ്മിൽ വളരെ നേർത്ത അതിർവരമ്പുകൾ മാത്രമേയുള്ളൂ. ആ സമയത്തും ഈശോയ്ക്ക് അവൾ കൊടുത്ത ആത്മാർപ്പണത്തിന്റെ അലയൊലികൾ അവളുടെ ഹൃദയസ്പന്ദനങ്ങളിൽ ഉണ്ടായിരുന്നു. അവസാനമായി അത് സ്നേഹത്തോടെ നിലയ്ക്കും വരെ.

ഈശോയുടെ മുൻപിൽ ഒരു ചെറിയ ആത്മാവിന്റെ ശരണം എത്രയധികമാണെന്ന് ആ സമർപ്പണത്തിൽ നിന്നും വ്യക്തമാകുമല്ലോ.

കൊച്ച് ത്രേസ്യ ഒരു വിശുദ്ധ ആണെന്ന് കൂടെ താമസിച്ച പലരും അറിഞ്ഞിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. ചെറിയ കാര്യങ്ങൾ ഈശോയ്ക്കായി ചെയ്തു തന്റെ ഹൃദയത്തിൽ ഈശോയെ മറച്ചു മറ്റുള്ളവരുടെ മുൻപിൽ നിസാരതയോടെ മറഞ്ഞിരുന്നു ലോകത്തിൽ മറ്റാരെയും പോലെ സാധാരണമായി ജീവിച്ച ആ കൊച്ച് ജീവിതം ഈശോയ്ക്കായി നേടിയ നേടിക്കൊണ്ടിരിക്കുന്ന ആത്മാക്കൾ എത്രയോ അധികമാണ്. മരണ ശേഷവും അവളുടെ മാധ്യസ്ഥ ശക്തിയിൽ അനേകം അനുഗ്രഹങ്ങളുടെ റോസാപൂവുകൾ സ്വീകരിക്കുന്നവർ ഇന്നും എത്രയോ പേരുണ്ട്?

ആ കൊച്ചു വഴിയേ സ്വർഗത്തിലേക്ക് നടന്നു തുടങ്ങിയവർ എത്രയോ അധികമാണ്.

ജീവിതത്തിലെ നിരന്തരം ദഹിപ്പിക്കുന്ന ചെറുതും വലുതുമായ സഹനങ്ങളിലും സ്നേഹം കൈ വിടാതെ ഇരിക്കുവാനും ഈശോയിൽ ശരണപ്പെടുവാനും പരിശുദ്ധ അമ്മയുടെ ചാരെ നിന്നും മാറാതെ ഇരിക്കുവാനും എന്റെ കാവൽ മാലാഖയുടെ സഹായത്താൽ പരിശുദ്ധ ത്രിത്വത്തിന് ഉചിതമായ വിധത്തിൽ സ്തുതികൾ അർപ്പിക്കുവാനും എനിക്കും സാധിച്ചിരുന്നെങ്കിൽ….

ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ആവേ മരിയ

(പരിശുദ്ധ അമ്മയോടൊപ്പമുള്ള എന്റെ ചെറിയ ചിന്തകൾ-5 )

Leena Elizabeth George

Advertisements
Advertisements

Leave a comment