Rev. Fr Roy Mulakupadam MCBS (1976-2011)

ഇന്ന് (23-10-2023) ബഹുമാനപ്പെട്ട റോയ് (ജേക്കബ് ) മുളകുപാടം അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം

ജനനം: 13-05-1976
സഭാ പ്രവേശനം: 14- 06- 1997
പ്രഥമ വ്രതവാഗ്ദാനം: 31- 05- 2000
പൗരോഹിത്യ സ്വീകരണം: 28-12-2006
മരണം: 23-10-2011

2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പതിനൊന്നു വർഷം തികയുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള വെരൂർ ഇടവകാംഗമായയിരുന്നു റോയി അച്ചൻ.
കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിലെ സഹ വികാരി ആയിട്ടായിരുന്നു ആദ്യ നിയമനം,
2009 ൽ മല്ലപ്പള്ളിയിലുള്ള ദിവ്യകാരുണ്യ മരിയ ഭവനിൽ പ്രൊക്കറേറ്ററും ചങ്ങനാശ്ശേരി അതിരൂപതയിലെ ആനിക്കാട് സെൻ്റ് ആൻ്റണീസ് ഇടവക പള്ളിയുടെ വികാരിയുമായും നിയമിതനായി . പിന്നീട് തൃശ്ശൂർ ജില്ലയിലെ ചെങ്ങാലൂരിൽ പ്രവർത്തിക്കുന്ന കാരുണ്യനികേതന്റെ ഡയറക്ടർ ആയും കരിമ്പാനി ആശ്രമത്തിലെ പ്രൊക്കറേറ്ററായും അച്ചൻ ശുശ്രൂഷ നിർവ്വഹിച്ചു. ദൈവ സന്നിധിയിലേക്കു യാത്രയാകുമ്പോൾ
ആനപ്പാറയിലുള്ള ലിസ്യു ബാലഭവനത്തിലെ സുപ്പീരിയർ ആയിരുന്നു റോയി അച്ചൻ.

നിത്യ പുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തിൽ പങ്കുചേർന്ന് അവിടുത്തെ കാരുണ്യത്തിനും സ്നേഹത്തിനും അസാധാരണമാ വിധം സാക്ഷ്യം നൽകിയ വ്യക്തിയായിരുന്നു റോയിയച്ചൻ, താപസികത, ദിവ്യകാരുണ്യ ഭക്തി, പ്രാർത്ഥന ചൈതന്യം, ശുശ്രൂഷ മനോഭാവം, തീക്ഷ്ണതയോടു കൂടിയ വചനപ്രഘോഷണം ഇവയെല്ലാം ബഹുമാനപ്പെട്ട റോയി അച്ചനിൽ വിളഞ്ഞുനിന്ന ഗുണങ്ങൾ ആയിരുന്നു.

2010 നവംബർ ഒന്നിനു റോയിയച്ചൻ
തൻ്റെ ഡയറിയിൽ കുറിച്ച ഒരു വാചകം ഇന്നേ ദിനം നമുക്കു പ്രചോദനം നൽകട്ടെ:

“വിശ്വാസത്തിൽ ശ്വാസമുണ്ട്
വിശ്വസ്തയിൽ സ്വസ്ഥതയുണ്ട്
വിശുദ്ധിയിൽ വിലയുണ്ട്
വിനയത്തിൽ വിനയില്ല.”

ഒരു സന്യാസ വൈദീകനിൽ വിളങ്ങി ശോഭിക്കേണ്ട നാലു വിശുദ്ധ സുകൃതങ്ങളായിരുന്നു വിശ്വാസവും വിശ്വസ്തതയും വിശുദ്ധിയും വിനിയവും .ഈ നാലു പുണ്യങ്ങൾ കൊണ്ട് ദൈവസ്നേഹത്തിനു പ്രത്യുത്തരം നൽകുക അതുവഴി ദൈവ രാജ്യവ്യാപനത്തിനായി പരിശ്രമിക്കുക , അതു നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്.

ദൈവവിശ്വാസം വിശ്വാസിക്കു പ്രാണവായുവാണ്. വിശ്വസ്തത അവരുടെ ജീവിതത്തിൽ ആന്തരിക സ്വസ്ഥത സമ്മാനിക്കും. വിശുദ്ധിക്ക് ഏത് കാലഘട്ടത്തിലും വിലയുണ്ട്, മൂല്യമുണ്ട്. വിനയത്തിൽ ഒരിക്കലും വിനയില്ല.

വിശ്വാസത്തിലും വിശ്വസ്തയിലും വിശുദ്ധിയിലും വിനയത്തിലും വളരാൻ റോയി അച്ചൻ്റെ മാതൃക നമ്മെ സഹായിക്കട്ടെ.

Advertisements
Advertisements

Leave a comment