March 25 | മംഗളവാർത്ത

മാർച്ച് 25 | മംഗളവാർത്ത

പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിലെ സംഭവങ്ങളിൽ ഒന്നായ മംഗളവാർത്ത, ക്രിസ്തീയ തിരുനാളുകളിൽ പ്രധാനപ്പെട്ട ഒരു തിരുനാളാണ്. ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ പുത്രനും രക്ഷകനുമായ യേശു നിന്നിൽ നിന്ന് ജനിക്കാൻ പോകുന്നു എന്ന് മറിയത്തെ അറിയിച്ചതിന്റെ ഓർമ
യാണ് വർഷംതോറും മാർച്ച് 25 ന് നാം കൊണ്ടാടുന്നത്. ഈ സംഭവം വി. ലൂക്കായുടെ സുവിശേഷത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവകൃപ നിറഞ്ഞവളേ നിനക്ക് സ്വസ്തി. സ്ത്രീകളിൽ അനുഗ്രഹീതേ… കർത്താവ് നിന്നോടു കൂടെ മറിയം പറഞ്ഞു: “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (1:26-39), അഞ്ചാം നൂറ്റാണ്ടു മുതലാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്താതിരുനാൾ പൗരസ്ത്യസഭയിൽ ആഘോഷിക്കുവാൻ ആരംഭിച്ചതെങ്കിലും രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ മംഗളവാർത്തയുടെ ചിത്രങ്ങൾ റോമിൽ കാണുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ സഭയിൽ പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വത്തിന്റെ ബഹുമാനത്തിനായിട്ടാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.

“കർത്താവിന്റെ മാലാഖ’ എന്ന് ആരംഭിക്കുന്ന ത്രികാല ജപത്തിൽ നമ്മൾ ദിവസം മൂന്നുനേരം അനുസ്മരിക്കുന്നതും രക്ഷയുടെ ഈ രഹസ്യമാണ്. അത് എത്രയോ അർഥവത്തും ഉചിതവും ആയിരിക്കുന്നു. മംഗളവാർത്ത തിരുനാൾ ദിനം രാത്രി 12 മണിക്ക് എഴുന്നേറ്റ് മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടുന്ന ഒരു രീതിയും കത്തോലിക്കരുടെ ഇടയിൽ ഉണ്ട്. മൂന്നുനോമ്പ് കാത്തും ഈ തിരുനാൾ ആഘോഷിക്കുന്നു. മംഗളവാർത്ത തിരുനാൾ രണ്ട് കാര്യങ്ങളാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ഒന്ന്: രക്ഷകനെ അയയ്ക്കാമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. രണ്ട്: മംഗളവാർത്തയോടുള്ള മാതാവിന്റെ പ്രതികരണം. ഇതേക്കുറിച്ച് മോസ്കോയിലെ വിശുദ്ധ ഫിലാറ്റ് പറയുന്നു: “ഒരു സൃഷ്ടിയുടെ വാക്ക് സ്രഷ്ടാവിനെ ഭൂമിയിലേക്ക് കൊണ്ടുവന്നു. ഇവിടെ ദൈവത്തിന്റെ മനസ്സ് മാത്രമല്ല, കന്യകയുടെ സ്വന്തമായ തീരുമാനവും കൂടിയാണ്. അവൾക്കു വേണമെങ്കിൽ അത് നിരസിക്കാമായിരുന്നു. എന്നാൽ അവൾ അനുസരിച്ചു”, “രക്ഷകന്റെ മാതാവ്” ആയിത്തീരുന്നതിന് മറിയത്തെ “ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാൽ ദൈവം സമ്പന്നയാക്കി. വാസ്തവത്തിൽ, തന്റെ വിളിയെക്കുറിച്ച് കന്യകാമറിയത്തിന് അറിയിപ്പു ലഭിച്ചപ്പോൾ അതിന് വിശ്വാസത്തിന്റെ സ്വതന്ത്രസമ്മതം നൽകാൻ കഴിയുന്നതിന്, അവൾ ദൈവകൃപയാൽ നയിക്കപ്പെടേണ്ടിയിരിക്കുന്നു. (കത്തോലിക്കാ മതബോധന ഗ്രന്ഥം 490, 494).

പുരുഷനെ അറിയാതെ പരിശുദ്ധാത്മശക്തിയാൽ താൻ അത്യുന്നതന് ജന്മം നൽകുമെന്ന അറിയിപ്പ് ലഭിച്ചയുടൻ, മറിയം വിശ്വാസത്തിന്റെ വിധേയത്വത്തോടെ, “ദൈവത്തിന് അസാധ്യമായിയാതൊന്നും ഇല്ല” എന്ന ഉറപ്പോടെ പ്രതിവചിച്ചു: “ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് പോലെ എന്നിൽ സംഭവിക്കട്ടെ. ദൈവത്തിന്റെ വാക്കിന് ഇങ്ങനെ പ്രത്യുത്തരം നൽകിക്കൊണ്ട് മറിയം യേശുവിന്റെ അമ്മയായി. സ്വപുത്രനോടൊത്തും അവിടുന്നിൽ ആശ്രയിച്ചുകൊണ്ടും ദൈവകൃപയാൽ, പരിത്രാണ കർമത്തിന്റെ രഹസ്യത്തിന് ശുശ്രൂഷ ചെയ്യുവാൻ വേണ്ടിയാണ് അവൾ ഇങ്ങനെ ചെയ്തത്. “പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളിൽ നിന്ന് നേരിട്ട് ദൈവപുത്രനെ സ്വീകരിക്കാൻ ലോകം അനർഹമായിരുന്നുവെന്ന് വി. ആഗസ്തിനോസ് പറയുന്നു: “അവിടുന്ന് സ്വപുത്രനെ മറിയത്തിനു നല്കി, അവളിലൂടെ ലോകം അവനെ സ്വീകരിക്കാൻ വേണ്ടി എന്ന് വി. ലൂയി മോണ്ട് ഫോർട്ട് പറഞ്ഞു. മറിയത്തെപ്പോലെ ദൈവഹിതത്തിന് ആമ്മേൻ പറയുമ്പോഴാണ് നാം മാനസാന്തരത്തിന്റെയും വിശുദ്ധിയുടെയും പാതയിലേക്ക് തിരിയുക. അതുവഴി വ്യക്തിപരവും ആഴപ്പെട്ടതുമായ ഒരു സ്നേഹം കൈമാറപ്പെടുന്നു. അത് അവളോടുചേർന്ന് ദൈവത്തെ മഹത്വപ്പെടുത്താൻ, സ്തോത്രഗീതം പാടുവാൻ നമ്മെയും സഹായിക്കും. അമ്മയുടെ വാക്കുകൾ നമ്മുടേതാക്കുമ്പോൾ അവളിൽ നിറഞ്ഞ അതേ ദൈവസ്നേഹം, നമ്മിലും മനുഷ്യാവതാരമെടുക്കാൻ, നമ്മിലൂടെ മറ്റുള്ളവരിലേക്ക് പരന്നൊഴുകുവാൻ ഇടയാകും. അതിനായി നിരന്തരം ദൈവഹിതത്തോട് നമുക്ക് “ആമ്മേൻ’ പറയാം. അതുവഴി നാമും ജീവിക്കുന്ന ദൈവത്തിന്റെ മകനും മകളുമായി തീരും.

നമുക്കു പ്രാർഥിക്കാം

എത്രയും പരിശുദ്ധയായ മറിയമേ, ദൈവമാതാവേ, കൃപാവരപൂർണേ, ദൈവത്തിന്റെ അത്ഭുതസൃഷ്ടി, അങ്ങയെ ഞങ്ങൾ വണങ്ങുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ മഹനീയമായ വാസസ്ഥാനമേ, പാപികൾക്ക് ആശ്രയവും, ബലഹീനർക്ക് ബലവുമായ അമ്മേ, സകല മാലാഖമാരോടും വിശുദ്ധരോടും ചേർന്ന് അങ്ങയ ഞങ്ങൾ സ്തുതിക്കുന്നു. ലോകത്തിനു രക്ഷ നൽകാൻ ദൈവം കണ്ടെത്തിയ വാഗ്ദാനപേടകമേ, അമ്മയെ മുഴുവനായി രക്ഷകന് സമർപ്പിച്ചതുപോലെ ഞങ്ങളെ മുഴുവനും ദൈവത്തിന് സമർപ്പിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ. ദൈവത്തിന്റെ വാക്ക് പരിപൂർണമായി വിശ്വസിച്ച് അമ്മേ, ദൈവത്തിൽ ആഴമായി. വിശ്വസിക്കുവാനുള്ള കൃപ വർഷിക്കണമെ. അതുവഴി ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ വിശ്വാസത്തോടെ മുന്നേറുവാൻ ഞങ്ങളെ സഹായിക്കണം. ദൈവത്തെ ഹൃദയത്തിലും ഉദരത്തിലും വഹിച്ച ആദ്യത്തെ സക്രാരിയേ, ഞങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ വാസസ്ഥലമായി സൂക്ഷിക്കുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ. ആമ്മേൻ.

സുകൃതജപം: ദൈവവചനത്തെ മാംസം ധരിപ്പിച്ച മാതാവേ, വചനമായ യേശുവിനെ സ്വന്തമാക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

Advertisements
Advertisements

Leave a comment