നിന്നോടുതന്നെ പറയാൻ പറഞ്ഞു!!!

സമയം ആരോഗ്യം സമ്പത്ത്. ഇത് കുലുങ്ങിയോ! എപ്പോ വീണെന്ന് ചോദിച്ചാൽ മതി. ഞാൻ പറഞ്ഞതല്ല. പറയാൻ പറഞ്ഞു.!!!!
ഈ ജീവിതത്തിൽ ഇവ മൂന്നിൽ ഏതെങ്കിലും ഒന്നു കുലുങ്ങിയാൽ മനസമാധാനം പോകുമെന്ന് മാത്രമല്ല അടിതെറ്റി വീണു പോകും.
അടിതെറ്റിയാൽ ആനയും വീഴും! എന്ന് കാരണവന്മാര് പറയുന്നത് കേട്ടിട്ടുണ്ട്. ക്രെയിൻ ഒക്കെ വരുന്നതിനു മുമ്പ് പണ്ട് തടി പിടിക്കുവാൻ ആനയെ ഉപയോഗിച്ചിരുന്ന ഒരു കാലം. കുത്തനെയുള്ള തോട്ടത്തിൽ നിന്ന് തടി വെട്ടി താഴെ റോഡിലേക്ക് ലോറിയിൽ കയറ്റുവാൻ വലിച്ചെറക്കി കൊണ്ടുവരുമ്പോൾ ഭൂമുഖത്ത് നമ്മൾ അടുത്തിടപഴകുന്ന നമ്മൾ ആരാധനയോടെ, പ്രായമായെങ്കിൽ പോലും ലേശം കൗതുകത്തോടെ നോക്കുന്ന, വലിയ ജീവിയായ ആനയ്‌ക്ക് നാലുകാലുണ്ടെങ്കിലും ബാലൻസ് പോയാൽ ആനയും വീണു പോയിട്ടുണ്ട്. അല്പം സാഹിത്യത്തിൽ പറഞ്ഞാൽ നിലംപരിശായിട്ടുണ്ട്.!!! വീഴും വീണുപോകും.

സമയം

ക്രിസ്മസ് പ്രോഗ്രാമിന് ആരംഭത്തിൽ ബൈബിൾ വായിക്കാൻ ഏൽപ്പിക്കപ്പെട്ട ദേവാലയ ഗായക സംഘത്തിലെ കുട്ടി നീട്ടി വായിച്ചു. “അവിടെ എത്തിയപ്പോൾ മറിയത്തിന് പ്രസവസമയം മടുത്തു!!”🤭 കസേരയിൽ മുമ്പിലിരുന്ന വികാരിയച്ചൻ തിരുത്തി! പ്രസവസമയം മടുത്തു എന്നല്ല. പ്രസവസമയമടുത്തു.

നിന്റെ സമയമായെടാ! നിന്റെ സമയം ആയി. നിന്റെ സമയം തെളിഞ്ഞു.
സമയത്തെ പല ടോണുകളിൽ പറഞ്ഞ് അർത്ഥം മാറ്റുന്നവരാണ് നമ്മൾ. എല്ലാ ജീവിത വിജയത്തിനും പരാജയത്തിനും പിന്നിൽ സമയത്തിന്റെ വലിയ ഒരു ഇടപെടൽ ഉണ്ട്.
ഒരു വര്‍ഷത്തിന്‍റെ വില പ്ലസ് ടു ഫൈനൽ തോറ്റ വിദ്യാർത്ഥിയ്ക്കും, ഒരു മാസത്തിന്‍റെ വില മാസം തികയാതെ പ്രസവിക്കേണ്ടി വന്ന അമ്മയ്ക്കും,
ഒരു ആഴ്ചയുടെ വില ആഴ്ചപ്പതിപ്പിന്‍റെ നടത്തിപ്പുകാർക്കും,ഒരു ദിവസത്തിന്‍റെ വില ദിവസക്കൂലികാരനും, ഒരു മണിക്കൂറിന്‍റെ വില സ്നേഹിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നവർക്കും,
ഒരു മിനിറ്റിന്‍റെ വില സമയത്ത് എത്താത്തതുമൂലം ട്രെയിനോ വിമാനമോ നഷ്ടപ്പെട്ട ആൾക്കും,
ഒരു സെക്കന്‍ഡിന്‍റെ വില വലിയ നീര്‍ക്കയത്തില്‍ നിന്നു രക്ഷപ്പെട്ട വ്യക്തിക്കും,
ഒരു മില്ലി സെക്കന്‍റിന്‍റെ വില ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടു വെള്ളിമെഡല്‍ കിട്ടിയ വ്യക്തിക്കും, ഒരു മൈക്രോസെക്കന്‍ഡിന്‍റെ വില ഫിസിക്സിലും മറ്റും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർക്കും അറിയാമത്രേ!!

ആരോഗ്യം.

” ഇപ്പോൾ പഴയപോലെ കുട്ടികളുടെ അടുത്ത് കാർക്കശ്യം പിടിക്കാൻ വയ്യ.” ക്യാൻസറിന് കീമോ കഴിഞ്ഞ്‌ ആർസിസിയിൽ നിന്ന് കോളേജിൽ മടങ്ങിയെത്തിയ കോളേജ് പ്രിൻസിപ്പൽ ഒരു സൗഹൃദ സംഭാഷണത്തിൽ….

പള്ളിയിൽ പട്ടാള ചിട്ടയിൽ സൺഡേകളെ പരിശീലിപ്പിച്ച വികാരിയച്ചൻ ഒരു മേജർ ഹാർട്ട് അറ്റാക്കിന് ശേഷം വിശ്രമത്തിൽ ഇരിക്കുമ്പോൾ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികളുടെ അച്ചടക്ക ലംഘനത്തെ പറ്റി പറഞ്ഞപരാതി കേട്ട വികാരിയച്ചൻ പതിയെ ശബ്ദം എടുത്ത് മറുപടി പറഞ്ഞു 😄” പൊടി പിള്ളേര് അല്ലേ സാറേ കുസൃതി കാണും”

അക്കൗണ്ടിൽ പെൻഷൻ കിട്ടുന്നതിനൊപ്പം മാസം മാസം മക്കൾ അയക്കുന്ന പൈസ ഉണ്ട്. ഒരു പ്രായം കഴിഞ്ഞാൽ നമുക്കുവേണ്ടി തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുണ്ട്.
ഈ പൈസ വെച്ച് നല്ല ഭക്ഷണം കഴിക്കണം എന്നുണ്ട് ഷുഗർ പ്രഷർ കൊളസ്ട്രോൾ അങ്ങട് സമ്മതിക്കുന്നില്ല.

ഈ പൈസ വെച്ച് വാഹനം വാങ്ങി ഓടിക്കണം എന്നുണ്ട് മനസ്സ് എത്തുന്നിടത്ത് കയ്യും കാലും എത്തുന്നില്ല. വഴിയിൽ കൂടെ നടക്കുന്നവർക്ക് ഭീഷണി ആയെന്ന് തിരിച്ചറിഞ്ഞ മക്കൾ വണ്ടിയുടെ കീ എടുത്ത് പാത്തുവെച്ചു. അവാർഡ് പടം പോലെ സ്ലോ ആയി പോവുകയാണല്ലോ ഈശ്വരാ 😄

നല്ല വസ്ത്രം വാങ്ങി ഇടണമെന്നുണ്ട്! എങ്ങോട്ട് പോകാനാ?? പിന്നെ അക്കൗണ്ടിൽ പൈസ കിടക്കുമ്പോൾ ഒരു മനസ്സുഖം.

അത്രയേ ഉള്ളൂ ആരോഗ്യ മേഖല. എല്ലാ കാർക്കശ്യങ്ങളും ദേഷ്യപ്രകൃതവും. വീണു പോകും

സമ്പത്ത്‌

വികാരിയച്ചനും കൊച്ചച്ചനും ക്ഷേമമോടെ പള്ളിയിൽ വാഴുന്ന കാലം.
ടിന്റുമോൻ വികാരിയച്ചന്റെ കയ്യിൽ നിന്ന് 100 രൂപ കടം വാങ്ങി. അടുത്താഴ്ച തരാം എന്ന് പറഞ്ഞു. അടുത്താഴ്ച ആയപ്പോൾ കൊച്ചച്ചന്റെ കയ്യിൽ നിന്ന് 100 രൂപ അടുത്താഴ്ച തരാം എന്നു പറഞ്ഞു വാങ്ങി വികാരിയച്ചന് കൊടുത്തു. വികാരിയച്ചന് സന്തോഷം. ടിന്റുമോൻ നേരും നെറിവും ഉള്ളവനാ. പറഞ്ഞ പൈസ സമയത്ത് തന്നല്ലോ. വീണ്ടും അടുത്ത ആഴ്ച വികാരിയച്ചന്റെ കയ്യിൽ നിന്ന് 100 രൂപ വാങ്ങി കൊച്ചച്ചന് കൊടുത്തു. സമയത്ത് പൈസ തന്നല്ലോ കൊച്ചച്ചനും സന്തോഷം. ഒരു മാസത്തോളം ഈ പ്രക്രിയ ടിന്റുമോൻ തുടർന്നു. അപ്പോഴാണ് ടിന്റുമോന് ആ തിരിച്ചറിവുണ്ടായത്.
വികാരിയച്ചനും കൊച്ചച്ചനും സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സമയം ടിന്റുമോൻ പള്ളിമേടയിൽ കയറിച്ചെന്ന് രണ്ടുപേരോടുമായി പറഞ്ഞു. ” അച്ഛന്മാരെ അടുത്താഴ്ച മുതൽ ഞാൻ എന്തിനാ ഇനി നിങ്ങളുടെ ഇടയിൽ ഒരു ഭാരമായി നിൽക്കുന്നത്??!!😂. ഇനിയും എന്റെ ആവശ്യമില്ലല്ലോ. നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അങ്ങ് കൊടുത്തേക്ക്.!!!


സമ്പത്ത് മോശമാണെന്നും പിശാശ് ആണെന്നും ആരോ പഠിപ്പിച്ചു. മനുഷ്യ ജീവിതം ഭംഗിയായി പോകണമെങ്കിൽ സമ്പത്ത് കൂടാതെ പറ്റില്ല എന്ന് ദൈവത്തിനു നന്നായി അറിയാം. ചുമ്മാതല്ല! ദൈവത്തെ പരീക്ഷിക്കാൻ ദൈവം പറയുന്ന ഒരേ ഒരു കാര്യം അത് സമ്പത്തിന്മേലാണ്. വേറൊരു കാര്യത്തിന്മേലും ദൈവത്തെ പരീക്ഷിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ദശാംശം കൊടുത്തു പരീക്ഷിക്കാൻ!! ആരെങ്കിലും പുസ്തക ശേഖരത്തിൽ നിന്ന് വായിക്കാൻ കൊടുത്താൽ കുറച്ചു കഴിയുമ്പോൾ അത് മറന്നു പോകും.
പക്ഷേ പൈസ കൊടുത്താൽ ആ ഓർമ്മ വരും. 🤣
മനുഷ്യജീവിതം സൗന്ദര്യമുള്ള ആകുന്നതിന് സമ്പത്ത് ഭാഗമാണെന്ന് ദൈവത്തിന് അറിയാം. സമ്പത്ത് കുലുങ്ങിയാലും വീഴും.

ഇനിയാണ് രഹസ്യം പറയാൻ പോകുന്നത്‌
സമയ ചക്രത്തിന്റെ പുറത്തു പോകാൻ പറ്റുമോ???????
ആരോഗ്യ ഗ്രാഫിന്റെ മുകളിൽ കയറാൻ പറ്റുമോ????????
സമ്പത്തിന്റെ കണക്കുകൂട്ടലിനെ തെറ്റിക്കാൻ പറ്റുമോ????

  • ഇവ മൂന്നിലും നീ കുലുങ്ങിയാലും വീഴാത്ത ഒരു സാധനം കയ്യിലുണ്ട്. മാർക്കറ്റിൽ അത്ര മാർക്കറ്റ് വാല്യൂ ഇല്ല. വിളിപ്പേര് ആയുധമെന്നാണ്‌. പൂർവപിതാക്കന്മാർ ഇതിനെ ആയുധം എന്ന് വിളിക്കാൻ എന്തോ കാരണമുണ്ട്.
  • ആയുധം എന്ന വാക്കിന്റെ അർത്ഥം യുദ്ധത്തിനുള്ള ഉപകരണം, വാൾ, കുന്തം, തോക്ക് മുതലായവ.
  • പണിയാനുള്ള ഉപകരണം, സാധനം. കീറിമുറിച്ച് മുന്നേറാൻ സഹായിക്കുന്നവ ആണ് ആയുധം. നോമ്പിനെ ആയുധം എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ കീറിമുറിക്കാൻ, ട്രാൻസെന്റ് ചെയ്യാൻ അതിനു പ്രാപ്തി ഉണ്ടെന്ന് സാരം. സമയത്തിനപ്പുറം പോകാമോ? പ്രകാശ വേഗത്തിൽ സഞ്ചരിച്ചാൽ പ്രായമാകില്ലെന്ന് കേട്ടിട്ടുണ്ട്. ഒരു സെക്കൻഡിൽ 300000 കിലോമീറ്റർ സഞ്ചരിക്കണം. ഇതുവരെ അങ്ങനെയുള്ള ഒരു ഉപകരണം കണ്ടുപിടിക്കപെട്ടിട്ടില്ല. ഉറപ്പായും മനുഷ്യൻ കണ്ടുപിടിക്കും. മരണം എന്നു പറയുന്നത് സമയപ്പുഴ നിന്നുപോകുകയാണ്. സമയം നിന്നാൽ പ്രായമാകില്ല എന്നർത്ഥം. അതായിരിക്കാം ദൈവത്തിന് ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയും എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ആദി മനുഷ്യനായ ആദം പാപം ചെയ്തതോടെ ഈ സമയ പുഴയിലാണ് വീണത് എന്ന് സാരം. നോമ്പ് എന്ന ആയുധം എടുക്കുന്നവന് സമയത്തിന് പുറത്തു പോകാൻ ( can transcend time) പറ്റുമെന്ന് അർത്ഥം. ട്രാൻസെന്റ് അതാണ് ശരിയായ വാക്ക്‌. സമയത്തെ വരുതിയിൽ നിർത്താൻ സാധിക്കുമെന്ന്. ” “
    ഓരോന്നിനും ഓരോ കാലമുണ്ടെന്നാണ് പറയുക.
    ആഘോഷിക്കാൻ ഒരു കാലം
    വിതയ്ക്കാൻ ഒരു കാലം
    കൊയ്യാൻ ഒരു കാലം
    അനുതപിക്കാൻ ഒരു കാലം.
    ഏഴുനേരം പ്രാർത്ഥനയിലൂടെ ദൈവീക സന്നിധിയിൽ ചിലവഴിച്ചാൽ സമയത്തെ ട്രാൻസെന്റ് ചെയ്യാൻ ഉള്ള പ്രാപ്തി ലഭിക്കും.
    ഉപവാസത്തിലൂടെ ഭക്ഷണസാധന വർജെജനയിലൂടെ
    ആരോഗ്യത്തെ ട്രാൻസെന്റ് ചെയ്യാനുള്ള പ്രാപ്തി ലഭിക്കും.
    ദാനധർമ്മങ്ങളിലൂടെ സമ്പത്തിനെ ട്രാൻസെന്റ് ചെയ്യാനുള്ള പ്രാപ്തി ലഭിക്കും.

40 നോമ്പത്‌ നോക്കുക നീ തീറ്റുക തീനില്ലാത്തവരെ
ഈശായി സുതനൊപ്പം നീ
പ്രാർത്ഥിക്കുക ദിനമേഴൂഴം.
40 ദിവസത്തെ ഉപവാസത്തിലൂടെ
ഒരു മനുഷ്യന് എന്തെല്ലാം ചെയ്യാൻ പറ്റും എന്ന് ക്രിസ്തു പഠിപ്പിച്ചു.
ക്രിസ്തു വെള്ളത്തെ വീഞ്ഞാക്കി എന്റെ സമയം ഇനിയും ആയിട്ടില്ലെന്ന് പറഞ്ഞെങ്കിലും സമയത്തേ ‘ട്രാൻസെന്റ് ‘ചെയ്തു.
കടലിനെ ശാന്തമാക്കി പ്രപഞ്ചശക്തിയെ ‘ട്രാൻസെന്റ്’ ചെയ്തു.
കുഷ്ഠരോഗിയെ സുഖപ്പെടുത്തി ആരോഗ്യത്തെ ‘ ട്രാൻസെന്റ്’ ചെയ്തു.
മീനിന്റെ വായിൽ നിന്ന് നാണയം എടുത്ത് സമ്പത്തിനെ ‘ ട്രാൻസെന്റ്’ ചെയ്തു.
യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ചെയ്തതെല്ലാം ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവനും ചെയ്യുന്നുണ്ട്. എങ്ങനെ??? ഈ ആയുധം മൂലമാണ്. വലിയൊരായുദ്ധമാം നോമ്പിൽ തീക്ഷ്ണതയുൾക്കൊൾക എന്ന പാട്ടിന്റെ അർത്ഥം കൂടുതലായി ആഴമായി തോന്നിയത് ഇപ്പോഴാണ്.

സമയം ആരോഗ്യം സമ്പത്ത്. ഇതിനെ ‘ട്രാൻസന്റ്’ ചെയ്യുന്ന ഒരു രഹസ്യമാണ്. നോമ്പ് എന്ന ആയുധം.

മലയിൽ മോശ ശോഭിച്ചത്‌……. പ്രപഞ്ചത്തിനു മേൽ അധികാരം എടുത്ത് സമുദ്രത്തെ കീറിമുറിച്ചത്..,. കല്ലപ്പമാക്കാനും ( മുമ്പിൽ കാണുന്നതിനെ എല്ലാം എന്റെ സ്വാർത്ഥതയ്ക്കായി ഉപയോഗിക്കാൻ) ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടി സമൂഹത്തിന്റെ കയ്യടി വാങ്ങാനും ഉള്ള അംഗീകാരത്തിനുള്ള മനുഷ്യന്റെ പ്രവണതയെ ക്രിസ്തു അതിജീവിച്ചതും….. തേരിൽ കയറി പ്രപഞ്ച നിയമത്തെ തെറ്റിച്ചു സ്വർഗ്ഗത്തിലേക്ക് പോയതും….. ഹാനാന്യ ബാലന്മാർ പ്രപഞ്ച നിയമത്തെ നിഷ്പ്രഭമാക്കി അഗ്നിയിൽ നിന്ന് പുറത്തുവന്നത്…. ജോസഫ് മിസ്രമ്മ്യ് രാജാവായത്…..
ഇതിൽ എല്ലാം ഒരു പൊതു തത്വം…… നമ്മൾ കാണുന്ന പ്രപഞ്ച സത്യത്തെ നോമ്പ് അതിജീവിക്കും (transcend ) എന്നതിന്റെ തെളിവുകൾ ബൈബിളും പറയുന്നു. ജ്ഞാനത്തിന്റെ പുസ്തകം 16: 21…….”വീണ്ടും ഒരിക്കല്‍ അധര്‍മം നിറഞ്ഞദേശത്തെ വിള വു നശിപ്പിക്കാന്‍ ജലമധ്യത്തില്‍ അത് അഗ്നിയെക്കാളും തീക്ഷ്ണമായി ജ്വലിച്ചു.
ഭക്ഷിക്കുന്നവന്‍റെ രുചിക്കൊത്ത് അത് രൂപാന്തരപ്പെട്ടു.
ഹിമപാതത്തില്‍ ആളിക്കത്തിയതും വര്‍ഷധാരയില്‍ ഉജ്ജ്വലിച്ചതുമായ അഗ്നി, ശത്രുക്കളുടെ വിള നശിപ്പിച്ചെന്ന് അവര്‍ അറിയാന്‍ തക്കവിധം മഞ്ഞും മഞ്ഞുകട്ടിയും അഗ്നിയിലുരുകിയില്ല.
നീതിമാന്‍മാരെ പോറ്റിരക്ഷിക്കാന്‍ അഗ്നി സ്വഗുണം മറന്നു.”
ജ്ഞാനം 16 : 19-23 ചുരുക്കത്തിൽ നമ്മെ കുലുക്കുന്ന സമയം ആരോഗ്യം സമ്പത്ത് ഇവയ്ക്ക് മുകളിൽ പോകാൻ ഈ ആയുധം സഹായിക്കും.

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ.

Advertisements
Advertisements

One thought on “നിന്നോടുതന്നെ പറയാൻ പറഞ്ഞു!!!

Leave a comment