ടിമ്മി, നിനക്കറിയോ എന്താണുണ്ടായതെന്ന്?

നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ ഐ ബ്ലാക്കിൽ ജോൺ 3.16 എന്നെഴുതിവെച്ച് കളിക്കാനിറങ്ങുമ്പോൾ, അമേരിക്കൻ ബേസ്ബോൾ – ഫുട്‌ബോൾ താരം ടിം ടിബോ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല അതിന്റെ ഇംപാക്റ്റ് ഇത്രയധികം ഉണ്ടാകുമെന്ന്. 94 മില്യൺ ആളുകൾ അന്നേ ദിവസം ഗൂഗിൾ ചെയ്തു നോക്കി പോലും ജോൺ 3.16 ഏത് വചനം ആണെന്നറിയാൻ !!

അവരുടെ PR വക്താവ് വിളിച്ചു പറഞ്ഞ ഈ കാര്യം, ടിമ്മിയുടെ കോച്ച് പറഞ്ഞറിയുമ്പോൾ അവന് തോന്നിയത്, ഇത്രധികം ആളുകൾക്ക് ജോൺ 3.16 ഏതാണെന്ന് അറിയില്ലെന്നോ എന്നാണ്. കാരണം ക്രിസ്തീയതയുടെ, നമ്മുടെ പ്രത്യാശയുടെ കാതൽ ആണല്ലോ ആ വചനങ്ങൾ. അതിനുമുൻപ് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡക്ക്‌ വേണ്ടി കളിക്കുമ്പോൾ ടിം ടിബോ തന്റെ മുഖത്ത് എഴുതി വച്ചിരുന്ന വചനം ഫിലിപ്പി. 4.13 ആയിരുന്നു. പക്ഷേ നാഷണൽ ചാമ്പ്യൻഷിപ് ആയപ്പോഴേക്കും ദൈവം, ജോൺ.3.16 ലേക്ക് തന്നെ നയിക്കുന്ന പോലെ അവന് തോന്നിയിരുന്നു.

2009 ജനുവരി 8ന് ആണ് ആദ്യമായി ജോൺ 3.16 അവൻ മുഖത്തെഴുതി വച്ചത്. കൃത്യം മൂന്ന് വർഷത്തിന് ശേഷം 2012 ജനുവരി 8ന്, സ്റ്റീലേഴ്‌സുമായുള്ള കളി ഓവർടൈമിൽ ജയിച്ചതിന് ശേഷം പ്രസ്സ് കോൺഫെറൻസിന് പോവാൻ നിന്ന ടിമ്മിയെ തടഞ്ഞു നിർത്തി പാട്രിക്‌, അവന്റെ PR ഏജന്റ് പറഞ്ഞു,

ടിമ്മി, നിനക്കറിയോ എന്താണുണ്ടായതെന്ന്?

ഉവ്വ്, നമ്മൾ സ്റ്റീലേഴ്‌സിനെതിരെ കളി ജയിച്ചു. ഇനി പേട്രിയട്ട്സുമായി കളിക്കും. വേറെന്താ?

ടിമ്മി നിനക്കറിയോ എന്താണുണ്ടായതെന്ന്?

എന്താ പാട്രിക്ക്? പറയൂ.

ടിമ്മി, നീ ജോൺ 3.16 ഐ ബ്ലാക്കിലെഴുതി കളിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് കൊല്ലം തികയുന്നു

ശരിക്കും? ഓ, അത് കൊള്ളാമല്ലോ. റിയലി കൂൾ.

ഇല്ല, നിനക്ക് മനസ്സിലായിട്ടില്ല ഇന്ന് എന്താണ് ഉണ്ടായതെന്ന്. ഇന്ന് നീ എറിഞ്ഞത് 316 yards ആണ്. നിന്റെ yards per rush – 3.16, yards per completion- 31.6, time of possession – 31.06, ഇന്ന് രാത്രിയിലെ റേറ്റിംഗ്സ് – 31.6. പിന്നെ ഇന്ന് രാത്രിയിലും 90 മില്യൺ ജനങ്ങൾ ഗൂഗിൾ ചെയ്തു ജോൺ 3.16 എന്ന വചനം.

‘ദൈവമേ, നീ ഇതൊക്കെ ചെയ്യുന്നത് ഞാൻ അറിഞ്ഞില്ലല്ലോ’ എന്നാണ് അപ്പോൾ ടിമ്മിയുടെ മനസ്സിൽ വന്നത്. അവൻ ലോകത്തോട് പിന്നീട് വിളിച്ചുപറഞ്ഞ സാക്ഷ്യത്തിൽ കൂട്ടിച്ചേർത്തു, ‘എന്ത് വിസ്മയകരമായ അറിവാണല്ലേ, നമ്മൾ സേവിക്കുന്ന ദൈവം എത്ര വലുണെന്നത് . നമുക്കറിയുക പോലുമില്ല അവൻ എന്താണ് ചെയ്യുന്നത്, എങ്ങനെയാണ് ചെയ്യുന്നതെന്നൊന്നും. നമ്മൾ ഒരു സ്റ്റെപ്പ് വെക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, അവൻ നമ്മുടെ ജീവിതങ്ങളിൽ അത്ഭുതം പ്രവർത്തിക്കും. Yes, he’s a big God…

…..ഈ പ്രപഞ്ചത്തിന്റെ നാഥൻ നിങ്ങളെ അത്രയധികം സ്നേഹിക്കുന്നതുകൊണ്ട് സ്വപുത്രനെ തന്നെ നമുക്ക് വേണ്ടി മരിക്കാനായി അയച്ചു. നിങ്ങളെ ഇത്ര സ്നേഹിക്കുന്നെങ്കിൽ അവൻ നിങ്ങൾക്കായി യുദ്ധം ചെയ്യില്ലേ? നിങ്ങളോടൊപ്പം യുദ്ധം ചെയ്യില്ലേ? നിങ്ങളിലൂടെ യുദ്ധം ചെയ്യില്ലേ?.. ജീവിതം വളരെ എളുപ്പമായിരിക്കും എന്ന് അതിന് അർത്ഥമില്ല. പക്ഷേ വളരെ മൂല്യമുള്ളതായിരിക്കും ‘

ടിം ടിബോയും കുടുംബവും പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടെന്ന് നമുക്കറിയാം. ഡോക്ടർമാർ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പറഞ്ഞെങ്കിലും അവന്റെ അമ്മ അതിന് കൂട്ടാക്കിയില്ല. ആ കുഞ്ഞാണ് ടിം ടിബോ. ദൈവം ദാനം നൽകിയ ജീവിതത്തിലൂടെ അവൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അവന്റെ ഭാര്യ ഡെമി ലീ ടിബോ, 2017 ൽ മിസ്സ്‌ യൂണിവേഴ്സ് ആയിരുന്നു. അവന്റെ ആഗ്രഹം പോലെ ദൈവവിശ്വാസിയായ പങ്കാളിയെ തന്നെയാണ് അവന് ലഭിച്ചത്. ഇരുവരും കൂടി ജീവകാരുണ്യപ്രവൃത്തികളും പറ്റുന്ന പോലെയൊക്കെ ചെയ്യുന്നു.

നമ്മുടെ ചെറിയ yes ലൂടെ, ചെറിയ പ്രവൃത്തികളിലൂടെ എത്രയോ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവനാണ് ദൈവം. അവൻ പറയുമ്പോൾ കടലിനു മീതെ വടി വെറുതെ നീട്ടുക, കൽഭരണിയിൽ വെള്ളം നിറക്കുക, കയ്യിലുള്ള അപ്പവും മീനും കൊടുക്കുക ഇതൊക്കെയേ നമുക്ക് ചെയ്യാനുള്ളു. ബാക്കി ചെയ്യേണ്ടത് അവൻ ചെയ്തോളും. പിന്നല്ല.

ജിൽസ ജോയ് ✍️

Advertisements

Leave a comment