Vanakkamasam, St Joseph, March 25

വി. യൗസേപ്പിതാവിന്‍റെ വണക്കമാസം
മാർച്ച് ഇരുപത്തഞ്ചാം തീയതി

Advertisements

Vanakkamasam, St Joseph, March 25

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം:

ഇരുപത്തി അഞ്ചാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16).

നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പിനെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് നീതിമാന്‍ എന്നാണ്. സകല സുകൃതങ്ങളാലും അലംകൃതനായ ഒരു വ്യക്തിയെയാണ് നീതിമാനെന്നു പ്രകീര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായത് അവരവര്‍ക്കു നല്‍കുന്നതിലാണ് നീതി. ദൈവത്തോടും അധികാരികളോടും മറ്റുള്ളവരോടും നീതി പുലര്‍ത്തണം. ദൈവത്തിനര്‍ഹമായ ആരാധനയും അധികാരികളോട് വിധേയത്വവും നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ ഇടപടലിലും നാം നീതി പാലിക്കണം. കടം വാങ്ങിച്ചാല്‍ തിരിച്ചു കൊടുക്കണം.

മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ നാം നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സാമൂഹ്യനീതി, ക്രയവിക്രയ നീതി എന്നിവയില്‍ വീഴ്ച വരുത്തരുത്. ഇന്നത്തെ ലോകത്തില്‍ ദരിദ്രരോടും തൊഴിലാളികളോടും നാം നീതിപൂര്‍വ്വം പെരുമാറേണ്ടിയിരിക്കുന്നു. വക്രത, അഴിമതി, മായം ചേര്‍ക്കല്‍, കബളിപ്പിക്കല്‍ മുതലായവ നാം പരിവര്‍ജ്ജിക്കണം. സാമൂഹ്യ ജീവിതം സൗഭാഗ്യപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതിന് നീതിപാലനം അത്യാവശ്യമാണ്. നീതിയുടെ പരിണിതഫലമാണ് സമാധാനം.

കുടുംബങ്ങളിലും സമുദായങ്ങളിലും ജനപദങ്ങളിലും സമാധാനം പുലരണമെങ്കില്‍ കൃത്യമായ രീതിയില്‍ നീതിനിര്‍വഹണം കൂടിയേ തീരു. നീതി സ്നേഹത്താല്‍ മൃദുലപ്പെടേണ്ടിയിരിക്കുന്നു. സമാധാനത്തിനു വേണ്ടി നീതിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. വിവേകവും ഉപവിയും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. പ. കന്യക ഗര്‍ഭിണിയായിരിക്കുന്ന വിവരം വിശുദ്ധ യൗസേപ്പ് മനസ്സിലാക്കുന്നു. എന്നാല്‍ അദ്ദേഹം പ. കന്യകയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുവാന്‍ മുതിരുന്നില്ല.

അഗ്രാഹ്യമായ ഇടപെടല്‍ ദൈവപരിപാലനയുടെ വൈഭവമാണെന്ന ബോധ്യം മാര്‍ യൗസേപ്പിനുണ്ടായിരുന്നു. പ. കന്യകയുടെ അഭിമാനത്തെ നിഹനിക്കുകയോ മറ്റെന്തെങ്കിലും നടപടികള്‍ നടത്തുകയോ ചെയ്യാതെ വി. യൗസേപ്പ് രഹസ്യത്തില്‍ മേരിയെ പരിത്യജിക്കുവാനാണ് ആലോചിച്ചത്.

നമ്മുടെ പിതാവായ മാര്‍ യൗസേപ്പില്‍‍, ഉപവിയും നീതിയും വിവേകവും മറ്റെല്ലാ സുകൃതങ്ങളും പൂര്‍ണ്ണമായ വിധം പ്രശോഭിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. ഉപവിയുടെ ഉന്നതമായ പദവി ഉള്ളവര്‍ക്ക് ബാക്കി എല്ലാ സുകൃതങ്ങളും ഉണ്ടാകും. എല്ലാ സുകൃതങ്ങളും വിവേകത്താല്‍ നയിക്കപ്പെടുകയും ഉപവിയാല്‍ സജീവമാക്കപ്പെടുകയും ചെയ്യണം.

സംഭവം
🔶🔶🔶🔶

ജര്‍മ്മനിയില്‍ ബോണ്‍ നഗരത്തില്‍ കുലീനയും സുന്ദരിയും ആയ ഒരു സ്ത്രീ, അഹങ്കാരത്താല്‍ പ്രേരിതയായി ക്രിസ്തീയ വിശ്വാസം പരിത്യജിച്ച് അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് രോഗം പിടിപെട്ടു. ശയ്യാവലംബിനിയായിത്തീര്‍ന്നു. മാര്‍ യൗസേപ്പിന്‍റെ ഭക്തയായ ഫിലോമിന എന്ന ഒരു സ്നേഹിത അവള്‍ക്കുണ്ടായിരുന്നു. അവളുടെ മന:പരിവര്‍ത്തനത്തിനുവേണ്ടി ഫിലോമിന തീക്ഷ്ണതാപൂര്‍വ്വം മാര്‍ യൗസേപ്പിനോട് പ്രാര്‍ത്ഥിച്ചു. കൂടാതെ ഈ പുണ്യപിതാവിന്‍റെ ഒരു ചിത്രം അവളുടെ മൗനാനുവാദത്തോടെ മുറിയില്‍ സ്ഥാപിച്ച് മാര്‍ യൗസേപ്പേ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന്‍ ജപിക്കുവാനും ആവശ്യപ്പെട്ടു.

ഫിലോമിനായോടുള്ള ബന്ധത്താല്‍ ഈ അപേക്ഷ അവളുടെ സ്നേഹിതയ്ക്ക് തിരസ്ക്കരിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ അവള്‍ മാര്‍ യൗസേപ്പിനോടു പ്രാര്‍ത്ഥിച്ചു തുടങ്ങി. അത്ഭുതകരമായ മന:പരിവര്‍ത്തനമാണ് അവള്‍ക്കുണ്ടായത്. ക്രിസ്തീയ വിശ്വാസത്തെ പുച്ഛിച്ചു തള്ളിയ അവള്‍ അധികം താമസിയാതെ ഉത്തമവിശ്വാസിയും മതതീക്ഷ്ണത കൊണ്ട് നിറഞ്ഞവളുമായിത്തീര്‍ന്നു.

ജപം
🔶🔶

നീതിമാനായ വി. യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

നീതിമാനായ മാര്‍ യൗസേപ്പേ നീതിബോധം ഞങ്ങള്‍ക്കു നല്‍കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements
Advertisements

One thought on “Vanakkamasam, St Joseph, March 25

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s