ഭൗതിക ശാസ്ത്രജ്ഞരായ പാതിരിമാർ

ഭൗതിക ശാസ്ത്രജ്ഞരായ പാതിരിമാർ

(ഡോ. ജോർജ് വർഗീസ്)

ഭിഷഗ്വരന്മാരായും നഴ്‌സുമാരായും ശുശ്രൂഷ ചെയ്യുകയും അതൊടൊപ്പം വൈദീകസേവനം നടത്തുകയും ചെയ്ത ധാരാളം പേരുണ്ട്. ഫാദർ ഡാമിയൻ, ഡേവിഡ് ലിവിങ്സ്റ്റൺ എന്നിങ്ങനെ, ലോകം എക്കാലവും ഓർത്തിരിക്കുന്ന പേരുകൾ പലതാണ്. എന്നാൽ ഭൗതിക ശാസ്ത്രത്തിൽ വളരെ ശ്രദ്ധേയമായ സംഭാവനകൾ നല്കിയ പുരോഹിതന്മാരുമുണ്ട്. ഇപ്പോൾ അവരിൽ രണ്ടു പേരെ അനുസ്മരിക്കാൻ ഒരു കാരണം ഉണ്ട്. ഈ വർഷം ഭൗതിക ശാസ്ത്ര നോബൽ സമ്മാനം നല്കിയത് ബ്രിട്ടീഷ് ശാസ്തജഞൻ റോജർ പെൻറോസിനും, കാലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രഫസർന്മാരായ റയിൻഗാർഡ് ഗെൻസലിനും, അന്ദ്രേയ ഘെസയ്ക്കുമാണ്.
പെൻറോസ് തമോഗർത്തങ്ങളെക്കുറിച്ച് (black hole) സൈദ്ധാന്തിക പഠനങ്ങൾ നടത്തി. മറ്റു രണ്ടു പേർ ആകാശഗംഗയുടെ നടുവിൽ ഒരു തമോഗർത്ത സാന്നിധ്യം തിരിച്ചറിഞ്ഞു. വളരെ ഭാരമേറിയ നക്ഷത്രങ്ങൾ (സൂര്യനെക്കാൾ മൂന്നുമടങ്ങും അതിലധികവും വലുപ്പമുള്ള നക്ഷത്രങ്ങൾ) ആയുസ് ഒടുക്കുന്നത് തമോഗർത്താവസ്ഥയിലാണ്. ഭാഗ്യം, നമ്മുടെ സൂര്യൻ ഒരിക്കലും തമോഗർത്തമാവുകയില്ല !
തമോഗർത്തങ്ങൾ ശാസ്ത്രജ്ഞന്മാരെ വിസ്മയിപ്പിക്കുന്ന ഒരു സാധനമാണ്. ഗുരുത്വബലം അമിതമായി തീരുമ്പോൾ നക്ഷത്രം ചുരുങ്ങികൂടി കേവലം ഒരു ബിന്ദുവിൽ സമ്മേളിക്കും. നക്ഷത്രം അപ്രത്യക്ഷമാകുമെങ്കിലും അതിന്റെ ഗുരുത്വശക്തി ചുറ്റിലും ശക്തമായി അനുഭവപ്പെടും. നക്ഷത്രത്തിൻെറ തീവ്രമായ ഗുരുത്വാകർഷണം മൂലം അവിടേക്ക് എത്തുന്ന എന്തിനേയും അതു തിന്നു കളയും. ഭൂമിയുടെ ആകർഷണ സ്വാധീനമുള്ള ആകാശത്ത് ഒന്നും തങ്ങി നില്കാതെ താഴേക്ക് വീഴും പോലെ. മുകളിലേക്ക് ഒരു കല്ല് എറിഞ്ഞാൽ അത് കുറെ പോങ്ങിയ ശേഷം തിരികെ ഭൂമിയിൽ തന്നെയെത്തും. എന്നാൽ മുകളിലേക്ക് അയയ്ക്കുന്ന പ്രകാശ രശ്മി താഴേക്ക് വരില്ലല്ലോ. കാരണം പ്രകാശത്തെ മടക്കി വിളിക്കാൻ ഭൂമിയ്ക്ക് ശക്തി പോരാ.
തമോഗർത്തങ്ങൾ പ്രകാശരശ്മിയെപ്പോലും വളച്ചു താഴേക്കിടും. തമോഗർത്തത്തിൽ നിന്നും ഒരു കിരണംപോലും പുറത്തു കടക്കില്ല. നമുക്ക് അതിനാൽ അവയെ കാണാനും കഴിയില്ല. അടുത്ത കൂടി പോയാൽ വിഴുങ്ങും, അകത്തു നിന്നും പുറത്തേക്ക് കടക്കാൻ സമ്മതിക്കുകയുമില്ല. ഇത്തരത്തിൽ ഭീകരമായ ഒരവസ്ഥയിലാണ് ഭാരമേറിയ നക്ഷത്രങ്ങൾ എത്തിച്ചേരുക.

ഈയൊരു അവസ്ഥാവിശേഷത്തെക്കുറിച്ച് ആദ്യമായി കണക്കുകുട്ടിയത് ഇംഗ്ലീഷകാരനായ ഒരു പുരോഹിതനാണ്. റവ. ജോൺ മിഷേൽ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഭൗതിക ശാസ്ത്ര ത്തിലും, ഭൗമ ശാസ്ത്രത്തിലും അദ്ദേഹം നിഷ്ണാതനായിരുന്നു. ഭൂകമ്പം ഉണ്ടാകുമ്പോൾ സീസ്മിക് തരംഗങ്ങൾ പായുമെന്ന് പറഞ്ഞത് മിഷേലാണ്. അദ്ദേഹത്തിന്റെ പിതാവും ഒരു പുരോഹിതൻ ആയിരുന്നു. 1793 ൽ അറുപത്തിയെട്ടാം വയസ്സിൽ മിഷേൽ നിര്യാതനായി. സൂര്യന്റെ 500 മടങ്ങ് ഭാരമുള്ള നക്ഷത്രങ്ങൾ ഭീമമായ ഗുരുത്വശക്തികൊണ്ട് പ്രകാശരശ്മിയെപ്പോലും പുറത്ത് വിടില്ലെന്ന് സ്ഥാപിക്കുന്ന തൻെറ ലേഖനം അദ്ദേഹം 1763 ൽ റോയൽ സൊസൈറ്റി വഴി പ്രസിദ്ധപ്പെടുത്തി. ന്യൂട്ടൻെറ ഗുരുത്വ സിദ്ധാന്തം വന്നിട്ട് അധിക കാലമായില്ല. ഐൻസ്റ്റൈൻ അന്ന് ജനിച്ചിട്ടുപോലുമില്ല. അദ്ദേഹത്തിനു ലഭിച്ച ഈ അപൂർവ ജ്ഞാനം വിസ്മയാവഹമാണ്. അതിനു ശേഷമാണ് 1768-ൽ ഫ്രഞ്ചുകാരനായ പിയറി സൈമൺ ലാപ്ലാസും ഇതേ അഭിപ്രായം മുന്നോട്ടു വച്ചത്. 1916 ൽ ഐൻസ്റ്റൈൻ പൊതു ആപേക്ഷികതാ സിദ്ധാന്തം എഴുതിയുണ്ടാക്കിയതോടെ കാര്യങ്ങൾ എല്ലാം എളുപ്പമായി. സ്ഥലവും കാലവും ചേരുന്ന പ്രപഞ്ച തറിയിൽ ചിത്രങ്ങൾ വരയ്ക്കാൻ ആപേക്ഷികതാ സിദ്ധാന്തം സഹായിച്ചു. നക്ഷത്രങ്ങളുടെ രൂപ പരിണാമം, ഗാലക്‌സി ഘടന, പ്രപഞ്ച ഉല്പത്തി എന്നീ സംഗതികളിലേക്ക് കടക്കാൻ ആപേക്ഷികതാ സിദ്ധാന്തം വഴിയൊരുക്കി. എന്നിരുന്നാലും പലകാര്യങ്ങളും ഇപ്പോഴും അജ്ഞാതമായി നില്ക്കുന്നു.
പ്രപഞ്ച ഉല്പത്തിയെപ്പറ്റി വിശ്വസനീയവും യുക്തിസഹവുമായ ഒരു സിദ്ധാന്തം രൂപപ്പടുത്തിയത് മറ്റൊരു പാതിരിയാണ്. ബൽജിയംകാരനായ ഇദ്ദേഹം അവിടെ ലവേൻ യൂണിവേഴ്‌സിറ്റി സൈദ്ധാന്തിക ഭൗതിക വിഭാഗത്തിൽ പ്രഫസർ കൂടിയായിരുന്നു. ജോർജസ് ലമൈത്രെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പ്രപഞ്ചം മഹാവിസ്ഫോടനത്തോടെ(big bang) തുടങ്ങിയന്ന് അദ്ദേഹം ഒരു സിദ്ധാന്തം ഉണ്ടാക്കി. നമ്മുടെ പ്രപഞ്ചം അനുക്ഷണം വികസിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐൻസ്റ്റൈന് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു ലമൈത്രെയുടെ പ്രപഞ്ച മാതൃക.
ആകാശവും നക്ഷത്രങ്ങളും എല്ലാം ചുരുങ്ങി ഒരു ബിന്ദുവിൽ സമ്മേളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മറിച്ചു ചിന്തിച്ചാൽ ഒന്നും ഇല്ലാതെയിരുന്ന അവസ്ഥ. അതിൽ നിന്നും എല്ലാം ഉളവായിവന്നു. പ്രപഞ്ചത്തിന് അടിസ്ഥാനമിട്ട സംഭവത്തെക്കുറിച്ച് വ്യാഖ്യാനിക്കാൻ നമ്മുടെ ഏതു സിദ്ധാന്തവും അശക്തമാണ്. വളരെയധികം ആലോചനാപൂർണ്ണമായ ഒരു ബൈബിൾ ഭാഗം കൂടി ഉദ്ധരിയ്ക്കട്ടെ. ‘ഞാൻ ഭൂമിയ്ക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ യായിരുന്നു. നിനക്ക് വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവ് നിയമിച്ചവൻ ആര് (dimensions of space and time). പ്രഭാത നക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും, ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു, അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ ?(ഈയ്യോബ്.38: 4-7). വളരെ പ്രാചീനമായ ഒരു ബൈബിൾ ഗ്രന്ഥമാണ് ഈയ്യോബ്. കാവ്യാത്മകമായ ഈ ചിത്രീകരണത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ല. എങ്കിലും അതിലെ യുക്തി ആധുനിക ശാസ്ത്ര ജ്ഞാനവുമായി പൊരുത്തപ്പെട്ടുപോകുന്നതായി തോന്നും. പ്രപഞ്ച സിദ്ധാന്തം ചമയ്ക്കുമ്പോൾ തൻെറ മതവിശ്വാസം ഒരിക്കലുംതന്നെ സ്വാധീനിച്ചില്ലെന്ന് ലമൈത്രെ പറഞ്ഞിട്ടുണ്ട്.

Leave a comment