🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 11/10/2020

28th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 130:3-4

കര്‍ത്താവേ, അങ്ങ് പാപങ്ങള്‍ കണക്കിലെടുത്താല്‍,
ആര്‍ക്ക് നിലനില്ക്കാനാവും?
എന്നാല്‍, ഇസ്രായേലിന്റെ ദൈവമേ,
പാപമോചനം അങ്ങേ പക്കലാണല്ലോ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 25:6-10
സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും, സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും.

ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കും വേണ്ടി
സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും –
മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും
മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്.
സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം –
ജനതകളുടെ മേല്‍ വിരിച്ചിരിക്കുന്ന മൂടുപടം –
ഈ പര്‍വതത്തില്‍ വച്ച് അവിടുന്ന് നീക്കിക്കളയും.
അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും;
സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും;
തന്റെ ജനത്തിന്റെ അവമാനം
ഭൂമിയില്‍ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കിക്കളയും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും:
ഇതാ, നമ്മുടെ ദൈവം.
നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം.
ഇതാ കര്‍ത്താവ്!
നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്.
അവിടുന്ന് നല്‍കുന്ന രക്ഷയില്‍
നമുക്കു സന്തോഷിച്ചുല്ലസിക്കാം.
കര്‍ത്താവിന്റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

രണ്ടാം വായന

ഫിലി 4:12-14,19-20
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

താഴ്ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് – അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. എങ്കിലും, എന്റെ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കുചേര്‍ന്നു. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 22:1-14
കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.

അക്കാലത്ത്, യേശു ഉപമകള്‍ വഴി അവരോടു സംസാരിച്ചു: സ്വര്‍ഗരാജ്യം, തന്റെ പുത്രനു വേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.

Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading