ഒരെണ്ണം കൂടി ഒത്താൽ പഞ്ചക്ഷതമായി!

ഗൂഢാനന്ദം എന്നാണ് മിസ്റ്റിസിസം എന്ന വാക്കിനു നൽകാവുന്ന പരാവർത്തനം. അതിന്ദ്രീയമായ അത്തരം അനുഭൂതികളെ വരയ്ക്കാൻ നമുക്ക് ഇന്ദ്രിയങ്ങളുടെ ചായം വേണ്ടിവരുന്നു. അങ്ങനെയാണ്, രാധ മാധവന്റെ മഞ്ഞപ്പട്ടുടുത്ത് ഉറങ്ങുന്നത്. അതുകൊണ്ടാണ്, “ഇന്നത്തെ പുലരിയിൽ എന്നെ ചുംബിച്ചയാൾ പിന്നീടൊരിക്കലും എന്നെ വിട്ടുപോയില്ല” എന്നു റാബിയ മന്ത്രിക്കുന്നത്. ഒരു ഗണികാലയത്തിൽ പെട്ടുപോയിരുന്നു അവൾ. “നിങ്ങളുടെ പുരുഷന്മാർ ചിതയിൽ കത്തിത്തീരും, എന്റെ പുരുഷനു മരണമില്ല” എന്ന് അക്ക മഹാദേവി.
വാഴ്‌വിലെ ഏറ്റവും ദുഃഖിതനായ പുരുഷനെ വലം ചുറ്റുന്നതുകൊണ്ടാവണം ക്രിസ്ത്യൻ യോഗാത്മകതയിൽ അയാൾ ചുംബിച്ചവരും അയാളെ ചുംബിച്ചവരുമൊക്കെ വിളക്കിലെ ശലഭങ്ങൾ പോലെ പൊള്ളിയത്. ദുഃഖത്തിന്റെ ആനന്ദമായിരുന്നു തന്റെ ഉപാസകർക്ക് സങ്കടങ്ങളുടെ ആ മഹാപ്രഭു കരുതിവച്ചിരുന്ന സമാശ്വാസം. ഈ ദുഃഖത്തിന്റെ ആനന്ദം എന്നുവച്ചാൽ, ഈറ്റുനോവിൽ മുറവിളിക്കുന്ന സ്ത്രീ എന്നൊക്കെ അയാൾ തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. അത്രമേൽ ഗാഢമായ ആലിംഗനത്തിനൊടുവിൽ അവന്റെ ക്ഷതങ്ങൾ അവരുടെ ഉടലിൽ പതിഞ്ഞുപോയി; പ്രണയിനികളുടെ കുങ്കുമം പടരുംപോലെ. രണ്ടെണ്ണം പാദങ്ങളിൽ, രണ്ട് കൈവെള്ളയിൽ, ഒരെണ്ണം കുന്തമുനയേറ്റ വിലാവിനെ ഓർമ്മിപ്പിക്കാൻ നെഞ്ചിൽ. അപൂർവം ചിലരിൽ ആ മുൾമുടിയെ ഓർമ്മിപ്പിക്കാൻ ശിരസിൽ നിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളികൾ!
പഞ്ചക്ഷതർ എന്നു വിളിക്കപ്പെടുന്ന ഈ ചെറിയ ഗണം മനുഷ്യരുടെ കൂട്ടത്തിൽ അസ്സീസിയിലെ ഫ്രാൻസിസും പാദ്രേ പിയോയും സിയനയിലെ കാതറീനുമൊക്കെ ഉണ്ട്. അക്കൂട്ടത്തിലാണ് ഫ്രാൻസിസ് പാപ്പ ഇന്നു പുണ്യവതിയായി ഉയർത്തുന്ന മദർ മറിയം ത്രേസ്യ. അവരുടെ തന്നെ ഭാഷയിൽ, “അവന്റെ പങ്കപ്പാടുകൾ ഞാൻ ശരീരത്തിൽ വഹിക്കുന്നു.” നിങ്ങൾക്കിതു വിശ്വസിക്കാതിരിക്കാം. ‘ഹംബഗ്’ എന്നു പുച്ഛിക്കാം. ‘ഹിസ്റ്റീരിക്’ എന്ന് അപഹസിക്കാം. ‘ഫിനോമിനൻ’ എന്നു വിസ്മയം കൊള്ളാം. എന്തായാലും, അതിൽ അതീവലാവണ്യമുള്ള ഒരു കവിതയുണ്ട്.
പഞ്ചക്ഷതങ്ങളേക്കുറിച്ചുള്ള കൺഫ്യൂഷൻ ഇനിയും തീർന്നില്ലെങ്കിൽ ഒരു ഗൃഹപാഠം ആകാം. വീട്ടിൽ പ്രായമായ അപ്പനോ അമ്മയോ ഉണ്ടെങ്കിൽ, അവർ മയങ്ങിക്കിടക്കുമ്പോൾ അരികിലിരുന്ന് കാലിന്റെ പെരുവിരൽ തൊട്ട് തടവി നോക്കു; അന്ധൻ ബ്രെയിൽ വായിക്കുംപോലെ. വിണ്ടു കീറിയ കാല്പാദങ്ങൾ, തഴമ്പിച്ച മുട്ടുകൾ, ചുളുങ്ങിയ തൊലി, മറഞ്ഞുപോകുന്ന ഓർമ്മ.. ആരാ? അപ്പാ, ഞാനാണ്. ഞാനെന്നു വച്ചാ?
ഒരെണ്ണം കൂടി ഒത്താൽ പഞ്ചക്ഷതമായി!

– ബോബി ജോസ് കട്ടികാട്

(*Stigmata എന്ന് വാക്ക് ഒന്നു ഗൂഗ്‌ൾ ചെയ്തു നോക്കാവുന്നതാണ്.)

Leave a comment