❤️🎈ക്രിസ്തുമസ് ബലൂൺ🎈💞 2020🎉🎊 12 💕

❤️🎈ക്രിസ്തുമസ് ബലൂൺ🎈💞 2020🎉🎊 12 💕

ഫിലോസഫി പഠനം ബാംഗ്ലൂരിലെ ഇലക്ട്രോണിക്സ് സിറ്റിയിലെ സുവിദ്യയിലായിരുന്നു. പല സന്ന്യാസസഭകളിൽ നിന്നായി ഏകദേശം അറുപതിലധികം ബ്രദേഴ്‌സ് ഒരുബാച്ചിലുണ്ടായിരുന്നു. ഇന്ത്യയിലെ നല്ലൊരു ശതമാനം സംസ്ഥാനങ്ങളെയും നേപ്പാളിനെയും പ്രതിനിധാനം ചെയ്ത് സെമിനാരി വിദ്യാർത്ഥികൾ അവിടെ പഠിച്ചിരുന്നു. ബാംഗ്ലൂരിലെ തണുപ്പും കുളിരും മഞ്ഞും, എപ്പോഴും ‘ഉറങ്ങാൻ’ മതിയായ പ്രോത്സാഹനം നൽകിയിരുന്നു. തത്വശാസ്ത്രവും ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നു വേണം പറയാൻ. ബ്രേക്കുകൾക്കിടയിൽ പോയി വെള്ളം കുടിക്കുന്നതും മുഖം കഴുകുന്നതും അതുകൊണ്ടു തന്നെ പതിവാണ്. എങ്കിലും കാപ്പിക്ക് അഡിക്ട് ആയ ഒരു സുഹൃത്തുണ്ടായിരുന്നു. മിക്കവാറും സമയങ്ങളിൽ റൂമിലേക്കോടും. അവിടെ ചെറിയ ഗ്ലാസിൽ ഹീറ്റർ വച്ച് വെള്ളം തിളപ്പിച്ച്. കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് പലവട്ടം കുടിക്കുന്ന ഒരാൾ (ഇതിനു അനുവാദം ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, കാപ്പിക്ക് ഒരു രുചിയും ഉണ്ടായിരുന്നില്ല, എങ്കിലും അവൻ നിർബാധം കുടിച്ചുകൊണ്ടിരുന്നു). അവൻ്റെ കാപ്പികുടികണ്ടു പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മൂന്നുവർഷം അവൻ ഏറ്റവും കൂടുതൽ പൈസ ചെലവാക്കിയത് കാപ്പിപൊടിക്കും പഞ്ചസാരക്കും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പിന്നെ കുറെ വർഷങ്ങൾ ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിട്ടേയില്ല. കാപ്പി എപ്പോഴെങ്കിലും ഒരു സംസാര വിഷയമാകുമ്പോൾ ഞാൻ അവനെ ഓർക്കും. അവൻ വൈദീകനായി നോർത്തിൽ എവിടെയോ സ്‌കൂളിൽ ആണെന്ന് ഒരിക്കൽ അറിഞ്ഞു. ഏതാനും വര്‍ഷങ്ങൾ മുൻപ് വൈദീകർക്കുള്ള ഒരു ധ്യാനത്തിനിടയ്ക്കാണ് അവനെ കണ്ടുമുട്ടിയത്. ഞങ്ങൾക്ക് രണ്ടുപേർക്കും അത് വലിയ സർപ്രൈസ് ആയി. വര്‍ഷങ്ങള്‍ കൂടിയുള്ള സമാഗമം ധ്യാനത്തിനിടയ്ക്കായതിൽ എനിക്ക് സങ്കടമുണ്ടായി. എങ്കിലും കിട്ടിയ സമയംകൊണ്ട് വിശേഷങ്ങൾ എല്ലാം ചോദിച്ചു. ഞങ്ങൾ ധ്യാനം കഴിഞ്ഞിട്ട് കൂടുതൽ സംസാരിക്കാമെന്ന വ്യവസ്ഥയിൽ പിരിഞ്ഞു. എങ്കിലും മിക്കവാറും ഭക്ഷണസമയത്ത് ഒരുമിച്ചായിരുന്നു. അപ്പോഴെല്ലാം ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഇവൻ കാപ്പി കുടിക്കുന്നില്ല. ചായയും കുടിക്കുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു

“നീ ഇവിടെയും ഗ്ലാസും ഹീറ്ററും കൊണ്ടാണോ വന്നിരിക്കുന്നത്? കാപ്പി കുടിക്കുന്നില്ലല്ലോ?”

അവൻ ചിരിച്ചുകൊണ്ട് ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു “കാപ്പി കുടി നിറുത്തി, ബാക്കി പിന്നെ പറയാം”

എനിക്ക് വലിയ അത്ഭുതമായി. കുടിയന്മാർ കുടി നിർത്തുന്നത്, ഇതിലും എളുപ്പമാണെന്ന് എനിക്ക് തോന്നി. അത്രയും കാപ്പിയിൽ അഡിക്ട് ആയവനായിരുന്നു. ഏതായാലും ധ്യാനം കഴിഞ്ഞപ്പോൾ ഞങ്ങൾ ഒത്തിരി സംസാരിച്ചു. വൈദീക സുഹൃത്തിനുള്ള ആത്മീയ, ശാരീരിക, സാമൂഹിക ബോധ്യങ്ങളെക്കുറിച്ച് എനിക്ക് മതിപ്പായി. ആഴമായ പ്രാർത്ഥനയും, ആത്‌മീയ ഉൾക്കാഴ്ചകളും തുറവിയുള്ള ചിന്തകളുമായി അവനെന്നെ അസൂയപ്പെടുത്തി. എനിക്ക് വലിയസന്തോഷമായി. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“എല്ലാം എനിക്ക് മനസ്സിലാക്കാം. പക്ഷെ നീ കാപ്പി ഉപേക്ഷിച്ചത് എനിക്ക് മനസിലാകുന്നേ ഇല്ല”.

“അതിനു വേറൊരു കാരണം കൂടിയുണ്ട്. നിനക്കത് തമാശയായിത്തോന്നാം. എങ്കിലും ഞാൻ പറയാം. ധ്യാനത്തിൻ്റെ ചൈതന്യം നുണ പറഞ്ഞ് കളയുന്നില്ല”.

“എൻ്റെ വീടിനോട് ചേർന്നാണ് എൻ്റെ പപ്പയുടെ കൂട്ടുകാരൻ്റെയും വീട്. അദ്ദേഹത്തിന് എൻ്റെ അതേ പ്രായത്തിലുള്ള ഒരു മകളുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഒന്ന് മുതൽ പത്തു വരെ പഠിച്ചത്. അവർ വേറൊരു മത വിഭാഗത്തിൽ പെട്ടവരാണെങ്കിലും ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഉണ്ടായിരുന്നില്ല. എനിക്കവൾ സ്വന്തം സഹോദരിയായിരുന്നു. സെമിനാരിയിൽ പോകുന്ന വിവരം ഏറ്റവും ആദ്യം ഞാൻ പറഞ്ഞത് അവളോട് ആയിരുന്നു”.

“ഞാൻ വൈദീകനാകുന്നതിനുമുന്പേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷെ വർഷങ്ങൾ ഇത്രയും ആയിട്ടും അവൾക്ക് കുട്ടികളില്ല. അവളെപ്പോഴും എന്നോട് പ്രാർത്ഥിക്കണം എന്നാവശ്യപ്പെടുമായിരുന്നു. പലപ്പോഴും പല തിരക്കുകൾക്കിടയിൽ ഞാൻ അത് വിട്ടുപോകും. അവസാനം കണ്ടപ്പോൾ അവൾ വളരെ സങ്കടത്തോടെ ആ വിഷയം പിന്നെയും അവതരിപ്പിച്ചു”.

“അന്ന് ഞാനെടുത്ത തീരുമാനമാണ് ഈ നിയോഗത്തിനു വേണ്ടി അല്പം ത്യാഗം സഹിച്ചു പ്രാർത്ഥിക്കുക എന്നത്. ഞാൻ എനിക്കേറ്റവും പ്രിയപ്പെട്ട കാപ്പി തന്നെ വേണ്ട എന്ന് വച്ചു. ഏകദേശം 8 ഗ്ലാസ് കാപ്പി കുടിച്ചിരുന്ന ഞാനത് ഉപേക്ഷിച്ചു”.

എനിക്ക് പെട്ടെന്ന് ഒരു നിമിഷത്തേക്ക് മിണ്ടാനായില്ല. എൻ്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. അത് മനസ്സിലാക്കിയിട്ടാവണം അവൻ തുടർന്നു.

“അവൾക്കിപ്പോഴും കുട്ടികളില്ല, ദൈവമെൻ്റെ പ്രാർത്ഥന കേൾക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇനി കേട്ടില്ലെങ്കിലും സാരമില്ല. ഈ തീരുമാനം എന്നെ അല്പം കൂടി നല്ല മനുഷ്യനാക്കി മാറ്റി. ഓരോ കാപ്പിയുടെ നേരവും ഞാൻ അവളെ ഓർക്കും, അവൾക്കുവേണ്ടി ഒരു നന്മനിറഞ്ഞ മറിയം ചൊല്ലും”

ലഭിക്കാമായിരുന്നതും സ്വന്തമായിരുന്നവയും ഉപേക്ഷിക്കുമ്പോഴാണ് അതിനു വിലയുണ്ടാകുന്നത്. ക്രിസ്തു ദൈവപുത്രനായിരുന്നു. അവനു ഏതു സുഖവും സന്തോഷവും ലഭിക്കുമായിരുന്നു. എന്നാൽ അവൻ ലഭ്യമാകുമായിരുന്ന എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിക്കുകയാണ്. സാധാരണ മനുഷ്യർക്ക് കിട്ടുന്ന സൗകര്യങ്ങൾ പോലും അവൻ ആഗ്രഹിച്ചില്ല. അവൻ ജനിക്കുമ്പോൾ അവനെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല. നല്ലൊരു ഉടുപ്പുപോലും ലഭിച്ചില്ല. പരിചരിക്കാൻ ആരുമില്ല. ക്ഷേമമന്ന്വേഷിക്കാൻ ആരുമെത്തിയില്ല. അവൻ ആരാലും പ്രതീക്ഷിക്കപ്പെടാതിരുന്ന, ആരും കാത്തിരിക്കാതിരുന്ന ഒരാളായിട്ടാണ് മാനവ ചരിത്രത്തിലേക്ക് കടന്നുവന്നത്. അവൻ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിക്കുകയായിരുന്നു. ഭൂമിയിലെ എല്ലാ മനുഷ്യരോടും അവൻ അതുവഴി താദാത്മ്യപ്പെടുകയായിരുന്നു. ആർക്കും അവനെക്കാൾ ദരിദ്രനായി, കുറവുള്ളവനായി ജനിക്കാൻ ഇനി കഴിയുകയില്ല. എല്ലാവരെയുംകാൾ നിസ്സാരനായി ജനിക്കാൻ അവൻ സ്വയം അനുവദിച്ചു. അതാണ് ക്രിസ്തുമസ്സിനെ ഉത്സവമാക്കുന്നത്.

പുൽക്കൂട് നമ്മളെ വെല്ലുവിളിക്കുന്നത് ചുറ്റുമുള്ളവർക്കുവേണ്ടി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ്. സ്വർഗ്ഗം തന്നെ ഉപേക്ഷിച്ച ക്രിസ്തു ഉപേക്ഷകളുടെ രാജാകുമാരനാണ്. ഈ ക്രിസ്തുമസ് നമ്മെ ഓർമിപ്പിക്കുന്നത് ഈ ചോദ്യം തന്നെയാണ്. ആർക്കെങ്കിലും വേണ്ടി എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കാൻ എനിക്കായോ?

🖋️ Fr Sijo Kannampuzha OM

Leave a comment