ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം
വിശക്കുന്നവന്റെ മുന്പിൽ ഭക്ഷണത്തിന്റെ രൂപത്തിലാകും ദൈവം പ്രത്യക്ഷപ്പെടുക. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ മുന്പിൽ ദൈവസാന്നിധ്യം എത്തുന്നത് അന്നം തരുന്ന കർഷകന്റെ രൂപത്തിലാണ്. സന്പന്നനെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ല. ഭക്ഷ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരില്ലാതെ ഇന്ത്യപോലൊരു രാജ്യത്തിന് ഒരു മാസം പോലും പിടിച്ചുനിൽക്കാനാകില്ല. കർഷകരുടെ ശക്തിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവർ ദുർബലരല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ തുടങ്ങിയവരുടെ ഒത്തുതീർപ്പു നിർദേശങ്ങളെല്ലാം തള്ളി ഡൽഹിയിലെ കർഷക സമരം രണ്ടാഴ്ച പിന്നിട്ടു മുന്നേറുകയാണ്. വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്. മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ചു ചോര നീരാക്കി പണിയെടുത്തു ജീവിക്കുന്ന കർഷകർക്കു മുന്പിൽ സർക്കാരിന്റെ ഓലപ്പാന്പുകളൊന്നും ചെലവാകില്ല.
മണ്ണ് മനുഷ്യനോടു സംസാരിക്കുന്നതു തങ്ങളുടെ മനസിന്റെ ഭാഗമായ കർഷകരിലൂടെയാണ്. വരൾച്ചയും വറുതിയും പ്രളയവുമൊക്കെ വാർത്തകളാകുന്നതു കർഷക ജീവിതങ്ങളുടെ ദുരിതക്കാഴ്ചകളിലൂടെയാണ്.
സന്പന്നർ അതിസന്പന്നരായി
ആഗോളവത്കരണവും സ്വകാര്യവത്കരണവും സാന്പത്തിക വളർച്ചയ്ക്ക് അനിവാര്യമായിരുന്നു. കമ്യൂണിസ്റ്റ് ചൈനയിൽ അടക്കം ഉദാരവത്കരണ നയങ്ങൾ വ്യാപകമായി നടപ്പാക്കി. അമേരിക്കയെ വെല്ലുവിളിക്കുന്ന നിലയിലേക്കു സാന്പത്തിക, സൈനിക ശക്തിയായി ചൈന വളർന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ എതിർത്ത ഉദാരവത്കരണം കൊണ്ടാണ്. ഇന്ത്യൻ അതിർത്തികളിൽ ചൈന ഭീഷണി ഉയർത്തുന്പോൾ പിടിച്ചുനിൽക്കാനെങ്കിലും തക്കവിധത്തിൽ സാന്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തിയതിനു മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗിനോടും പി.വി. നരസിംഹ റാവുവിനോടു നന്ദി പറയാം.
ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ടായതും ഇടത്തരക്കാരുടെ വരുമാനത്തിൽ വർധനയുണ്ടായതും വികസനത്തിന്റെ പുതിയ നേർചിത്രങ്ങൾ കാണാനായതുമെല്ലാം നല്ല കാര്യം. പക്ഷേ ഇന്ത്യയുടെ മൊത്തം സന്പത്തിന്റെ 73 ശതമാനം വെറും ഒരു ശതമാനം പേരുടെ കൈകളിലായിരിക്കുന്നു. ശതകോടീശ്വരന്മാരായ ഈ ഒരു ശതമാനത്തിന്റെ പക്കൽ സന്പത്തിന്റെ 58 ശതമാനമാണ് 2017ൽ ഉണ്ടായിരുന്നത്. ആഗോള ശരാശരിയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരുടെ വരുമാന കൊയ്ത്ത്.
ഓക്സ്ഫം ഇന്റർനാഷണലിന്റെ 2018ലെ സർവേ അനുസരിച്ച് അംബാനിമാരും അദാനിമാരും ഉൾപ്പെട്ട ഒരു ശതമാനത്തിന്റെ സന്പത്തിൽ ഒരു വർഷത്തെ വർധന 20.9 ലക്ഷം കോടി രൂപയാണ്. കേന്ദ്രബജറ്റിലെ മൊത്തം ചെലവിന്റെ അടുത്തുവരുന്ന തുകയാണിത്. കോവിഡിനെ തുടർന്നുള്ള നീണ്ട ലോക്ക്ഡൗണിലും നേരത്തെ നടപ്പാക്കിയ നോട്ട് അസാധുവാക്കലിലും ജനതയാകെ ദുരിതത്തിലായപ്പോഴും അതിസന്പന്നരുടെ വരുമാനം കൂടി.
മറുഭാഗത്ത്, രാജ്യത്തെ പകുതി വരുന്ന 67 കോടി ഇടത്തരക്കാരുടെ വരുമാനത്തിൽ വെറും ഒരു ശതമാനം വർധനയാണുള്ളത്. പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടെ വരുമാനം പടിപടിയായി ഇടിയുന്നു. റബർ ഉൾപ്പെടെ ഏതാണ്ടെല്ലാ കാർഷികോത്പന്നങ്ങളുടെയും വിലത്തകർച്ചയിൽ കേരളത്തിലെ കർഷകരാകെ തകർന്നു. നേന്ത്രക്കായ അടക്കമുള്ളവ കിലോയ്ക്കു 20 രൂപയ്ക്കാണിപ്പോൾ പലയിടത്തും വിൽക്കുന്നത്. മുടക്കുമുതൽ കിട്ടാത്ത നില.
സർക്കാർ വാശി കുത്തകകൾക്കായി
കുത്തക, ചങ്ങാത്ത മുതലാളിത്തം, അനന്തരാവകാശം എന്നിവയുടെ ഫലമാണു വൻ ചൂഷണത്തിലൂടെ ശതകോടീശ്വരന്മാരുടെ വരുമാനത്തിലെ കുതിപ്പെന്ന് ഓക്സ്ഫമിന്റെ പഠന റിപ്പോർട്ടു പറയുന്നു. രാജ്യം ഭരിക്കുന്ന സർക്കാരുകൾ കോർപറേറ്റ് കുത്തകകൾക്കു വേണ്ടി നിയമങ്ങൾ ഉണ്ടാക്കുന്നതിന്റെ നേർചിത്രമാണ് കഴിഞ്ഞ സെപ്റ്റംബറിൽ വിവാദമായ മൂന്നു കർഷക ബില്ലുകൾ തിടുക്കപ്പെട്ടു പാസാക്കിയത്.
കൃഷി ഒഴികെയുള്ള സമസ്ത മേഖലകളിലും പിടിമുറുക്കിയ കോർപറേറ്റ് കുത്തകകൾ ഇനി കാർഷിക മേഖലയിലേക്കു കൂടി പത്തി വിടർത്തുന്നതു കർഷകരെ സഹായിക്കാനല്ലെന്നു വ്യക്തം. ഈ കുത്തകകൾക്കു വേണ്ടിയാണു കേന്ദ്രസർക്കാർ വേണ്ട ത്ര ചർച്ച പോലുമില്ലാതെ വാശിയോടെ മൂന്നു ബില്ലുകളും പാസാക്കിയത്.
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ഏകപക്ഷീയമായാണു സർക്കാർ വിവാദ കർഷക ബില്ലുകൾ പാസാക്കിയത്. രാജ്യസഭയിൽ തികച്ചും ചട്ടവിരുദ്ധമായാണ് ഇതു പാസാക്കിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ അതനുവദിക്കണമെന്നതാണു വ്യക്തമായ ചട്ടവും കീഴ്വഴക്കവും. എന്നിട്ടും വോട്ടെടുപ്പു നടത്താതെ ബില്ലുകൾ പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ബന്ധപ്പെട്ട കർഷക പ്രതിനിധികളുമായോ പാർലമെന്ററി സമിതികളിലോ ചർച്ച ചെയ്യാതെ തിരക്കിട്ടു ബില്ലുകൾ പാസാക്കിയതിനു പിന്നിൽ പ്രധാനമന്ത്രിയുടെ കൃത്യമായ താത്പര്യം വ്യക്തം.
മുതലാളിത്ത ചങ്ങാത്തം
കോർപറേറ്റുകൾ ആവശ്യപ്പെട്ടതെല്ലാം നിയമത്തിലൂടെ നൽകുകയായിരുന്നു. ലക്ഷക്കണക്കിനു കോടിയുടെ സഹായം നൽകുന്ന ശതകോടീശ്വരന്മാർക്കുള്ള മറയില്ലാത്ത നന്ദി പ്രകടനം ആയാണു പലരും വിവാദ കർഷക നിയമങ്ങളെ വിലയിരുത്തുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ (ക്രോണി കാപ്പിറ്റലിസം) കൃത്യമായ തെളിവാണിത്.
സാധാരണക്കാർ ദിവസവും ഉപയോഗിക്കുന്നവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽനിന്നു നീക്കാനുള്ള നിയമഭേദഗതി അപകടകരമാണെന്ന് മോദിക്കും ഷായ്ക്കും അറിയാഞ്ഞിട്ടല്ല. അരിയും ഗോതന്പും പയർവർഗങ്ങളും ഭക്ഷ്യയെണ്ണകളും ഉരുളക്കിഴങ്ങും സവോളയും വരെയെല്ലാം എത്ര വേണമെങ്കിലും സംഭരിക്കാനും സൂക്ഷിക്കാനും വൻകിടക്കാർക്കു നിയമപരമായ അനുമതി നൽകുന്നതാണു ഭേദഗതി. കൃത്രിമക്ഷാമവും പൂഴ്ത്തിവയ്പും കരിഞ്ചന്തയുമെല്ലാം സർക്കാർ പ്രോൽസാഹിപ്പിക്കുന്നതിനു തുല്യമാണിത്.
സ്വകാര്യ കുത്തകകളുടെ ചന്തകൾ നിലവിൽ വന്നാൽ സർക്കാർ നിയന്ത്രിത ചന്തകൾ നിഷ്പ്രഭമാകുമെന്നു പഞ്ചാബിലെയും ഹരിയാനയിലെയും മറ്റും കർഷകർക്ക് ബോധ്യമുണ്ട്. തുടക്കത്തിൽ കർഷകർക്കു കൂടിയ വില നൽകിയാലും ഒന്നോ, രണ്ടോ വർഷം കഴിയുന്പോൾ താങ്ങുവിലയിലും താഴ്ത്തി വിളകൾ വിൽക്കാൻ കൃഷിക്കാർ നിർബന്ധിതരാകും.
ഇന്ത്യക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ കർഷകർ തകർന്നാൽ രാജ്യം തകരും. ഒഡീഷയിലും ബംഗാളിലും അടക്കം നൂറുകണക്കിനാളുകൾ പട്ടിണി കൊണ്ടു മരിച്ച രാജ്യത്ത്, ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യാവുന്ന തലത്തിലേക്കു വളർത്തിയതു പാവം കർഷകരാണ്. സഹായിച്ചില്ലെങ്കിലും കർഷകരെ സർക്കാർ ഉപദ്രവിക്കരുത്.
കർഷകരുടെ ആശങ്കകൾ എന്ത്?
കേന്ദ്രം സമ്മതിച്ച ഭേദഗതികളും ചില ന്യായീകരണങ്ങളും
- കുത്തക വ്യാപാരികളെ സഹായിക്കാനാണു പുതിയ നിയമങ്ങൾ. സ്വകാര്യ വ്യാപാരികൾക്കു പൂർണ സ്വാതന്ത്ര്യം നൽകുന്നതോടെ കാർഷിക വിളകൾക്കു ന്യായവില പോലും കിട്ടാതാകും.
= പുതുതായി വരുന്ന സ്വതന്ത്ര വിപണികളുടെ രജിസ്ട്രേഷൻ അടക്കമുള്ളവയ്ക്കു സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകും.
- താങ്ങുവില നൽകുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പുകൊണ്ടു പ്രയോജനം ഉണ്ടാകില്ല. സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ പിടിമുറുക്കിയാൽ താങ്ങുവില കടലാസിലൊതുങ്ങും.
= നിലവിലുള്ള താങ്ങുവില സംവിധാനത്തിൽ മാറ്റം വരുത്തില്ലെന്നു രേഖാമൂലം ഉറപ്പുനൽകുന്നു. നിശ്ചിത വിലയ്ക്കു വിളകൾ വാങ്ങുന്ന രീതിയും തുടരാം.
- സർക്കാർ നിയന്ത്രിത എപിഎംസി മണ്ഡികൾ (ചന്തകൾ) കർഷകരുടെ അത്താണിയാണ്. എവിടെയും സ്വതന്ത്ര വിപണികൾ വന്നാൽ സ്വകാര്യ കച്ചവട താത്പര്യങ്ങളിൽ കർഷക ചൂഷണം കൂടും. ഏതാനും വർഷം കൊണ്ടു സ്വകാര്യ വിപണികൾ മേധാവിത്വവും നിയന്ത്രണവും നേടും.
= സ്വതന്ത്ര ചന്തകളിലും എപിഎംസി ചന്തകളിലേതു പോലെ ഒരേ തരം ഫീസും സെസും ഈടാക്കാൻ ഭേദഗതി കൊണ്ടുവരാം.
- കരാർ കൃഷി നിയമത്തിലൂടെ വൻകിട കോർപറേറ്റുകൾ കൃഷിഭൂമിയുടെ മേലും കർഷകരുടെ മേലും ആധിപത്യം നേടും.
= കൃഷിഭൂമിയുടെ കച്ചവടം, കൈമാറ്റം, പാട്ടത്തിനു കൊടുക്കൽ എന്നിവയിൽ നിന്നു കരാറുകാരെ വിലക്കാം.
- കരാർ കൃഷിയിലെ വ്യവസ്ഥകൾ ലംഘിച്ചാൽ പൗരനു കോടതിയെ സമീപിക്കാനുള്ള അടിസ്ഥാന അവകാശം പോലും കവരുന്നതാണു കേന്ദ്രത്തിന്റെ പുതിയ നിയമം.
= തർക്കപരിഹാര സംവിധാനങ്ങളിൽ തൃപ്തിയില്ലാതെ വന്നാൽ കോടതിയെ സമീപിക്കാനുള്ള ഭേദഗതി കൊണ്ടുവരാം.
- അവശ്യസാധന നിയമ ഭേദഗതി വൻതോതിൽ പൂഴ്ത്തിവയ്പിനും കൃത്രിമ വില കൂട്ടലിനും സാധാരണക്കാരുടെ മേലുള്ള വലിയ ചൂഷണത്തിനും ഫലത്തിൽ കാരണമാകും.
= കാർഷിക സംഭരണ മേഖലയിൽ വൻസ്വകാര്യ നിക്ഷേപം വരുമെന്നതിനാൽ മെച്ചപ്പെട്ട അത്യാധുനിക സംഭരണ കേന്ദ്രങ്ങൾ വരുന്നതു കർഷകർക്കു ഗുണകരമാകും. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ഇതാവശ്യമാണ്.
- നിർദിഷ്ട വൈദ്യുതി ഭേദഗതി ബിൽ പാസായാൽ കർഷകർക്കു കിട്ടിക്കൊണ്ടിരിക്കുന്ന സബ്സിഡിയിൽ കുറവുണ്ടാകുകയോ, ഘട്ടം ഘട്ടമായി ഇല്ലാതാകുകയോ ചെയ്യും.
= കർഷകർക്കുള്ള വൈദ്യുതി സബ്സിഡി തുടരാൻ ബില്ലിൽ വ്യവസ്ഥ ചെയ്യാം. കാർഷിക മേഖലയ്ക്കു പുറത്തുള്ളവർക്കു മാത്രമായി കാഷ് ട്രാൻസ്ഫർ പദ്ധതി പരിമിതപ്പെടുത്തും.
- പാടത്തെ അവശേഷിച്ച കച്ചി കത്തിക്കുന്നതിനു വലിയ തുക പിഴ ഈടാക്കിയാൽ കർഷകനു പകരം സംവിധാനം ഇല്ലാതാവുകയും കൃഷിയെ ബാധിക്കുകയും ചെയ്യും.
= കർഷകരെ പിഴയിൽ നിന്നൊഴിവാക്കാനായി കാർഷികാവശിഷ്ടങ്ങളുടെ സംസ്കരണത്തിനു സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്താം.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
കടപ്പാട്: ദീപിക

Leave a comment