ദിവ്യബലി വായനകൾ – Maundy Thursday – Evening Mass 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 പെസഹാ വ്യാഴം, 1/4/2021

Maundy Thursday – Evening Mass 
(see also Chrism Mass)

Liturgical Colour: White.

Here are the readings for the evening Mass of the Lord’s Supper:

പ്രവേശകപ്രഭണിതം

cf. ഗലാ 6:14

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍
നാം അഭിമാനം കൊള്ളണം.
അവനിലാണ് നമ്മുടെ രക്ഷയും ജീവനും ഉത്ഥാനവും.
അവന്‍വഴിയാണ് നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നതും
വിമോചിപ്പിക്കപ്പെട്ടിരിക്കുന്നതും.
ഗാനരൂപം
നമ്മുടെ നാഥന്‍ രക്ഷകനേശുവിനമൂല്യമാം കുരിശില്‍,
അഭിമാനിക്കണമെന്നാളും നാം രക്ഷതരും കുരിശില്‍.
കുരിശില്‍ ജീവന്‍, രക്ഷയുമതുപോല്‍ പുനരുത്ഥാനവുമേ,
കുരിശതിനാലേ മനുജരുമെല്ലാം പാപവിമോചിതരായ്.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഏകപുത്രന്‍
തന്നത്തന്നെ മരണത്തിന് ഏല്പിച്ചുകൊടുക്കാനിരിക്കേ,
പരമപരിശുദ്ധ അത്താഴത്തെ
നവീനവും സനാതനവുമായ ബലിയും
അവിടത്തെ സ്‌നേഹവിരുന്നുമായി
സഭയെ ഭരമേല്പിച്ചുവല്ലോ.
ഇത്ര മഹത്തായ ഈ രഹസ്യത്തില്‍ പങ്കുകൊള്ളാന്‍,
ഞങ്ങള്‍ സ്‌നേഹത്തിന്റെയും ജീവന്റെയും
പൂര്‍ണത പ്രാപിക്കുന്നതിന് അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 12:1-8,11-14
പെസഹാവിരുന്നിന്റെ നിയമങ്ങള്‍.

കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍ നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമറ്റതുമായ മുട്ടാട് ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസം വരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.
ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്. ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറ തോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 116:12-13,15,16bc,17-18

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തുപകരംകൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

രണ്ടാം വായന

1 കോറി 11:23-26
നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

സഹോദരരേ, കര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 13:1-15
യേശു അവസാനം വരെയും അവരെ സ്നേഹിച്ചു.

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനം വരെ സ്‌നേഹിച്ചു. അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്സില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു. പിതാവ് സകലതും തന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍ നിന്നു വരുകയും ദൈവത്തിങ്കലേക്കു പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാല കൊണ്ടു തുടയ്ക്കാനും തുടങ്ങി. അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: ‘‘കര്‍ത്താവേ, നീ എന്റെ കാല്‍ കഴുകുകയോ?’’ യേശു പറഞ്ഞു: ‘‘ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.’’ പത്രോസ് പറഞ്ഞു: ‘‘നീ ഒരിക്കലും എന്റെ പാദം കഴുകരുത്.’’ യേശു പറഞ്ഞു: ‘‘ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.’’ ശിമയോന്‍ പത്രോസ് പറഞ്ഞു: ‘‘കര്‍ത്താവേ, എങ്കില്‍ എന്റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമേ!’’ യേശു പ്രതിവചിച്ചു: ‘‘കുളികഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.’’ തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവന്‍ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളില്‍ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്ന് അവന്‍ പറഞ്ഞത്.
അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ‘‘ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.’’

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍ യഥായോഗ്യം പങ്കെടുക്കാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
1 കോറി 11:24-25

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാകുന്നു;
ഈ പാനപാത്രം എന്റെ രക്തത്തിലുള്ള
പുതിയ ഉടമ്പടിയാണ്.
നിങ്ങള്‍ ഇതു സ്വീകരിക്കുമ്പോഴെല്ലാം
എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.
ഗാനരൂപം
ഇതു നിങ്ങള്‍ക്കായര്‍പ്പിതമെന്റെ ശരീരം
പുതുനിയമത്തിന്‍ മമരക്തം വരചഷകം
സതതം നിങ്ങള്‍ പാനംചെയ്തിടുമപ്പോള്‍
ഉണരട്ടെയെന്നോര്‍മ്മകള്‍ നിങ്ങടെ ഹൃത്തില്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഇഹത്തില്‍ അങ്ങേ പുത്രന്റെ അത്താഴത്താല്‍ പരിപോഷിതരായപോലെ,
പരത്തിലും സംതൃപ്തിയടയാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേൻ.

🔵

Leave a comment