ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും…

അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഈശോയുടെ മാംസരക്തളാണ് സ്വീകരിക്കുന്നത് എന്ന ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും ആണെന്ന് ആരോപിക്കുന്നവരുണ്ട് . ഈ ആരോപണത്തിനുള്ള മറുപടിയെതാണ് ?

വിശുദ്ധ കുർബ്ബാനയിൽ യേശുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നു എന്നു പറയുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം, അവ നമ്മുടെ ശരീരത്തിലേതുപോലുള്ള മാംസമോ രക്തമോ അല്ല എന്നതാണ്. വിശുദ്ധ കുർബാനയിൽ യേശുവിന്റെ തിരുശ്ശരീരരക്തങ്ങളായി സ്വീകരിക്കുന്നത് അവിടുത്തെ മഹത്വീകരിക്കപ്പെട്ട ശരീരവും രക്തവുമാണ് . എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത് ? എല്ലാ വസ്തുക്കൾക്കും ഒരു ആന്തരിക ശക്തിയും ഒരു ബാഹ്യാവസ്ഥയുമുണ്ട് . ബാഹ്യമായി നോക്കുമ്പോൾ ഒരു മൈക്ക് സെറ്റ് ഇരുമ്പിനയോ മറ്റു വസ്തുക്കളുടെയോ ഒരു ഉപകരണമാണ്. എന്നാൽ, അതു പ്രവർത്തനക്ഷമമാക്കുമ്പോൾ വാക്കുകളെ ബോക്സിലൂടെ പുറത്തെത്തിക്കുവാനുള്ള ആന്തരികശക്തി അതിനുണ്ടെന്ന് മനസിലാക്കാം. ബാഹ്യമായി മൈക്ക് സെറ്റ് ഉപകരണമാണെങ്കിലും അതിന്റെ ആന്തരികശക്തി ഞാൻ അനുഭവിച്ചറിയുന്നു . ഇതുപോലെ സാധാരണ ഓസ്തിക്കു ഗോതമ്പിന്റെ ശക്തിയാണുള്ളത്. പരിശുദ്ധ കുർബാനയിൽ ഈ ഗോതമ്പപ്പം എടുത്ത് “ഇതെന്റെ ശരീരമാണ്” എന്നും പാനപാത്രം എടുത്ത് “ഇത് രക്തമാണ്” എന്നും പറയുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ അത് യേശുവിന്റെ സത്തയായി രൂപാന്തരപ്പെടുന്നു. ഇതിന് ദൈവശാസ്ത്രം പറയുന്ന വാക്കാണ് സത്താ പരിണാമം (Transubstantiation). ഗോതമ്പിന്റെയും വീഞ്ഞിന്റെയും സ്വാഭാവിക ശക്തിയോടൊപ്പം യേശുവിന്റെ ശക്തിയും അവയ്ക്കു ലഭിക്കുന്നു . കുർബാനയ്ക്കുമുമ്പുള്ള ഓസ്തിയും കുർബാനയ്ക്കു ശേഷമുള്ള ഓസ്തിയും തമ്മിൽ ബാഹ്യമായി യാതൊരു വ്യത്യാസവുമില്ല. ഇതു പോലെ തന്നെ തിരുരക്തമായിത്തീരുന്ന വീഞ്ഞിന്റെ രൂചിക്കും നിറത്തിനും ബാഹ്യമായി ഒരു വ്യത്യാസവുമില്ല. ആന്തരിക സത്തയിലാണ് വ്യത്യാസം. അങ്ങനെ പരിശുദ്ധ കുർബാനയിൽ നമുക്കു ലഭിക്കുന്നത് ഈശോയുടെ മഹത്വീകരിക്കപ്പെട്ട ശരീരവും രക്തവുമാണ്. ” ഈശോയുടെ ശരീരം ‘ എന്നു പറയുമ്പോൾ നമ്മുടെ ശരീരം പോലുള്ള മാംസവും രക്തവുമാണ് എന്ന ധാരണയാണ് ഈ ചോദ്യത്തിനു പിന്നിലുള്ളത്. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ , ഉയിർപ്പിക്കപ്പെട്ട ശരീരവും നമ്മുടെ ഭൗമിക ശരീരവും രണ്ടു തരം ശരീരങ്ങളാണ് . രണ്ടിനേയും ശരീരമെന്നു വിളിക്കുന്നെങ്കിലും ഉയിർപ്പിക്കപ്പെട്ടത് ആത്മീയ ശരീരമാണ് ( cf. 1 കോറി 15:44 ). നമ്മുടെ ഭൗമിക ശരീരത്തിലുള്ളതുപോലുള്ള മാംസവും രക്തവും ആയിരുന്നെങ്കിൽ നമ്മെയും നരഭോജികളെന്ന് വിളിക്കാൻ സാധിക്കും. എന്നാൽ കുർബാനയിലേത് മഹത്വീകരിക്കപ്പെട്ട ശരീരമാണ് – സത്തയിൽ, ആന്തരികശക്തിയിൽ വ്യത്യാസം വന്ന ശരീരം. അതു ഭക്ഷിക്കുമ്പോൾ ഈശോയിൽനിന്നു ശക്തി ലഭിക്കും. അതിനാലാണ് ഈശോ പറഞ്ഞത്, “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർ നിത്യജീവൻ പ്രാപിക്കു’മെന്ന് . അന്ന് യഹൂദരോട് യേശു ഇപ്രകാരം പറഞ്ഞപ്പോൾ അവർക്ക് അത് മനസിലായില്ല . അതുകൊണ്ടാണ് ” ഇവന്റെ ശരീരം എങ്ങനെ ഭക്ഷിക്കാൻ സാധിക്കും; ഇവന്റെ രക്തം എങ്ങനെ കുടിക്കാൻ സാധിക്കും ‘ എന്നു പറഞ്ഞുകൊണ്ട് കുറേപ്പേർ യേശുവിനെ വിട്ടുപോയത്. ആയതിനാൽ യേശുവിന്റെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരെന്നു പറയുമ്പോൾ അതിനെ മനുഷ്യക്കുരുതിയായി കാണേണ്ടതില്ല. മറിച്ച്, ദൈവികമായ അല്ലെങ്കിൽ മഹത്വീകരിക്കപ്പെട്ട യേശുവിന്റെ ശരീരവും രക്തവുമാണ് നമ്മൾ കുർബാനയിൽ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കണം.

© വിശ്വാസവഴിയിലെ സംശയങ്ങൾ.
https://t.me/TCR_Catechism

Advertisements

Leave a comment