ദിവ്യബലി വായനകൾ – Monday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 17/5/2021

Monday of the 7th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

അപ്പോ. പ്രവ. 1:8

പരിശുദ്ധാത്മാവില്‍നിന്ന് നിങ്ങളുടെമേല്‍ വരുന്ന ശക്തി നിങ്ങള്‍ സ്വീകരിക്കും.
അപ്പോള്‍ ഭൂമിയുടെ അതിര്‍ത്തിയോളവും
നിങ്ങള്‍ എന്റെ സാക്ഷികളായിരിക്കും, അല്ലേലൂയാ

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധാത്മാവിന്റെ ശക്തി
ഞങ്ങളുടെമേല്‍ വരണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, അങ്ങേ തിരുമനസ്സ്
വിശ്വസ്തതയാര്‍ന്ന മനസ്സുകളില്‍ സൂക്ഷിക്കാനും
ഭക്തകൃത്യങ്ങളാല്‍ പ്രകടമാക്കാനും ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 19:1-8
നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ?

അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍ പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം. അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്‍കിയത്. അവര്‍ ഇതുകേട്ട് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു. പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവര്‍ ഏകദേശം പന്ത്രണ്ടു പേരുണ്ടായിരുന്നു. അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 68:1-2,3-4,5-6

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ!
അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ!
അവിടുത്തെ ദ്വേഷിക്കുന്നവര്‍
അവിടുത്തെ മുന്‍പില്‍ നിന്ന് ഓടിപ്പോകട്ടെ!
കാറ്റില്‍ പുകയെന്ന പോലെ അവരെ തുരത്തണമേ!
അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ
ദുഷ്ടര്‍ ദൈവസന്നിധിയില്‍ നശിച്ചു പോകട്ടെ.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ!
ദൈവത്തിനു സ്തുതി പാടുവിന്‍,
അവിടുത്തെ നാമത്തെ പ്രകീര്‍ത്തിക്കുവിന്‍,
അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍
അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്.
അഗതികള്‍ക്കു വസിക്കാന്‍
ദൈവം ഇടം കൊടുക്കുന്നു;
അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌
ഐശ്വര്യത്തിലേക്കു നയിക്കുന്നു.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 16:29-33
ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

യേശുവിന്റെ ശിഷ്യന്മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല. നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ദൈവത്തില്‍ നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്. നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കളങ്കരഹിതമായ ബലികള്‍
ഞങ്ങളെ ശുദ്ധീകരിക്കുകയും
അതിസ്വാഭാവികമായ സ്വര്‍ഗീയാനുഗ്രഹത്തിന്റെ ശക്തി
ഞങ്ങളുടെ മനസ്സുകള്‍ക്കു നല്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
യോഹ 14:18; 16:22

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല;
ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുകയും
നിങ്ങളുടെ ഹൃദയം സന്തോഷിക്കുകയും ചെയ്യും.
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയരഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്കു
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment